'യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങിയിട്ട് പ്രത്യേകിച്ച് ഒന്നും നേടാനില്ല. എല്ലാവരും ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലിയാണ് ആഗ്രഹിക്കുന്നത്. പണ്ടത്തെ നേതാക്കന്‍മാരൊക്കെ ക്രൂരമായ മര്‍ദ്ദന മുറകള്‍ ഏറ്റുവാങ്ങി അനുഭവസമ്പത്ത് കൊണ്ട് അധികാരസ്ഥാനത്തെത്തിയവരാണ്. അവരെപ്പോലെയാകാന്‍ ഇന്നത്തെ തലമുറയിലെ നേതാക്കന്‍മാര്‍ക്ക് കഴിയില്ല.'.

വിഷ്ണുപ്രസാദ്
രണ്ടാം വര്‍ഷ ബി.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥി,ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്

 


ട്രാന്‍സ്‌ജെന്‍ഡര്‍ നയം കൊണ്ടു വന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നത് ആശാവഹമായ ഒരു സംഗതി തന്നെയാണ്. മന്ത്രി എം.കെ മുനീര്‍ ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നമുക്കറിയാം. എന്നാല്‍ ചില പ്രത്യേക സംഘടനയിലെ ചെറുപ്പക്കാരുടെ പ്രവര്‍ത്തനമാണ് ഇത്തരമൊരു നയം കൊണ്ടുവരാന്‍ മന്ത്രിയെ പ്രേരിപ്പിച്ചതെന്ന കാര്യം നാം മറക്കരുത്. നിങ്ങള്‍ രാഷ്ട്രീയക്കാരെന്ന് പറയുമ്പോള്‍ ആരെയാണ് മുന്നില്‍ കാണുന്നത്? പാര്‍ട്ടിയിലെ തലമൂത്ത നേതാക്കന്‍മാരെ മാത്രമല്ലേ? പുരോഗമനപരമായ ആശയങ്ങളുളള ഈ ചെറുപ്പക്കാരെയൊന്നും നിങ്ങള്‍ കാണുന്നില്ലേ? ചെറുപ്പക്കാര്‍ക്ക്‌  പാര്‍ട്ടിയില്‍ വളര്‍ന്നു വരാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ ആന്തരികഘടനയില്‍ തന്നെയാണ് പ്രശ്‌നങ്ങളുളളത്.

ജസീല. സി.വി
മനുഷ്യാവകാശ പ്രവര്‍ത്തക,ആക്റ്റിവിസ്റ്റ്

 

ഞങ്ങളുടെ കോളേജില്‍ മൊബൈല്‍ ഉപയോഗിക്കാനേ പാടില്ല. അഥവാ മൊബൈല്‍ ക്ലാസില്‍ കൊണ്ടുപോകുകയാണെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങളുടെ ടീച്ചറുടെ കൈയില്‍ ഏല്‍പ്പിക്കണം. അതുകൊണ്ട് വാട്‌സ് ആപ്പും ഫെയ്‌സ് ബുക്കുമൊന്നും നോക്കാനേ കഴിയില്ല. വൈകീട്ട് വീട്ടില്‍ ചെന്നാല്‍ എല്ലാവരും വാട്‌സ് ആപ്പില്‍ സജീവമാണ്. ക്ലാസില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്കായി അസൈന്‍മെന്റുകള്‍ ഫോട്ടോ എടുത്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ദിലു
ബി.എ ഇക്കണോമിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി. ബി.സി.എം കോളേജ്, കോട്ടയം

 

പുതിയ ചിന്തകള്‍ ഉയര്‍ന്നുവരണം

Vipin krishnan
വിപിന്‍ കൃഷ്ണന്‍
(സെക്കന്റ് ഇയര്‍ ബി.എ. ഹിസ്റ്ററി,
ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്,
കോഴിക്കോട്)

വിരമിക്കല്‍ പ്രായം രാഷ്ട്രീയ പാര്‍ട്ടിയിലും നിര്‍ബന്ധമാക്കണം.
60 വയസ്സു കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ അധികാര സ്ഥാനത്തിരിക്കരുത്. യുവതലമുറയ്ക്ക് പ്രാതിനിധ്യം കൊടുക്കണം. പുതിയ ചിന്തകള്‍ ഉയര്‍ന്നുവരണം. പഴയ ആശയങ്ങളുടെ ചുവടുപിടിച്ച് പാര്‍ട്ടി പടുത്തുയര്‍ത്തരുത്. അതുപോലെ തന്നെ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തണം. നമ്മുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ 50 വയസ്സ് കഴിയാത്ത ഒരു പ്രധാനമന്ത്രി പോലും ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി അതു ന്യായമായ രീതിയില്‍ പരിഹരിക്കാന്‍ യുവതലമുറയ്ക്കു മാത്രമേ കഴിയൂ. അങ്ങനെ കാര്യങ്ങള്‍ മനസിലാക്കി തിരുത്താന്‍ കഴിയുന്ന യുവാക്കള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനം നല്‍കണം.

ഉത്തരേന്ത്യന്‍ മേധാവിത്വമാണ് നമുക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കഴിയുന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന്  നമുക്ക് ലഭിച്ച ഒരേയൊരു പ്രധാനമന്ത്രി പി.വി.നരസിംഹറാവു മാത്രമാണ്. ജാതി സമവാക്യങ്ങള്‍ കേരളത്തില്‍ വിധിയെഴുതുന്നതാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്. അതുപോലെ തന്നെ കുടുംബക്കാര്‍ക്ക് തീറെഴുതിക്കൊടുക്കുന്ന രാഷ്ട്രീയ പാരമ്പര്യമാണ് നമ്മുടേത്. ഏറ്റവും കൂടുതല്‍ മക്കള്‍രാഷ്ട്രീയത്തെ എതിര്‍ത്ത  ആളാണ് ജി.കാര്‍ത്തികേയന്‍. എന്നിട്ടും ഒടുവില്‍ സ്വന്തം മകനെ മത്സരിപ്പിക്കേണ്ടി വന്നു. കോണ്‍ഗ്രസില്‍ സവര്‍ണമേധാവിത്വം കൊടികുത്തി വാഴുന്നുണ്ട്. ജാതി സ്പിരിറ്റ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്ന് പടിയിറങ്ങിയിട്ടില്ല. ഇതിനൊരപവാദമാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി.

 


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ മരണം എന്നെ എറെ വേദനിപ്പിച്ചു. എന്റെ മനസ്സില്‍ അദ്ദേഹം ഒരു റോള്‍ മോഡല്‍ ആണ്. ഇറങ്ങിത്തിരിച്ച എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണദ്ദേഹം. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് ഏറെ സ്വപ്‌നങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്.

അഞ്ജു
സിവില്‍ എന്‍ജിനീയറിംഗ്, ആറന്‍മുള എന്‍ജിനീയറിംഗ് കോളേജ്, പത്തനംതിട്ട

 

സത്യസന്ധതയുടെ കാര്യത്തില്‍ ഗാന്ധിജി ആണെന്റെ റോള്‍ മോഡല്‍ . ഇത്തിരിയൊക്കെ കള്ളം പറഞ്ഞാലും കുഴപ്പമില്ലെന്നൊക്കെ എന്റെ കൂട്ടുകാര്‍ എന്നോട് പറയാറുണ്ട്. എന്നാലും ഞാന്‍ പരമാവധി പിടിച്ചു നില്‍ക്കാറുണ്ട്.

ഫര്‍സാന
രണ്ടാം വര്‍ഷ ബി.എ. ഇക്കണോമിക്‌സ്  വിദ്യാര്‍ത്ഥിനി. ബി.സി.എം കോളേജ്, കോട്ടയം

 

'ഇന്ന് അധികാര സ്ഥാനത്തിരിക്കുന്ന മുതിര്‍ന്ന നേതാക്കന്‍മാര്‍ യുവതലമുറയ്ക്ക് അവസരം കൊടുക്കുന്നില്ല. കോളേജുകളില്‍ ഇപ്പോള്‍ എല്ലാം പാര്‍ട്ടിമയമാണ്. ഏതു കാര്യത്തിലും അവര്‍ ഇടപെടും. പാര്‍ട്ടികള്‍  തമ്മില്‍ യോജിപ്പില്ലെന്നുളളതാണ് ഞങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വസ്തുത. എന്നിരുന്നാലും ഞങ്ങളുടെ കോളേജില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പല കാര്യങ്ങളും ചെയ്തു തന്നിട്ടുണ്ട്.  എണ്‍പത്തിനാല് ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഇവിടെ ഒരു ഗേള്‍സ് ഹോസ്്റ്റല്‍ ഉണ്ടായത് അവരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രമാണ്. അതുപോലെ തന്നെ ക്യാമ്പസിലെ മരം വെട്ടിമാറ്റുന്നതിനെതിരെ പ്രതികരിച്ചു.  'നല്ല പൊളിറ്റിക്‌സ്' ആണ് ക്യാമ്പസുകളില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.'
 

ഹരിത
BSc സുവോളജി, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി,ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കോഴിക്കോട്

 

പഞ്ചായത്തും കോളേജും എന്റെ തട്ടകം

Midhuna
മിഥുന
(പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട്)

മിഥുന ഒന്നാം വര്‍ഷ ബി.എഡ് വിദ്യാര്‍ത്ഥിനിയാണ്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡണ്ടും. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സായിരുന്നു ഈ പെണ്‍കുട്ടിയെ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ചത്. നിനച്ചിരിക്കാതെ കിട്ടിയ ഭരണ സാരഥ്യം മിഥുനയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കോളേജ് രാഷ്ട്രീയവും യഥാര്‍ത്ഥ രാഷ്ട്രീയവും രണ്ടും രണ്ടാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ മിഥുന പറയുന്നു. 'ആദ്യത്തെ ദിവസം പ്രചരണത്തിനിറങ്ങിയപ്പോള്‍ തന്നെ പകച്ചുപോയിരുന്നു.ഞാന്‍ ഒരിക്കലും കോളേജില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. മറ്റുള്ളവര്‍ക്കു വേണ്ടി വോട്ടു ചോദിക്കാന്‍ പോയിട്ടുള്ള അനുഭവം മാത്രമേയുള്ളു. മറ്റുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ എനിക്കു സ്വയം ഒരു പക്വത വന്നതായി തോന്നി. പൊതുജനങ്ങളില്‍ നിന്ന് മോശമായ ഒരു പ്രതികരണം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
 
രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് മിഥുന അഭിപ്രായപ്പെടുന്നു. സ്ത്രീകള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ ആഗ്രഹിക്കുന്നത് വനിത നേതാക്കന്‍മാരോടാണ്. എല്ലാവര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരാനുള്ള അവസരമൊരുക്കണം. 

മുന്‍പ് അധികാര സ്ഥാനത്തിരുന്നവരുടെ ഉപദേശങ്ങള്‍ കേള്‍ക്കാനും അവരില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനുമുളള മനസ്സ് യുവതലമുറയ്ക്കുണ്ടാകണമെന്ന് മിഥുന ഓര്‍മിപ്പിക്കുന്നു. സ്വന്തം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതാണ് മിഥുനയുടെ ലക്ഷ്യം. അതുപോലെ തന്നെ വനിതകള്‍ക്കായി കൂടുതല്‍ ലാഭകരമായ വ്യവസായ സംരംഭങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നതും  ഈ പ്രസിഡണ്ടിന്റെ അജണ്ടയിലുണ്ട്.


തയ്യാറാക്കിയത്: നിത എസ്. വി