പ്രണയം പൂത്തുതളിര്‍ക്കുന്നതെന്നും ക്യാമ്പസുകളിലാണ്. കണ്ണുകളിലൂടെയും കത്തുകളിലൂടെയും കൈമാറിയിരുന്ന പ്രണയത്തെ വാട്‌സാപ്പിലൂടെയും മെസ്സഞ്ചറലൂടെയും 'സ്മാര്‍ട്ടാ'ക്കിയ ഫ്രീക്ക് യൂത്ത് ബ്രേക്കപ്പില്ലെങ്കില്‍ പിന്നെന്ത് പ്രണയം എന്ന കാഴ്ചപ്പാടുകാരാണ്. ബ്രേക്കപ്പിനെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകള്‍ തന്നെ മതി പ്രണയത്തില്‍ യൂത്ത് എത്രത്തോളം സ്മാര്‍ട്ടായി എന്ന് മനസ്സിലാക്കാന്‍. എറണാകുളം സെന്റ് ജോസഫ്‌സിലെ വിദ്യാര്‍ത്ഥിനികള്‍ വാലന്റൈന്‍സ് ഡേയോടനുബന്ധിച്ച് മാതൃഭൂമിയുമായി നടത്തിയ ക്യാമ്പസ് ചാറ്റില്‍ നിന്ന്.  

പ്രണയത്തില്‍ കുറ്റപ്പെടുത്തലുകള്‍ സ്ഥാനമില്ലെന്നാണ് നമിതയുടെ അഭിപ്രായം. പ്രണയത്തിന്റെ തുടക്കമുള്ള ഏറ്റുപറച്ചിലുകള്‍ പിന്നീട് പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലേക്ക് എത്തുമ്പോഴാണ് പല റിലേഷനും തകര്‍ന്നു പോകുന്നതെന്നാണ് നമിത പറയുന്നത്. 

നമിതയുടെ കൂട്ടുകാരി മീനു കുറച്ചുകൂടി ഫിലോസഫിക്കലായി. പരസ്പരം വിശ്വസിക്കുകയും തമ്മിലുള്ള വ്യത്യാസങ്ങളെ ബഹുമാനിക്കുകയുമാണ് പ്രണയികള്‍ ആദ്യം ചെയ്യേണ്ടതെന്ന് പറയുമ്പോള്‍ മീനുവിന്റെ മുഖത്തല്പം ഗൗരവം. പ്രശ്‌നങ്ങളെ മനസിലാക്കുന്നതിലും ഈ ഒത്തൊരുമ വേണം. ബപ്രണയബന്ധത്തിന് വില കല്‍പിക്കുന്നുണ്ടെങ്കില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി പരസ്പരം ധാരണയോടെ മുന്നോട്ട് പോവുക, അല്ലെങ്കില്‍ എല്ലാവിധ ബഹുമാനത്തോടെയും പിരിയുക. മീനു ഗൗരവം വിടുന്നില്ല.

ഇതൊന്നുല്ല പൊസസീവ്‌നെസ്സാണ് പ്രണയത്തില്‍ വില്ലനാകുന്നതെന്നാണ് ആതിരയുടെ കണ്ടുപിടുത്തം. സംശയം ഇല്ലാതിരുന്ന തന്നെ ബ്രേക്കപ്പ് ഒഴിവാക്കാം. വിശ്വാസം അതല്ലേ എല്ലാം. ഗീവ് റെസ്‌പെക്ട് ആന്‍ഡ് ടെയ്ക്ക് റെസ്‌പെക്ട്. ഒട്ടും പൊസസ്സീവ് ആകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരുപാട് പൊസസ്സീവ് ആകുമ്പോഴാണ് ബ്രേക്കപ്പ് ആവുന്നത്.  ഞാന്‍ കണ്ടിട്ടുള്ള മിക്ക ബ്രേക്കപ്പിനും കാരണം ഇതായിരുന്നു. ആതിര പറയുന്നു. 

കൂട്ടുകാരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വിനിതയുടെ നിലപാട്. ഇടക്ക് ബ്രോക്കപ്പൊക്കെ നല്ലതാണെന്ന് ഈ ന്യൂജെന്‍ കുമാരിയുടെ പക്ഷം.നമ്മളെ അര്‍ഹിക്കാത്തവര്‍ക്ക് വേണ്ടി നമ്മള്‍ കോംപ്രമൈസ് ചെയ്യുന്നത് എന്തിനാണ്. രണ്ടു ആളുകള്‍ക്ക് ബന്ധം തുടര്‍ന്ന് കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ബ്രേക്കപ്പ് ആകുന്നതല്ലെ നല്ലത്. വിനിത പ്രാക്ടിക്കലാണ്. 

രേവതി വീണ്ടും വിശ്വാസത്തെ കൂട്ടുപിടിച്ചു. എല്ലാ ബന്ധങ്ങളുടേയും നിലനില്‍പ് പരസ്പരമുള്ള വിശ്വാസത്തിലും മനസ്സിലാക്കലിലുമാണത്രേ. അതു മാത്രം പോര ലവറിന്റെ സ്വകാര്യതയെ മാനിക്കാനും പഠിക്കണം. പക്ഷേ പ്രണയത്തകര്‍ച്ചയില്‍ വൈകാരികതയൊന്നും വേണ്ടന്നാണ് രേവതിയുടെ അഭിപ്രായം.

പ്രണയത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ വിഷമിക്കുകയൊന്നും വേണ്ട മറ്റൊരു ജീവിതം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റൊരാള്‍ വേണ്ടന്ന് തെളിയിക്കുകയാണ് വേണ്ടത്.  നൈന നസീര്‍ ബോള്‍ഡാകുന്നു.

ചിലര്‍ക്ക് ബ്രേക്കപ്പിന് ശേഷം തന്നിലുള്ള വിശ്വാസം നഷ്ടപ്പെടാറുണ്ട്. രേവതി വിശ്വാസത്തെ വിട്ടുകളയാന്‍ തയ്യാറല്ല. ചിലര്‍ കുടി തുടങ്ങും ചിലര്‍ അടുത്ത ആളെ നോക്കും. ചിലര്‍ ഇത് ഒരു വെല്ലുവിളി ആയി തിരഞ്ഞെടുക്കും. ഇതൊക്കെ ഓരോരുത്തരെ അടിസ്ഥാനമാക്കിയാണ് ഇരിക്കുന്നത്. നിങ്ങളുടെ തീരുമാനമാണ് നിങ്ങളെ മാറ്റാന്‍ പോകുന്നത്. എപ്പോഴും അവനവന്‍ തന്നെയായിരിക്കാന്‍ ശ്രമിക്കുക. രേവതി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗ്യാല്‍സ് ഒരുമിച്ച് പറഞ്ഞു. ദാ ദിദാണ് പോയിന്റ്, ഇതൊക്കെ ഓരോരുത്തരെ നിലപാട് പോലിരിക്കും ബ്രോ..

എന്തായാലും പ്രണയത്തിന്റെ പേരിലും ബ്രോക്കപ്പിന്റെ പേരിലും 'വികാരവിജ്രംഭിത'രായി നടക്കാന്‍ യൂത്തിനെ കിട്ടില്ല. അവര്‍ വളരെ പ്രക്ടിക്കാലാണെന്നേ..