നെറ്റ് തീരുന്നതുവരെ വാട്‌സ് ആപ്പിലാണു മോനേ........

കേരളത്തിലെ ഓരോ കോളേജിനുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതില്‍തന്നെ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കായുളള ഗ്രൂപ്പുകള്‍ വേറെയും. പഠനകാര്യങ്ങള്‍ പരസ്പരം  പങ്കുവെയ്ക്കാനുളള വേദിയാണ് ഇവര്‍ക്ക് വാട്‌സ് ആപ്പ് നല്‍കുന്നത്. ചെയ്തുതീര്‍ക്കേണ്ട അസൈന്‍മെന്റ്, സെമിനാര്‍ എന്നിവയെക്കുറിച്ചുളള ഓര്‍മപ്പെടുത്തല്‍ പ്രധാനമായും നടക്കുന്നത് ഇത്തരം ഗ്രൂപ്പുകളിലാണ്. പരീക്ഷകള്‍, സമരങ്ങള്‍ എന്നിവയെക്കുറിച്ചുളള ചര്‍ച്ചകള്‍ ഇവരുടെ ഗ്രൂപ്പില്‍ സജീവമാണ്. കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരെ തെരഞ്ഞെടുക്കുന്നത് വാട്‌സ് ആപ്പ്  ഗ്രൂപ്പില്‍ പരസ്യം നല്‍കിയാണ്. 

കോഴിക്കോട് ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വാട്‌സ് ആപ്പ് പ്രേമികള്‍ക്ക് ഇക്കാര്യത്തില്‍ ഒറ്റ അഭിപ്രായമേയുള്ളു  'ഇടനേരങ്ങളില്‍, ഉച്ചഭക്ഷണത്തിനുളള ഇടവേളയില്‍, വൈകുന്നേരങ്ങളില്‍ വീണുകിട്ടുന്ന സമയങ്ങളില്‍ ....എല്ലാം ഞങ്ങള്‍ ഗ്രൂപ്പില്‍ സജീവമാണ്. ഇതു പറഞ്ഞു തീരും മുന്‍പേ സെക്കന്റ് ഇയര്‍ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി വിഷ്ണുപ്രസാദ് അടുത്ത പോസ്റ്റിട്ടു കഴിഞ്ഞു- 'നാളെ സ്റ്റാറ്റി നോട്ട് ബുക്ക് വെക്കണം'


ഫെയ്‌സ്ബുക്ക് പടിക്കുപുറത്തല്ല

സോഷ്യല്‍ മീഡിയയില്‍ 'വാട്‌സ് ആപ്പ്' ആളൊരു കേമനാണെന്ന് ചിന്തിക്കാന്‍ വരട്ടെ.നമ്മുടെ ക്യാമ്പസുകളില്‍ 'ഫെയ്‌സ് ബുക്ക്' അന്യം നിന്നു പോയിട്ടില്ല. വാട്‌സ് ആപ്പിന്റെ ഉപയോഗത്തിന് പരിമിതികളുണ്ടെന്നും അതിനേക്കാള്‍ ഉപകാരപ്രദം ഫെയ്‌സ് ബുക്ക് ആണെന്നും വ്യക്തമാക്കുന്നവര്‍ കേരളത്തിലെ ക്യാമ്പസുകളില്‍ ഉണ്ട്. നിരവധി പേജുകളില്‍ നിന്ന് വിവരണങ്ങള്‍ ശേഖരിക്കാന്‍ ഫെയ്‌സ്ബുക്ക് സഹായിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. നഷ്ടപ്പെട്ട സുഹൃത്തുക്കളെ കണ്ടുപിടിക്കാം.കൂട്ടുകാരോടും നാട്ടുകാരോടും സ്വതന്ത്രമായി സംവദിക്കാന്‍ വേദിയൊരുക്കുന്ന സോഷ്യല്‍ മീഡിയ ഫെയ്‌സ്ബുക്ക് തന്നെയാണെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. 'ട്രൂ കാളര്‍' സംവിധാനം വഴി വാട്‌സ് ആപ്പ് പ്രൊഫൈല്‍ കണ്ടുപിടിച്ച് ഫോട്ടോ മോര്‍ഫിംഗ് നടത്തി ദുരുപയോഗം നടത്താനുള്ള സാദ്ധ്യതയെ ഇവര്‍ ഓര്‍മിപ്പിക്കുന്നു.  


തയ്യാറാക്കിയത് : നിത .എസ്. വി