മീര പാടുകയാണ്. പാടി കീര്‍ത്തിക്കുന്നതാണ് തന്റെ കൃഷ്ണന് ഏറ്റവും പ്രിയമെന്ന് അവള്‍ക്കറിയാം. അനുരാഗിയായ ഹൃദയം പാടുമ്പോള്‍ അകമ്പടിയായി പുല്ലാങ്കുഴല്‍ വായിക്കാന്‍ കൃഷ്ണനെ പ്രേരിപ്പിച്ചത് മീരയുടെ നിരുപാധികമായ പ്രണയമാണ്. മീരയെയും കൃഷ്ണനെയും മറന്നിട്ട് നമുക്കൊരു പ്രണയ സങ്കല്പമുണ്ടോ ?

 വാലന്റൈന്‍സ് ഡേയുടെ ചരിത്രത്തില്‍ നിന്ന് നാം നെഞ്ചിലേറ്റിയത് പുരോഹിതനായ വാലന്റൈന്‍ തന്റെ പ്രണയിനിക്ക് നന്ദിസൂചകമായി എഴുതിക്കൊടുത്ത ഒരേയൊരു വാചകമാണ്-   'സ്‌നേഹപൂര്‍വം നിന്റെ വാലന്റൈന്‍'. നൂറ്റാണ്ടുകള്‍ ഏറെക്കഴിഞ്ഞിട്ടും അനുരാഗവിലോചനനായി നമ്മുടെ മനസ്സുകളില്‍ വിലസുന്ന സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണനുവേണ്ടി പ്രണയിനിയായ മീര സമര്‍പ്പിച്ച ഭജനുകള്‍ നാം മറക്കുവതെങ്ങനെ?കൃഷ്ണനോടുള്ള മീരയുടെ നിരുപാധിക പ്രണയം പോലൊന്ന് ആധുനിക കാലഘട്ടത്തില്‍ നമുക്ക് കാണുവാനേ കഴിയില്ലെന്ന്  അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ ഭജനുകള്‍.

Meeraകൃഷ്ണനോടുള്ള നിരുപാധികമായ പ്രേമം അതിന്റെ സകല ഭാവങ്ങളോടുംകൂടി ജ്വലിക്കുന്ന മീരാഭജനുകള്‍.

വില: 110.00
പുസ്തകം വാങ്ങാം

കൃഷ്ണഹൃദയം വിവശമാക്കി കവര്‍ന്നെടുത്ത മീരാഭജനുകളാണ് മാതൃഭൂമി ബുക്ക്‌സ്  പ്രസിദ്ധീകരിച്ച അഷിതയുടെ  'മീര പാടുന്നു ' എന്ന കൃതി. മീരയുടെ പ്രണയവും വിരഹദു:ഖവും സമാഗമ സന്തോഷവുമെല്ലാം നിറയുന്ന വരികള്‍ നമ്മെ പ്രണയത്തിന്റെ വിവിധ തലങ്ങളില്‍ കൊണ്ടു ചെന്നെത്തിക്കുന്നു. 

കൃഷ്ണനോടുള്ള പ്രേമത്തില്‍ മുങ്ങി നിറം മാറിയവളാണ് അഷിതയുടെ 'മീര'.  അവള്‍ കൊട്ടാരവും വലിയ സ്തംഭങ്ങളും ഉപേക്ഷിക്കുന്നു. നീലാഞ്ജനവും സിന്ദൂരവും ത്യജിക്കുന്നു. കാവി വസ്ത്രധാരിണിയാകുന്നു. കൃഷ്ണനില്‍ മാത്രം ശരണം പ്രാപിക്കുന്നവളാണ് മീര. അഭിജാതനായ ഗിരിധരനാണ് മീരയുടെ പ്രഭു. ഒരിക്കലും അടര്‍ന്നുപോകാത്ത ചായമാണ് കൃ്ഷ്ണന്റെ അനുരാഗം. പ്രേമത്തിന്റെയും ഭക്തിയുടെയും മാര്‍ഗ്ഗം വിചിത്രമാണെന്ന്് മീരയുടെ അനുഭവത്തിലൂടെ നമുക്ക് കാണിച്ചുതരികയാണ് കവയിത്രി. 

ഓരോ നിമിഷവും ഓരോ യുഗമാണ് മീരയ്ക്ക്. കൃഷ്ണനില്ലാതെ മീരയ്ക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. വിളക്കുകളോ കൊട്ടാരങ്ങളോ അവളെ ആനന്ദിപ്പിക്കുന്നില്ല. വിരഹത്താല്‍ തപിക്കുന്ന മീരയുടെ ജീവന്‍ ഓരോ മിടിപ്പിലും കുറയുന്നു. കൃഷ്ണന്റെ ദര്‍ശനം ലഭിക്കാതെ മീരയ്ക്കിനി വിശ്രമമില്ല.കണ്ണുകളില്‍ നിന്ന് കണ്ണീരരുവി ഒഴുകുന്നു. അല്ലയോ കൃഷ്ണാ, ഈ ലോകത്തില്‍ മീരയുടെ വേദന അകറ്റാന്‍ മാത്രം സ്‌നേഹമുള്ള മറ്റൊരാത്മാവുണ്ടോ? 

വിരഹാര്‍ത്തയായ മീരയുടെ സങ്കടങ്ങള്‍ ആരറിയാന്‍! പ്രിയതമന്‍ തന്നെ ഉപേക്ഷിച്ചു കടന്നു പോയി. താന്‍ ഹോളി കളിക്കുന്നത് ആരുടെ കൂടെയാണ്? ഹോളി ഉത്സവത്തില്‍ തനിക്കാനന്ദമില്ല. എല്ലാ രത്‌നങ്ങളും മുത്തുകളും അഴിച്ചുമാറ്റി മീര യോഗിയുടെ ജപമാല അണിഞ്ഞിരിക്കുന്നു. ആഹാരമോ വീടോ ഒന്നും മീരയ്ക്ക് ആനന്ദം നല്‍കുന്നില്ല. മീരയുടെ കൃഷ്ണന്‍ അവളെ ഭ്രാന്തിയാക്കിയിരിക്കുന്നു. ജന്‍മാന്തരങ്ങളായി ഗിരിധരന്റെ ദാസിയായ മീരയ്ക്ക് ദര്‍ശനം നല്‍കിയില്ലെങ്കില്‍ താന്‍ എന്നും ദു:ഖിതയായിരിക്കുമെന്ന് അവള്‍ ഓര്‍മിപ്പിക്കുകയാണ്.

 

krishan and meera

ചാതകപ്പക്ഷി ഒരു മേഘത്തെ മാത്രം ഓര്‍ക്കുന്നു. മീര ഉപേക്ഷിക്കപ്പെട്ടവളും ഏകാഗ്രത കെട്ടുപോയവളുമാണ്.  അവളുടെ ചുറ്റുപാടുകളെക്കുറിച്ച് അവള്‍ക്കൊരു ബോധവുവില്ല. ഉള്ളില്‍ പ്രേമമുണര്‍ന്നപ്പോള്‍ ആരും അതറിഞ്ഞില്ലെന്നും ഇപ്പോഴിതു പരസ്യമായ രഹസ്യമാണെന്നും മീര തന്നെ പറയുന്നു.പൂര്‍വജന്‍മങ്ങളിലെ കളിത്തോഴനായ നാഥന്‍ എന്നു വരുമെന്ന്് അന്വേഷിക്കുകയാണ് മീര. 

ശ്യാമവര്‍ണ്ണനായ ഗിരിധരനോട് താന്‍ എന്തു പറയുവാനാണ് ! പുരാതനവും ജന്‍മാന്തരങ്ങളിലൂടെ തുടരുന്നതുമാണ് മീരയ്ക്ക് കൃഷ്ണനോടുള്ള പ്രണയം.ഒരു അവധൂതനുമായി പ്രണയത്തിലാവുകയെന്നാല്‍ ദു:ഖത്തെ വരിക്കലാണെന്ന് മീര സ്വയം പറയുന്നു. കൃഷ്ണന്റെ സൗന്ദര്യം പോലെ മറ്റൊന്നും മീര ലോകത്തില്‍ കാണുന്നില്ല.  തന്നെ പ്രണയ വിരഹത്തിലാഴ്ത്തി കടന്നു പോയ കൃഷ്ണനെക്കുറിച്ച് മീരയ്ക്ക് പറയാനുള്ളത് ഇതാണ്- കൂടെയുള്ളപ്പോള്‍ അയാള്‍ മധുരഭാഷണം ചെയ്യും. പക്ഷേ, പിന്നെ നിങ്ങളെ മറന്നു കടന്നു പോകും.ഒരു മുല്ലമൊട്ട് ഇറുക്കുന്നതു പോലെ അയാള്‍ പ്രേമത്തിന്റെ ബന്ധനത്തെ ഇറുത്തുകളയുന്നു. ആദ്യം തേന്‍ പകര്‍ന്നു തന്നിട്ട് ഇപ്പോള്‍ തനിക്ക് വിഷം നല്‍കുന്നതെന്തിനാണെന്ന് മീര ദേഷ്യത്തോടെ ചോദിക്കുന്നു. ഈ രീതികളൊക്കെ തന്റെ പ്രിയന്‍ എവിടെ നിന്നാണ് പഠിച്ചതെന്ന് വ്യാകുലപ്പെടുകയാണ് മീര. 

രാത്രി മുഴുവന്‍ ഉറങ്ങാതെ കാത്തിരിക്കുന്ന മീര . എന്നെങ്കിലും പ്രഭാതം വരുമോ? ഒരിക്കലൊരു സ്വപ്‌നത്തില്‍ നിന്നു മീര ഞെട്ടിയുണര്‍ന്നു. ആ ദര്‍ശനത്തിന്റെ സ്മൃതി മാറുന്നതേയില്ല. ശ്വാസംമുട്ടലും ദീര്‍ഘനിശ്വാസവുമായി മീരയുടെ പ്രാണന്റെ വേലിയിറക്കമാണ് പിന്നീടുള്ള ദിനങ്ങളില്‍. മീരയ്ക്ക് ഭ്രാന്താണ്. ജീവിതവും മരണവും വെച്ചു നീട്ടുന്നവന് മീരയുടെ സങ്കട രഹസ്യവുമറിയാം. 

 പ്രേമത്താല്‍ ഉന്മാദിനിയായ മീര ആര്‍ക്കും തന്റെ അവസ്ഥ മനസ്സിലാകുകയില്ലെന്ന് നമ്മളോട് പറയുന്നു.  പ്രേമം കൊണ്ടു മുറിവേറ്റവര്‍ക്കു മാത്രമേ  മീരയുടെ ധര്‍മസങ്കടങ്ങളറിയാന്‍ കഴിയുകയുള്ളു. മീരയും തന്റെ പ്രാണപ്രിയനായ ഗിരിധരന് കത്തുകളെഴുതിയിട്ടുണ്ട്. എഴുതുവാനറിയില്ലെന്നിരിക്കെ എങ്ങനെ ഒരു കത്തു മുഴുമിപ്പിക്കും? തൂലികയേന്തുമ്പോഴേ മീരയുടെ കൈ വിറയ്ക്കുകയാണ്. എന്നിട്ടും പ്രിയപ്പെട്ട കൃഷ്ണന് മീര സന്ദേശമയയ്ക്കുന്നു. പക്ഷേ അദ്ദേഹം മറുപടി സന്ദേശം അയയ്ക്കുന്നില്ല. മന:പൂര്‍വം മൗനം ദീക്ഷിക്കുന്നു. 

Meera

ശ്യാമിന്റെ പ്രേമത്തില്‍ നിറം മുക്കിയ ദാസിയാണ് മീര . അവളുടെ ജീവിതം മുഴുവന്‍ പ്രതീക്ഷയില്‍ തീരുന്നു. കൃഷ്ണന്റെ ഹൃദ്യമായ പെരുമാറ്റത്തിന്റെ സ്മൃതികള്‍ മീരയെ വേട്ടയാടുകയാണ്. ആ ശ്യാമരൂപം മീരയുടെ ഹൃദയം കവര്‍ന്നിരിക്കുന്നു. രാപകല്‍ ഗിരിധരനെ മാത്രം ധ്യാനിക്കുകയാണ് മീര. 

കര്‍ണകുണ്ഡലങ്ങളോടെ,ജപമാലയുമായി,  ഭസ്മം പൂശിയ ദേഹവുമായി സ്വന്തം വീട്ടിലേക്ക് കടന്നുവരാനാണ് കൃഷ്ണനോട് മീര ആവശ്യപ്പെടുന്നത്. തന്റെ ബാല്യകാലസ്‌നേഹത്തെ കൃഷ്ണന്‍ ശരിക്കും മനസ്സിലാക്കിയിരുന്നോ എന്ന് മീര വീണ്ടും വീണ്ടും ചോദിക്കുന്നു. തീവ്രമോഹത്തോടെ അഭിജാതനായ ഗിരിധരന്റെ വരവും കാത്തിരിക്കുന്ന മീര. അവള്‍ സ്വയം അവളെത്തന്നെ കൃഷ്ണന് ബലിയായര്‍പ്പിക്കുന്നു. അവളെ അതേപടി സ്വീകരിക്കുവാനാണ് മീര ആവശ്യപ്പെടുന്നത്. 

കൃഷ്ണനോടുള്ള മീരയുടെ സ്‌നേഹം ഉറച്ചതാണ് . അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ ആനന്ദം മീരയുടെ കണ്ണുകളറിയുന്നുണ്ട്. ജന്മാന്തരങ്ങളായി തുടര്‍ന്നു വന്ന മീരയുടെ പ്രേമം കൃഷ്ണന്‍ അവള്‍ക്ക് തിരിച്ചും നല്‍കുന്നു. മനസ്സു കൊണ്ടും ദേഹം കൊണ്ടും കൃഷ്ണനില്‍ അലിഞ്ഞുചേര്‍ന്നവളാണ് മീര. ഭഗവാന്‍ തന്നെ പാണിഗ്രഹണം ചെയ്യുന്നതും കാത്തിരിക്കുകയാണ് മീരയിലെ പ്രണയിനി.