ചാര്‍ളിയില്‍ ദുല്‍ഖറും പ്രേമത്തില്‍ നിവിന്‍ പോളിയും താടിയുമായി വന്ന് ആരാധകരെ നേടിയതോടെയാണ് ക്യാംപസുകള്‍ക്കും താടി പ്രേമം കലശലായത്. എല്ലാ ചുളളന്മാര്ക്കും താടിയൊന്നു നീട്ടി വളര്‍ത്തി, അതിനെ വിരലാല്‍ തലോടി നടക്കാന്‍ മോഹമുണ്ട് . പക്ഷേ എന്ത് ചെയ്യാം ആഗ്രഹം കൊണ്ട് മാത്രം താടി വരില്ലലോ.മീശയ്ക്കും താടിയ്ക്കുമിടയില് കണക്ഷന് ഇല്ലാതെ വരുന്നതാണെത്ര പുതിയ തലമുറയിലെ പുരുഷകേസരികള്‍ നേരിടുന്ന പ്രധാനവെല്ലുവിളി
താടിക്കൊപ്പം തന്നെ പ്രേമം സിനിമ ക്യാംപസുകള്‍ക്ക് സമ്മാനിച്ചതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബിനേഷന്‍. കറുപ്പ് ഷര്‍ട്ടും വെള്ളമുണ്ടുമാക്കാം ഒരു പക്ഷേ പോയ വര്‍ഷം കേരളത്തില്‍ വസ്ത്രവ്യാപാരികള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. പ്രേമത്തിനൊപ്പം തന്നെ ആട് ഭീകരജീവിയാണ് സിനിമയിലെ ഷാജി പാപ്പന് സ്റ്റൈല്‍ വസ്ത്രങ്ങള്‍ക്കും നല്ല ഡിമാന്‍ഡായിരുന്നു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്മാന് ചിത്രം ചാര്‍ളിയിലെ കുര്‍ത്തകളാണ് ഇപ്പോള്‍ പുതിയ ട്രന്‍ഡ്. ചാര്‍ളി സ്റ്റൈല്‍ കുര്‍ത്ത വാങ്ങാന്‍ കാശില്ലാത്ത കാരണം സഹോദരിയുടെ കുര്‍ത്തയില്‍ എഡിറ്റിംഗ് നടത്തി പരാജയപ്പെട്ട ഒരു ന്യൂജന്‍ ബ്രോസിന്റെ കഥകളും ക്യാംപസില്‍ പാട്ടാണ്.
ആഗ്രഹിച്ചത് അണിഞ്ഞ് ആണ്പിള്ളേര് ആര്മാദിച്ചപ്പോള് പെണ്‍കുട്ടികളുടെ വസ്ത്രധാരണം ഈ വര്‍ഷവും ട്രെന്ഡിനേക്കാളേറെ ഒരു ഡിസ്കക്ഷന്‍ ടോപ്പിക്കായിരുന്നു. ലെഗിന്‍സ് നല്ലതോ ചീത്തയോ എന്ന ചര്‍ച്ച ഒരു വശത്ത് തുടരുമ്പോഴും വനിതകള്‍ക്കിടയില്‍ അത് കൂടുതല്‍ പ്രചാരം നേടുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ പെണ്‍കുട്ടികള്‍ ലെഗിന്‍സ് ധരിക്കുന്നതൊന്നും ക്യാംപസില്‍ വിഷയമേ അല്ല, കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശത്തിന് ആണ്‍കുട്ടികള്‍ പിന്തുണ നല്‍കുന്നുമുണ്ട്. എന്നാല്‍ കേരളസാരി ഒരു പെണ്‍കുട്ടിക്ക് നല്കുന്ന സൗന്ദര്യം മറ്റൊരു വസ്ത്രത്തിനുമില്ലെന്ന അഭിപ്രായവും അവര്‍ സ്വകാര്യമായി പങ്കുവയ്ക്കുന്നു.