മോര്‍ച്ചറിയുടെ കവാടത്തിലെ മരവിച്ച തണുപ്പില്‍ നില്‍ക്കുമ്പോള്‍ അവിടേക്കു നടന്നെത്തുന്ന പഴയൊരു കൂട്ടുകാരന്‍... മോര്‍ച്ചറിക്കുള്ളില്‍ അവന്‍ മകനായി കണ്ടിരുന്ന യുവാവിന്റെ  മൃതദേഹം... ഏറെക്കാലത്തിനു ശേഷം ബാലന്‍ എന്ന സുഹൃത്തിനെ മന്ത്രി വി എസ് സുനില്‍കുമാര്‍ കണ്ടുമുട്ടുന്നത് അത്തരമൊരു സാഹചര്യത്തിലായിരുന്നു. ബാലനെന്ന ആ കൂട്ടുകാരനെ കുറിച്ചും മറ്റു സുഹൃത്തുക്കളെ കുറിച്ചും ഓര്‍ക്കുകയാണ് ഈ സൗഹൃദദിനത്തില്‍ സുനില്‍കുമാര്‍. 

ബാലനെ കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് കേരളവര്‍മയില്‍ നിന്നാണ്. കോളേജിലെ മിന്നും താരമായിരുന്നു ബാലന്‍. കോളജ് മാഗസിന്‍ എഡിറ്റര്‍ കൂടിയായിരുന്ന ബാലനെ പ്രസരിപ്പിന്റെ പ്രതിരൂപമെന്നൊക്കെയേ വിശേഷിപ്പിക്കാന്‍ കഴിയൂ. കോളജ് പഠനത്തിനു ശേഷം ഓള്‍ ഇന്ത്യ റേഡിയോയിലായിരുന്നു ബാലന്‍ ജോലി ചെയ്തിരുന്നത്. പിന്നീട് ഡോക്യുമെന്ററി നിര്‍മാണത്തിലേക്ക് തിരിഞ്ഞു. . കോളജില്‍വച്ച് മെറൂണ്‍ നിറമുള്ളൊരു ഷര്‍ട്ട് ബാലന്‍ എനിക്ക് സമ്മാനിച്ചിരുന്നു... സുനില്‍കുമാര്‍ ഓര്‍മിക്കുന്നു.

കേരളവര്‍മ കോളജില്‍ നിന്ന് 1985-88 കാലത്താണ് സുനില്‍കുമാര്‍ ഫിലോസഫിയില്‍ ബിരുദം നേടുന്നത്. തുടര്‍ന്ന് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. കേരളവര്‍മയിലെ സൗഹൃദങ്ങള്‍ തിരഞ്ഞെടുപ്പിലും ഏറെ സഹായകമായിട്ടുണ്ടെന്ന് സുനില്‍കുമാര്‍ ഓര്‍ക്കുന്നു. പ്രചാരണത്തിനിടെ നൂറിലേറെ സുഹൃത്തുക്കളെ കാണാനും  സൗഹൃദം പുതുക്കാനും കഴിഞ്ഞു. കേരളവര്‍മയിലെ അന്നത്തെ കൂട്ടുകാരില്‍ ചിലര്‍ ഇന്നും സുനില്‍കുമാറിന്റെ നിഴലായി ഒപ്പമുണ്ട്. 

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ ടി.ആര്‍. അനില്‍കുമാര്‍, പി. ബാലചന്ദ്രന്‍ എന്നിവരാണ് അവരില്‍ ചിലര്‍. ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയിലെ ലൈബ്രേറിയനാണ് അനില്‍കുമാര്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ സുനില്‍കുമാറിന്റെ ഇലക്ഷന്‍ കമ്മറ്റി സെക്രട്ടറി ആയിരുന്നു ബാലചന്ദ്രന്‍.     

''കക്ഷിവ്യത്യാസത്തിനും അപ്പുറം സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എംപി, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദമാണുള്ളത്. കൂട്ടുകാരന്‍ മന്ത്രിയായി കൊടിവച്ച കാറില്‍ പോകുന്നതു കണ്ടു സന്തോഷിക്കുന്നവര്‍ മുതല്‍ നിന്നെ പോലീസുകാര്‍ സല്യൂട്ട് ചെയ്യുന്നതൊന്നു കാണട്ടെയെന്ന് പറയുന്ന രസികന്മാര്‍ വരെ സൗഹൃദവലയത്തിനുള്ളിലുണ്ട്. മന്ത്രിക്കസേരയില്‍ ഇരിക്കുന്നതു കാണാന്‍ ഓഫീസിലെത്തുന്നവരും കുറവല്ല''- സുനില്‍കുമാര്‍ പറയുന്നു.