മനുഷ്യര്‍ക്കിടയിലുണ്ടായിട്ടുള്ള അസമത്വങ്ങളാണ് എല്ലാ വിപ്ലവങ്ങള്‍ക്കും ആധാരം. പണവും ജാതിയും മാത്രമല്ല, ആണും പെണ്ണുമെന്ന് വേര്‍തിരിക്കപ്പെടുന്നു. ഈ വേര്‍തിരിവുകള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു മനുഷ്യന്റെ പേരെഴുതാന്‍ പറഞ്ഞാല്‍ പുരുഷന്റെ പേരുകള്‍ മാത്രമെഴുതുന്നു. സ്ത്രീയകറ്റപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യവും സുരക്ഷയും എക്കാലത്തും സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളാണ്. സ്വാതന്ത്ര്യത്തിനായി സുരക്ഷ നഷ്്ടപ്പെടുന്നതും സുരക്ഷയ്ക്കായി സ്വാതന്ത്ര്യം പണയം വയ്‌ക്കേണ്ടി വരുന്നതുമാണ് സ്ത്രീ നേരിടുന്ന പ്രധാന പ്രശ്‌നം. എന്നാല്‍ പുതിയ തലമുറ ഈ അസമത്വം അംഗീകരിക്കുന്നില്ല. അവര്‍ പ്രതികരിക്കുന്നു. 

ബ്രേക്ക് ദി കര്‍ഫ്യൂ
സ്വാതന്ത്ര്യത്തിനായി തുടരുന്ന പ്രതിരോധം

തയ്യാറാക്കിയത്: പ്രിയന്‍ ആര്‍ എസ് 

Hostel issue


സ്ത്രീ സ്വാതന്ത്ര്യം, ലിംഗ സമത്വം എന്നീ വിഷയങ്ങള്‍ സമകാലീന കേരളത്തിലെ ചൂടേറിയ ചര്‍ച്ചാ മേഘലകളാണ്. സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നിശ്ചയിക്കപ്പെടുന്നു എന്നിടത്താണ് സംവാദം തുടങ്ങുന്നത്. ആരു നിശ്ചയിക്കുന്നു എന്നിടത്ത് പ്രതിഷേധവും. സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ വരച്ചുകാട്ടുന്ന അധികാര കേന്ദ്രങ്ങളുടെ നിയമങ്ങളെ ചോദ്യം ചെയ്യുന്ന സമരമാണ് കോളെജ് ഓഫ് എഞ്ചിനീയറിങ് ട്രിവാന്‍ട്രം (സി.ഇ.ടി)ല്‍ 'ബ്രേക്ക് ദി കര്‍ഫ്യൂ' എന്ന പേരില്‍ നടന്നത്. 

വൈകിട്ട് ആറരയായി കോളെജ് ഹോസ്റ്റല്‍ സമയം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഈ സമയക്രമം വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയ്ക്കാണ് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആറര,ഏഴ് മണിയായാല്‍ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ കയറ്റില്ല. പിന്നെ റയില്‍വെ സ്റ്റേഷനിലും സുഹൃത്തുക്കളുടെ വീട്ടിലുലമൊക്കെ ഇടം തേടി പോകേണ്ട തരത്തില്‍ സുരക്ഷയൊരുക്കുന്ന അധികൃത മനോഭാവം സ്ത്രീ സ്വാതന്ത്ര്യത്തെ അപമാനിക്കുകയും കൂട്ടിലടയ്ക്കുകയുമല്ലാതെ മറ്റെന്താണ് ചെയ്യുന്നത്. 

ഇതേ സമയം പെണ്‍കുട്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന അധികൃതര്‍ ആണ്‍കുട്ടികള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും വയ്ക്കുന്നില്ല. ഇവിടെ ലിംഗാടിസ്ഥാനത്തില്‍ വിവേചനം പൂര്‍ണ്ണമാകുന്നു. രാത്രിയായാല്‍ ക്യാമ്പസ് സുരക്ഷിതമല്ല എന്ന വാദം കോളേജ് അധികൃതര്‍ക്ക് സ്വയം ലജ്ജ തോന്നേണ്ട ഒന്നാണ്. ഡല്‍ഹി കൂട്ട ബലാത്സംഗം നടന്ന വാര്‍ത്ത പുറത്തു വന്ന് അല്‍പ്പ സമയത്തിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് ഇരയെ അപമാനിച്ച് പ്രതികരിച്ചതിനു സമാനമാണ് രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്നും അതവര്‍ക്കു സുരക്ഷിതമല്ലെന്ന വാദവും. 

കാമാസക്തയായ യക്ഷിയും രക്തദാഹിയായ രക്ഷസുമായി സ്ത്രീകളെ ചിത്രീകരിക്കുന്ന കഥകളുടെ ഉള്‍ക്കഥകളില്‍
മറഞ്ഞിരിക്കുന്ന സന്ദേശം രാത്രി സ്ത്രീ പുറത്തിറങ്ങരുതെന്നും അഥവാ പുറത്തിറങ്ങുന്നവള്‍ ഇത്തരത്തില്‍ 'ദുര്‍മാര്‍ഗി'യായ സ്ത്രീയാണെന്നുമാണ്. ഇതിന്റെ പിന്നിലെ രാഷ്ട്രീയം, ലിംഗ നീതിയുടെ നിഷേധമാണ്. ഇത്തരം അടിമവത്കരണത്തിനെ ചെറുത്ത് തോല്‍പ്പിച്ച 'ബ്രേക്ക് ദി കര്‍ഫ്യൂ'  രാജ്യത്താകമാനമുള്ള വിദ്യാര്‍ത്ഥിനി സമരത്തിന്റെ കൂടി മുന്നേറ്റമായി മാറി. എന്‍. ഐ.റ്റി കോഴിക്കോടും, എം.ജി. യുണിവേഴ്‌സിറ്റി ക്യാമ്പസും ഡല്‍ഹി ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയും ഹൈദരബാദ് കേന്ദ്ര സര്‍വ്വകലാശാലയും സി.ഇ.ടിയിലെ മാതൃക പിന്തുടര്‍ന്നു. 

കരിദിനാചരണങ്ങളും തെരുവു നാടകങ്ങളും സൈക്കിള്‍ റാലികളും നടത്തി മുന്നൂറോളം പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ 'ഒക്കുപൈ ക്യാമ്പസ്'എന്ന മുദ്രാവാക്യമുയര്‍ത്തി സി.ഇ.ടി ക്യാമ്പില്‍ പ്രതിഷേധിച്ചു. ഒമ്പത് മണിവരെ കോളേജ്‌ ലൈബ്രറി പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ ആറരയ്ക്ക് ഹോസ്റ്റല്‍ കൂടുകളില്‍ അടയ്ക്കപ്പെടുന്നതിനെതിരെ 75 വര്‍ഷം പിന്നിട്ട ദക്ഷിണേന്ത്യയിലെ ആദ്യ എഞ്ചിനീയറിങ് കോളേജിലുയര്‍ന്ന സമരം ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ പുരോഗമന മണ്ഡലത്തിന്റെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 

ബി.ആര്‍.പി ഭാസ്‌കര്‍, ബാബു പോള്‍, ശശി തരൂര്‍, വൃന്ദ കാരാട്ട്, എം.എ ബേബി തുടങ്ങി പ്രമുഖരെല്ലാം സമരത്തെ പിന്തുണച്ചു. കേരളത്തിലെ മുഖ്യധാരാ  വിദ്യാര്‍ത്ഥി സംഘടനകളും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യുണിയനും ഐസ പ്രവര്‍ത്തകരും പിന്തുണയുമായെത്തി. 2015 നവംബറില്‍ കോവളത്ത് നടന്ന അന്താരാഷ്ട്ര ലിംഗ സമത്വ സമ്മേളനത്തില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ലിംഗ സമത്വ പ്രശ്‌നങ്ങള്‍ പഠിച്ച് സമര്‍പ്പിക്കപ്പെട്ട 'സമഗതി' റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി.

എഞ്ചിനീയറിംങ് കോളേജുകള്‍ അരാഷ്ട്രീയവത്കരിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് വേറിട്ട് സ്വതന്ത്ര ചിന്തയുടെയും സമത്വ രാഷ്ട്രീയത്തിന്റെയും ബദല്‍ നല്‍കുന്ന 'ബ്രേക്ക് ദി കര്‍ഫ്യൂ'  ഇവിടെ അവസാനിക്കില്ലെന്നും അത് ലിംഗ അസമത്വത്തിനെതിരായും ക്യാമ്പസിന്റെ സജീവതയ് വേണ്ടിയും നിലനില്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

 

wall poster campus
മാധ്യമങ്ങള്‍ എന്തിനു ഞങ്ങളെ ക്രൂശിക്കുന്നു?
തയ്യാറാക്കിയത്: നിത. എസ്.വി


'ഞങ്ങള്‍ ഓരോരുത്തരും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ നിങ്ങള്‍ അറിയുന്നുണ്ടോ? സുരക്ഷയ്ക്ക് വേണ്ടി മതിലുകള്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അധികൃതര്‍ ഞങ്ങള്‍ക്കു മുമ്പില്‍ പ്രതീക്ഷയുടെ വാതിലുകള്‍ പോലും കൊട്ടിയടച്ചു കളഞ്ഞു. ഞങ്ങളുടെ ക്യാമ്പസ് ഏറെ വിസ്തൃതിയുള്ളതാണ്. നിരവധി ഊടുവഴികളുടെ സാദ്ധ്യതകളും തെളിഞ്ഞുകാണാം. സാമൂഹ്യ വിരുദ്ധര്‍ക്ക് ഏതു വിധേനയും ഇവിടെ കയറിപ്പറ്റാം. സുരക്ഷിതത്വം പ്രതീക്ഷിച്ച് ചെയ്തുപോയ പ്രവൃത്തിയുടെ ബലിയാടുകളാണ് ഇന്ന് ഞങ്ങള്‍. രാഷ്ട്രീയ മുതലെടുപ്പിന്റെ ബാക്കി പത്രങ്ങള്‍!  ഈ വാചകങ്ങള്‍ എഴുതിവെച്ചിരിക്കുന്ന ബോര്‍ഡ് കേരളത്തിലെ ഒരു ക്യാമ്പസിലും കാണാന്‍ കഴിഞ്ഞെന്നു വരില്ല. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ പറയാതെ പറയുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ഇത്.

'ഷോ മാന്‍ ' മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ , ഹോസ്റ്റല്‍ വാര്‍ഡന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് എന്നു വേണ്ട സകലര്‍ക്കും പെണ്‍കുട്ടികള്‍ പരാതികള്‍ അയച്ചു. ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ സെക്യൂരിറ്റിയുടെ യൂണിഫോം ധരിച്ച് സാമൂഹ്യ വിരുദ്ധര്‍ ഹോസ്റ്റലില്‍ കയറി വരുന്ന അവസ്ഥയിലേക്കെത്തി കാര്യങ്ങള്‍. 

യഥാര്‍ത്ഥ വില്ലന്‍ മറ്റൊരു രൂപത്തിലാണ് തങ്ങളെ സമീപിച്ചതെന്ന് മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞില്ലെതാണ് ഏറ്റവും ഖേദകരമായ വസ്തുത.  പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന്  സുരക്ഷിതത്വം ഉറപ്പു വരുത്താനെന്ന പേരും പറഞ്ഞ് ഹോസ്റ്റലിലെ 600 വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിച്ചു. ഈ ഒപ്പുകളുടെ ശേഖരം അവര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തു. പിറ്റേന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചപ്പോളാണ് തങ്ങള്‍ വീണ ചതിക്കുഴി അവര്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആണ്‍കുട്ടികള്‍ തങ്ങളെ പീഡിപ്പിച്ചെന്ന പരാതിയാണ് അവര്‍ ഒപ്പിട്ടുകൊടുത്തതെന്നത്  വൈകിക്കിട്ടിയ തിരിച്ചറിവായിരുന്നു.

തങ്ങള്‍ ഇങ്ങനെയൊരു കാര്യത്തിനായി ഒപ്പിട്ടുകൊടുത്തിട്ടില്ലെന്നും അതു തിരുത്താന്‍ തയ്യാറാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു നോക്കി.ഫിസിക്കല്‍ എജ്യക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്നിട്ടും അവരെക്കൊണ്ടു മാത്രം ഒപ്പിടുവിക്കാതിരിക്കാന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു. ഈ പ്രവൃത്തി ചോദ്യം ചെയ്തപ്പോള്‍ 'നിങ്ങള്‍ ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ലല്ലോ, നിങ്ങളെ ഞങ്ങള്‍ കണ്ടില്ല '  എിങ്ങനെയുള്ള മുട്ടാപ്പോക്കുകള്‍ പറയുകയായിരുന്നു പ്രവര്‍ത്തകരെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്തായാലും ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ 54 ആണ്‍കുട്ടികളും സസ്‌പെന്‍ഷനിലായി. 

'സുരക്ഷയ്ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ അടച്ചിട്ട വാതിലുകള്‍ ചൂണ്ടി പേടിപ്പിക്കേണ്ടതില്ല. 8 മണിക്ക് അപ്പുറം ചുരുങ്ങിപ്പോകേണ്ടതല്ല ഞങ്ങളുടെ ലോകം.'   ഇങ്ങനെയൊരു പോസ്റ്റര്‍ ഹോസ്റ്റലിന്റെ മതിലിനു മുകളില്‍ പതിച്ചിരിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് മനസിലാക്കാന്‍ കഴിയാതെ വലയുകയാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ഇപ്പോഴും.

ഹോസ്റ്റലിലെ നിയമമനുസരിച്ച് 6.30 ന് പെണ്‍കുട്ടികള്‍ റൂമില്‍ എത്തിയിരിക്കണം. എന്നിട്ടും 8.00 മണി വരെ സൗജന്യം അനുവദിക്കാറുണ്ട്. ഇപ്പോള്‍ 8.00 മണിക്കുശേഷവും പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം വേണമെന്ന് ഇവര്‍ വാദിക്കുന്നത് എന്തിനാണാവോ?അറ്റമില്ലാത്ത ആശങ്കകളാണ് ഇവരുടെ മനസില്‍. ചുരുക്കിപ്പറഞ്ഞാല്‍ അരക്ഷിതത്വത്തിന്റെ കോട്ടമതിലിനുള്ളില്‍ അകപ്പെട്ടിരിക്കുകയാണ് ഇവിടുത്തെ പെണ്‍കുട്ടികള്‍.

ഇവര്‍ ഒന്നടങ്കം ചോദിക്കുന്ന ചോദ്യത്തിനായി നമുക്ക് കാതോര്‍ക്കാം  ദൃശ്യമാധ്യമങ്ങള്‍ സെന്‍സേഷണല്‍ ന്യൂസ് ഉണ്ടാക്കാന്‍ വേണ്ടി കത്തിന്റെ പകര്‍പ്പുകള്‍ എടുത്തുകാട്ടി ഒരു വിഭാഗം പ്രവര്‍ത്തകരോടൊപ്പം നിന്നപ്പോള്‍ നിങ്ങള്‍ തകര്‍ത്തു കളഞ്ഞത് ഞങ്ങള്‍ ഒരോരുത്തരുടെയും മനസമാധാനമാണ്. യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ള മാധ്യമപ്രവര്‍ത്തനത്തെ ഞങ്ങള്‍ വെറുക്കുന്നു. ഞങ്ങളുടെ സഹപാഠികള്‍ ഞങ്ങളെ പീഡിപ്പിച്ചിട്ടില്ല. ഇവിടുത്തെ രാഷ്ട്രീയ മുതലെടുപ്പിന്റെ ഇരകളായ ഞങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും?