അർധരാത്രിയിലാണ് വാച്ച്മാനായ ഹോർഹെ ഗ്രിസെയിൽസിന്റെ ഷിഫ്റ്റ് തുടങ്ങുക. അപ്പോഴേക്കും ന്യൂയോർക്ക്‌ എന്ന മഹാനഗരം തളർന്നിട്ടുണ്ടാകും. വന്ന നാൾമുതൽ ഒരു വൃദ്ധനെ ഗ്രിസെയിൽസ് ശ്രദ്ധിക്കാറുണ്ടായിരുന്നു.

പാതിരാ കഴിയുമ്പോൾ ആ മനുഷ്യൻ പതുക്കെ ഇറങ്ങുകയായി. ഗ്രിസെയിൽസിന്റെ ജോലിസ്ഥലത്തിനടുത്തു കൂടെ ആറടിക്കു മേൽ പൊക്കമുള്ള ആ വൃദ്ധൻ നടന്നുപോകും. നിലത്തുകിടക്കുന്ന ചവറുകൾ വാരി കുട്ടയിലിട്ടുകൊണ്ടായിരുന്നു അയാളുടെ സഞ്ചാരം.

ഒരുദിനം, ആ മനുഷ്യൻ ഗ്രിസെയിൽസിനെനോക്കി കൈ വീശി. അയാൾ അങ്ങോട്ടുചെന്നു. ഗ്രിസെയിൽസ് സുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ വൃദ്ധൻ കൈയിലിരുന്ന ചെറിയ തുണ്ട് കടലാസിൽ എഴുതിക്കാണിച്ചു: ‘എന്റെ പേര് ബേൺഹാർട്ട്‌. ബെൻ എന്നുവിളിക്കാം. എനിക്ക്‌ സംസാരിക്കാൻ കഴിയില്ല. പക്ഷേ, കേൾക്കാനാകും.’

വളരെ ചെറിയ ആ സംഭാഷണം പക്ഷേ, വലിയൊരു ബന്ധത്തിന്‌ തുടക്കംകുറിച്ചു. അവരുടെ കൂടിക്കാഴ്ചകൾ പതിവായി. ഒരാളുടെ മൊഴിക്ക് അപരന്റെ മറുപടി അക്ഷരം. ഗ്രിസെയിൽസ്‌ പറയുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ബെൻ മറുപടി ചെറിയ തുണ്ടു കടലാസുകളിൽ എഴുതിക്കാണിക്കും. ചിലതിനൊക്കെ ശബ്ദമില്ലാതെ ചുണ്ടുകൾകൊണ്ട് മറുപടിപറയും. 

രണ്ടു വർഷത്തോളം തങ്ങൾ മാത്രമുള്ളൊരു ലോകം ബെന്നും ഗ്രിസെയിൽസും കെട്ടിപ്പടുത്തു. ഗ്രിസെയിൽസിനൊപ്പം ജുവാൻ ഏരിയസ് എന്നയാൾ പുതുതായി ജോലിക്കുചേർന്നതോടെ അതൊരു മൂവർസംഘമായി.

ബെന്നിനെക്കുറിച്ച്‌ ഏരിയസും ഗ്രിസെയിൽസും മനസ്സിലാക്കിയത് ഇത്രമാത്രം: ബെൻ ജനിച്ചത് 1932-ൽ. ജർമനിയിൽ നിന്നു വന്നു. അയോവയിലെ ഡാവെൻപോർട്ടിൽ താമസമാക്കിയവരാണ് മാതാപിതാക്കൾ. വിമുക്തഭടനാണ്. കൊറിയൻയുദ്ധത്തിൽ ബെൻ അമേരിക്കയ്ക്കുവേണ്ടി യുദ്ധംചെയ്തിട്ടുണ്ട്.

ഒരു സഹോദരിയുണ്ടായിരുന്നു. മരിച്ചു പോയി. ബന്ധുക്കളാരുമില്ല. വിവാഹം കഴിച്ചിട്ടില്ല. ന്യൂയോർക്കിൽ വന്നതിനുശേഷം ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്‌മാനായി ജോലിചെയ്തു. ക്ലാസിക്കൽസംഗീതവും ഓപ്പെറയും ഇഷ്ടപ്പെടുന്നു. 1983-ൽ ശ്വാസനാളദ്വാരത്തിലെ ചില ചെറിയ മുഴകൾ മാറ്റാനുള്ള സർജറിയിൽ സംസാരശേഷി നഷ്ടപ്പെട്ടു. 

ഗ്രിസെയിൽസും ഏരിയസും ജോലിചെയ്തിരുന്ന കെട്ടിടത്തിനടുത്ത് ജെ.ജി. മെലൺ എന്ന റെസ്റ്റോറൻറിനുമുകളിലുള്ള ഒരു ഒറ്റമുറി കെട്ടിടത്തിൽ ദിവസം പത്തുഡോളർ വാടകയ്ക്ക് താമസിക്കുകയാണ് ബെൻ. മുഴുവൻ പേര് ബേൺഹാർട്ട്‌ വിച്മൻ III.

ഏരിയസിന്‌ ബെന്നിനെക്കുറിച്ച്‌ പറയാനുണ്ടായിരുന്നതും ഇത്ര മാത്രം: ‘ദുഃഖിക്കാൻ കാരണങ്ങൾ ധാരാളമുണ്ടായിരുന്നു ബെന്നിന്‌. എന്നിരുന്നാലും ഒരിക്കൽപ്പോലും അയാളെ ദുഃഖിതനായി കണ്ടിരുന്നില്ല. താമസിച്ചിരുന്ന ഈസ്റ്റ് സെവൻത് സ്ട്രീറ്റിലെ എല്ലാവർക്കും ബെന്നിനെ അറിയാമായിരുന്നു.

അവരുടെ വളർത്തുമൃഗങ്ങളെ കണ്ടാൽ  തലോടുന്ന സ്വഭാവമുണ്ടായിരുന്നു ബെന്നിന്‌. ഗ്രിസെയിൽസിന്റെ ഭാഷയിൽപ്പറഞ്ഞാൽ ‘ബെൻ എപ്പോഴും പുഞ്ചിരിച്ചു. ഒരിക്കൽപ്പോലും ഒരുകാര്യത്തിലും പരാതിയില്ല. അയാൾ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ടേയിരുന്നു.’

ഏരിയസിനും ഗ്രിസെയിൽസിനും പാതിരകളിൽ ബെൻ സ്പാനിഷ് പത്രങ്ങളും കാപ്പിയും നല്കി. ഗ്രിസെയിൽസിന്‌ ഇംഗ്ലീഷ് അത്ര അനായാസം കൈകാര്യം ചെയ്യാൻ അറിയുമായിരുന്നില്ല. അതുകൊണ്ടുമാത്രമാണ് ആളുകളുമായി കുറച്ച്‌ സംസാരിക്കേണ്ടിവരുന്ന അർധരാത്രിയിലെ ഷിഫ്റ്റ് അയാൾ തിരഞ്ഞെടുത്തത്.

പക്ഷേ, രാത്രിയിൽ ആ നിരത്തൊരു പാഠശാലയായി. ഗ്രിസെയിൽസിനെ നന്നായി ഇംഗ്ലീഷ് കൈകാര്യംചെയ്യാൻ ബെൻ പഠിപ്പിച്ചു. അതുകാരണം തന്നെ മറ്റു ഷിഫ്റ്റുകളിൽ ജോലിചെയ്യാൻ ഗ്രിസെയിൽസിന്‌ സാധിച്ചു. ഇത് വലിയ മാറ്റമാണ് ഗ്രിസെയിൽസിന്റെ ജീവിതത്തിൽവരുത്തിയത്.

ഏരിയസും ഗ്രിസെയിൽസും ബെന്നിന്‌ സമ്മാനങ്ങൾ നൽകാറുണ്ടായിരുന്നു. ചിലപ്പോൾ ഷൂസ്, ചിലപ്പോൾ ഷർട്ട്‌. ബെന്നിനെ പരിചയമുള്ള അയൽക്കാരും ചിലപ്പോഴൊക്കെ അതുപോലുള്ളവ നൽകി. ന്യൂസ് ഡെയുടെ റിപ്പോർട്ടറും അയൽക്കാരിയുമായിരുന്ന ജോഅൻ ഗ്രല്ല ബെന്നിന്‌ സ്വെറ്ററുകളും തൊപ്പികളും മഞ്ഞനിറത്തിലുള്ള റെയിൻ കോട്ടുമാണ് സമ്മാനിച്ചത്.

മെട്രോപ്പൊളിറ്റൻ ഓപ്പെറയ്ക്കുള്ള ടിക്കറ്റ് വർഷങ്ങളോളം വാങ്ങിക്കൊടുത്തതും ജോഅൻ ഗ്രെല്ല തന്നെ. തന്റെ വളർത്തുനായയും ബെന്നിന്റെ ഇഷ്ടക്കാരനുമായ  ക്ലെമൻറൈൻ വാശിപിടിച്ച് ടിക്കറ്റ് വാങ്ങി നൽകുകയായിരുന്നുവെന്ന്‌ ജോഅൻ ബെന്നിനോട് കളി പറഞ്ഞു.

തന്റെ ഏറ്റവും നല്ല വസ്ത്രമണിഞ്ഞാണ് ബെൻ ഓപ്പെറയ്ക്ക് പോകാറുള്ളത്. സംസാരശേഷിയില്ലാത്ത ആ മനുഷ്യന്‌ ഒരുപറ്റം സുഹൃത്തുക്കൾ ഭാഷയും കാഴ്ചയുമായി മാറുകയായിരുന്നു. ബെന്നിന്‌ ചില അസുഖങ്ങൾ ഉണ്ടായിരുന്നു. ഡോക്ടർമാരെ കാണാൻ ഏരിയസും ഗ്രിസെയിൽസും ബെന്നിനെ സഹായിച്ചു. അത്യാവശ്യമായി ഡോക്ടറെ കാണേണ്ടി വന്നാൽ അതയാൾ അവരെ അറിയിക്കുന്നത് ചുവന്ന മഷിയിൽ എഴുതിയാണ്.

2015 ആഗസ്ത്. ബെന്നിന്‌ പതിവുപോലെ ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇല്ലാത്ത വസ്തുക്കളെ അയാൾ കാണാൻ തുടങ്ങി. മേൻഹട്ടനിലെ ആരോഗ്യ കേന്ദ്രത്തിലെ എം.ആർ.ഐ. പരിശോധന കഴിഞ്ഞ്‌ പുറത്തിറങ്ങുമ്പോൾ പതിവുപോലെ അവിടത്തെ ടെക്‌നീഷ്യനോട് ‘താങ്ക്യു’ എന്ന്‌ ശബ്ദമില്ലാതെ പറയാൻ ശ്രമിച്ചപ്പോൾ ബെന്നിനെത്തന്നെ അദ്‌ഭുതപ്പെടുത്തിക്കൊണ്ട് 32 വർഷമായി എവിടെയോ ഒളിഞ്ഞിരുന്ന ശബ്ദം അയാൾ അറിയാതെതന്നെ പുറത്തുവന്നു.

അയാളെ ലോകം കേട്ടു. പണ്ടത്തെ സർജറിയിൽ വോക്കൽകോഡിന്‌ സംഭവിച്ച തകരാർ ഒരുപക്ഷേ, കാലങ്ങൾകൊണ്ട് തനിയേ   ശരിയായതാകാമെന്നാണ് ഡോക്ടർമാർ വിശ്വസിക്കുന്നത്. സംസാരിക്കാനുള്ള കഴിവ് തിരിച്ചുകിട്ടിയ ബെൻ ആദ്യമായി ആവശ്യപ്പെട്ടത് ഫോൺ ചെയ്യാനുള്ള സൗകര്യമാണ്.

അയാൾ ഗ്രിസെയിൽസിനെ വിളിച്ചു. ഒരു പാതിരാവിൽ സമ്മാനംപോലെ കിട്ടിയ സൗഹൃദത്തിനു തന്നെയാകട്ടെ ആദ്യത്തെ വിളി. ആഹ്ലാദത്തിൽ വിറകൊണ്ട വാക്കുകളിൽ ബെൻ പറഞ്ഞു: ‘‘ഹായ്, ഹോർഹെ ഇത്‌ നിങ്ങളുടെ സുഹൃത്ത് ബെൻ ആണ്.’’ പരുപരുത്ത ശബ്ദംകേട്ട് ഗ്രിസെയിൽസ്‌ പകച്ചു. ‘‘എനിക്കാ പേരിൽ ഒരു സുഹൃത്തുണ്ട്. പക്ഷേ, അയാൾക്ക് സംസാരിക്കാൻ കഴിയില്ല.’ ഗ്രിസെയിൽസ്‌ തറപ്പിച്ചുപറഞ്ഞു.

‘‘ആ സുഹൃത്ത് ഞാൻ തന്നെ, ഇപ്പോൾ എനിക്ക്‌ സംസാരിക്കാൻ കഴിയും’’. തനിക്കു സംഭവിച്ചതെന്തെന്ന്‌ ബെൻ ഗ്രിസെയിൽസിനെ പറഞ്ഞു മനസ്സിലാക്കി. വിവരമറിഞ്ഞു ഏരിയസും അവിശ്വസനീയതയോടെ ബെന്നിനെ കാണാൻ ചെന്നു. ‘‘ഹായ് ജുആൻ, എന്തുണ്ട് വിശേഷം’’ എന്ന ചോദ്യം ബെന്നിൽ നിന്ന്‌ നേരിൽക്കേട്ട്‌ തരിച്ചിരുന്നു ഏരിയസ്.

വിവരമറിഞ്ഞ്‌ തെരുവാകെ സന്തോഷത്തിലാറാടി. ബെന്നിന്‌ ശബ്ദം തിരിച്ചു കിട്ടിയത് ഒരു വലിയ ദിവ്യാദ്‌ഭുതമായി അവർ കരുതി. ബെന്നാകട്ടെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ശബ്ദം ഇനിയും നഷ്ടപ്പെടുമെന്ന്‌ പേടിയുണ്ടോയെന്ന്‌ ചോദിച്ചപ്പോൾ അതിൽ തനിക്ക്‌ വലിയ ആകുലയില്ലെന്നും പക്ഷേ, കാഴ്ചശക്തി എന്നുമുണ്ടായിരിക്കണമെന്നാണ് ആഗ്രഹമെന്നുമായിരുന്നു അയാളുടെ മറുപടി.

പക്ഷേ, ആ സന്തോഷം കൂടുതൽനാൾ അനുഭവിക്കാൻ ബെന്നിനും സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ബെന്നിന്‌ നേരത്തേ വന്നുപോയ പ്രോസ്റ്റേറ്റ് കാൻസർ തിരിച്ചുവന്നു.  രണ്ടുമാസത്തിനുശേഷം ബെൻ ആസ്പത്രിയിലായി. അയാളുടെ പഴയ അയൽക്കാരി ഒരു റേഡിയോ വാങ്ങിക്കൊടുത്തു.

ഏരിയസും ഗ്രിസെയിൽസും ആഴ്ചയിൽ പല പ്രാവശ്യം ബെന്നിനെ ചെന്നുകണ്ടു. ആസ്പത്രിക്കിടക്കയിലും ബെന്നിന്‌ പുഞ്ചിരിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. ‘വ്യാകുലപ്പെടാതിരിക്കുക, എപ്പോഴും സന്തോഷവാനായിരിക്കുക’  ബെന്നിൽനിന്ന്‌ പഠിച്ച പാഠം ഇതാണെന്ന്‌ ഏരിയസ് പറയുന്നു.

‘ഇനി എന്താണ് ആഗ്രഹം എന്നായിരുന്നു’ ആസ്പത്രിക്കിടക്കയിൽ ബെന്നിനോട് സുഹൃത്തുക്കൾ ചോദിച്ചത്. ആരെങ്കിലും ‘പ്ലീസ് ഷട്ട് അപ്പ്’ എന്ന ആ മൂന്നുവാക്കുകൾ ഒന്നെന്നോട് പറഞ്ഞിരുന്നെങ്കിൽ എന്നായിരുന്നു ബെന്നിന്റെ മറുപടി. സംസാരിക്കാൻ അയാൾ അത്രയും കൊതിച്ചിരുന്നെന്ന്‌ സാരം.

തന്റെ ചെറിയ മുറിയിലേക്ക്‌ തിരിച്ചുവരുമെന്ന്‌ ബെൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. പക്ഷേ, വിധി മറിച്ചായി. ഈ വർഷം ജൂലായിെല ഏഴാംനാൾ ബെൻ ആരോടും പരിഭവമില്ലാതെ മരിച്ചു. പണമായി കൈയിലുണ്ടായിരുന്നത് വെറും രണ്ടുഡോളർമാത്രം.
ബെന്നിന്റെ അവസാനചടങ്ങുകൾ നടത്താനും സംസ്കരിക്കാനും ബന്ധുക്കൾ ആരുമില്ലാത്തതുകൊണ്ട് ഏരിയസും ഗ്രിസെയിൽസും ആ ചുമതല ഏറ്റെടുത്തു.

ഗ്രിസെയിൽസും ഏരിയസും വിചാരിച്ചതിലുമധികമായിരുന്നു സംസ്കാരത്തിനുള്ള തുക. അവർ നാട്ടുകാരോട് സഹായം അഭ്യർഥിച്ചു. രണ്ടുദിവസംകൊണ്ട് ആവശ്യമായ പണം അവർക്ക്‌ സമ്പാദിക്കാൻ കഴിഞ്ഞു. വിമുക്തഭടനായിരുന്നതിനാൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ. ബെന്നിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു ചെയ്തത്.

ഏരിയസും ഗ്രിസെയിൽസും കുടുംബത്തോടൊപ്പമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.  അവരെക്കൂടാതെ രണ്ട് സ്ത്രീകളും ബെൻ ചാരമാകുന്നത് കണ്ടുനിന്നു. ഔദ്യോഗിക ബഹുമതികൾക്കുശേഷം അമേരിക്കയുടെ കൊടിമടക്കി ബന്ധുവെന്നനിലയിൽ ഗ്രിസെയിൽസ് ഏറ്റുവാങ്ങി.

ഒരു വലിയ ഫ്രെയിമിൽ ബെന്നിന്റെ പേര് ആലേഖനം ചെയ്ത ആ കൊടി, വീട്ടിൽ എപ്പോഴും കാണാൻ സാധിക്കുന്ന ഒരിടത്ത് സൂക്ഷിക്കാനാണ് ഗ്രിസെയിൽസിന്റെ തീരുമാനം. കാരണം, ബെൻ എന്ന ബേൺഹാർട്ട്‌ വിച്മൻIII എന്ന പേര് എത്രയോ പാതിരകൾ കഴിഞ്ഞാലും അയാളെ നോക്കി ചിരിച്ചുകൊണ്ടിരിക്കും... ഈ ലോകത്തോട് കലപില മിണ്ടിക്കൊണ്ടിരിക്കും... പ്രകാശം പരത്തിക്കൊണ്ടേയിരിക്കും...