സ്നേഹസാന്ത്വനത്തിന്റെ നനുത്ത സ്പർശമായിരുന്നിരിക്കാം... അതോ അന്ത്യചുംബനമോ! എന്റെ കണ്ണുകൾ പരാജയപ്പെട്ടു കാമറയും.

ചില നേരങ്ങളിൽ ചില മൃഗങ്ങൾ ചില പ്രകടനങ്ങളിൽ മനുഷ്യനെ വിസ്മയിപ്പിക്കാറുണ്ട്‌. സഹജീവിസ്നേഹത്തിന്റെ കരുണയുടെ മാതൃകകൾ അരമണിക്കൂർനേരം കൊണ്ടവർ ലോകത്തിനുകാട്ടി മനുഷ്യരെ ഞെട്ടിച്ചു.

മലപ്പുറം പെരിന്തൽമണ്ണ റോഡിൽ വണ്ടിയിടിച്ച്‌ ഒരു പശു ചത്തുകിടക്കുന്നു. അതിനുചുറ്റും കുറെ പശുക്കൾ കൂടിനിൽക്കുന്നു എന്ന്‌ തൊട്ടടുത്തുള്ള മിൽമാബൂത്തിൽനിന്നൊരാൾ ഫോണിൽ വിളിച്ചറിയിക്കുമ്പോഴേ പാഞ്ഞു. ചത്ത പശുവും ഗതാഗതക്കുരുക്കും പ്രതീക്ഷിച്ചെത്തുമ്പോൾ കണ്ട കാഴ്ചയാവട്ടെ കണ്ണീരിൽ നനവുപടർത്തുന്ന ഒന്നും.

നിരയായി പോകുന്ന വണ്ടികളുടെ സൈഡിൽ അധികം ഓരത്തല്ലാതെ റോഡിൽ ചോരവാർന്ന്‌ കണ്ണുകൾ തുറിച്ച്‌ ഒരു പശു ചത്തുകിടക്കുന്നു. തൊട്ടടുത്ത്‌ റോഡിൽനിന്ന്‌ മാറാതെ വഴിയിൽ കിടക്കുന്ന പശുവിന്‌ സംരക്ഷണമെന്നപോലെ വലയംതീർത്ത്‌ മറ്റു പശുക്കൾ നിൽക്കുന്നു.

അവരിലൊരാൾ കുറേ അടുത്തുനിന്ന്‌ ചത്ത പശുവിന്റെ മൂക്കിൽ മുഖം ചേർക്കുന്നു. പിന്നെ കാലിൽ ചെറുതായി തട്ടും, ഉണർത്തുവാനെന്ന പോലെ വീണ്ടും മുഖം ചേർക്കും കാലിൽ വീണ്ടും തട്ടും. മറ്റ്‌ പശുക്കളെ നോക്കും അല്പനിമിഷത്തിനുശേഷം വീണ്ടും തട്ടി മുഖം ചേർത്ത്‌ അവർ നിന്നു.

വഴിയിൽ എതിരെയും നേരെയും വരുന്ന വാഹനങ്ങളെ അവർ ഭയന്നില്ല. നെടുങ്ങൻ ഹോണടികളെ അവർ വകവെച്ചില്ല. ഉറ്റചങ്ങാതിയോടുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായി അവർ റോഡിൽ നിലയുറപ്പിച്ചുനിന്നു. ഒപ്പം പുല്ലുതിന്ന്‌ നടന്നിരുന്ന ചങ്ങാതിയോടുള്ള സ്നേഹബന്ധത്തിന്റെയും സഹോദരബന്ധത്തിന്റെയും ആഴം.

കണ്ണിനുമുന്നിൽനിന്ന്‌ കാമറയെ അടർത്തിമാറ്റി കുറേനേരം കാഴ്ച കണ്ടുനിന്നു. ഉള്ളിലെവിടെയോ കൊളുത്തിവലിക്കുന്നു. 

അപകടത്തിൽപ്പെട്ടു മനുഷ്യൻ വഴിയിൽ വീണു കിടന്നാൽ വണ്ടി നിർത്താതെ പായുന്നു. ഇടിച്ചുവീഴ്‌ത്തിയാൽ പോലും വണ്ടി പോകുന്ന മനുഷ്യരുള്ള നാട്ടിലാണ്‌. താങ്ങിയെടുക്കാൻ കൈകൾ ഇല്ലാതിരുന്നിട്ടും ചുമലിലേറ്റി ആസ്പത്രിയിലേക്കോടാൻ കഴിയാതിരുന്നിട്ടും ഒരു ദുരന്തമുണ്ടായപ്പോൾ ചങ്ങാതിയെ വിട്ടകലാതെ ഓടിയൊളിക്കാതെ ഒപ്പം ചേർന്ന്‌ നിൽക്കുന്നു കുറെ നാൽക്കാലികൾ.

അവർ വിശുദ്ധഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല. കരുണയുടെയും അനുകമ്പയുടെയും സ്നേഹത്തിന്റെയും മകുടോദാഹരണങ്ങളെ അളവറ്റു പുകഴ്‌ത്തുന്ന ഖണ്ഡകാവ്യങ്ങളോ കവിതകളോ ലേഖനങ്ങളോ കേട്ടിട്ടില്ല. പ്രതിഷേധിക്കാനോ മുദ്രാവാക്യം മുഴക്കാനോ അവർക്ക്‌ കഴിവില്ല.

അപകടത്തിൽപ്പെട്ടുവീണ ചങ്ങാതിക്കൊപ്പം നിലയുറപ്പിച്ച്‌ മൗനത്തിന്റെ നാലു കാലിൽനിന്ന്‌ എല്ലാമറിയുന്ന ഇരുകാലികളെ അവർ വിസ്മയിപ്പിച്ചു കുറേ നേരത്തേക്കെങ്കിലും. വഴിയിൽ വീണുകിടക്കുന്ന മനുഷ്യനെ ഒഴിവാക്കി തിരക്കേറിയ റോഡിലൂടെ വണ്ടി ഒാടിച്ചുപോകുന്ന മനുഷ്യരെ കാണുമ്പോൾ അറിയാതെ ആ കാഴ്ചകൾ ഇന്നും ഓടിയെത്തും ഉള്ളിലേക്ക്‌.

എല്ലാ മനുഷ്യരും അങ്ങനെയാവില്ല. നന്മയുടെ. കരുണയുടെ കരങ്ങൾ ഇന്നും നാട്ടിൽ ജീവിക്കുന്നു. അവരെ മറക്കാനാവില്ല. എങ്കിലും ചില നേരങ്ങളിൽ ചില മനുഷ്യർ മൃഗങ്ങളെ ലജ്ജിപ്പിക്കും. ഒരുപക്ഷേ അവർക്കുവേണ്ടി കൂടിയാവും അനുകമ്പയുടെ പാഠവുമായി അവരങ്ങനെ കാത്തുനിന്നത്‌.

നഗരസഭാ ജീവനക്കാരെത്തി ചത്തപശുവിനെ വണ്ടിയിലേറ്റുന്നതുവരെ അവരാനില്പു തുടർന്നു. ഒടുവിൽ യാത്രയ്ക്കിടയിൽ മരണം തട്ടിയെടുത്ത സഹയാത്രികനെ പിരിഞ്ഞ്‌ യാത്ര തുടർന്നു.

ഒപ്പം പുല്ലുതിന്ന്‌ നടക്കുന്നതിനിടയിൽ പരസ്പരം കൊമ്പുകോർത്തിട്ടുണ്ടാകും. ഒരുമിച്ച്‌ അടിയേറ്റ്‌ പാഞ്ഞിട്ടുണ്ടാകും. പക്ഷേ കൂട്ടത്തിലൊരാൾ വാഹനമിടിച്ച്‌ വീണുപോയപ്പോൾ പേടിച്ച്‌ പായാൻ  ഓടി മാറാൻ ഉപേക്ഷിച്ച്‌ പോകാൻ അവർ ശ്രമിച്ചില്ല. ഒപ്പം നിന്നു. സാഹോദര്യത്തിന്റെ, സഹജീവി സ്നേഹത്തിന്റെ മഹനീയോദാഹരണങ്ങളായി.