ആത്മകഥാപരമായ നോവലിലൂടെ 2015 ല്‍ സാഹിത്യലോകം കൈപ്പിടിയിലൊതുക്കിയ പെണ്‍കുട്ടി! ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് ജീവിതം വലിച്ചെറിയപ്പെട്ടപ്പോഴും കരയാന്‍ ഇഷ്ടപ്പെടാതിരുന്ന ഷെമി ശബ്ദിക്കുന്ന യുവത്വത്തിന്റെ പ്രതീകമാണ്. ആ നിശ്ചയ ദാര്‍ഢ്യം അക്ഷരങ്ങളുടെ രൂപത്തില്‍ പുറത്തു വന്നപ്പോള്‍ ഒരാഴ്ചക്കകം തന്നെ രണ്ടാം പതിപ്പും അച്ചടിക്കേണ്ടി വന്നു. പിന്നെ മൂന്നാം പതിപ്പും. ഏതു നിലയില്ലാക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടാലും നമ്മെ രക്ഷിക്കാന്‍ ഒരു കൈ എത്താതിരിക്കില്ലെന്ന പ്രതീക്ഷയോടെ ഷെമി പങ്കു വെയ്ക്കുന്നു, താന്‍ നടന്നു തീര്‍ത്ത ജീവിത വഴിയിലെ നേരുകള്‍.

Nadavazhiyile nerukal

പ്രവാസിയായ ഈ എഴുത്തുകാരിയോടൊപ്പം അല്‍പ്പനേരം.

പുത്തന്‍ തലമുറയെക്കുറിച്ചുള്ള കാഴ്ചപ്പാട്

' തലമുറകള്‍ ഒരു ജീവിത ചക്രമാണ്. പുതിയ തലമുറയില്‍ നിന്നും പ്രതീക്ഷിച്ചതിലുള്ള പോരായ്മകളോട് കഴിഞ്ഞ തലമുറയ്ക്ക് പരിഭവം ഉണ്ടായിട്ടുണ്ടോ? പലകാര്യങ്ങളിലും പുതു തലമുറയോട് അഭിമാനം തോന്നിയിട്ടുണ്ടാകുമോ? ഇത്തരത്തിലുള്ള വൈകാരികത തന്നെയായിരിക്കും വരാനിരിക്കുന്ന തലമുറയോട് നമുക്കും തോന്നുക. നന്‍മ തന്നെയാണ് മനുഷ്യന്റെ മേന്മയേറിയ മതാനുഷ്ഠാനം. അത് എല്ലാവരിലും ,എല്ലാ തലമുറകളിലും ഉണ്ട് എന്ന വിശ്വാസമേ ആശ്വാസവും തരികയുള്ളു.' 

 എഴുതാനുള്ള പ്രചോദനം?

'എന്റെ നാളെയെ ഇരുട്ടാക്കില്ലെന്ന് എനിക്ക് ഉറപ്പു തന്നത് വിദ്യാഭ്യാസം മാത്രമാണ്. എന്റെ ബാല്യം ഇപ്പോഴും വഴിയോരങ്ങളില്‍ അലഞ്ഞു തിരിയുന്നുണ്ട്. അവരില്‍ ആര്‍ക്കെങ്കിലും വെളിച്ചം  നല്‍കാനാകുമെന്ന ചിന്തയും ഒരാളുടെയെങ്കിലും വിശപ്പുമാറ്റാനാകുമെന്ന പ്രതീക്ഷയുമുണ്ട്. അതായത് ഇപ്പോഴും പ്രതിസന്ധിയില്‍പ്പെട്ടുപോകുന്നവരില്‍ ഒരാള്‍ക്കെങ്കിലും പ്രചോദനമാകുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് 'നടവഴിയിലെ നേരുകള്‍' എഴുതാനുള്ള പ്രചോദനം.' 


'നടവഴിയിലെ  നേരുകള്‍'  വായനക്കാര്‍ സ്വീകരിച്ചപ്പോള്‍ തോന്നിയ വികാരം

'എഴുതി എന്ന ചെറിയ കാരണത്താല്‍ അവകാശത്തിന് എനിക്ക് യോഗ്യതയില്ല. പണം കൊടുത്തു വാങ്ങുന്നവരുടെയും പറഞ്ഞും പരിചയപ്പെടുത്തിയും വളര്‍ത്തുന്നവരുടെയും വിയര്‍പ്പാണ് ഇത്. 'നടവഴിയിലെ നേരുകള്‍' പൊതുസ്വത്താവുക എന്നതാണ് ശരി. എഴുത്തുകാരി അംഗീകരിക്കപ്പെടണമെന്നോ എഴുത്തിന്റെ സൗന്ദര്യം ചര്‍ച്ച ചെയ്യപ്പെടണമെന്നോ അല്ല ആഗ്രഹിക്കുന്നത്. '

2015 ലെ മറക്കാനാകാത്ത സംഭവം

'2020 ലോ 2030 ലോ എത്തിപ്പിടിക്കാവുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഇപ്പോഴത്തെ ന്യൂജനറേഷനുള്ളത്. അതുപോലെ അവര്‍ക്കൊപ്പം അവരില്‍ ഒരാളായി 2020 ഉം 2030 ഉം ലക്ഷ്യം കണ്ട ഡോ.എ.പി.ജെ അബ്ദുള്‍ കലാം ആണ് 2015 ന്റെ നഷ്ടം. വിനയം, കൃത്യനിഷ്ഠത എന്നിവ പഠിപ്പിച്ച അദ്ധ്യാപകന്‍.'

യുവതലമുറയോട് ഷെമിക്ക് പറയാനുള്ളത്

'ശക്തിയുക്തമായ ശരികള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന ശീലം ശരീരത്തിന്റേതല്ല. ആത്മവിശുദ്ധിയുടേതാണ്. ആ മനസ്സിലാക്കലാകട്ടെ യുവതലുറയുടെ 2016 ലെ പ്രതിജ്ഞ.'

തയ്യാറാക്കിയത്: നിത എസ്. വി

നടവഴിയിലെ നേരുകള്‍, പുസ്തകം വാങ്ങാം