സൗഹൃദം ഉത്തരവാദിത്തവുമാണ്... 

ഇവിടെ തളിരിടുന്ന സൗഹൃദത്തിന് അതിരുകള്‍ ഇല്ല... വര്‍ണ- വര്‍ഗ്ഗ- ലിംഗ പരിഗണനകളില്ല... സൗഹൃദം സ്വാതന്ത്ര്യവും ആഘോഷവും ഉത്തരവാദിത്വവുമാണെന്ന തിരിച്ചറിവിന്റെ നിറവിലാണ് ഇവിടെ ഓരോ സൗഹൃദവും രൂപം കൊള്ളുന്നത്... സൗഹൃദത്തിന് രാഷ്ട്രീയം ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. ആരോഗ്യകരമായ സൗഹൃദത്തിന്റെ മുദ്ര പേറുന്ന കലാലയം. യൂണിവേഴ്‌സിറ്റി കോളേജ്... 

തസ്ലീം താജുദീന്‍ ടി.കെ. 
ഇസ്ലാമിക് ഹിസ്റ്ററി, 
യൂണിവേഴ്‌സിറ്റി കോളേജ് പാളയം, 
തിരുവനന്തപുരം.

ക്യാന്റീനിലെ സെല്‍ഫിക്കൂട്ടം

കാലിപ്പേഴ്സിന്റെ അടിത്തട്ടില്‍ നിന്നും തപ്പിയെടുത്ത നാണയത്തുട്ടുകള്‍ കൂട്ടിയെടുത്ത് രണ്ടു ഗ്ലാസ് ചായയും വടയും അകത്താക്കിക്കഴിഞ്ഞപ്പോഴാണ് ഒരു സെല്‍ഫിയെടുക്കാമെന്നോര്‍ത്തത്... ക്ലിക്ക്... ഞങ്ങളുടെ സെല്‍ഫി ക്ലിക്കുകളുടെയും ചൂടുപിടിച്ച ചര്‍ച്ചകളുടെയും സ്ഥിരം ബാക്ക്ഗ്രൗണ്ടാണ് ഈ ക്യാന്റീന്‍. 

ഞാനും അച്ചുവും (അശ്വതി) മിന്നയും (മിഥുന) ഐഷുവും (ഐശ്വര്യ) കുട്ടനും (ദീപ്തി) ആരതിയുമൊക്കെ വട്ടം കൂടിയിരുന്ന് സൊറ പറയുന്ന ഞങ്ങളുടെ സ്വന്തം താവളം. വടയിലെ തുളയുടെ വലിപ്പം മുതല്‍ ആരതി ചൊല്ലുന്ന കവിതയ്ക്ക് താളം പിടിച്ച് ഇത്തിരി സാഹിത്യം വരെ സംസാരിക്കുന്ന സ്ഥലം. ക്യാമ്പസിലെ ഓരോ ദിവസവും രുചി കൂട്ടാന്‍ ഇവിടുത്തെ ചായയ്ക്കും വര്‍ത്തമാനത്തിനും കഴിയും.

friendship day

മൂന്നു വയസ്സുണ്ട് ഞങ്ങളുടെ ഈ ചങ്ങാതിക്കൂട്ടത്തിന്. കളിച്ചും ചിരിച്ചും പരസ്പരം കളിയാക്കിയും തല്ലു കൂടിയുമൊക്കെ നിമിഷങ്ങളായിപ്പോയ മൂന്നു വര്‍ഷങ്ങള്‍ മതി ജീവിതത്തിന് നിറം പകരാന്‍...

ശ്രീജിത പി.എസ്.
മാഗസിന്‍ എഡിറ്റര്‍,
മൂന്നാം വര്‍ഷ ബി.എ. ഇംഗ്ലീഷ്,
ഗവ. കോളേജ് ഫോര്‍ വിമെന്‍ വഴുതക്കാട്, 
തിരുവനന്തപുരം.