സൗഹൃദദിനമാണിന്ന്. നമ്മളാഘോഷിക്കുന്ന മറ്റു നൂറ്റൊന്ന് ദിനങ്ങള്‍ പോലെ (പല്ലുവേദനാ ദിനം, കൂര്‍ക്കംവലി ദിനം!) മറ്റൊന്ന്. വിഷയത്തെക്കുറിച്ച് ഒന്നാലോചിക്കുക പോലും ചെയ്യാതെ ഈ ദിനവും കടന്നുപോവും. മുമ്പ് പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മലയാളിക്ക് നല്ല സുഹൃത്താകാന്‍, നല്ല സുഹൃത്തുക്കളെ സൃഷ്ടിക്കാന്‍ കഴിയാതെ പോവുന്നത് എന്തുകൊണ്ടാണെന്ന്. അന്നെനിക്ക് നല്ല സുഹൃത്തുക്കളുണ്ടായിരുന്നു. അച്ഛനമ്മമാരോടും സഹോദരങ്ങളോടും പറയാനാവാത്ത എന്റെ സന്തോഷങ്ങളും വിഷമങ്ങളും പങ്കുവെക്കാന്‍ അവരുണ്ടായിരുന്നു. എങ്കിലും എനിക്കും അവര്‍ക്കും അറിയാമായിരുന്നു, ഈ സൗഹൃദം ഒരു പരിധി വരെ മാത്രമേയുള്ളൂ, അതിനപ്പുറം നമ്മള് തനിച്ചാണെന്ന്.
ചേതമില്ലാത്ത ഉപകാരങ്ങളും ഫ്രീ റേഷനുമപ്പുറം (എന്റെ ഒരു സുഹൃത്ത് ഉപദേശങ്ങളെ അങ്ങനെയാണ് വിളിച്ചിരുന്നത്) പോയ ബന്ധങ്ങള്‍ വിരളമായിരുന്നു. ഞാനാകട്ടെ, അടുത്ത സൗഹൃദങ്ങള്‍ ആഗ്രഹിക്കുകയും എന്നാല്‍ അടുക്കാന്‍ മടിക്കുകയും ചെയ്തു; ഒച്ചപ്പാടിനും ബഹളത്തിനുമിടയ്ക്ക് സൗഹൃദങ്ങളെ കെട്ടിയിട്ടു. എന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ സമീപനത്തെ അതിജീവിച്ച് ബലമായി പാലം സ്ഥാപിച്ച് അടുത്തുവരികയും എന്റെ അനുവാദമില്ലാതെ തന്നെ എന്റെ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്ത ചില കൂട്ടുകാരുണ്ട്.
വെറുതെ കാടുകയറുന്നു. അവരെക്കുറിച്ച് പിന്നീടു പറയാം. ചില തമിഴ് സിനിമകള്‍ കാണുമ്പോഴാണ് ഒരു സുഹൃത്തിന് എന്തൊക്കെയാവാം എന്ന് ആലോചിക്കുന്നത്. പ്രത്യേകിച്ച് മണിരത്നത്തിന്റെ ദളപതി പോലുള്ള പടങ്ങളില്‍. 'നന്പന്' എന്ന വാക്കില്‍ അവര്‍ ആവാഹിക്കുന്ന 'പാശം' അവിശ്വസനീയമാണ്. സത്യത്തില്‍ അതുകണ്ടപ്പോഴാണ് സൗഹൃദങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നത്. നന്പനുവേണ്ടി ഉയിരും കൊടുക്കാന്‍ മടിക്കാത്ത തമിഴന്. നമ്മളാകട്ടെ (ഉദ്ദേശിച്ചത് ഞാനടക്കമുള്ള ഭൂരിപക്ഷം മലയാളികളെയുമാണ്), പ്രേമിക്കുമ്പോള്‍ പോലും ജാതി നോക്കുകയും പ്രേമവിവാഹത്തില്പ്പോലും സ്ത്രീധന സാധ്യതകളെക്കുറിച്ചാലോചിക്കുകയും ചെയ്യുന്ന സമൂഹമാണ്. അപ്പോള്‍ സുഹൃത്തുക്കളുടെ കാര്യം പറയേണ്ടല്ലോ. ഏറ്റവും അടുത്ത സുഹൃത്ത് ഒരു വായ്പയ്ക്ക് ജാമ്യം നില്ക്കാന് ആവശ്യപ്പെട്ടാല്‍പ്പോലും നമ്മള് രണ്ടുപ്രാവശ്യം ചിന്തിക്കും, പണി കിട്ടുമോ, കൊടുക്കാതിരിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന്!
ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, പ്രശ്നം വളര്‍ത്തുദോഷമാണെന്ന്. കുട്ടികള്‍ (മുതിര്‍ന്നാലും) വഴിതെറ്റിപ്പോയാല്‍ അച്ഛനമ്മമാര്‍ കുറ്റപ്പെടുത്തുന്നത് കൂട്ടുകാരെയായിരിക്കും. ചീത്ത കൂട്ടുകെട്ടാണ് എല്ലാത്തിനും കാരണം! ഇത്തരത്തില്‍ ഒരു ഡയലോഗിന്റെ വക്കും മൂലയും കാതില്‍ വീണാല്‍മതി, നമ്മുടെ നന്പന്മാര് രണ്ടുവഴിയാവും. ഏറ്റവും അടുത്ത സുഹൃത്തിന്റെ പേരിലായാലും ചീത്തപ്പേരു കേള്‍ക്കാന്‍ വയ്യ! എങ്കിലും ഇത്തരം സമ്മര്‍ദ്ദങ്ങളെയും അപവാദങ്ങളെയും അതിജീവിക്കുന്ന സുഹൃത്ബന്ധങ്ങള്‍ സമീപകാലം വരെ അപൂര്‍വമായിരുന്നില്ല.
അഷ്ടബന്ധമിട്ടുറപ്പിച്ച പല സൗഹൃദങ്ങള്‍ക്കും വഴിവെച്ചത് പ്രണയങ്ങളായിരുന്നു. പ്രണയിനിയെ വളച്ചെടുക്കാന്‍ ആദ്യഘട്ടത്തില്‍ കൂട്ടുകാരില്ലാതെ ബുദ്ധിമുട്ടാണ്! പാലം കടന്നുകഴിഞ്ഞാല്‍, പ്ലീസ്, ഒന്നുമാറിത്തരൂ, ഞങ്ങളൊന്നു സംസാരിച്ചോട്ടെ, എന്ന് പറയുമെങ്കിലും! മലയാളിയുടെ ആത്മകേന്ദ്രീകൃതത്വമാണ് മറ്റൊരു വലിയ പ്രശ്നം. നമ്മള് ഏറ്റവും കൂടുതല്‍ ചിന്തിക്കുന്നത് നമ്മളെക്കുറിച്ചു തന്നെയാണ്. ഇത് മദ്യപിച്ചാല്‍ പോലും സ്വയം സൃഷ്ടിച്ച വേലിക്കെട്ടുകളില്‍ നിന്നും മോചനം നേടാന്‍ അവനെ അശക്തനാക്കുന്നു. അതിന്റെ മറ്റൊരു വശം മറ്റുള്ളവരുടെ കണ്ണില്‍ നമ്മുടെ പ്രതിച്ഛായ എന്താണ് എന്ന് ഉത്കണ്ഠപ്പെടാനുള്ള പ്രവണതയാണ്. ചുരുക്കത്തില്‍, സ്വന്തം വ്യക്തിത്വത്തില്‍, അതിന്റെ ഗുണദോഷങ്ങളില്‍, തൃപ്തിപ്പെടാന്‍ കഴിയുന്നില്ല.
ഇന്ന് സെല്‍ഫോണിന്റെയും സോഷ്യല്‍ മീഡിയയുടെയും കാലത്ത് അയല്പക്കത്തെ സുഹൃത്തിനെ മാസത്തിലൊരിക്കല്‍ പോലും കാണാതെ വിദേശത്തെ സുഹൃത്തുമായി നിത്യേന വീഡിയോ ചാറ്റ് നടത്തുന്നവരെ കാണാം. ഈ സൗഹൃദങ്ങളില്‍ എത്രയെണ്ണം ആത്മാര്‍ത്ഥമായിരിക്കും എന്ന് പറയാന്‍ പറ്റില്ല. സ്ക്രീനില്‍ നിന്നും തലയെടുക്കാതെ 'സൗഹൃദങ്ങളില്‍' ജീവിക്കുന്നവര്‍ക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളെ നേടുന്നത് എളുപ്പമായിരിക്കില്ല. സോഷ്യല്‍ മീഡിയയിലെ അണുവിമുക്തമാക്കിയ കുറിപ്പുകളിലും ഇമോട്ടിക്കോണുകളിലും യഥാര്‍ത്ഥമുഖങ്ങള്‍ ഉണ്ടാവാനും അവരുടെ ഉള്ളു വെളിവാക്കപ്പെടാനും സാധ്യത കുറവാണ്.
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നുപറയാറുണ്ട്. മാതാപിതാക്കളെക്കാള്‍ ഒരു വ്യക്തിയെ നന്നായി മനസ്സിലാക്കാന്‍ നല്ലൊരു സുഹൃത്തിന് കഴിയും. പ്രണയത്തിന് ചൂട്ടുപിടിക്കാന്‍ മാത്രമല്ല, ഉയര്‍ന്ന ലക്ഷ്യങ്ങളിലേക്ക് വഴിതിരിച്ചുവിടാനും സ്വന്തം കഴിവുകളേക്കുറിച്ച് ബോധവാനാക്കാനുമൊക്കെ. (കസേരയിലിരുന്ന് തള്ളുന്നതല്ല, അനുഭവസ്ഥനാണ്!) നമ്മുടെ തെറ്റുകുറ്റങ്ങള്‍ നമുക്ക് വേദനിക്കാതെ ബോധ്യപ്പെടുത്തിത്തരാന്‍ സുഹൃത്തുക്കളെപ്പോലെ മറ്റാര്‍ക്ക് കഴിയാനാണ്!
വീട്ടിന്റെ നാലതിരുകള്ക്കപ്പുറത്തെ മനുഷ്യരും സ്നേഹിക്കാന്‍ കൊള്ളാവുന്നവരാണ് എന്ന ബോധ്യമുണ്ടാക്കിത്തരാനും അവര്‍ക്കു കഴിയും. നമ്മള് പുതിയ പലകാര്യങ്ങളും പഠിക്കുക സുഹൃത്തുക്കളില്‍ നിന്നാണ്. സാന്നിദ്ധ്യം കൊണ്ടുമാത്രം നമ്മെ ആഹ്ലാദിപ്പിക്കാന്‍ കഴിയുന്നയാളാണ് സുഹൃത്ത്. അതിനാല്‍ എനിക്കുപറയാന്‍ ഇത്രയേ ഉള്ളൂ. 50 വര്‍ഷം കഴിഞ്ഞ് പണ്ട് ഒപ്പം പഠിച്ചവരെയും കളിക്കൂട്ടുകാരെയും സോഷ്യല്‍ മീഡിയയില്‍ തിരയുന്നതിനേക്കാള്‍ നല്ലത് ഇപ്പോള്‍ തന്നെ അവരെ വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണ്. സ്നേഹം പങ്കുവെക്കുകയാണ്. ഓരോ ദിവസവും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള അവസരമായി കരുതുകയാണ്. എന്തെന്നാല്‍, സുഹൃത്ത് നമ്മെ കൂടുതല്‍ മനുഷ്യനാക്കുന്നു, പൂര്‍ണനാക്കുന്നു.