കോഴിക്കോട് മാനാഞ്ചിറയിലെ മരച്ചുവട്ടില്‍ സൊറപറഞ്ഞിരിക്കുന്ന ബീരാന്‍ കോയയുടെയും ഉമ്മറിക്കയുടെയും രവിയേട്ടന്റെയുമെല്ലാം സൗഹൃദത്തിന് ഇന്നും പതിനെട്ടിന്റെ ചെറുപ്പമാണ്. നഗരസഭയുടെ ഫ്രീ വൈഫൈ ആസ്വദിക്കാന്‍ ദിനവും മാനാഞ്ചിറയില്‍ എത്തുന്ന ഫ്രീക്കന്‍മാരുടെ സൗഹൃദം വൈഫൈ സ്പീഡ് പോലെ കട്ടാകുമ്പോഴും ഈ തലമുതിര്‍ന്ന സൗഹൃദം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വാട്സ് ആപ്പിനും ഫേസ്ബുക്കിനും വെളിയില്‍ ഈ സൗഹൃദം അങ്ങനെ പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. 

എട്ടുപത്ത് കൊല്ലത്തിന് മുകളിലായി മാനാഞ്ചിറയില്‍ ഈ സൗഹൃദക്കൂട്ടം ഒത്തുകൂടാന്‍ തുടങ്ങിയിട്ട്. ഇടക്ക് ചിലര്‍ വേര്‍പിരിഞ്ഞു പോയി. ചിലര്‍ വരാതെയായി, പുതിയ പലരും വന്നു ചേര്‍ന്നു. എങ്കിലും ഈ സൗഹൃദം ഇങ്ങനെ തന്നെ നിലനില്‍ക്കുന്നു. ആഴ്ചയില്‍ എത്രദിവസം ഒത്തുകൂടും എന്ന ചോദ്യത്തില്‍ ഏഴുദിവസവും എന്നായിരുന്നു ഉമ്മറിക്കയുടെ മറുപടി. ചിലപ്പോള്‍ എല്ലാവരുമുണ്ടാകും മറ്റുചിലപ്പോള്‍ ആളുകള്‍ കുറയുമെന്നു മാത്രം. 

വെയില്‍ താഴുന്നതോടെ ആരംഭിക്കുന്ന സൗഹൃദ സംഗമം രാത്രി ഏഴുമണിയോടെ മാത്രമേ പിരിയൂ. ഒരാള്‍ മരച്ചുവട്ടില്‍ എത്തുന്നതോടെ അടുത്തയാള്‍ക്കായുള്ള കാത്തിരിപ്പാണ്. അങ്ങനെ അംഗങ്ങള്‍ ഓരോരുത്തരായി വന്നു ചേരും. ഓരോരുത്തരേയും സ്വീകരിക്കുന്നത് സംഘാംഗങ്ങളുടെ നിറചിരിയാണ്. ആ ചിരിക്ക് തുടക്കമിടുന്നതാകട്ടെ ബീരാന്‍കോയയും. തുടര്‍ന്ന് സംഘം അത് ഏറ്റെടുക്കുന്നതോടെ മാനാഞ്ചിറയിലെ സൗഹൃദമരത്തിന് കിഴേ സൗഹൃദത്തിന്റെ പൊട്ടിച്ചിരി മുഴങ്ങുകയായി. 

'ഞങ്ങള് പത്തുപതിനഞ്ച് പേരുണ്ട് പക്ഷേ ഇന്ന് നാലാളെ വന്നൊള്ളൂ' എന്ന് പറഞ്ഞാണ് മൊയ്തീന്‍കോയ സംഭാഷണം ആരംഭിച്ചത്. വീട്ടുകാര്യവും പത്രവിശേഷവും രാഷ്ട്രീയവും തുടങ്ങി ആകാശത്തിന് കീഴിലുള്ളതെന്തും സംഘത്തിന്റെ സൗഹൃദ സംഭാഷണങ്ങളില്‍ ഉള്‍പ്പെടും. ഒരാളുടെ വാദങ്ങള്‍ മറ്റൊരാള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കില്ലായിരിക്കും. സ്വാഭാവികമായും എതിര്‍വാദങ്ങളുണ്ടാകും. ചര്‍ച്ചകള്‍ ഉണ്ടാകും. എന്നാല്‍ ആര്‍ക്കും ആരോടും അലോഹ്യം ഉണ്ടാവാറില്ല. അത് തന്നെയാണ് ഈ സൗഹൃദത്തെ മുന്നോട്ട് നയിക്കുന്നതും. 

ദിവസവുമുള്ള കൂടിക്കാഴ്ചയിലും ചര്‍ച്ചകളിലും ഒതുങ്ങുന്നതല്ല ഈ വലിയ സൗഹൃദക്കൂട്ടം. അതിനുമപ്പുറം വിശാലമാണ് അവരുടെ ലോകം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംഘാഗങ്ങളെ സഹായിക്കുന്നതിലും കൂട്ടത്തില്‍ മുതിര്‍ന്ന അംഗത്തെ ആദരിക്കുന്നതിലും ഇവര്‍ സന്തോഷം കണ്ടെത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി കൂട്ടത്തിലെ മുതിര്‍ന്ന അംഗത്തെ ആദരിക്കാറുണ്ട്. ഇത്തവണ ആദരിക്കാനുള്ള വ്യക്തി ബീരാന്‍ കോയയാണ്‌. എന്നാല്‍ അയാള് പിടിതരുന്നില്ലെന്ന് ഉമ്മറിക്കയുടെ വക കമന്റ്.