death
 ബിഫോര്‍ ഡെത്ത് സീല്‍ എന്ന പെയിന്റിങ്‌

''ഞാന്‍ മരിക്കുമ്പോള്‍ തുറന്നിടൂ ജാലകം,
നാരങ്ങ തിന്നുന്ന കുട്ടിയെ കാണട്ടെ,
ഞാന്‍ മരിക്കുമ്പോഴാ വാതില്‍ തുറന്നിടൂ,
പാടത്തുകൊയ്ത്തുകാര്‍ പാടുന്ന കേള്‍ക്കട്ടെ ''

ഫെദറികോ ഗാര്‍സിയ.

മരണത്തെക്കുറിച്ചെഴുതിയവര്‍ ഒരുപാടുണ്ട്. മരണമടുത്തെത്തിയെന്ന് ഭയന്നവര്‍ മരണത്തെക്കുറിച്ചെഴുതി. മരണത്തോടുള്ള ആകാംക്ഷകൊണ്ട് മരണത്തെക്കുറിച്ചെഴുതിയവരുമുണ്ട്. എന്നാല്‍ മരണത്തെ പ്രണയിച്ച് മരണത്തോട് അലിഞ്ഞുചേര്‍ന്ന്, പിരിയാനാകാതെ ഒടുക്കം മരണത്തോടൊപ്പം നടന്നുപോയ പ്രശസ്തരുമുണ്ട്. അതിലേറെയും എഴുത്തുകാരായിരുന്നു. ആത്മസംഘര്‍ഷങ്ങളും വിഷാദവും ഒരേസമയം ഏകാന്തതയോടുള്ള പ്രണയവും ഒറ്റക്കാകുന്നതിലുള്ള വേദനയുമെല്ലാം ചേര്‍ത്ത് മരണത്തെ സ്വയം വരിച്ചവര്‍.. 
 
'ധാന്യമണികളെ മുളപ്പിക്കുന്ന ചൈതന്യമാണ് പ്രണയം' എന്നെഴുതിയ വാന്‍ഗോഗ് തന്റെ കാന്‍വാസിലേറ്റവുമൊടുക്കം ചേര്‍ത്ത നിറം മരണത്തിന്റേതായിരുന്നു. 

van gogh
 വാന്‍ഗോഗിന്റെ പെയിന്റിങ്‌

വിന്‍സന്റ് വാന്‍ഗോഗിന്റെ ജീവിതം ഭ്രാന്തമായിരുന്നു. മറ്റുള്ളവരെ ഭ്രാന്തമാക്കുകയും ചെയ്യുന്നതായിരുന്നു അത്. മഞ്ഞനിറം പ്രണയത്തിന്റേതു മാത്രമല്ല മരണത്തിന്റേതു കൂടിയായിരുന്നു. മരണത്തിന്റെയും പ്രണയത്തിന്റെയും മഞ്ഞനിറം തന്റെ പൂക്കള്‍ക്ക് നല്‍കിയവന്‍. വരയോടും വരിയോടും പെണ്ണിനോടും പ്രണയമായിരുന്നു അവന്. വെറും പ്രണയമല്ല, അതിഭ്രാന്തമായ പ്രണയം. അത് എല്ലാ അതിര്‍വരമ്പുകളെയും വെല്ലുവിളിച്ച് പുറത്തുചാടിയതായിരുന്നു. എങ്ങിനെ ജീവിക്കാമെന്നോ എന്തുവരക്കാമെന്നോ ആരെ എപ്പോള്‍ പ്രണയിക്കാമെന്നോ തീര്‍ച്ച കല്‍പ്പിക്കാത്ത വാന്‍ഗോഗ്. കാതറുത്ത് അഭിസാരികയ്ക്കു നല്‍കുന്നത്രയും ഭ്രാന്തമായ സ്‌നേഹമായിരുന്നു അയാള്‍ക്ക്. പലപ്പോഴും തന്നില്‍ നിന്നു തന്നെ തെന്നിമാറിയ മനസിനെ കയ്യെത്തിപ്പിടിക്കാനാകാതെ അദ്ദേഹം പകച്ചിട്ടുണ്ടാകണം. ഒടുക്കം മുപ്പത്തിയേഴാം വയസില്‍ സ്വന്തം ഹൃദയത്തിലേക്ക് വെടിയുതിര്‍ക്കുമ്പോള്‍ വാന്‍ഗോഗിന്റെ മനസില്‍ എന്തായിരുന്നുവെന്നറിയില്ല. പ്രണയവും പ്രകൃതിയും ജീവിതവും വരച്ചു ചേര്‍ത്ത വാന്‍ഗോഗ് തന്റെ മരണവും തനിക്കിഷ്ടമുള്ളപ്പോള്‍ വരച്ചുചേര്‍ത്തു. വാന്‍ഗോഗ് എഴുതി,

'ഒരു ദിവസം മരണം നമ്മെ മറ്റൊരു നക്ഷത്രത്തിലേക്ക് കൊണ്ടുപോകും '. 

എന്നാലെഴുതിയതുപോലെയായിരുന്നില്ലത്. മരണം അദ്ദേഹത്തെ കൊണ്ടുപോവുകയായിരുന്നില്ല. മറ്റൊരു നക്ഷത്രത്തെ അദ്ദേഹം എത്തിപ്പിടിച്ചു, ഭ്രമിപ്പിച്ചു.. വെടിയേറ്റ് 29 മണിക്കൂറിനു ശേഷമാണ് അദ്ദേഹം മരണത്തോടൊപ്പം മറഞ്ഞത്. അദ്ദേഹത്തിന്റെ സഹോദരന്‍ തിയോ പിന്നീട് പറഞ്ഞു വാന്‍ഗോഗ് അവസാനമായി പറഞ്ഞത്'' എന്നിലെ ദു:ഖങ്ങളെല്ലാം എന്റെ അവസാനം വരെയുണ്ടാകും'' എന്നായിരുന്നുവെന്ന്. 

''ഏപ്രിലിലെ സൂര്യന്‍ എന്റെ ലോകത്തെ-
ഊഷ്മളമാക്കിയിരിക്കുന്നു.
എന്റെ ആത്മാവ് ആനന്ദം കൊണ്ട്,
നിറഞ്ഞിരുന്നു, എന്നിട്ടും
ആനന്ദത്തിന് മാത്രം കൈക്കൊള്ളാനാകുന്ന
മൂര്‍ച്ചയേറിയ മധുരമേറിയ
വേദന ഞാനനുഭവിച്ചു. ''

ആ വേദനകളുടെയെല്ലാം അവസാനമായിരുന്നിരിക്കണം സില്‍വിയ പ്ലാത്തിന് തന്റെ മരണം. തന്റെ അച്ഛന്റെ മരണമറിഞ്ഞയുടനെ ഇനിയൊരിക്കലും ഞാന്‍ ദൈവത്തോട് സംസാരിക്കുകയില്ലെന്ന് പറഞ്ഞ് അമ്മയെ അമ്പരപ്പിച്ചവളാണ് സില്‍വിയ പ്ലാത്ത്. പറയുന്നതിനേക്കാള്‍ എഴുതാനിഷ്ടപ്പെട്ടവള്‍, സമാധാനം നിറഞ്ഞ കുഞ്ഞു ജീവിതം സ്വപ്‌നം കണ്ടവള്‍. തന്റെ പ്രിയപ്പെട്ടവന്‍ തനിക്കുമാത്രമുള്ളതല്ലെന്ന തിരിച്ചറിവിനൊടുക്കം എഴുതിവെച്ച നോവല്‍ കത്തിച്ചുകളഞ്ഞവളാണവള്‍. പിന്നീട് 'ബേണിങ് ദ ലെറ്റേഴ്‌സ് ', 'വേഡ്‌സ് ഹിയേഡ് ബൈ ആക്‌സിഡന്റ് ഓവര്‍ ദ ഫോണ്‍'  തുടങ്ങിയ രചനകളുള്‍ക്കൊള്ളിച്ച് പുസ്തകമെഴുതി. അവളുടെ വരികള്‍ വായിച്ചവര്‍ മുഴുവനും അവളെ സ്‌നേഹിക്കുമ്പോഴും അവള്‍ മരണത്തെ പ്രണയിച്ചു, അവള്‍ മരണത്തെക്കുറിച്ചുമെഴുതി,

dying,
is an art, like everything else.
i do not exceptionaly well.
i do it so it feels like hell.
i do it so it feels real.
i guess you could say i've a call

sylvia plath

പ്രണയകവിതകളുടെ രാജകുമാരിയായിരുന്നു സില്‍വിയ പ്ലാത്ത്, പക്ഷെ, മരണത്തെ ഒരു കലയായിക്കണ്ട് ഉപാസിച്ചവളുമായിരുന്നു. പ്രണയത്തിന്റെ ഭ്രമാത്മകമുനമ്പുകളിലേക്കെത്താന്‍ അവള്‍ക്ക് കൊതിയായിരുന്നു. തന്റെ കവിതകളിലെവിടെയൊക്കെയോ അവള്‍ മരണത്തെ ഒളിപ്പിച്ചിരുന്നു. ഒരാള്‍ക്കും മനസിലാക്കാനാകാത്ത, തിരികെ നല്‍കാനാകാത്ത പ്രണയത്തിന്റെ നോവുപേറുന്ന പെണ്ണിലൊരാളുകൂടിയായിരുന്നു സില്‍വിയ പ്ലാത്ത്. ആ പ്രണയത്തെ തിരികെത്തരുമെന്നുറപ്പായപ്പോഴാകണമവള്‍ മരണത്തെത്തന്നെ പ്രണയിക്കാന്‍ തീരുമാനിച്ചത്. 

''എനിക്കു പാട്ടുപാടുവാനാഗ്രഹമുണ്ട്, എന്റെ മുരളി തകര്‍ന്നുപോയി'' എന്നെഴുതി ഇരുപത്തിയേഴാം വയസില്‍ പ്രണയിച്ച പെണ്ണിനെയോര്‍ത്ത് ഭ്രാന്തനാകാന്‍ വയ്യാതെ മരണത്തിനൊപ്പം പോവുകയായിരുന്നു. ഇടപ്പള്ളി രാഘവന്‍ പിള്ളയെന്ന കവി.'' ഒരു കര്‍മ്മവീരനാകുവോന്‍ നോക്കി, എന്നാല്‍ ഭ്രാന്തനാകുവാനാണ് വിധി'' എന്ന് സ്വയം തീരുമാനിച്ചിറങ്ങിപ്പോയൊരാള്‍. തന്റെ പ്രണയത്തിന് പകരം മരണത്തെ വരിച്ചയാളായിരുന്നു അദ്ദേഹം. 

''ആത്മഹത്യ ചെയ്യുന്നത് ഭീരുത്വമല്ല, അത് ധീരതയാണ്'' എന്നെഴുതിയവളാണ് രാജലക്ഷ്മി.'' ജീവിതത്തെ അഭിമുഖീകരിക്കാനാകാതെ ഒളിച്ചോടുന്നത് ഭീരുത്വമാണ്'' എന്നും അവര്‍ തന്നെയെഴുതി. 1930ല്‍ ജനിച്ച രാജലക്ഷ്മി 1956ല്‍ മാതൃഭൂമിയിലെഴുതിയ 'മകള്‍' എന്ന കഥ എഴുത്തിന്റെ ശൈലിയും ഉള്ളടക്കവുംകൊണ്ട് മുതിര്‍ന്നഎഴുത്തുകാരെപ്പോലും അമ്പരപ്പിച്ചിരുന്നു. മലയാളത്തിലെ ആദ്യ നോവലിസ്‌റ്റെന്നറിയപ്പെട്ട രാജലക്ഷ്മി മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്നുമുതലെന്നറിയുക പ്രയാസമാണ്. എന്തിന് മരണത്തെക്കൂട്ടുവിളിച്ചുവെന്നും. തനിച്ചിരിക്കാന്‍ കൊതിച്ചവളായിരുന്നു രാജലക്ഷ്മി. എന്നും തനിച്ചിരിക്കാമെന്ന അതിമോഹമാകുമോ അവളെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്നുമറിയില്ല. 

ശക്തമായ എഴുത്തുകള്‍ക്കൊണ്ട് ലോകസാഹിത്യത്തില്‍ തന്റെ തന്നെ ഇടം കണ്ടെത്തിയ എഴുത്തുകാരിയായിരുന്നു വെര്‍ജിനീയ വൂള്‍ഫ്. ' ബിറ്റ്‌വീന്‍ ദ ആക്ട്‌സ്' എന്ന നോവല്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കടുത്ത വിഷാദത്തിലേക്ക് നീങ്ങിയ വെര്‍ജീനിയ വൂള്‍ഫ്  മരിക്കാനായി തിരഞ്ഞെടുത്ത വഴിപോലും വ്യത്യസ്തമായിരുന്നു. ഓവര്‍കോട്ടിന്റെ പോക്കറ്റില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് ഊസ് നദിയിലേക്ക് എടുത്തുചാടിയാണ് അവര്‍ മരിച്ചത്. ഡയറിക്കുറിപ്പുകളില്‍ തന്റെ വിഷാദരോഗം മാറില്ലെന്നെഴുതിയിരുന്നു വെര്‍ജീനിയ വൂള്‍ഫ്.

ernest Hemigway

ഹെമിങ്‌വേ ഒരിക്കലെഴുതി,

''എല്ലാ മനുഷ്യരുടെയും ജീവിതാവസാനം ഒരുപോലെയൊക്കത്തന്നെ, അയാളെങ്ങിനെ ജീവിച്ചു, എങ്ങിനെ മരിച്ചു എന്നിങ്ങനെ ചില വിശദാംശങ്ങളെ ഒരാളില്‍നിന്ന് മറ്റൊരാളെ വേര്‍തിരിക്കാനുള്ളൂ..''  

എന്നാല്‍ ഹെമിങ്‌വേ മരണത്തെ വിളിച്ചുവരുത്തിയവരിലൊരാളാണ്. കഥാപാത്രങ്ങളെ തന്റെയരികിലേക്ക് വിളിച്ചുവരുത്തുംപോലെ മരണത്തെയും അയാളരികിലെത്തിച്ചു. അമേരിക്കന്‍ എഴുത്തുകാരനായ ഹെമിങ്‌വേ സൈനികനാകാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ കാഴ്ചശക്തി മോശമായതിനാല്‍ സൈനികനാകാന്‍ കഴിയാതെ പോയ അദ്ദേഹം ആംബുലന്‍സ് ഡ്രൈവറും യുദ്ധകാര്യ ലേഖകനുമായി. പിന്നീട് ലോകമറിയുന്ന എഴുത്തുകാരനായി നോബല്‍ സമ്മാനം നേടി. സൈനികനാകാന്‍ കൊതിച്ച അദ്ദേഹം ജീവിതത്തോടു യുദ്ധം ചെയ്യുന്നതിനുപകരം രമ്യതയിലെത്തുകയായിരുന്നു. അറുപത്തിയൊന്നാം വയസില്‍ പാപ-പുണ്യ ചിന്തകള്‍ അലട്ടിയ മനസിനെ വിഷാദമേറ്റെടുത്തപ്പോള്‍ സ്വയം വെടിവെച്ച് തന്റെ ജീവിതം ഹെമിങ്‌വേ അവസാനിപ്പിച്ചു. അദ്ദേഹം തന്നെ ഒരിക്കല്‍ ഇങ്ങിനെയുമെഴുതിയിരുന്നു 
''എന്റെ ജീവിതം അതിവേഗം തീരുകയാണെന്നോര്‍ക്കുമ്പോള്‍, ഞാനതു വേണ്ടവിധം ജീവിക്കുകയല്ലെന്നോര്‍ക്കുമ്പോള്‍ എനിക്കു താങ്ങാന്‍ പറ്റാതെയാവുന്നു '' .
 
Nandithaതന്റെ ആത്മക്കുറിപ്പുകളിലൂടെ താനൊരെഴുത്തുകാരിയാണെന്ന് മരണത്തിന് ശേഷം മാത്രം ലോകത്തെ അറിയിച്ച എഴുത്തുകാരിയായിരുന്നു നന്ദിത. ബഹിര്‍മുഖയായിരുന്ന നന്ദിതക്ക് ഏകാന്തതയോടും മരണത്തോടുമുണ്ടായിരുന്ന പ്രണയം അവളുടെ വരികളിലുണ്ടായിരുന്നു.  

''കെട്ടുപോയ കൈത്തിരിനാളം,
മുടി കരിഞ്ഞ മണം,
അസ്ഥിയുടെ പൊട്ടലുകള്‍, ചീറ്റലുകള്‍,
ഉരുകുന്ന മാംസം, ചിരിക്കുന്ന തലയോട്ടി '' 

എന്നെഴുതിയവള്‍ക്ക് മരണകാമനകളില്ലായിരുന്നുവെന്നെങ്ങിനെ വിശ്വസിക്കാനാണ്.  

''വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്കു താഴെ,
പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തേക്ക്
എനിക്ക് രക്ഷപ്പെടണം
ചുറ്റും അരിച്ചുനടക്കുന്ന പാമ്പുകളെയും 
മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി
ഞാന്‍ യാത്രയാരംഭിക്കട്ടെ
എന്റെ വേരുകള്‍ തേടി''  

എന്നെഴുതിയ നന്ദിതയുടെ വേരുകളെവിടെയായിരുന്നുവെന്ന് മരണം പറയുന്നു. അരളിപ്പൂക്കള്‍ക്കൊപ്പം ആ പെണ്‍കുട്ടിയും ആരോടും പറയാതെ ഉറങ്ങാന്‍ പോവുകയായിരുന്നു.

എന്തിനെന്നറിയാത്ത 'മരണപ്രണയം' ഇവരെയൊക്കെ അടക്കിപ്പിടിച്ചിരിക്കണം. മരണത്തെക്കുറിച്ചെഴുതിയും വായിച്ചും അതിനെപ്പിരിയാന്‍ വയ്യാതെയുമായിരിക്കണം..