Sheethal
ശീതളും സിന്റോരാജും

വേശേഷിക്കുന്ന സ്ത്രീത്വം മേക്കപ്പില്‍ പൊതിഞ്ഞ്... മൃദുലമായ വാചകങ്ങളുമായി... സ്ത്രീത്വത്തിന്റെ പൂര്‍ണത അന്വേഷിക്കുന്നവള്‍... നര്‍ത്തകി.. കെട്ടിട നിര്‍മാണത്തൊഴിലാളി... തന്റെ സമൂഹത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്നവള്‍... മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ള ജനകീയസമരങ്ങളുടെ ഭാഗമാകാനും ആഗ്രഹിക്കുന്നവള്‍...

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അധ്യാപകനോട് തോന്നിയ ആകര്‍ഷണം. തൃശ്ശൂര്‍ സ്വദേശിനിയായ ശീതള്‍ തനിക്കുള്ളിലെ സ്ത്രീത്വം ആദ്യമായി തിരിച്ചറിയുന്നത് അന്നാണ്. സാമൂഹികപാഠം പഠിപ്പിക്കാനെത്തിയ അധ്യാപകനോട് സംസാരിക്കാന്‍ അവളെന്നും ഓരോരോ കാരണങ്ങള്‍ കണ്ടെത്തി. സിനിമാഗാനങ്ങളില്‍ അധ്യാപകനേയും തന്നേയും പ്രതിഷ്ഠിച്ച് സ്വപ്‌നങ്ങള്‍ കണ്ടു. തനിക്ക് അധ്യാപകനോട് തോന്നിയ പ്രണയം തന്നോട് അധ്യാപകനില്ലെന്ന തിരിച്ചറിവ് ശീതളിനെ വല്ലാതെ വേദനിപ്പിച്ചു.  ആദ്യ പ്രണയത്തിന്റെ മധുരമാര്‍ന്ന വേദന ശീതളിന്റെ ഓര്‍മയില്‍ ഇന്നുമുണ്ട്.

സെക്ഷ്വല്‍ മൈനോറിറ്റി ഫോറം കേരളയുടെ സെക്രട്ടറിയാണ് ശീതള്‍. വിദ്യാഭ്യാസം ഉപേക്ഷിച്ച് കെട്ടിടനിര്‍മാണ തൊഴിലാളിയായപ്പോള്‍ വീടിനടുത്തുള്ള ഗ്രൗണ്ടില്‍ കളിക്കാനെത്തുന്ന ഹോക്കിക്കാരനോട് തോന്നിയ ഇഷ്ടം... പ്രണയപൂര്‍വം അയാള്‍ ശീതളുമായി ഇടപെട്ടു. ശരീരത്തെ താലോലിച്ചു. ദിവസങ്ങള്‍ മുന്നോട്ട് പോകും തോറും ഇരുട്ടില്‍ ശരീരം മാത്രം തേടി വരുന്ന അയാളെ ശീതളിന്റെ മനസ്സിന് ഉള്‍ക്കൊള്ളാനാവാതെയായി. പുരുഷ ശരീരത്തില്‍ സ്ത്രീമനസ്സ് സൂക്ഷിക്കുന്ന ശീതളിനെ പകല്‍വെളിച്ചത്തില്‍ അയാള്‍ അവഗണിച്ചതോടെ ആ പ്രണയത്തിനും അന്ത്യം കുറിച്ചു.

മൂന്നാമത്തെ പ്രണയം കെട്ടിട നിര്‍മാണത്തൊഴിലാളിയോടായായിരുന്നു. അയാളും പല മധുരവാഗ്ദാനങ്ങള്‍ നല്‍കി. ഒരുമിച്ച് ജീവിക്കാമെന്ന സ്വപ്‌നങ്ങളും നല്‍കി. പക്ഷേ, അയാള്‍ക്ക് വേണ്ടിയിരുന്നത് ശീതളിന്റെ പണവും ശരീരവും മാത്രമായിരുന്നു. കപടവാഗ്ദാനങ്ങള്‍ മാത്രം നല്‍കി വഞ്ചനയുടെ ക്രൂരത സമ്മാനിച്ച് അയാളും ശീതളിന്റെ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി. പലരാത്രികളിലും അവള്‍ വേദനയോടെ കരഞ്ഞു. 

അമ്മ മരിച്ചതോടെ ശീതളിന് ആകെയുണ്ടായിരുന്ന പിന്തുണ നഷ്ടപ്പെട്ടു.  അപ്പോള്‍ ശീതളിന് ആശ്വാസമായെത്തിയത് സ്മിന്റോജാണ്. തന്റെ ശരീരത്തോടൊപ്പം തന്റെ മനസ്സിനേയും ഉള്‍ക്കൊള്ളുന്ന ഒരാളെ സ്മിന്റോജില്‍ ശീതള്‍ കണ്ടെത്തി.  രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങിയിരുന്ന ശീതള്‍ സ്മിന്റോജിനൊപ്പം ധൈര്യപൂര്‍വം പുറത്തിറങ്ങി... പകല്‍ സമയങ്ങളിലും ക്ഷേത്രോത്സവങ്ങളിലെത്തി... സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ശീതളെത്തുന്നത് സ്മിന്റോജ് ശീതളിന്റെ ജീവിതത്തിലെത്തിയതോടെയാണ്.