ബിസിനസ് തുടങ്ങാന്‍ താത്പര്യമുള്ള യുവതീയുവാക്കള്‍ നമുക്കിടയില്‍ ഏറെയുണ്ടല്ലോ. എന്നാലും എന്തൊക്കെയോ ആശങ്കകളാണ് ഒരോരുത്തരുടെയും മനസ്സില്‍. എട്ടു നിലയില്‍ പൊട്ടുമോ എന്നു ചിന്തിക്കാത്തവര്‍ ആരും തന്നെയുണ്ടാവില്ല. വണ്ടര്‍ലാ അമ്യുസ്‌മെന്റ് പാര്‍ക്കിന്റെ മുഖ്യ ആര്‍കിടെക്ടറും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ ചിറ്റിലപ്പിള്ളിക്ക് യുവാക്കളോട് പറയാനുള്ളത്.
 
ആദ്യം ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി, പിന്നെ ബിസിനസ്
 
ആദ്യമായി ബിസിനസ് തുടങ്ങുന്നവരോട് അരുണിന് പറയാനുള്ളത് ഇതാണ്- നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലയില്‍ രണ്ടു മൂന്നു വര്‍ഷം ജോലി ചെയ്തതിനു ശേഷം ബിസിനസ് ചെയ്യാനിറങ്ങൂ. അനുഭവ ജ്ഞാനം നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. 
 
ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രം അറിവുണ്ടായതുകൊണ്ട് ബിസിനസ് വിജയിക്കുകയില്ല. കൃത്യമായ കണക്കുകളും ലാഭവിഹിതവും കണക്കാക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം. കുറച്ചൊക്കെ സാങ്കേതിക പരിജ്ഞാനവും അത്യാവശ്യമാണ്.
 
വിദേശ പഠനം അത്യാവശ്യമോ?
 
ബിസിനസ് നടത്തിക്കൊണ്ടു പോകാന്‍ വിദേശത്തു പോയി പഠിക്കണമെന്നൊന്നുമില്ല. ഗ്ലോബല്‍ ഇക്കോണമിയിലോട്ടാണല്ലോ കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള പഠനവും നല്ലതാണ്. 
 
 
വെല്ലുവിളികള്‍
 
നമ്മുടെ മനസ്സിലുള്ള ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ എല്ലാവരും കൂടെ നില്‍ക്കണമെന്നില്ല. പുതിയ പുതിയ ആശയങ്ങള്‍ കൊണ്ടു വരുമ്പോള്‍ സ്വീകരിക്കാന്‍ താത്പര്യമാല്ലാത്തവര്‍ ഉണ്ടാകാം. ഇത്തരം നിസ്സഹകരണ മനോഭാവം മാനസികമായി നമ്മെ തളര്‍ത്തിക്കളയും. എല്ലാം തരണം ചെയ്ത് കൂടെയുള്ളവരെ ഒരുമിപ്പിച്ചുകൊണ്ടു പോകുന്നതിലാണ് നമ്മുടെ വിജയം. 
 
വിജയ മന്ത്രങ്ങള്‍
 
1. അടിസ്ഥാനപരമായ അറിവ്
2. കഠിനാധ്വാനം
3.സ്ഥിരോത്സാഹം
4.ആത്മാര്‍ത്ഥത
5.നേതൃസ്ഥാനം വഹിക്കാനുള്ള കഴിവ്
 
 
തയ്യാറാക്കിയത്: നിത.എസ്.വി