റുത്തു ചുരുണ്ടമുടിയുള്ള ചുറുചുറുക്കുള്ള സുന്ദരിക്കുട്ടി. ഇരു നിറത്തില്‍ വട്ടമുഖം. മുഖത്തിന്റെ വലതു വശത്ത് ഒരു കുഞ്ഞു കാക്കപ്പുള്ളിയും- ഉമ്മു സല്‍മയെ കുറിച്ചുള്ള എന്റെ ഓര്‍മകളില്‍ ആദ്യം ഇടംപിടിക്കുന്ന ചിത്രമിതാണ്. 1963ല്‍ മലപ്പുറം ജില്ലയിലെ പാലൂരിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അച്ഛന്‍ പൊതുവായ മനയില്‍ നാരായണന്‍ ഭട്ടതിരിപ്പാട്, അമ്മ ഗൗരി. അച്ഛന്‍ ഒരമ്പലത്തിലെ മേല്‍ശാന്തിയായിരുന്നു.

sheela
ഷീല

പുലാമന്തോള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെത്തുമ്പോഴാണ് ഉമ്മുസല്‍മയെ എനിക്കു കൂട്ടുകാരിയായി കിട്ടുന്നത്. ആ സമയത്ത് അവിടെ ഈ ഒരു ഹൈസ്‌കൂള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഏകദേശം 1976-1977 കാലഘട്ടത്തിലായിരുന്നു ഞങ്ങള്‍ പരിചയപ്പെടുന്നത്. വളപുരത്തായിരുന്നു അവളുടെ വീട്. വീട്ടുപേര് കല്ലിങ്ങത്തൊടിയില്‍ വീട്. കെ.ടി ഉമ്മുസല്‍മ എന്നായിരുന്നു മുഴുവന്‍ പേര്. 

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയായിരുന്നു ഉമ്മുസല്‍മ. കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഏറ്റവും രസമുള്ള കാര്യം ഉമ്മുസല്‍മയ്ക്ക് നന്നായി മരം കയറാന്‍ അറിയാമായിരുന്നു എന്നതാണ്. മരത്തില്‍ കയറി പേരയ്ക്കയും മറ്റും അവള്‍ പറിച്ച് തരാറുണ്ടായിരുന്നു.

ഞങ്ങളുടെ സൗഹൃദത്തിനിടെയിലെ ഓര്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള നിമിഷങ്ങളായിരുന്നു അവയൊക്കെ. ഇടയ്ക്കിടയ്ക്ക് ഉമ്മു സല്‍മയ്‌ക്കൊപ്പം ഞാന്‍ അവളുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഉപ്പയെന്നും ഉമ്മയെന്നുമായിരുന്നു അവളുടെ മാതാപിതാക്കളെ ഞാന്‍ വിളിച്ചിരുന്നത്. ഉമ്മുവിന് ഒരു ഇളയച്ഛനുണ്ടായിരുന്നു. അന്ന് എം ബി ബി എസിനു പഠിക്കുകയായിരുന്നു അദ്ദേഹം. ഹംസ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പത്താംക്ലാസ് പഠിക്കുന്ന സമയത്ത് അവള്‍ക്ക് ഒരു കുഞ്ഞനുജന്‍ ജനിച്ചിരുന്നു. 

എന്റെ തറവാട്ടില്‍ നെല്ല് കൊയ്യാറായില്ലെങ്കില്‍ ചിലപ്പോള്‍ അരിക്ക് ക്ഷാമം വരും ആ സമയത്ത് ഉമ്മുസല്‍മയുടെ വീട്ടില്‍ നിന്ന് നെല്ല് കൊണ്ടുവരുമായിരുന്നു. ഇവിടെ കൊയ്ത് കഴിയുമ്പോള്‍ മാത്രമേ തിരിച്ചു കൊടുക്കാറുള്ളൂ. ഒരിക്കലും അവളോ അവളുടെ വീട്ടുകാരോ അത് തിരിച്ചു ചോദിച്ചിട്ടല്ല.

പത്താം ക്ലാസ് പാസായതോടെ ഞാനും കുടുംബവും തൃശ്ശൂരിലേക്കു താമസം മാറി. ഇടയ്ക്കിടെ തറവാട്ടിലേക്കുള്ള യാത്രകളായിരുന്നു പിന്നെ ഉമ്മുവിനെ കാണാനുള്ള അവസരം തന്നിരുന്നത്. ഉമ്മുസല്‍മ പിന്നീട് ടി ടി സിക്കു ചേര്‍ന്നതായി അറിഞ്ഞു. പതിനെട്ടാം വയസിലായിരുന്നു എന്റെ വിവാഹം. തൃശ്ശൂരില്‍ ഇരിഞ്ഞാലക്കുടയില്‍ ഇപ്പോള്‍ സ്ഥിരതാമസമാക്കിരിക്കുകയാണ്. ഉമ്മുവിനെ കുറിച്ച് ഇപ്പോള്‍ അറിയാവുന്നത് അവള്‍ ഏതോ ഗവണ്‍മെന്റ് സ്‌കൂളില്‍ അദ്ധ്യാപികയാണെന്നു മാത്രമാണ്. കാണണമെന്ന് ഞാന്‍ ഏറെ ആഗ്രഹിക്കുന്ന സുഹൃത്താണ് ഉമ്മു സല്‍മ.

ഷീല മാധവന്‍
വെള്ളാംപറമ്പ് മന ഇരിഞ്ഞാലക്കുട
തൃശ്ശൂര്‍.