''പാവപ്പെട്ടവരുടെ കഷ്ടപ്പാടുകളും, ബുദ്ധിമുട്ടുകളും കാണുമ്പോള്‍ സഹതപിക്കുക എന്നതിനപ്പുറം വേറെയൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല ഇത്രകാലം, പക്ഷേ സഹതപിക്കുകയല്ല മറ്റുള്ളവരുടെ സങ്കടങ്ങളില്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്ന തിരിച്ചറിവുണ്ടായതും, അങ്ങനെ ചെയ്യാന്‍ ശ്രമിച്ചു തുടങ്ങിയതും കോഴിക്കോട് കളക്ടര്‍ എന്‍.പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട ശേഷമാണ്.....  ആരാണ് റോള്‍ മോഡല്‍ എന്ന ചോദ്യത്തിന് സ്വകാര്യ ബാങ്ക് ജീവനക്കാരനായ ശ്യാം നല്‍കിയ ഉത്തരമാണിത്. 

n preshanthസോഷ്യല്‍മീഡയക്കാര്‍ കളക്ടര്‍ ബ്രോ എന്ന് പേരിട്ട എന്‍.പ്രശാന്ത് ഐഎഎസിനെയാണ് മാതൃഭൂമി യൂത്ത് സര്‍വ്വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ അവരുടെ മാതൃക പുരുഷനായി തിരഞ്ഞെടുത്തത്. ശ്യാം മാത്രമല്ല കളക്ടര്‍ ബ്രോയാണ് ഞങ്ങളുടെ റോള്‍ മോഡല്‍ എന്നു പറഞ്ഞ എല്ലാവര്‍ക്കും അങ്ങനെ പറയാന്‍ വ്യക്തമായ കാരണങ്ങളുടണ്ടായിരുന്നു. 

''അദേഹത്തെ ഉടനെ ഞങ്ങളുടെ നാട്ടിലേക്ക് സ്ഥലംമാറ്റും എന്ന പ്രതീക്ഷയിലാണ് ഞാന്‍. പത്തനംതിട്ട സ്വദേശിയായ വിഷ്ണു വിദ്യാധരന്‍ പാതി കാര്യമായും കളിയായും പറയുന്നു. കോഴിക്കോട് ജില്ലാ കളക്ടറായി പ്രവര്‍ത്തിക്കുന്ന പ്രശാന്തിന്റെ ജനകീയമായ പ്രവര്‍ത്തന ശൈലിക്ക് നൂറില്‍ നൂറ് മാര്‍ക്കാണ്  കേരളത്തിലെ യുവാക്കള്‍  നല്‍കുന്നത്. സ്വന്തം ജില്ലാ കളക്ടറുടെ പേര് അറിയാത്തവര്‍ക്ക് പോലും ഇന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ആരെന്നറിയാം. വിശപ്പടക്കാനുള്ള ഓപ്പറേഷന്‍ സുലൈമാനി മുതല്‍ കോഴിക്കോട് ബീച്ചിനെ ശുചിയാക്കാനുള്ള തേരേ മേരേ ബിച്ച് മേം വരെ നിരവധി സാമൂഹികക്ഷേമ-വികസന പദ്ധതികള്‍ പ്രശാന്തിന്റെ നേത്യത്വത്തില്‍ വിജയകരമായി നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ ജനകീയമാക്കാനും, സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ജനപിന്തുണ ഉറപ്പിക്കുവാനും സോഷ്യല്‍മീഡിയയെ ഉപയോഗിക്കുന്നതെങ്ങനെയെന്ന് കേരളത്തിന് കാണിച്ചു കൊടുത്തതും പ്രശാന്താണ്.

'' കോഴിക്കോട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ട കളക്ടര്‍മാര്‍ മുന്‍പും ഉണ്ടായിട്ടുണ്ട്.  മുന്‍ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മേയക്ക് ഇന്‍ ഇന്ത്യയുടെ ഉപജ്ഞാതാവ്‌ അമിതാഭ് കാന്ത് ഇവരെല്ലാം ഉദാഹരണം. പക്ഷേ കോഴിക്കോട്ടുകാര്‍ ഇങ്ങനെ ഹൃദയത്തിലേറ്റിയ മറ്റൊരു കളക്ടര്‍ ഉണ്ടായിട്ടില്ല, കളക്ടര്‍ ബ്രോയെ വേറെ ജില്ലയിലേക്ക് സ്ഥലം മാറ്റുകയോ മറ്റോ ചെയ്താല്‍ കോഴിക്കോട്ടുകാര്‍ അതിനോട് എങ്ങനെയാവും പ്രതികരിക്കുക എന്നത് കണ്ടറിയേണ്ട കാര്യമാണ്." കോഴിക്കോട് സ്വദേശി രമിത്ത് കളക്ടറെ പിന്തുണച്ചു കൊണ്ടു പറയുന്നു.

NIRANJANഎന്‍.പ്രശാന്ത് കഴിഞ്ഞാല്‍ പഠാന്‍കോട്ട് ആക്രമണത്തിനിടെ ജീവത്യാഗം ചെയ്ത ലെഫ്.കേണല്‍ നിരജ്ഞനെയാണ് കൂടുതല്‍ പേര്‍ തങ്ങളുടെ റോള്‍ മോഡലായി കാണുന്നത്‌.  ''നിരഞ്ജന്റെ ശവസംസ്‌കാരചടങ്ങുകള്‍ നടക്കുമ്പോള്‍ ആളുകളില്‍ പലരും ആ ശവപേടകത്തെ തൊട്ടു തൊഴുന്നത് കണ്ടു. ഇന്നലെ വരെ സാധാരണ മനുഷ്യനായ ഒരാള്‍ മരണത്തിലൂടെ ദൈവത്തിന് തുല്യനാവുക, അയാളെയോര്‍ത്ത് രാജ്യം മൊത്തം കരയുക...... വീരന്‍മാര്‍ക്ക് മരണമില്ല എന്നത് സത്യമായിരിക്കുന്നു നിരഞ്ജനിലൂടെ.....'' കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മലയാളം ഗവേഷകനായ അഭിഷേക് പറയുന്നു.