തിനൊന്നാമത്തെ വയസിലാണ് എനിക്ക് ആ സുഹൃത്തിനെ ലഭിക്കുന്നത്. ആണായി പിറന്ന് പെണ്ണായി ജീവിച്ചിരുന്ന എനിക്ക് പെണ്‍കൂട്ടുകാരായിരുന്നു അതുവരെ അധികവും ഉണ്ടായിരുന്നത്. പലപ്പോഴും സുഹൃത്തുക്കളെ കണ്ടെത്താന്‍ ഞാന്‍ ബുദ്ധിമുട്ടിയിരുന്നു. പത്തു പതിനൊന്നു വയസുവരെ ഒറ്റയ്ക്കായിരുന്നു  ജീവിതം. ഞാന്‍ താമസിച്ചിരുന്ന വീടിനടുത്ത് പുതുതായി താമസത്തിനെത്തിയതായിരുന്നു അവരുടെ കുടുംബം.

ചെറുപ്പത്തില്‍ ഞാന്‍ അമ്മയെ വീട്ടുജോലികളില്‍ സഹായിക്കും. ഒരു ദിവസം അടുക്കളയില്‍ പാത്രം കഴുകി കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അവിടേക്ക് ഞങ്ങളുടെ പുതിയ അയല്‍ക്കാര്‍- അമ്മയും മകനുമെത്തി. അവര്‍ എന്നോടു ചോദിച്ചു- വീട്ടുജോലികളൊക്കെ ചെയ്യുന്നത് ഇയാളാണോയെന്ന്? അമ്മയെ സഹായിക്കാറുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. ഞാനും അമ്മയെ സഹായിക്കാറുണ്ടെന്ന് അപ്പോള്‍ മകന്‍ എന്നോടു പറഞ്ഞു. മാത്രമല്ല നൃത്തം ചെയ്യാന്‍ ഇഷ്ടമാണെന്നും അയാള്‍ പറഞ്ഞു. ഇതു കേട്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എളുപ്പത്തില്‍ ഞങ്ങള്‍ കൂട്ടുകാരായി. 

അങ്ങനെ കൂട്ടുകൂടാന്‍ എനിക്കൊരു സുഹൃത്തിനെ കിട്ടി. ആണ്‍കുട്ടികളുടെ കൂടെയായിരുന്നില്ല പെണ്‍കുട്ടികളുടെ ഒപ്പമായിരുന്നു ഞങ്ങള്‍ കളിക്കാറുണ്ടായിരുന്നത്. വീടുണ്ടാക്കിയും ചോറും കറിയുമൊക്കെ വച്ചും ഞങ്ങള്‍ കളിക്കും. ഞങ്ങളുടെ കളികളില്‍ കുടുംബനാഥന്റെ റോള്‍ കൈകാര്യം ചെയ്തിരുന്നത് പെണ്‍കുട്ടികളായിരുന്നു. ഭാര്യയോ അമ്മയോ മകളോ ഒക്കെയായിരുന്നു ഞങ്ങളുടെ കഥപാത്രങ്ങള്‍. ഇങ്ങനെ പെണ്‍ കഥാപാത്രങ്ങളാകുന്നതില്‍ പലപ്പോഴും ഞങ്ങളുടെ വീട്ടുകാര്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നു.

ആണ്‍കുട്ടികളുടെ ഒപ്പം പോയി കളിക്കെന്നും ആണ്‍കുട്ടികളുടെ കളി കളിക്കെന്നും പറഞ്ഞ് ഇരുവീട്ടുകാരും ഞങ്ങളെ ദേഹോപദ്രവം ഏല്‍പ്പിക്കുക പതിവാണ്‌. നാട്ടുകാരില്‍നിന്നും സഹപാഠികളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും അയല്‍വാസികളില്‍ നിന്നുമൊക്കെ ധാരാളം പീഡനങ്ങള്‍ ഞങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. 

ഒരേ തരത്തിലായിരുന്നു ഞങ്ങളുടെ മനസ് ചിന്തിച്ചിരുന്നത്. ഞങ്ങള്‍ കളിയാക്കുകയും വഴക്കു കൂടുകയുമൊക്കെ ചെയ്യും. ഒരുമിച്ചായിരുന്നു സ്‌കൂളിലേക്കുള്ള യാത്രകള്‍. പോകുന്ന വഴിയില്‍ സമ്പന്നരായ ആളുകളുടെ വീടുകള്‍ ഉണ്ട്‌. അവിടെ നല്ലയിനം പൂച്ചെടികള്‍ വളര്‍ത്തിയിരുന്നു. ഞങ്ങള്‍ അവ മോഷ്ടിച്ച് ഞങ്ങളുടെ നാട്ടില്‍ കൊണ്ടുവന്ന് നട്ടുവയ്ക്കും.

ഒരിക്കല്‍ ഒരു ക്രിസ്തുമസ് കാലത്ത് അതിലൊരു വീട്ടിലെ പുല്‍ക്കൂട്ടില്‍ തിരുക്കുടുംബത്തെ പ്രതിഷ്ഠിച്ചിരുന്നു. അത് കണ്ടു മോഹിച്ച ഞങ്ങള്‍ തിരുക്കുടുംബം മോഷ്ടിച്ചു. എന്നിട്ടത് ഞങ്ങളുടെ പുല്‍ക്കൂട്ടില്‍ കൊണ്ടുവച്ചു. ഇത് കണ്ട വീട്ടുകാര്‍ ഞങ്ങളെ വഴക്കു പറയുകയും തിരികെ വയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങള്‍ അത് തിരികെ വയ്ക്കുകയും ആ കുടുംബത്തോട് മാപ്പു പറയുകയും ചെയ്തു.

സന്തോഷകരമായ ഓര്‍മകള്‍ ഞങ്ങളുടെ സുഹൃദ്ബന്ധത്തില്‍ കുറവായിരുന്നു. വേദനകളുടെ ഓര്‍മകളാണ് കൂടുതലും. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായിരുന്നു ഞങ്ങളുടെ സൗഹൃദം. ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ പരസ്പരം തുറന്നു പറയുമായിരുന്നു. മറ്റുള്ളവരോട് പറയാന്‍ സാധിക്കില്ലല്ലോ.വഴക്കു കൂടുമായിരുന്നെങ്കിലും പിണങ്ങുമായിരുന്നെങ്കിലും അതൊക്കെ കുറച്ചു സമയത്തേക്ക് മാത്രമായിരുന്നു. ആരും മനസിലാക്കാനില്ലാത്തത് കാരണം ഒരുമിച്ച് മരിക്കാന്‍ വരെ ഒരുഘട്ടത്തില്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

ഭാര്യാഭര്‍ത്താക്കന്മാരാണ് ഞങ്ങളെന്ന് നാട്ടുകാരില്‍ ചിലര്‍ കളിയാക്കി പറയുമായിരുന്നു. വളര്‍ന്നതിനു ശേഷം ഗ്രാമത്തില്‍നിന്ന് നഗരത്തിന്റെ രീതിയിലേക്കു വന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം അകലാന്‍ തുടങ്ങി. എനിക്കു പുതിയ ചില സൗഹൃദങ്ങള്‍ ലഭിക്കുകയും ചെയ്തു. ഞാന്‍ ജോലിയുടെ ആവശ്യത്തിനായി ബാംഗ്ലൂരിലേക്കു പോയി. അവിടെ ധാരാളം സുഹൃത്തുക്കളെ എനിക്കു ലഭിച്ചു. ട്രാന്‍സ്‌ജെന്‍ജറും ഹിജഡയും കോത്തിയുമൊക്കെയുണ്ട്‌. ഒരുപാടു സഹായങ്ങള്‍ അവരില്‍നിന്ന് എനിക്കു ലഭിച്ചിട്ടുണ്ട്. എങ്കിലും എന്റെ കുട്ടിക്കാല സുഹൃത്തിനെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്റെ വളര്‍ച്ചയില്‍ ചെറിയപങ്ക് ആ വ്യക്തിക്കുണ്ട്. ഇപ്പോഴും ആ സൗഹൃദം നിലനില്‍ക്കുന്നു.. അഴിയാച്ചരടായി.