ചില കാഴ്ചപ്പാടുകളെ എക്കാലത്തേക്കുമായി മാറ്റിമറിക്കാന്‍ കെല്‍പുള്ള ഒരാള്‍ എല്ലാവരുടേയും ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അച്ഛനമ്മമാരായോ ഗുരുവായോ ജീവിതപങ്കാളിയായോ മക്കളിലൊരാളായിപ്പോലുമോ- അങ്ങനെ ഏതു രൂപത്തിലുള്ള സാന്നിധ്യമായും- അയാള്‍ വരാം. നടുക്കിക്കൊണ്ട് അയാള്‍ നമ്മെ അടിമുടി മാറ്റിത്തീര്‍ക്കും. ഒരൊറ്റ നിമിഷത്തില്‍ സംഭവിക്കുന്ന ഒരു റിവേഴ്‌സ് മെറ്റമോര്‍ഫോസിസില്‍ നമ്മെ അയാള്‍ കൂറയില്‍ നിന്ന് മനുഷ്യനായി പരിവര്‍ത്തിപ്പിക്കും.

എന്റെ ജീവിതത്തിലും അത്തരമൊരു വിസ്മയനിമിഷം ഉണ്ടായിട്ടുണ്ട്. അതെനിക്കു സമ്മാനിച്ചത് ബിരുദപഠനകാലത്തെ ഒരാത്മസുഹൃത്താണ്- ഓടക്കാലിക്കാരന്‍ ബാബു. ഇരുപതാം വയസ്സില്‍ തമ്മില്‍ പിരിഞ്ഞതിനു ശേഷം അവനെ പിന്നീടൊരിക്കലും കാണാനോ എവിടെയാണെന്നറിയാനോ കഴിഞ്ഞിട്ടില്ല. ഈ വാട്ട്‌സ് ആപ്, ഫേസ്ബുക്ക് യുഗത്തില്‍ ഞാന്‍ അതിനായൊന്നു ശ്രമിച്ചുനോക്കുകയാണ്. 

ആ കഥ​ കുറച്ച് വിശദമായി പറയാം: 

കടുങ്ങല്ലൂര്‍ എന്ന ഗ്രാമത്തിലെ രണ്ട് സര്‍ക്കാര്‍ പള്ളിക്കൂടങ്ങളിലാണ് ഞാന്‍ സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നെ എറണാകുളം മഹാനഗരത്തിലേക്ക് തുടര്‍വിദ്യാഭ്യാസം- സെന്റ് ആര്‍ബര്‍ട്ട്‌സില്‍ പ്രീഡിഗ്രി, മഹാരാജാസില്‍ എം.എ, ഭാരതീയവിദ്യാഭവനില്‍ പത്രപ്രവര്‍ത്തനം, ലോ കോളേജില്‍ ഒരുവര്‍ഷത്തോളം നിയമപഠനം...

പില്‍ക്കാലത്ത് പേരും വിലാസവുമൊക്കെയായപ്പോള്‍ തരാതരം പോലെ ഈ സ്ഥാപനങ്ങളെക്കുറിച്ചും അവിടത്തെ അധ്യാപകരെക്കുറിച്ചും സഹപാഠികളെക്കുറിച്ചുമൊക്കെ ഞാന്‍ ധാരാളം എഴുതിയിട്ടും പ്രസംഗിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം മറ്റുള്ളവരില്‍ മതിപ്പുണ്ടാക്കിയില്ലെങ്കിലോ എന്ന സന്ദേഹത്തോടെ  ഒരു സ്ഥാപനത്തെ അറിഞ്ഞോ അറിയാതെയോ ഞാന്‍ അവഗണിച്ചുപോന്നു. ഞാന്‍ മലയാളം ബി.എ. പഠിച്ച  ഒരു പാരലല്‍കോളേജാണ് അത്.

ആലുവയിലെ ക്യൂന്‍ മദേഴ്‌സ് കോളേജ്. അവിടെവച്ചാണ് ബാബു എന്റെ സഹപാഠിയായത്. സെക്കന്‍ഡ് ഗ്രൂപ്പെടുത്ത് ഡോക്ടറാകണമെന്ന ആശയോടെ എറണാകുളം സെന്റ് ആല്‍ബര്‍ട്‌സില്‍ പഠിച്ചിരുന്ന ഞാന്‍ മഹാനഗരത്തിന്റെ സര്‍വ അലമ്പുകളിലും ചെന്നുചാടി, നാട്ടുഭാഷയില്‍ പറഞ്ഞാല്‍ കുരുത്തംകെട്ട് തീട്ടം ചവിട്ടി നടന്നതിനുശേഷം, കഷ്ടിച്ച് പാസായി എങ്ങുമെങ്ങും ബി എസ് സിക്ക് പ്രവേശനം ലഭിക്കാതെ നാറി, ഒടുവില്‍ ആലുവാച്ചന്തയ്ക്കടുത്ത് കടമുറികള്‍ക്കു മുകളില്‍ നീളത്തില്‍കിടന്ന ആ കോളേജില്‍ മലയാളം ബി.എ പഠിക്കാന്‍ ചേരുകയായിരുന്നു.

വിദ്യാര്‍ഥികളായി മലയാളബിരുദത്തിന് എട്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അഞ്ചാണും മൂന്നു പെണ്ണും. അക്കൂട്ടത്തില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു ബാബു. ഉരുണ്ടു ദൃഢമായ ശരീരത്തില്‍ എന്തിനും പോന്ന ചങ്കൂറ്റവുമായിവന്ന ബാബു ഞങ്ങളുടെ സംഘത്തിലെ ഏറ്റവും വേറിട്ട 'കുട്ടി'യായിരുന്നു. രാവിലേയും വൈകിട്ടും അയല്‍പക്കങ്ങളില്‍ തെങ്ങുകയറാന്‍ പോയി കിട്ടുന്ന പണം കൊണ്ടാണ് അവന്‍ പഠിക്കുന്നതെന്നറിഞ്ഞ് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അവനോട് സ്‌നേഹംമാത്രമല്ല, ആരാധനയും തോന്നിയിരുന്നു.

babu
സുഭാഷ് ചന്ദ്രന്‍ വരച്ച ബാബുവിന്റെ ചിത്രം

ആശാരിപ്പണിയില്‍ മിടുക്കനായ ജ്യേഷ്ഠനെ ഞായറാഴ്ചകളില്‍ അവന്‍ സഹായിച്ചു. കൊച്ചുകൊച്ചു തുകകള്‍ കൂട്ടിവച്ച് മാസത്തില്‍ ഒരു നല്ല പുസ്തകം വാങ്ങി ബയന്റിട്ട് നമ്പറിട്ട് ചേട്ടനുണ്ടാക്കിക്കൊടുത്ത അലമാരയില്‍ നിധിപോലെ സൂക്ഷിച്ചു. പറ്റെ വെട്ടിയ മുടിയും ഈര്‍ക്കിലിമീശയും നനുത്ത ചിരിയുമായി ഏറ്റവും വിലകുറഞ്ഞ തുണിയില്‍ തുന്നിയ ഷര്‍ട്ടും ഒറ്റമുണ്ടും ധരിച്ച് പ്രസരിപ്പോടെ മുടങ്ങാതെ ക്‌ളാസില്‍ വന്നു. തഴമ്പുകെട്ടിയ കൈകൊണ്ട് പഞ്ചഗുസ്തി പിടിച്ച് ഇടനേരങ്ങളില്‍ ഞങ്ങളെ അവന്‍ തോല്‍പിച്ചുകൊണ്ടേയിരുന്നു.

ഒരു ഞായറാഴ്ച ഞാനവനെ വീട്ടില്‍ കൊണ്ടുപോയി. തെങ്ങുകേറാന്‍ മിടുക്കനാണെന്ന് ഞാനവനെ അമ്മയ്ക്കു പരിചയപ്പെടുത്തിയപ്പോള്‍ ഒരു മടിയും കൂടാതെ അമ്മ അവന് ഒരു പണിയേല്‍പ്പിച്ചു. മൂത്തുപഴുത്തുനിന്ന മാങ്ങ പറിക്കാന്‍ ഞങ്ങളുടെ പിന്നതിരിലുള്ള മൂവാണ്ടന്‍മാവില്‍ ബാബു വലിഞ്ഞുകയറി. നീറുകടിച്ചിട്ടും മാങ്ങയത്രയും പറിച്ചുകൊണ്ടിരിക്കുന്ന ബാബു കേള്‍ക്കാതെ അമ്മ എന്റെ കാതില്‍ ചോദിച്ചു: 'അവന് പൈസ വല്ലതും കൊടുക്കണോ മോനേ?'

മിണ്ടാണ്ടിരി എന്ന് ഞാന്‍ അമ്മയെ ശാസിച്ചു. മാവില്‍ കയറാന്‍ ശ്രമിക്കുമ്പോഴൊക്കെ എന്നെ വടിയെടുത്ത് ശകാരിക്കാറുള്ള അമ്മ എന്തുകൊണ്ടാണ് എന്റെ പ്രായത്തിലുള്ള ബാബുവിനെ ഒരു ഭയാശങ്കയും കൂടാതെ അതിന് അനുവദിക്കുന്നത് എന്ന് എന്റെ പതിനേഴാം വയസ്സില്‍ എനിക്കു തിരിഞ്ഞുകിട്ടിയിരുന്നില്ല. 

ഉച്ചയ്ക്ക് ഊണിനിരിക്കുമ്പോള്‍ അവന്‍ അമ്മയോട് ഉപ്പ് ചോദിച്ചു.  ഉപ്പില്ലാതെ ചോറ് തിന്നണത് എങ്ങനെയാ എന്ന് ഞങ്ങളെ നോക്കി വിസ്മയിച്ചു. താനുണ്ടാക്കിയ കറികള്‍ക്ക് ഉപ്പു പോരാഞ്ഞിട്ടാണോ ചെക്കന്‍ ഇങ്ങനെ പെരുമാറുന്നത് എന്ന് അമ്മ സന്ദേഹിക്കുന്നത് എനിക്ക് കാണാമായിരുന്നു. ആലുവ- മൂന്നാര്‍ വഴിയിലുള്ള ഓടയ്ക്കാലി എന്ന തന്റെ നാടിനെക്കുറിച്ച് ചോറുണ്ണുന്ന വാ കൊണ്ടുതന്നെ അവന്‍ വാചാലനായി. അധ്വാനിക്കുന്ന ആളുകള്‍, നല്ല മുഴുത്ത ആണുങ്ങളും പെണ്ണുങ്ങളും, ഉഗ്രന്‍ കപ്പയും കള്ളും എന്നൊക്കെ മകന്റെ കൂട്ടുകാരന്‍ ഇരുന്ന് പറയുന്നത് കേട്ട് അമ്മയുടെ സന്ദേഹം സംഭ്രമമാകുന്നതും ഞാന്‍ കണ്ടു.

' നീയൊരൂസം എന്റെ വീട്ടില്‍ വാ!' അവന്‍ ക്ഷണിച്ചു. 'അമ്മേ, ഇവനെയൊരൂസം എന്റെ വീട്ടിലേക്ക് വിട്! ജീവിതം എന്താണെന്ന് ഞാന്‍ കാണിച്ചുകൊടുക്കാം!' എന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മയോട് പറഞ്ഞിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: 'സ്വന്തം പറമ്പിലെ മാങ്ങ പറിക്കാന്‍ പോലും പാങ്ങില്ലാത്ത ഒരു കോപ്പനും അവന്റെ തള്ളയും!'

അങ്ങനെ ഒരിക്കല്‍ ഞങ്ങള്‍ മൂന്നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബാബുവിന്റെ വീട്ടില്‍ പോകാന്‍ കോപ്പുകൂട്ടി. കോളേജ് കടന്ന് ഓവര്‍ ബ്രിഡ്ജ് കയറിയിറങ്ങിയാല്‍ കെ. എസ്.ആര്‍.ടി.സി സ്റ്റാന്‍ഡായി. അവിടെ നിന്ന് ഓടയ്ക്കാലിക്കുള്ള ബസ് പിടിക്കാം. പല മട്ടിലുള്ള ആളുകള്‍ നിന്നും ഇരുന്നും കിടന്നും നിബിഡമാക്കിയ സ്റ്റാന്‍ഡില്‍ ഞങ്ങളങ്ങനെ നില്‍ക്കുമ്പോള്‍ പൊടുന്നനെ, കറുത്ത വസ്ത്രവും ജപമാലകളും ധരിച്ച ഒരു വൃദ്ധ എന്നെ വന്ന് തോണ്ടി വിളിച്ചു :' ചെറിയമ്പ്രാന്‍ എവിടെപ്പോണേണ്?'

, പുകലക്കറ പിടിച്ച പല്ലുകള്‍ കാട്ടി കറുക്കെ ചിരിച്ചുകൊണ്ട് അവര്‍ എന്നോട് ചോദിച്ചു. കോത! എനിക്ക് സന്തോഷം വന്നു. കുട്ടിക്കാലത്ത് അമ്മയുടെ തറവാട്ടില്‍ പുറംപണിക്ക് നിന്നിരുന്ന കോതയാണ് മുന്നില്‍. ചെനകന്റെ മകളല്ലോ ചീതപ്പെണ്ണ് എന്ന പാട്ടുപാടിത്തന്ന് ഞങ്ങള്‍ കുട്ടികളെ സന്തോഷിപ്പിച്ചിരുന്ന പണിക്കാരത്തി ഇന്ന് വൃദ്ധയായി മുന്നില്‍ നില്‍ക്കുകയാണ്. 'കോത എന്താ ഇവിടെ', ഞാന്‍ ചോദിച്ചു. 'ഞങ്ങ മലയ്ക്ക് പോണേണ് ചെറിയമ്പ്രാ! ദേ എന്റെ കൂടെ വേറേം കൊറേപ്പേര്ണ്ട്. വയസ്സായപ്പോ ഒര് മോഹം, ഒന്ന് മലചവിട്ടാന്ന്. മോനിപ്പ പടിക്കണാണാ?', കോത വിശേഷങ്ങള്‍ തിരക്കി. വീട്ടിലേക്ക് ഒരു ദിവസം വരുന്നുണ്ടെന്ന് പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മക്കളെക്കുറിച്ച് അമ്മയുടെ അഭിമാനത്തോടെ പറഞ്ഞു. ഇപ്പോ പുറംപണിക്കൊന്നും മക്കള്‍ വിടാറില്ലെന്ന് പറഞ്ഞ് ഖേദിക്കുന്ന പോലെ ചിരിച്ചു.

കുശലങ്ങള്‍ പറഞ്ഞവസാനിപ്പിച്ച് കോത സന്തോഷത്തോടെ നടന്നകന്നു. തിരിഞ്ഞപ്പോള്‍ ബാബുവിന്റെ ജ്വലിക്കുന്ന മുഖമാണ് ഞാന്‍ കണ്ടത്. ' നായേ!' അവന്‍ തെറിയേക്കാള്‍ ശക്തമായ ആ വാക്ക് എനിക്കെതിരെ എയ്തുകൊള്ളിച്ചു. 'നിന്നെ എന്റെ വീട്ടിലേക്ക് ഞാന്‍ കൊണ്ടുപോകുന്നില്ല!'അത്രയും തീക്ഷ്ണമായി ബാബുവിന്റെ സ്വരം ഒരിക്കലും ഉയര്‍ന്നിട്ടില്ല. ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്ന പാട്ട് മനോഹരമായി പാടുന്ന അവന് ഇങ്ങനേയും ഭാവം പകരാന്‍ അറിയാം എന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നുമില്ല.

പക്ഷേ അതിനുള്ള കാരണം? അതെനിക്ക് പിടികിട്ടിയില്ല. അവന്റെ ചുമലില്‍ വച്ച എന്റെ കൈ തട്ടിമാറ്റിക്കൊണ്ട് അവന്‍ അലറി: 'നിന്റെ മുത്തശ്ശിയുടെ പ്രായമുണ്ടല്ലോടാ ആ സ്ത്രീക്ക്. എന്നിട്ട് നീയവരെ എന്താ വിളിച്ചത് ?' എനിക്ക് മനസ്സിലായില്ല. കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ അവരെ വിളിച്ചിട്ടുള്ളത് കോത എന്നുതന്നെയാണ്. അതില്‍ തെറ്റുണ്ടെന്ന് വിളിക്കുന്നയാള്‍ക്കോ വിളി കേള്‍ക്കുന്നയാള്‍ക്കോ തോന്നിയിട്ടുണ്ടാവില്ല. ചെറിയമ്പ്രാന്‍ എന്ന തിരികെയുള്ള വിളിയാകട്ടെ പ്രത്യേകിച്ച് ഒരു സന്തോഷവും നല്‍കിയിട്ടില്ല. കോതയെ പിന്നെ കോതയെന്നല്ലാതെ എന്തു വിളിക്കും? , അവന്റെ ഭാവമാറ്റത്തില്‍ ഞെട്ടിത്തരിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.

ഇത്തവണ അവനൊരു പച്ചത്തെറിയാണ് പറഞ്ഞത്. ' എടാ, അവരേക്കാള്‍ പ്രായക്കുറവുള്ള മറ്റൊരു സ്ത്രീ, എന്റെ അമ്മ,  ഇപ്പോള്‍ വീട്ടില്‍ നിന്നെ കാത്തിരിപ്പുണ്ടാവും. വിറകടുപ്പില്‍ ഊതിയൂതി നിനക്ക് തിന്നാനുള്ള കൊറേ അവിടെ ഉണ്ടാക്കി വച്ചിട്ടുമുണ്ടാകും. വീട്ടില്‍ കേറിയ ഉടന്‍ പേരു ചോദിച്ചു മനസ്സിലാക്കിയിട്ട് നീ എന്റെ അമ്മയേയും പേരു വിളിക്കില്ലാന്ന് എന്താ ഉറപ്പ് ? പറയെടാ പട്ടീ!'
ഞാന്‍ നടുങ്ങി. എന്റെ തലയില്‍ ഇടിത്തീ വീണുനീറി.

അയ്യോ! അമ്മയോളം അമ്മൂമ്മയോളം പ്രായമുള്ള ഒരു സ്ത്രീയെ പേരുവിളിക്കുന്നത് തെറ്റാണെന്ന് ഇന്നോളവും ആരും എന്തേ എനിക്കു പറഞ്ഞു തന്നില്ല?  മഹാനാകാന്‍ കൊതിച്ച് സുഭാഷ് ചന്ദ്രബോസിന്റെ പേര് വാശിപിടിച്ച് കരഞ്ഞു സ്വന്തമാക്കിയ കുട്ടിക്ക് പതിനേഴ് വയസ്സായിട്ടും ഈ അനീതി എന്തേ സ്വയം ബോധ്യപ്പെട്ടില്ല?  അപരാധിയായി ഞാന്‍ അവന് മുന്നില്‍ നിന്നു. മറ്റു കൂട്ടുകാരും എന്താണ് പറയേണ്ടതെന്നറിയാതെ, ഞാനില്ലാത്ത ഒരു യാത്ര സങ്കല്‍പിക്കാനാകാതെ അരികില്‍ സ്തബ്ധരായി നില്‍ക്കുകയായിരുന്നു. ഒരു നിമിഷം, ശ്രീനാരായണന്‍ പിറന്ന് സ്വര്‍ഗത്തോളം മഹത്വമുളളതാക്കിത്തീര്‍ന്ന എന്റെ മണ്ണ് എന്നെ താഴേക്ക് പിടിച്ചു വലിച്ചു. ജ്വലിച്ചുനില്‍ക്കുന്ന ബാബുവിന്റെ രൂപം ഉല്‍ക്കടകാന്തി ചിന്തുന്ന ഒരു ദൈവവിഗ്രഹം പോലെ എനിക്കു തോന്നി.

ഒരു മടിയും കൂടാതെ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. മാപ്പ്, മാപ്പ് എന്ന് എന്റെ ആത്മാവ് പൊട്ടിക്കരഞ്ഞു. 'എനിക്കറിയുമായിരുന്നില്ല', ഞാന്‍ കരഞ്ഞു: 'ഇന്നോളം എനിക്കാരും ഇത് പറഞ്ഞുതന്നിരുന്നില്ല', കുറ്റബോധം എന്റെ നിറുകയില്‍ ചവിട്ടുന്നതറിഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു. ബാബു ശബ്ദത്തോടെ പലവട്ടം ദീര്‍ഘനിശ്വാസം വിട്ട് സ്വയം തണുപ്പിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ തഴമ്പുള്ള രണ്ട് കൈത്തലങ്ങള്‍ എന്റെ ചുമലില്‍ സാന്ത്വനത്തോടെ പിടിച്ചു:' എണീക്ക്!' ബാബു എന്റെ കണ്ണ് തുടച്ചുകൊണ്ടു പറഞ്ഞു:' ബാ! ദേ ഓടയ്ക്കാലിക്കുള്ള ബസ് വരുന്നു!'
ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. യുഗങ്ങളായി എന്റെ ആത്മാവില്‍ കെട്ടിക്കിടന്നിരുന്ന ഒരഴുക്ക് പാടെ കഴുകിക്കളഞ്ഞ് ശുദ്ധനായതുപോലുള്ള ഒരു തെളിച്ചം എനിക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് അവന്റെ അമ്മ വച്ചുവിളമ്പിയ ചോറും കറികളും അടുക്കളയോടു ചേര്‍ന്നുള്ള മുറിയില്‍ നിലത്ത് വട്ടമിട്ടിരുന്ന് ഞങ്ങള്‍ പങ്കിട്ട് കഴിച്ചതിന്റെ സ്വാദ് ഇതെഴുതുമ്പോഴും എന്റെ നാവില്‍ തിളയ്ക്കുന്നു. 

കാല്‍നൂറ്റാണ്ടാകുന്നു ഞങ്ങള്‍ കണ്ടിട്ട്. മൊബൈല്‍ ഫോണ്‍ പോയിട്ട് ലാന്‍ഡ് ഫോണുകള്‍ പോലും ഞങ്ങളുടെ വീടുകളില്‍ ഇല്ലാത്ത കാലത്ത് പിന്നീട് കാണലും മിണ്ടലുമൊന്നും നടന്നില്ല. ഞാന്‍ പിന്നെ എറണാകുളം മഹാനഗരത്തിലേക്കും മഹാരാജാസിന്റെ പ്രൗഢിയിലേക്കും നൂറുകണക്കിന് സൗഹൃദങ്ങളിലേക്കും ചേക്കേറി. ഒരിക്കല്‍ ഏതോ പരിപാടി കഴിഞ്ഞ് കാറില്‍ വരുന്ന വഴി ഓടക്കാലി എന്നു കണ്ട് വണ്ടി നിര്‍ത്തിച്ച് അന്വേഷിച്ചു: ' മുമ്പ് ആലുവയില്‍ മലയാളം ബീയെ പഠിച്ചിരുന്ന, ഒരു ബാബുവിന്റെ വീട്? '

കടക്കാരന്‍ വഴി കാണിച്ചുകൊണ്ടു പറഞ്ഞു:' ബാബുവല്ലേ? പുള്ളിക്കാരന്‍ ആശാരിപ്പണിയായിരുന്നു. കുറേ മുമ്പ് ലക്ഷദ്വീപില്‍ എന്തോ  പണികിട്ടി പോയി. കുറേക്കാലമായി ഞങ്ങളും കണ്ടിട്ട്'
ഫോണ്‍നമ്പറോ വിലാസമോ അയാള്‍ക്കും അറിയില്ല. ഇരുട്ടത്ത് വീടു കണ്ടുപിടിച്ച് പോകുന്നത് എന്നോടൊപ്പമുള്ള സംഘാടകര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നിയതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാന്‍ വണ്ടി വിടാന്‍ പറഞ്ഞു.

ബാബൂ, എന്റെ ജീവിതവണ്ടി തട്ടിയും മുട്ടിയും ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. അന്ന് നിന്റെ മുന്നില്‍ വച്ച് എനിക്ക് പേര് വിളിക്കേണ്ടിവന്ന ആ പാവം വൃദ്ധയെ അതേ പേരില്‍ ഞാന്‍ നോവലില്‍ അവതരിപ്പിച്ചത് നീ വായിച്ചുവോ?  വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ക്കേ നീ ബൈന്റിട്ടു സൂക്ഷിച്ചുവയ്ക്കുന്ന നല്ല പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ എന്റെ ' മനുഷ്യന് ഒരാമുഖ'വും ഉണ്ടോ?ബാബൂ, ആ നോവലെഴുതാന്‍ എന്റെ ആത്മാവിന് കരുത്തുതന്ന അനുഭവങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് അന്ന് ആലുവ ബസ് സ്റ്റാന്‍ഡില്‍ വച്ച് നീ എന്നെ പഠിപ്പിച്ച മനുഷ്യത്വം എന്ന വലിയ പാഠമാണെന്ന് എങ്ങനെയാണ് ഞാന്‍ നിന്നെ പറഞ്ഞറിയിക്കുക?

ഫോണുകളും അവയിലെല്ലാം ക്യാമറകളും കീശയില്‍ കാശുമില്ലാതെ നാം തള്ളിനീക്കിയ ആ പാരലല്‍കോളേജ് കാലം നമ്മള്‍ എട്ടുപേരുടേയും ഒരു ഫോട്ടോ പോലും സൃഷ്ടിക്കാന്‍ ത്രാണിയുള്ളതായിരുന്നില്ല. അതു കൊണ്ട് നിന്റെ രൂപം എന്റെ മനസ്സില്‍ മാത്രമേയുള്ളൂ. അതു കൊണ്ട് നാല്‍പത്തഞ്ചുകാരനായ നിന്നെ ഞാന്‍ എന്റെ അവിദഗ്ധമായ കൈകളാല്‍ വരയ്ക്കാന്‍ ശ്രമിക്കുകയാണ്. ഈ കുറിപ്പും ഈ ചിത്രവും കണ്ട് ആരെങ്കിലും- ആര്‍ക്കറിയാം, ചിലപ്പോള്‍ നീ തന്നെ- നമ്മെ തമ്മില്‍ വീണ്ടും സന്ധിപ്പിച്ചേക്കുമോ ?

നിങ്ങള്‍ക്കുമുണ്ടാകില്ലേ കാണാമറയത്തെവിടെയോ ഇതുപോലൊരു സുഹൃത്ത്. മനസില്‍ അവരെ കുറിച്ചുള്ള നിറമുള്ള ഓര്‍മകള്‍... അവരെ കണ്ടെത്താനുള്ള മോഹം... എങ്കില്‍ ആ ഓര്‍മകളും അവരുടെ ഫോട്ടോകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കൂ... സുഹൃത്തുക്കളെ കുറിച്ചുള്ള നിങ്ങളുടെ ഓര്‍മക്കുറിപ്പുകള്‍ contest@mpp.co.in എന്ന മെയില്‍ ഐ ഡിയിലേക്കോ 91 9446 087 655 എന്ന നമ്പറിലേക്കോ വാട്ട്‌സ് ആപ്പ് ചെയ്യൂ...