എനിക്കും ഉണ്ടായിരുന്നു ഒരു കൂട്ടുകാരി. ഏഴാം ക്ലാസ്സു മുതല്‍ പത്തു വരെ ഒരുമിച്ച് എന്റെ നിഴലായ് സ്‌കൂളിലേക്കും അവിടെ നിന്നു തിരികെ വീട്ടിലേയ്ക്കും ഉള്ള വഴിയില്‍ കൂട്ടായവള്‍. പത്താം ക്ലാസ്സു പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂരിലേക്കു പോയ കൂട്ടുകാരി... പ്രിയ എന്നായിരുന്നു അവളുടെ പേര്. അധികം ഉയരമില്ലാത്ത, പഴയ സിനിമാ നടിമാരെ പോലെ കണ്ണെഴുതുന്ന, മുഖത്തെ എണ്ണമയം പൗഡര്‍ ഇട്ടു മായ്ച്ചിരുന്ന എന്റെ കൂട്ടുകാരി. 

എനിക്ക് അവള്‍ ആരായിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും കാലത്തു ഒരു ചെറിയ കാര്യമായിരിക്കാം. എന്നാല്‍... അവളെന്റെ അറിവിന്റെ വിജ്ഞാനകോശമായിരുന്നു, എന്റെ ബ്യൂട്ടീഷന്‍ ആയിരുന്നു (കണ്‍മഷിയും പൗഡറും ചാന്ത്‌പൊട്ടും, ഐബ്രോപെന്‍സില്‍, വിഐപി ആയ സ്റ്റിക്കര്‍ പൊട്ട് ഇതടങ്ങുന്നതായിരുന്നു മേക്കപ്പ് കിറ്റ്). എന്റെ ഉപദേശിയായിരുന്നു അവള്‍.

ചില വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ നേരത്തെ വിടുമ്പോള്‍ ഞങ്ങള്‍ ചില സാഹസിക യാത്രകള്‍ നടത്തുമായിരുന്നു. സാധാരണ പോവുന്ന വഴികളിലൂടെ അല്ലാതെ ചില വളഞ്ഞ വഴികളിലൂടെ. നിലത്തു പരവതാനി വിരിച്ച കാട്ടുചെമ്പക പൂവും പഴുത്ത ചടച്ചിക്കായയും, വാളന്‍ പുളിയും നെല്ലിക്കയും പെറുക്കി. പണിയ കോളനിയിലെ കുട്ടികള്‍ പാടുന്ന "ആരുവന്നു കൊണ്ടു പോവും രാവിലെ അതിരാവിലേ..." എന്ന പാട്ടു അവരുടെ ശൈലിയില്‍ പാടി... അങ്ങനെ അങ്ങനെ... 

വയല്‍ നികത്തുന്നതിനെതിരെ ആദ്യമായി പ്രതിഷേധിച്ച വ്യക്തി അവളായിരിക്കാം. വയലില്‍ നട്ടുവച്ച തെങ്ങിന്‍ തൈകളും കമുകിന്‍ തൈകളും ചവിട്ടി മെതിച്ചു, വഴിവക്കിലെ മണ്‍തിട്ടകളില്‍ പടര്‍ന്നു വളരുന്ന പേരറിയാത്ത കാട്ടുചെടി പശപ്പുള്ള തിരിയില്‍ നീര്‍ത്തുള്ളിയുമായി ഞാന്നു നില്‍ക്കും.അവ പറിച്ചെടുത്തു നിറയെ മഷിയെഴുതിയ കണ്ണില്‍ വച്ച് അടച്ചു തുറക്കുമ്പോള്‍ നീല ശംഘു പുഷ്പം പോലുണ്ടാവും പ്രിയയുടെ കണ്ണുകള്‍. 

'നീലക്കടമ്പുകളില്‍ നീല കണ്‍പീലികളില്‍...' എന്ന പാട്ട് ഓര്‍മ്മ വരുമായിരുന്നു എനിക്കപ്പോള്‍. അമ്മയും കുഞ്ഞമ്മയും 'പുറത്തായി' എന്നു പറയുന്നതില്‍ ഒളിഞ്ഞിരിക്കുന്ന പെണ്‍രഹസ്യം എനിക്ക് പറഞ്ഞു തന്നത് പ്രിയ ആയിരുന്നു. എന്നേക്കാള്‍ മുന്‍പേ ഋതുമതിയായത് അറിവിന്റെ സാഗരമായ പ്രിയ ആയിരുന്നു, എന്റെ ഉപദേശക. ഞാന്‍ ഋതുമതി ആയത് ആദ്യമായി അറിയിച്ചത് പ്രിയയെ ആയിരുന്നു. 

സാനിറ്ററി പാഡുകള്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്ത് തുണി എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞു തന്നത് പ്രിയ ആയിരുന്നു! അത് എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ള പരിചയമില്ലായ്മ അമ്മ കയ്യോടെ പിടിക്കുകയുണ്ടായി. അമ്മയുടെ ഉപദേശങ്ങളേക്കാള്‍ ഞാന്‍ എന്നും വിലമതിച്ചത് പ്രിയയുടെ ഉപദേശങ്ങള്‍ക്കായിരുന്നു. എന്നാല്‍ പഠനത്തില്‍ അത്ര മിടുക്കി അല്ലായിരുന്നു പ്രിയ. 

നന്നായി പാടുമായിരുന്ന പ്രിയ ശ്രീലങ്ക പ്രക്ഷേപണനിലയത്തിന്റെ സ്ഥിരം ശ്രോതാവായിരുന്നു. ലതിക എന്ന അനൗണ്‍സറുടെ "സമയം മൂന്നുമണി കഴിഞ്ഞ് മുപ്പതു നിമിടം" എന്ന സംഭാഷണം മനോഹരമായി അനുകരിക്കുമായിരുന്നു പ്രിയ. സഭാകമ്പമുണ്ടായിരുന്ന അവളുടെ ഗാനങ്ങള്‍ ഞാന്‍ അവതരിപ്പിച്ച സമ്മാനം വാങ്ങുന്നത് നോക്കി നിന്നിട്ടുണ്ട്. പിച്ചിപ്പൂവ് സന്ധ്യക്ക് ചൂടിയാല്‍ ഗന്ധര്‍വ്വന്‍ വരും എന്നു പറഞ്ഞു തന്നതും പ്രിയ ആയിരുന്നു. 

എന്നും ഗന്ധര്‍വനെ പുണരാന്‍ ഭാഗ്യം ലഭിച്ച ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്ന പിച്ചി ഉണ്ടായിരുന്നു പ്രിയയുടെ വീട്ടില്‍. അതില്‍ നിന്നും പിച്ചിമൊട്ട് മുടിയില്‍ തിരുകി റേഡിയോയില്‍ രാത്രി 10.30 നുള്ള ഗാന തരംഗിണി വച്ച് കാത്തിരിക്കുമായിരുന്നു ഞാന്‍. ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു എന്നുള്ള പാട്ട് പിച്ചിപ്പൂമണത്തിനൊപ്പം മുറിയില്‍ പരക്കുമായിരുന്നു. ഒരുപക്ഷേ ഞാന്‍ സുന്ദരി ആവാത്തതിനാലാവാം ഒരു ഗന്ധര്‍വനും എന്നെ തേടി വന്നില്ല!

ഇതിനെല്ലാം പ്രതിഫലമായി എന്റെ വളര്‍ത്തു പൂച്ചയെ ഞാന്‍ പ്രിയക്ക് സമ്മാനിച്ചു. പക്ഷേ പൂച്ച തിരികെ എന്റെയടുക്കല്‍ തന്നെ എത്തി. വഴിയരികിലുള്ള പൂവാലന്മാരെ ചമതകന്‍, കോന്തി, മണവാട്ടി, പൊന്നി തുടങ്ങിയ പേരിട്ടു രഹസ്യമായി പരിഹസിച്ചിരുന്നു. അവരുടെ മുമ്പില്‍ ഒറ്റക്ക് ചെന്നുപെടാനുള്ള ധൈര്യം ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പില്‍ പെടാനുള്ള ധൈര്യം അവര്‍ക്കും ഉണ്ടായിരുന്നില്ല. 

എന്നിരുന്നാലും ഇന്നത്തെ പോലെ പീഡന- ബലാത്സംഗങ്ങള്‍ ഞങ്ങള്‍ അന്ന് കേട്ടിരുന്നില്ല, അല്ലെങ്കില്‍ അതിനെപ്പറ്റി അറിവുണ്ടായിരുന്നില്ല. ടിവിയും പത്രവും അപൂര്‍വമായിരുന്നു. മംഗളവും മനോരമയും വൈകുന്നേരം മാത്രമേ വാങ്ങാവൂ എന്നുള്ള കല്‍പന രഹസ്യമായി രാവിലെയാക്കി മാറ്റി ഇന്റര്‍വെല്‍ സമയത്തു യുദ്ധകാലാടിസ്ഥാനത്തില്‍ വായിച്ചു തീര്‍ക്കുമായിരുന്നു ഞങ്ങള്‍. എന്നും ഉടുത്തൊരുങ്ങി ചമഞ്ഞു സിനിമാതാരങ്ങളെ പോലെ വരുന്ന ടീച്ചര്‍മാരെ ഞങ്ങള്‍ക്ക് പുച്ഛമായിരുന്നു. അവരുടെ നിറഭേദങ്ങള്‍ ആസ്വദിച്ചു ഞങ്ങളുടെ പഠനവര്‍ഷങ്ങള്‍ ഓരോന്നായി കടന്നു പോയി. 

ബര്‍ണാഡ് ഷായുടെ 'He who can, does he who cannot teaches' എന്ന് ശരിവെച്ചത് ഞങ്ങള്‍ ആയിരിക്കും. അതിനാലാവാം ബി-എഡ്ഡിനു അയക്കാന്‍ വീട്ടുകാര്‍ 18 അടവുo പയറ്റിയിട്ടും എനിക്കതിനു കഴിയാതെ വന്നത്. ഇഴ പിരിഞ്ഞ നദി പോലെ പല മേഖലയില്‍ ഞാന്‍ എത്തിയപ്പോള്‍ എവിടെയോ വച്ച് പിയര്‍ ഇന്‍ഫ്‌ലുവന്‍സിനെ (Peer influence)പറ്റി പഠിക്കാനും പ്രവര്‍ത്തിക്കാനും ഇടയായി. പിയര്‍ എഡ്യൂക്കേഷന്‍ അല്ലെങ്കില്‍ എഡ്യൂക്ഷന്‍ ത്രൂ പിയര്‍ എന്നുള്ളത് പ്രിയയിലൂടെ ഞാന്‍ തിരിച്ചറിഞ്ഞു.

പത്താം ക്ലാസിനു ശേഷം പ്രിയയുടെ വീട്ടുകാര്‍ കണ്ണൂരിലേക്കു പോയി. വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയയുടെ വീട്ടിനടുത്തുള്ള കോളനിയില്‍ പോളിയോ വിതരണത്തിന് പോയി. പക്ഷെ ആ മണ്‍തിട്ട കോണ്‍ക്രീറ്റ് മതിലായി മാറിയിരുന്നു. ഗന്ധര്‍വനെ ആകര്‍ഷിക്കാന്‍ പിച്ചിപ്പൂ നല്‍കിയ പിച്ചകം അവിടെ ഇല്ലായിരുന്നു. എല്ലാം മാറി ഒരു പാട്... ഒരു പാട്... പക്ഷെ ഇന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രിയയുടെ ഓര്‍മ്മകള്‍ എന്നെ ആ കൗമാരക്കാരി ആക്കുന്നു.

നാല്‍പതുകളുടെ നരപടര്‍ന്ന എന്റെ തലമുടി കറുക്കുന്നതായും കൗമാരത്തിന്റെ മുഖക്കുരു പൂക്കുന്നതായും എനിക്ക് തോന്നുന്നു. സിമന്റ് മതിലുകള്‍ നാം നടന്നു പോയ പഴയ മണ്‍തിട്ടകളായത് പോലെയും ഒരായിരം നീര്‍ത്തുള്ളികള്‍ മഴവില്ലിന്റെ നിറമാര്‍ന്ന വിളിക്കുന്നത് പോലെയും എനിക്ക് തോന്നുന്നു. ചെന്നൈയിലെ ശീതീകരിച്ച ഓഫീസ് സമുച്ചയത്തിനു മുകളിലൂടെ നരച്ച ആകാശത്തിന്റെ മീതെ ഒരു മഴവില്ലു പോലെ പ്രിയുടെ ഓര്‍മ്മകള്‍ എന്നെ കണ്ണുനീരണിയിക്കുന്നു... നീയെനിക്കു പറിച്ചു നല്‍കിയ കണ്ണൂനീര്‍ തുള്ളി പോലെ...