കോഴിക്കോട്: ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷനിൽ ഇത് രണ്ടാംവട്ടമാണ് എസ്. ഗോകുൽ പങ്കെടുക്കുന്നത്. ആദ്യ തവണ ഫൈനലിൽനിന്ന്‌ മടങ്ങിയെങ്കിൽ ഇത്തവണ ജനപ്രിയതാരമായി പോപ്പുലർ ചോയ്‌സ് അവാർഡും നേടിയാണ് മടക്കം. 

മാർ ഇവാനിയോസ് കോളേജിലെ ബി.എ. ഇംഗ്ളീഷ് മൂന്നാംവർഷ വിദ്യാർഥിയാണ് ഗോകുൽ. കാഴ്ചവൈകല്യമുള്ള മകനെ വീട്ടിനകത്ത് അടച്ചിടാതെ കൂടുതലവസരങ്ങൾ നൽകിയ മാതാപിതാക്കൾക്കാണ് ഗോകുൽ തന്റെ വിജയം സമ്മാനിക്കുന്നത്. തിരുവനന്തപുരം എൻ.സി.സി. ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥനായ അച്ഛൻ സുരേഷ് കുമാറും അമ്മ കോട്ടൺഹിൽസ് സ്കൂൾ അധ്യാപിക ശോഭയും ഗോകുലിനൊപ്പമുണ്ട്.

സി.ബി.എസ്.ഇ. സഹോദയ സ്കൂൾ കലോത്സവങ്ങളിൽ മലയാളം, ഇംഗ്ളീഷ് പ്രസംഗമത്സരങ്ങളിൽ വിജയിയായിരുന്നു ഗോകുൽ. പ്ലസ്ടുവിന് സി.ബി.എസ്.ഇ. രാജ്യത്തെ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ അഞ്ഞൂറുപേരിൽ ഒരാളായിരുന്നു. വായനയും എഴുത്തുമാണ് പ്രിയം. കവിതയും ചെറുകഥകളും എഴുതാറുണ്ട്. ഇന്റർനെറ്റ് ഫലപ്രദമായി ഉപയോഗിക്കാനും മിടുക്കൻ. ഇനിയും സംവാദവേദികളിൽ കണ്ടുമുട്ടാമെന്ന് ഉറപ്പിച്ചുപറഞ്ഞാണ് ഗോകുൽ മടങ്ങിയത്.