കോഴിക്കോട്: സംവാദത്തിന്റെ ചൂടിനിടയിലേക്ക് ആവേശവുമായാണ് യുവസിനിമാതാരം ടൊവിനോ തോമസും വിജയ് യേശുദാസും എത്തിയത്. മുണ്ടും ഷർട്ടുമിട്ട് ‘എന്ന് സ്വന്തം മൊയ്തീനിലെ’ അപ്പ്വേട്ടന്റെ ലുക്കിനോട് ചേർന്നുനിന്നു ടൊവിനോ.

പ്രിയതാരത്തെ കണ്ടതും സദസ്സിലെ കോളേജ് പിള്ളേർ ഒന്നാകെ ആർത്തു വിളിച്ചു. വേദിയിൽ സ്ഥാപിച്ച വലിയ സ്‌ക്രീനിൽ ടൊവിനോയുടെ ദൃശ്യങ്ങൾ കാണിക്കുമ്പോഴെല്ലാം ഇതു തുടർന്നു.  ഇതിനിടെയാണ് ഗായകൻ വിജയ് യേശുദാസ് എത്തിയത്. പിന്നെ സുരക്ഷാജീവനക്കാരുടെയും സംഘാടകരുടെയും കണ്ണുവെട്ടിച്ച് ഇരുവർക്കുമൊപ്പം സെൽഫിയെടുക്കാനായി വിദ്യാർഥികളുടെ ശ്രമം. സ്പീക്ക് ഫോർ ഇന്ത്യ കേരള എഡീഷനിൽ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ച എട്ട് മത്സരാർഥികളുടെയും സംവാദങ്ങൾ കേട്ടിരുന്ന ഇരുവരും വിദ്യാർഥികളെ അഭിനന്ദിക്കാനും മറന്നില്ല. 

സംവാദത്തിൽ വിഷയത്തെ എതിർത്തും അനുകൂലിച്ചും വാശിയേറിയ ചർച്ച ചെയ്തവരുടെ യഥാർഥ അഭിപ്രായങ്ങൾ അറിയാനാഗ്രഹിക്കുന്നതായി വിജയ് യേശുദാസ് പറഞ്ഞു. താൻ ജാതി, മത, ആൺ -പെൺ വേർതിരിവുകളിൽ വിശ്വസിക്കുന്നില്ലെന്നും എല്ലാത്തിനും ഉപരിയായി ഇന്ത്യക്കാരൻ എന്ന നിലയിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സദസ്സിനുവേണ്ടി പ്രേമത്തിലെ 'മലരേ..' എന്ന ഗാനം പാടാനും വിജയ് തയ്യാറായി. 

സംവദിക്കാൻ കാണിക്കുന്ന ആർജവം നിലപാടുകളിൽ ഉറച്ച് നിൽക്കുന്നതിനും കാണിക്കണമെന്ന് നടൻ ടൊവിനോ തോമസ് ആവശ്യപ്പെട്ടു. ഒരു മതമോ പാർട്ടിയോ സംഘടനയോ വ്യക്തിയോ നിലപാടുകളെ സ്വാധീനിക്കാതിരിക്കട്ടെ. മാറ്റങ്ങൾ അനിവാര്യമാണ്. എന്നാൽ ആകാശത്ത് നിന്ന്‌ പൊട്ടിവീഴാൻ കാത്തിരിക്കരുത്. അതിനായി പരിശ്രമിക്കണമെന്നും ടൊവിനോ പറഞ്ഞു. സദസ്സിന്റെ ആവശ്യം മാനിച്ച് എന്ന് നിന്റെ മൊയ്തീനിലെ പ്രശസ്തമായ ഡയലോഗ് കൂടി പറയാനും ടൊവിനോ തയ്യാറായി. 
തമിഴ് സിനിമാതാരം ആത്മീയ രാജനും പുതുമുഖതാരം നിരഞ്ജന അനൂപും ചടങ്ങിനെത്തിയിരുന്നു.

സംവാദത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ആത്മീയ അഭിനന്ദിച്ചു. നിരഞ്ജന മോഹൻലാലിനും മമ്മൂട്ടിക്കും അമല, മഞ്ജുവാര്യർ എന്നിവർക്കുമൊപ്പം അഭിനയിച്ച വിശേഷങ്ങൾ പങ്കുവെച്ചു. നർത്തകിയായ നിരഞ്ജന പാട്ടിനൊപ്പിച്ച് നൃത്തവെയ്ക്കുകയും ചെയ്തു. 
ഗ്രാൻഡ്‌ ഫിനാലെയിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനം നൽകിയും സെൽഫിയെടുക്കാൻ കുട്ടികൾക്കൊപ്പം കൂടിയുമാണ് താരങ്ങൾ മടങ്ങിയത്.