കോഴിക്കോട്: അറിവും ആശയവും നിലപാടുകളും വീറോടെ പൊരുതിയ സംവാദങ്ങള്‍ക്കൊടുവില്‍ ഫെഡറല്‍ ബാങ്ക് സ്​പീക്ക് ഫോര്‍ ഇന്ത്യ കേരള എഡിഷന്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ എന്‍. നൗഫല്‍ വിജയിയായി. 'മാതൃഭൂമി'യുമായി സഹകരിച്ചുനടത്തിയ സംവാദത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ജെ. ശ്രീലക്ഷ്മിയാണ് റണ്ണറപ്പ്. മാര്‍ ഇവാനിയോസ് കോളേജിലെ എസ്. ഗോകുലിനാണ് പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ്.

വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു.

Speak logoഗ്രാന്‍ഡ് ഫിനാലെ ജേതാവിന് 1,25,000 രൂപയുടെ കാഷ് അവാര്‍ഡ്, ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്, ജേതാവ് പഠിക്കുന്ന കോളേജിന് 25,000 രൂപ എന്നിവ ലഭിക്കും. റണ്ണറപ്പിന് 1,25,000 രൂപയും പഠിക്കുന്ന കോളേജിന് 25,000 രൂപയും ലഭിക്കും. പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് ജേതാവിന് 75,000 രൂപയാണ് കാഷ് അവാര്‍ഡ്.

ഇവര്‍ക്കൊപ്പം ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ച എ.പി. അശ്വനി (കാലടി സംസ്‌കൃതസര്‍വകലാശാല), സിദ്ധാര്‍ഥ് എം. ജോയ് (മാര്‍ ഇവാനിയോസ് കോളേജ്), ഐശ്വര്യ താരാഭായ് അനീഷ് (എസ്.എന്‍. കോളേജ് ചെമ്പഴന്തി), ഷോന സ്മിത്ത് (അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്), അസില മിസ്ബാഹ് (പ്രോവിഡന്‍സ് വിമണ്‍സ് കോളേജ്) എന്നിവര്‍ക്ക് 25,000 രൂപവീതം പ്രോത്സാഹനസമ്മാനവും നല്‍കി.

സംസ്ഥാനത്ത് വിവിധതലങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത 4000 പേരില്‍നിന്ന് മത്സരിച്ചെത്തിയ എട്ടുപേരാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്. 2016 ഓഗസ്റ്റ് 17-നാണ് സ്​പീക്ക് ഫോര്‍ ഇന്ത്യ ഡിബേറ്റിന്റെ പ്രാഥമികഘട്ടമത്സരങ്ങള്‍ തുടങ്ങിയത്. വെള്ളിയാഴ്ച രണ്ടു ഘട്ടങ്ങളിലായാണ് സംവാദം നടന്നത്. 'മതപരമായ ലിംഗവിവേചനം മനുഷ്യാവകാശത്തെ ലംഘിക്കുന്നു' എന്ന വിഷയത്തിലായിരുന്നു ആദ്യ സംവാദം. ഇതില്‍നിന്ന് തിരഞ്ഞെടുത്ത നാലുപേര്‍ 'കേരളത്തിലെ തെരുവുനായ പ്രശ്‌നത്തില്‍ നായ്ക്കളെ കൊന്നൊടുക്കണോ' എന്ന വിഷയത്തില്‍ സംവദിച്ചു.

പാലക്കാട് വിക്ടോറിയ കോളേജ് അധ്യാപകന്‍ ഡോ. അരുണ്‍കുമാര്‍ മോഡറേറ്ററായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വിദഗ്ധന്‍ ഡോ. സുരേഷ്‌കുമാര്‍, ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗ്ലാഡിസ് പി.ഇ. ഐസക്, എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

അണ്ടിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ഡി.ജി.എമ്മും സോണല്‍ മേധാവിയുമായ എസ്. ഹരിദാസും സംബന്ധിച്ചു. 'മാതൃഭൂമി'യുടെ ഇവന്റ് ഡിവിഷനായ റെഡ് മൈക്കാണ് പരിപാടി സംഘടിപ്പിച്ചത്.
മതനിരപേക്ഷത തകര്‍ക്കാന്‍ ആസൂത്രിതശ്രമം -മുഖ്യമന്ത്രി
 
കോഴിക്കോട്: രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവം തകര്‍ക്കാന്‍ ആസൂത്രിതനീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭൂമി-ഫെഡറല്‍ ബാങ്ക് സ്​പീക്ക് ഫോര്‍ ഇന്ത്യ കേരള എഡിഷന്‍ സംവാദത്തിന്റെ ഗ്രാന്‍ഡ് ഫിനാലെ ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി, എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍ക്കര്‍ എന്നിവരെപോലുള്ള ഉത്പതിഷ്ണുക്കളെ കൊന്നുതള്ളിയത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിമാത്രമേ കാണാനാകൂ. വര്‍ഗീയതയെ എതിര്‍ത്താല്‍മാത്രമേ രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കപ്പെടുകയുള്ളൂ -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വാക്ക് അലങ്കാരവും ആയുധവുമാണ്. വാക്കിന്റെ ശക്തിയറിഞ്ഞ് രൂപപ്പെടുത്തിയ ഈ പരിപാടി കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് വലിയ അവസരമാണ് നല്‍കിയത് -മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.