ല്ലാ ദിവസവും കാണും. നടത്തത്തിനിടെ ഒരു ചെറുപുഞ്ചിരി. രണ്ടാംദിവസം ചിരിയ്‌ക്കൊപ്പമൊരു ഹായ്. അങ്ങനെ പോകെ ഒരു ദിവസത്തെ ഇടവേളയുണ്ടാകും. ' എവിടെയായിരുന്നു? ഇന്നലെ കണ്ടില്ലല്ലോ?' പൊതുഇടങ്ങളില്‍ ആണുങ്ങളുടെ സൗഹൃദം ജനിക്കുന്നതിങ്ങനെയാണ്. തിരുവനന്തപുരം നഗരമദ്ധ്യത്തിലും ഇതില്‍ എതിരഭിപ്രായമില്ല.

മൂന്നരയാകുമ്പോള്‍ മുതല്‍ കൂട്ടുകാരുടെ നെഞ്ചുപിടച്ചു തുടങ്ങും. എവിടെപ്പോയാലും മ്യൂസിയം വളപ്പിലെത്തണം. അഞ്ചര മണിവരെ അവര്‍ വന്നുകൊണ്ടിരിക്കും. 25 പേരെങ്കിലുമടങ്ങുന്ന ആ സൗഹൃദ കൂട്ടായ്മയില്‍ 65 വയസ്സാണ് ശരാശരി പ്രായം. ഭൂരിഭാഗവും സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍.

കേരളാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്തിരുന്ന ജയകുമാര്‍, പോലീസ് വകുപ്പിലുണ്ടായിരുന്ന ശ്രീകുമാരന്‍ നായര്‍, ബാങ്കുദ്യോഗസ്ഥനായിരുന്ന ബാലചന്ദ്രരാജ്, ഐ.ബിയിലുണ്ടായിരുന്ന കെ.പി. വല്‍സപ്പന്‍, സി.ജെ.ജോര്‍ജ്‌, ദീര്‍ഘകാലം വിദേശത്തായിരുന്ന രാജന്‍ എന്നിങ്ങനെ പോകുന്നു കൂട്ടുകാര്‍.

നടത്തമാണ് ആദ്യം. നേപ്പിയര്‍ മ്യൂസിയത്തെ ചുറ്റിയുള്ള റൗണ്ട് റോഡാണ് നഗരവാസിയുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ജോലിയിലിരുന്നപ്പോള്‍ രാവിലെ നടന്നിരുന്നവര്‍ ജോലി വിട്ടശേഷം വൈകിട്ട് നടന്നു തുടങ്ങി. അഞ്ച് റൗണ്ടും പത്തു റൗണ്ടും നടക്കുന്നവരുണ്ട്.  നല്ല വായു ശ്വസിച്ച് നടന്നശേഷമാണ് റേഡിയോ പാര്‍ക്കിനടുത്തുള്ള സ്ഥിരം ബെഞ്ചുകളിലേക്ക് അവരെത്തുന്നത്.

പിന്നെ ചര്‍ച്ചയാണ്. അന്നുകണ്ട വാര്‍ത്തകള്‍ രാഷ്ട്രീയ, സാമൂഹ്യ, ഇതര വിഷയഭേദമില്ലാതെ സംസാരിച്ചുതുടങ്ങും.

ഇവരില്‍ 30 വര്‍ഷമായി ഇവിടെ സ്ഥിരമെത്തുന്നവര്‍ വരെയുണ്ട്.(സീരിയല്‍ സമയത്ത് ഭാര്യയുമായി വഴക്കു കൂടേണ്ടല്ലോ? എന്നു കാരണം പറയുന്നവരും കൂട്ടത്തിലുണ്ട്). ആറുമാസം മുമ്പുമാത്രം വന്നവരും കൂട്ടായ്മയില്‍ അംഗം തന്നെ. സ്ഥിരമായി വന്നുവന്ന് കുടുംബങ്ങളിലേക്കും സൗഹൃദം പടര്‍ന്നു. ഒരു ദിവസം കൂട്ടത്തിലൊരാളെ കണ്ടില്ലെങ്കില്‍ വീട്ടിലേക്ക് ധൈര്യമായി വിളിക്കാം.

കൂട്ടായ്മ പുറത്തേക്കും വ്യാപിച്ചതോടെ മനസ്സടുപ്പമുള്ളവര്‍ ഒന്നിച്ചു ചില യാത്രകളും നടത്തി. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ ചെലവഴിച്ചതും വീട്ടുകാരറിയാതെ കള്ളടിച്ചതും ചിരിച്ചു പറയാവുന്ന ഓര്‍മ്മകളാണവര്‍ക്ക്.

മുടക്കാത്ത നടത്തത്തിനും ചര്‍ച്ചകള്‍ക്കും ശേഷം സന്ധ്യയാകുന്നതോടെ പലരും കൊഴിഞ്ഞുതുടങ്ങും. ബാക്കിയാകുന്നവര്‍ അടുത്തുള്ള തട്ടുകടയില്‍ പോയി ചായയും കടിയും കഴിയ്ക്കും. ഏഴരയോടെ അവസാനയാളും എഴുന്നേല്‍ക്കും. അപ്പോ ശരി, നാളെ കാണാം എന്ന വാക്കിലവര്‍ പിരിയും. ഇനിയൊരു ദിവസം പുലരുന്നതും ആ വൈകുന്നേരത്തിന് വേണ്ടിയാണ്.