നെറുകയിലൂടെ പെയ്തിറങ്ങി, തണുത്ത വിരലുകളാല്‍ മനസ്സിനെ തൊട്ട്, പതിയെ മടങ്ങിക്കൊള്ളാമെന്ന മഴയുടെ ചിലമ്പിച്ച അപേക്ഷ കൈക്കൊള്ളാതെ കെ.എസ്.ആര്‍.ടി.സിയുടെ കരിമ്പച്ച ജാലകച്ചട്ടകള്‍ ശബ്ദമുണ്ടാക്കിക്കൊണ്ട് താഴേക്ക് പതിച്ചു. 

ഒരു ചാറല്‍ മഴയെ തൊട്ടറിയാനുള്ള സഹിഷ്ണുത പോലും നഷ്ടപ്പെട്ടവരുടെ കാഴ്ചകളെ മറച്ച് ഈറന്‍ ജാലകച്ചട്ടകള്‍ അടക്കി ചിരിച്ചു. യാത്രയില്‍ പിറകോട്ടോടുന്ന ജാലകക്കാഴ്ചകള്‍ക്കൊപ്പം പിറകോട്ടോടാന്‍ വെമ്പുന്ന ഓര്‍മ്മകളില്‍ ഇരുള്‍ വീണു.

അസ്വസ്ഥത തീര്‍ത്ത അക്ഷമയില്‍ മുഖം തിരിച്ചപ്പോഴാണ് അവരെ കണ്ടത്. കാഴ്ചയില്‍ ബിരുദ വിദ്യാര്‍ത്ഥികളെന്ന് തോന്നിക്കുന്ന കൂട്ടുകാരോ കമിതാക്കളോ ആയ രണ്ടുപേര്‍. ബസിന്റെ മുന്‍ഭാഗത്തെ ഡോറിനോട് ചേര്‍ന്നുള്ള സീറ്റിലിരുന്ന് അവര്‍ മഴയെ തൊട്ടറിയുകയാണ്. മഴയുടെ ഓരോ സ്പര്‍ശത്തേയും ആസ്വദിക്കുന്നതില്‍ ആ ചെറുപ്പക്കാര്‍ കാണിക്കുന്ന ഉത്സാഹം അവരെ കമിതാക്കളായി കാണാനേ മനസ്സിന് അനുവാദം നല്‍കിയുള്ളൂ. 

ബസ്സിലെ തുറന്നിട്ടിരിക്കുന്ന ഒരേയൊരു ജാലകത്തിലൂടെ പുറത്തേക്ക് നീട്ട'ിയ വിരലുകളില്‍ മഴയെ ഏറ്റുവാങ്ങി പ്രണയച്ചില്ലയിലേക്ക് അവര്‍ മെല്ലെ നടന്ന് കയറുകയാണ്. മിഴികളില്‍ വിടരുന്ന പ്രണയ ഭാവത്തെ മഴയിലൊളിപ്പിക്കാനാവാതെ, ചുറ്റുമുള്ള യാത്രക്കാരെയെല്ലാം മറന്ന്, എന്തിന് പരസ്പരം പോലും മറന്ന് മഴയുടെ വെള്ളി നൂലുകള്‍ വകഞ്ഞു മാറ്റി അവര്‍ പ്രണയത്തെ തിരയുകയാണ്.

പ്രണയവും മഴയും തമ്മിലെന്താണ്?

പരസ്പരമലിഞ്ഞ് ചേരാന്‍ കൊതിക്കുന്നവര്‍ക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവള്‍ മഴ. കുടക്കീഴിലേക്ക് നനഞ്ഞോടിയെത്തിയ പ്രിയപ്പെട്ടവളെ ചേര്‍ത്തുപിടിക്കാന്‍ പറയുന്നവള്‍ മഴ. അവരുടെ സ്വകാര്യങ്ങള്‍ മറ്റാരും കേള്‍ക്കാതിരിക്കാനാണ് ഇടയ്ക്കവള്‍ ആര്‍ത്തലയ്ക്കുന്നത്. അവരെ ഒന്നാക്കുന്നതിന് വേണ്ടിയാണ് മാനത്തൂടെ വെള്ളി വേരുകള്‍ പായിച്ച് അവള്‍ അട്ടഹസിക്കുന്നത്. 

ഉള്ളിലുള്ള പ്രണയത്തെ തുറന്ന് പറയാന്‍ മഴയൊരുക്കുന്ന അവസരങ്ങളെത്ര. സ്‌കൂളിലേക്കുള്ള സൈക്കിള്‍ യാത്രയില്‍ രേഖയോടൊപ്പം എന്നും അയാളും വരും. ഒന്നുമുരിയാടാതെ കൂട്ടുകാരന്റെ സൈക്കിളിന് പിറകില്‍ രേഖയെ നോക്കിയിരിക്കും. എന്നുമുള്ള ഈ സഹയാത്ര കൂട്ടുകാരുടെ കളിയാക്കലിന് കാരണമായപ്പോള്‍ ഒരു മഴക്കാലത്ത് രേഖ അയാളോട് ക്ഷുഭിതയായി. മഴയേറ്റ് നെറ്റിയില്‍ നിന്നും ഒലിച്ചിറങ്ങിയ ചാന്ത് അവളുടെ മൂക്കിന്‍ തുമ്പില്‍ ചുവന്ന മണികൊരുത്തത് നോക്കി അയാള്‍ പറഞ്ഞത് ഇത്രമാത്രമാണ് ' ഇയാളുടെ പൊട്ട് പരന്നു'. ഉള്ളിലുള്ള പ്രണയത്തെ ഇതിനേക്കാള്‍ മനോഹരമായി അയാള്‍ എങ്ങനെയാണ് പ്രകടിപ്പിക്കേണ്ടത്. 

പ്രണയത്തിന്റെ ഭാവതീവ്രതയ്ക്ക് മഴയുടെ അനുതാളം നല്‍കാത്ത ചലച്ചിത്ര സംവിധായകരില്ല. എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളിലൊന്നായി വാഴ്ത്തുന്ന തൂവാനത്തുമ്പികളില്‍ നിന്ന് തുടങ്ങുന്നു മഴ നനഞ്ഞ പ്രണയങ്ങള്‍. ജയകൃഷ്ണന്റെ മുന്നിലെന്നും ക്ലാരയുടെ സാന്നിദ്ധ്യമായ് സിനിമയില്‍ പെയ്തിറങ്ങിയ പ്രണയമഴ തൊട്ടടുത്ത വര്‍ഷം പറഞ്ഞത് വൈശാലിയില്‍ അനുരക്തനായി അംഗരാജ്യത്ത് മഴപെയ്യിക്കാനെത്തിയ ഋഷിശൃംഗന്റെ കഥയാണ്.

സിനിമകളിലെ പ്രണയത്തിന്റെ ഭാഷ തന്നെ മാറിക്കഴിഞ്ഞു. പക്ഷേ മാറ്റമില്ലാതെ ന്യൂജെന്‍ കാമുകീ കാമുകന്മാര്‍ക്കിടയില്‍ പ്രണയത്തിന്റെ അനുതാളമായി ഇന്നും മഴയെത്തുന്നുണ്ട്. ഓം ശാന്തി ഓശാനയില്‍ നായകനായ ഗിരിയുടെ വീട് അന്വേഷിച്ചെത്തുന്ന പൂജയുടെ കവിളില്‍ മുത്തം കൊടുത്ത മഴ പ്രണയത്തിന്റെ കരുതലാണ് അവള്‍ക്ക് കാട്ടിക്കൊടുത്തത്. തനിക്കുള്ള പ്രണയം കുന്നില്‍ മുകളിലെ അമ്പലത്തിനടുത്തുവെച്ച് ഗിരിയോട് തുറന്ന് പറയാനുള്ള ധൈര്യം പൂജയ്ക്കു നല്‍കുന്നതും മഴ തന്നെ. 

കാഞ്ചനമാലയുടേയും മൊയ്തീന്റേയും പ്രണയം തിരശ്ശീലയില്‍ എത്തിയതും മഴയില്‍ നനഞ്ഞുകുതിര്‍ന്നാണ്‌. തന്നിലെ എല്ലിനാല്‍ പടച്ച മുക്കത്തെ പെണ്ണിന്റെ കൈതൊട്ട് താഴേക്ക് വീഴുന്ന മഴയെ സ്വന്തം ഉള്ളംക്കൈയിലൊതുക്കി നെഞ്ചോടുചേര്‍ക്കുന്ന മൊയ്തീന്‍. ഇടുക്കിയെന്ന മലയോര ഗ്രാമത്തിലെ നന്മയുടെ കഥയുമായെത്തിയ മഹേഷിന്റെ പ്രതികാരത്തിലെ പ്രണയ ജോഡികളായ മഹേഷും സൗമ്യയും കുടക്കീഴിലൂടെ കൈമാറുന്ന ഒറ്റസീന്‍ പ്രണയം. മലയാള സിനിമയില്‍ പ്രണയമഴ പെയ്തുതോരുന്നില്ല.

പ്രണയിതാക്കള്‍ക്ക് മാത്രമേ മഴയുടെ സൗന്ദര്യം തിരിച്ചറിയാനാകൂ. അതുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് അനുഭവപ്പെടുന്ന 'നശിച്ച മഴ'യില്‍ അവര്‍ സ്വയം മറന്ന് നില്‍ക്കുന്നത്. മഴ പറയുന്ന സ്വകാര്യങ്ങള്‍ കേള്‍ക്കുന്നത്. അവളുടെ സൗരഭ്യം തിരിച്ചറിയുന്നത്. വെള്ളാരം മുത്തും കൊണ്ടാകാശം പ്രേമത്തിന്‍ കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ അവരുടെ ആത്മാവിന്‍ രാഗങ്ങള്‍ ആനന്ദനൃത്തമാടുന്നത്. 

പ്രണയം മഴയോട് അത്രമേല്‍ ഇഴ ചേര്‍ന്നിരിക്കുന്നു.