പൗരനേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം പശുവിന് കിട്ടുമ്പോള്‍ പശുവല്ലാതെ പിന്നെയാരാണ് വാര്‍ത്ത താരം എന്നാണ് ന്യൂജനറേഷന്റെ ചോദ്യം. ഗോമാംസം കഴിച്ചതിന്റെ പേരിലുണ്ടായ കൊലപതാകവും, ബീഫ് നിരോധിക്കണമെന്ന ആവശ്യവുമെല്ലാം യുവാക്കള്‍ കാര്യമായി ചര്‍ച്ച ചെയ്ത ലക്ഷണമുണ്ട്. ബീഫ് നിരോധനത്തോട് യോജിക്കുന്നുവോ എന്ന ചോദ്യത്തോട് ഇല്ല എന്ന് ഉത്തരം തന്നവരില്‍ ശുദ്ധവെജിറ്റേറിയനുകളും ഉണ്ടായിരുന്നു. 

ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്. എന്ത് ഭക്ഷണം കഴിക്കണം എന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ഏതെങ്കിലും മതത്തിന്റെ പേരിലോ, എന്തെങ്കിലും രാഷ്ട്രീയത്തിന്റെ പേരിലോ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നതിനോട് യോജിക്കാനാവില്ല......... വെബ്‌ഡെവലപ്പര്‍ ആയി പ്രവര്‍ത്തിക്കുന്ന അന്‍വാസ് വത്സന്‍ നിലപാട് വ്യക്തമാക്കുന്നു.

പശു കഴിഞ്ഞാല്‍ പിന്നെ വെള്ളാപ്പള്ളി നടേശനെയാണ് ന്യൂസ് മേക്കറായി കൂടുതല്‍ പേര്‍ കണ്ടത്. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെപി അക്കൗണ്ട് തുറക്കുമോ എന്നറിയാന്‍ താത്പര്യമുണ്ട്, വെള്ളാപ്പള്ളി ഉണ്ടാക്കുന്ന വാര്‍ത്തകളും, വിവാദങ്ങളും ബിജെപിയുടെ ജയത്തെ സ്വാധീനിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ബി.എ വിദ്യാര്‍ത്ഥിനിയായ അജ്ഞു നിരീക്ഷിക്കുന്നു. വെള്ളാപ്പള്ളി കഴിഞ്ഞാല്‍ പിന്നെ കെ.എം.മാണി, ബിജു രമേശ്, സരിത എസ് നായര്‍ എന്നിവരുടെ പേരുകളും പലരും നിര്‍ദേശിച്ചു.