എനിക്ക് പ്രേക്ഷകരെ ഇംപ്രസ്സ് ചെയ്യണം​ - നീരജ് മാധവ്‌

Neeraj Madhav ടി.വി റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്കെത്തിയ നീരജ് മാധവിന് ഇത് നല്ലകാലമാണ്.  ന്യൂജന്‍ നടന്‍ എന്ന ലേബലിനെ മറികടന്ന് വൈവിധ്യമേറിയതും കാമ്പുളളതുമായ നിരവധി വേഷങ്ങളില്‍ നീരജ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. ഇനി അഭിനേതാവ് എന്നതിനപ്പുറം സിനിമയുടെ ഇതരമേഖലകളിലും സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് നീരജ് . അജു വര്‍ഗ്ഗീസിനൊപ്പം ഒരു ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന നീരജ് തിരക്കഥാകൃത്ത് എന്ന നിലയിലും ഈ വര്‍ഷം മലയാള സിനിമയുടെ ഭാഗമാക്കും. തന്റെ പ്രതീക്ഷകളെക്കുറിച്ചും, ഇതു വരെയുള്ള പ്രകടനത്തെക്കുറിച്ചും നീരജ് പറയുന്നു.

ഒരു നടനെന്ന നിലയില്‍ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ വേഷങ്ങളാണ് ചെയ്യാനിരിക്കുന്നത്. ആദ്യമായി ഒരു ചിത്രത്തിന് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. ഒരു ചിത്രത്തില്‍ നായകനായും എത്തുന്നുണ്ട്. സിനിമയിലൂടെ ഇങ്ങനെ വ്യത്യസ്തമായി സഞ്ചരിക്കാന്‍  എനിക്ക് ധൈര്യം തരുന്നത് പ്രേക്ഷകരുടെ പിന്തുണയാണ്. ഒപ്പം ശ്രീനിവാസനേയും മാര്‍ട്ടിന്‍ പ്രക്കാട്ടിനേയും പോലെ ഗുരുതുല്യരായ കാണുന്ന സുഹൃത്തുകള്‍ തരുന്ന ധൈര്യവും.

ശ്രീനാഥ് ഭാസിയുടെ ഡ്യൂപ്പ് എന്ന പരാമര്‍ശത്തെക്കുറിച്ച്‌...

അത്തരം താരതമ്യങ്ങളെ ഹെല്‍ത്തി ആയി കാണുക എന്നതാണ് എന്റെ രീതി. ശ്രീനാഥ് ഭാസി എന്റെ അടുത്ത സുഹൃത്താണ്. അദേഹവുമായി മാത്രമല്ല ഒരു നടനെന്ന രീതിയില്‍  ഒപ്പമുള്ള എല്ലാ നടന്‍മാരുമായും നമ്മള്‍ താരതമ്യം ചെയ്യപ്പെടും. വടക്കന്‍ സെല്‍ഫിയിലേയും, സപ്തമശ്രീയും, 1983 യുമെല്ലാം കഥാപാത്രങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ എന്നെ പരീക്ഷിച്ച ചിത്രങ്ങളാണ്. എന്തായാലും അത്തരം താരതമ്യങ്ങളുടെ സമയം കഴിഞ്ഞു എന്നാണ് ഞാന്‍ കരുതുന്നത് .

അഭിനേതാവ് എന്ന നിലയില്‍ വെല്ലുവിളി സൃഷ്ടിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് ഈ വര്‍ഷം എന്നെ കാത്തിരിക്കുന്നത്. ഇപ്പോഴും പല കോളേജുകളും സന്ദര്‍ശിക്കുമ്പോള്‍, അവിടെയുള്ള യുവാക്കളുമായി സംസാരിക്കാനും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. പ്രേക്ഷകരെ ഇംപ്രസ്സ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളുമായി അവര്‍ക്ക് മുന്‍പില്‍ എത്താനാണ് ഈ വര്‍ഷവും ഞാന്‍ ശ്രമിക്കുന്നത്.

തയ്യാറാക്കിയത് : പ്രണവ് പ്രകാശ്‌

 

എന്റെ കിത്താബിലെ പെണ്ണേ....  
തയ്യാറാക്കിയത് : നിത. എസ്. വി

Tovino Thomasസഹനടന്‍ എന്ന നിലയിലാണ് അഭിനയിച്ചതെങ്കിലും എന്നെ നായക വേഷങ്ങളിലേക്ക് കൈ പിടിച്ചു കൊണ്ടു പോകുന്നത്  ' പെരുമ്പറമ്പില്‍ അപ്പു തന്നെയാണ്. എന്റെ സിനിമകളില്‍ ന്യൂ ജനറേഷന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് 'എന്നു നിന്റെ മൊയ്തീനി'ലെ  ഈ കഥാപാത്രം തന്നെയാണ്. ആ കഥാപാത്രത്തിന് അതിന്റേതായ മാന്യതയുണ്ട്. കാഞ്ചനമാലയുടെ ആത്മാര്‍ത്ഥ സ്‌നേഹം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആ മനസ്സാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്.  മോഡലിങ്ങിലൂടെ രംഗപ്രവേശനം നടത്തി സിനിമയില്‍ തന്റെ ഇടം കണ്ടെത്തിയ ടൊവിനോ തോമസിന്റെ വാക്കുകള്‍. 

യുവാക്കളോടും യുവതികളോടും ടൊവിനോയ്ക്ക് പറയാനുള്ളത് ഇതാണ്.  നിങ്ങള്‍ മറ്റുള്ളവരുടെ ഇഷ്ടപ്രകാരമല്ല ജീവിക്കേണ്ടത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്ത് ആയിത്തീരാനാണോ ആ വഴി മാത്രമേ തെരഞ്ഞെടുക്കാവൂ. 

സിനിമയില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. സിനിമയിലെന്നല്ല, ഏതു മേഖലയിലും നമ്മള്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുകയാണെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയും. എന്റെ മനസ്സില്‍ ഞാന്‍ എന്തെങ്കിലും നേടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ ലക്ഷ്യം നേടുന്നതു വരെ ഞാന്‍ പ്രയത്‌നിക്കും- ടൊവിനോയുടെ കരിയര്‍ ടിപ്പ്.

പ്രത്യേകിച്ചൊരു വേഷം ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ല. എന്നിരുന്നാലും ഖസാക്കിന്റെ ഇതിഹാസം സിനിമയാക്കുകയാണെങ്കില്‍ അതിലെ രവിയുടെ വേഷം ചെയ്യാന്‍ ടൊവിനോയ്ക്ക് ആഗ്രഹമുണ്ട്.

'കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാനങ്ങളില്‍ ' എന്റെ കിത്താബിലെ പെണ്ണേ'....എനിക്ക് വളരെ ഇഷ്ടമാണ്.'

'ലോകത്തിന്റെ ഏല്ലാ ഭാഗങ്ങളിലുമുള്ള ആളുകളും സബ്‌ടൈറ്റില്‍ വെച്ച് നമ്മുടെ സിനിമ കാണുന്ന രീതിയിലേക്ക് മലയാള സിനിമ വളരണമെന്നും അങ്ങനെയൊരു സുവര്‍ണ്ണ കാലത്ത് സിനിമയുടെ ഭാഗമാകാന്‍ എനിക്കു കഴിയണമെന്നുമാണ് എന്റെ ഒരു വലിയ സ്വപ്‌നം.'