"ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്രമായ 'മുടിയനായ പുത്രന്റെ' അവാര്‍ഡ് ദാനച്ചടങ്ങ് ഡല്‍ഹിയില്‍ നടന്നപ്പോളാണ് ഞാന്‍ അടൂര്‍ ഭാസിയെ അടുത്തു കാണുന്നത്. ചലച്ചിത്ര ലോകത്ത് എത്തുന്നതിന് മുന്‍പ് എനിക്ക് അദ്ദേഹത്തെ പരിചയമുണ്ടായിരുന്നു.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ ഇതുപോലെയുള്ള പല നല്ല സൗഹൃദങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും എന്റെ ജീവിതം മാറ്റിമറിച്ചത് അടൂര്‍ ഭാസി എന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്..." കാലം പിന്നെയും ഒരുപാട് കടന്നുപോയി.

അടൂര്‍ ഭാസിയെന്ന കലാകാരന്‍ ഇന്ന് നമ്മോടൊപ്പമില്ല. മലയാളത്തിന്റെ മഹാനടന്‍ മധു തനിക്ക്  ഏറെ പ്രിയങ്കരനായ ആ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ ഈ സൗഹൃദദിനത്തില്‍ പങ്കുവെക്കുന്നു.

Adoor Bhasi and Madhu

'നഗരമേ നന്ദി' എന്ന ചിത്രത്തില്‍ നിന്ന്‌

"ഞങ്ങളുടെ സുഹൃദ് ബന്ധം ഒരിക്കലും വാക്കുകളില്‍ വിവരിക്കാന്‍ കഴിയുന്നതല്ല. എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത് അടൂര്‍ ഭാസിയാണ്. അദ്ദേഹത്തെ നേരില്‍ക്കണ്ട നിമിഷത്തില്‍ അവാര്‍ഡ്ദാനം നടന്ന ആ സ്ഥലത്തുവെച്ചു തന്നെ  എന്നെ സംവിധായകന്‍ രാമു കാര്യാട്ടിന് പരിചയപ്പെടുത്തിക്കൊടുത്തു... 

ഞാന്‍ തിരുവനന്തപുരത്ത് കോളേജ് ലക്ചര്‍ ആണെന്നും നാടകത്തോടുള്ള അഭിനിവേശം കൊണ്ട് ഉദ്യോഗം രാജിവെച്ച് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാന്‍ പോയിരിക്കുകയാണെന്നുമാണ് അദ്ദേഹം എന്നെപ്പറ്റി പറഞ്ഞു കൊടുത്തത്. കേട്ടയുടനെ രാമു കാര്യാട്ട് എന്നോട് ചോദിച്ചു, "നാടകത്തില്‍ മാത്രമേ താത്പര്യമുള്ളോ?" 

മൂടുപടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കൈവരുന്നത് അങ്ങനെയാണ്. അതോടുകൂടി എന്റെ ജീവിതം തന്നെ മാറിപ്പോയി. പിന്നീട് ഞാന്‍ അഭിനയിച്ച മിക്കവാറും ചിത്രങ്ങളില്‍ അടൂര്‍ ഭാസി എന്നോടൊപ്പമുണ്ടായിരുന്നു...

ചലച്ചിത്ര ലോകത്ത് ശങ്കരാടിയോടും അടൂര്‍ഭാസിയോടുമാണ് ഏറ്റവും കൂടുതല്‍ അടുപ്പമുണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഏറ്റവും സ്വാതന്ത്ര്യത്തോടെ എന്തും പറയാവുന്ന തരത്തിലുള്ള നല്ലൊരു സുഹൃത്താണ് കവിയൂര്‍ പൊന്നമ്മ.

വെള്ളിത്തിരയില്‍ നിന്ന് മാറി ചിന്തിച്ചാല്‍ പഠന കാലത്തുണ്ടായിരുന്ന സൗഹൃദങ്ങള്‍ക്കു തന്നെയാണ് ഈ കലാകരന്‍ ഏറ്റവും വില നല്‍കുന്നത്. കൈനിക്കര കുമാര പിള്ള, ജഗതി എന്‍.കെ ആചാരി എന്നിവരെയൊക്കെ ഇന്ന് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല.

കാലം മാറുന്നതിനനുസരിച്ച് കുടുംബ ബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍ സൗഹൃദത്തിലും പ്രകടമാണെന്ന് മധു പറയുന്നു. "നമ്മള്‍ ഒറ്റ കരളല്ലേ, നീ എന്റെ ജീവനല്ലേ..." എന്ന രീതിയിലുള്ള സൗഹൃദം ഇന്നില്ല .ഫെയ്‌സ് ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയുമൊക്കെ അതിപ്രസരം സൗഹൃദത്തിലും ഇന്ന് പ്രകടമാണ്.

ഗുരുസ്ഥാനീയനായ പി.ഭാസ്‌കരനുമായുള്ള സൗഹൃദം തനിക്ക് മറക്കാന്‍ കഴിയാത്തതാണെന്ന് മധു പറയുന്നു. സത്യന്‍ അന്തിക്കാട്, ഒ.എന്‍.വി. കുറുപ്പ്, ശ്രീകുമാരന്‍ തമ്പി എന്നിവരുമായുണ്ടായ ബന്ധവും  അദ്ദേഹം എന്നും ഹൃദയത്തിലേറ്റുന്നു.