ലേഡീസ് ഓണ്‍ലി...

riniനേതാക്കളുടെ രാഷ്ട്രീയ യാത്രകളൊക്കെ കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.  പട തുടങ്ങും മുന്‍പ് ഞങ്ങളും ഒരു യാത്ര പോവുകയാണ്. ഞങ്ങളെന്നു പറഞ്ഞാല്‍ റിനി രവീന്ദ്രനും ക്യാമറക്കണ്ണ് തുറന്ന് ഷിയ എസ്.ബാബുവും. ഞങ്ങളുടെ യാത്രയും കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ്... ഒരു രാഷ്ട്രീയ ലക്ഷ്യവുമില്ലാതെ... ഏതൊക്കെയോ ട്രെയിനുകളിലെ തിരക്കുള്ള ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍... കുറേ പെണ്ണുങ്ങളെക്കാണും. പലയിടത്തുനിന്നായി കയറുന്നവര്‍, പലയിടങ്ങളില്‍ ഇറങ്ങുന്നവര്‍... സ്വന്തം പേര് പോലും വെളിപ്പെടുത്താത്തവര്‍, ചിലപ്പോള്‍ തന്നെക്കുറിച്ചും തന്റെയൊപ്പമുള്ളവരെക്കുറിച്ചും വാതോരാതെ മിണ്ടുന്നവര്‍... വെറുതെ ചിരിക്കുന്നവരും, വെറുതെ കലഹിക്കുന്നവരും...

 

Ladies Only

ഉച്ചയാകുമ്പോഴേക്കും കനത്ത ചൂടാണെങ്കിലും പുലര്‍ന്നു തുടങ്ങുമ്പോള്‍ കാസര്‍കോടിനു തണുപ്പാണ്. തണുത്ത കാറ്റിനൊപ്പം ഒരു കയ്യില്‍ വാച്ചും മറുകയ്യില്‍ ഉച്ചഭക്ഷണം നിറച്ച പാത്രവുമായി ഏതൊക്കെയോ ഇടവഴികളിലൂടെ അവര്‍ കൂവിവിളിച്ചെത്തുന്ന ട്രെയിനിനൊപ്പം തന്നെ സ്റ്റേഷനെത്തും. അവര്‍ക്ക് സ്വന്തമായൊരിടമുണ്ട് ട്രെയിനില്‍. അത് ലേഡീസ് കമ്പാര്‍ട്ട്‌മെന്റാണ്. 

 

Ladies Only

''ഇന്നും വൈകീനല്ലേ? കൊര്‍ച്ച് നേരത്തെ എണീച്ചൂടേ?'' സഹയാത്രികരുടെ കളിയാക്കലുകള്‍ക്കിടയിലും കയ്യില്‍ വാച്ചുകെട്ടുകയും ഭക്ഷണപ്പാത്രം ബാഗില്‍ വെക്കുകയും മുടിചീകിയൊതുക്കുകയും ചെയ്യുന്നവരെല്ലാം ഈ ലേഡീസ് ഓണ്‍ലിയില്‍ സ്ഥിരം കാഴ്ചയാണ്. എന്നാലും വൈകുന്നേരത്തെ അപേക്ഷിച്ച് പലരുടെയും മുഖം ഇത്തിരി മുറുകിയാണിരിക്കുന്നത്.

 

Ladies Only

രാവിലെ മക്കളോട് യുദ്ധം ചെയ്ത് അവരെ സ്‌കൂളിലയച്ച്, വീട് വൃത്തിയാക്കി, ഭക്ഷണവുമൊരുക്കി ട്രെയിന്‍ പിടിക്കാനുള്ള ഓട്ടമാണ് പലരും. അതിലധികവും അധ്യാപികമാരാണ്. അവരില്‍ ചിലര്‍ നോക്കിത്തീരാത്ത ഉത്തരക്കടലാസുകളിലേക്ക് മുഖം താഴ്ത്തും. എന്നാലും 'ട്രെയിന്‍മേറ്റ്‌സി'ന്റെ കലപിലകളില്‍ ഇടക്കൊക്കെച്ചേരും. ഇറങ്ങേണ്ട സ്റ്റേഷനെത്തുമ്പോഴേക്കും കയ്യില്‍ കരുതിയ പ്രഭാതഭക്ഷണം കഴിച്ചുതീര്‍ക്കും.

 

Ladies Only

പിന്നെയുള്ളത് വിദ്യാര്‍ഥികളാണ്. ഒരിക്കലും തീരാത്ത അസൈന്‍മെന്റുകളെക്കുറിച്ച്, പരീക്ഷകളെക്കുറിച്ച് അവര്‍ പരസ്പരം പറയും. സ്‌കൂള്‍, കോളേജ് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കും... മിക്കവരും കണ്ണൂര്‍, തലശ്ശേരി, വടകരയൊക്കെ ഇറങ്ങേണ്ടവര്‍. (ഇറങ്ങുമ്പോള്‍ തിടുക്കത്തില്‍ മുടി കോതുകയും മുഖം മിനുക്കുകയും ചെയ്യുന്നു). അവരിറങ്ങുമ്പോള്‍ പുതിയവര്‍ കയറുന്നു. കാമറ കണ്ടതോടെ ചിരിച്ചുകൊണ്ട് അവര്‍ പറഞ്ഞു. '' അയ്യോ ഫോട്ടോയൊന്നും എട്‌ത്തേക്കല്ലേ.. ''

Ladies Only

എത്ര തിരക്കാണെങ്കിലും ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ ഓരോ യാത്രകളും ഓരോ അനുഭവമാണ്. ട്രെയിനിന് മണമുണ്ട്, അത് ചീത്തയും നല്ലതുമാകാം. ഓറഞ്ചിന്റെ മണം, കപ്പലണ്ടിയുടെ മണം, കറികളുടെ മണം, ചിലപ്പോള്‍ ഓക്കാനിക്കാന്‍ വരുന്നതരം മൂക്കിലേക്കടിച്ചു കയറുന്ന ടോയ്‌ലെറ്റ് മണം.. പക്ഷെ, ലേഡീസ് കമ്പാര്‍ട്ട്‌മെന്റിന് പെണ്ണുങ്ങളുടെ മണമാണ്.. അതിന് ചിലപ്പോഴൊക്കെ അമ്മിഞ്ഞപ്പാലിന്റെ മണമാണ്.. 

 

Ladies Only

കോഴിക്കോടെത്തുമ്പോഴേക്കും മിക്കവരുമിറങ്ങി.. പുതിയവര്‍ കയറി. ചിലര്‍ ഇയര്‍ ഫോണ്‍ തിരുകി പാട്ടു കേട്ടു. ചിലര്‍ പുസ്തകങ്ങളിലേക്കിറങ്ങിച്ചെന്നു. കൂട്ടമായിക്കയറിയവര്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞു. ചിലര്‍ മുട്ടുകളിലേക്ക് തലചായ്ച്ച് ഉറങ്ങി. ഉച്ചയാകുമ്പോഴേക്കും ഭക്ഷണം കഴിക്കുന്ന തിരക്കായി. ചിലര്‍ ബാഗില്‍നിന്നും ഭക്ഷണപ്പൊതിയെടുത്തഴിച്ചു. ചിലര്‍ വാങ്ങിച്ചു. എന്നാലും പലരും അടുത്തിരിക്കുന്നുവരോട് തിരക്കാന്‍ മറന്നില്ല. ''  കഴിക്കുന്നില്ലേ ? ''  കമ്പാര്‍ട്ട്‌മെന്റിന് വാട്ടിയ വാഴയിലുടെയും കറികളുടെയും മണം... ട്രെയിന്‍ ഓരോ സ്‌റ്റേഷന്‍ പിന്നിടുമ്പോഴും ഓരോരുത്തരും കൂടുതല്‍ പരിചയക്കാരായി. കാണാമെന്നു പറയാന്‍ മടിക്കാതെതന്നെ പലരുമിറങ്ങി.. ട്രെയിന്‍ കണ്ണില്‍ നിന്നു മറയും വരെ ഇറങ്ങിയവര്‍ പുറത്തുനിന്നു കൈവീശി... ചുണ്ടില്‍ നേര്‍ത്ത പുഞ്ചിരിയുമായി അകത്തുള്ളവരും... 

 

Ladies Only

കൂട്ടമായിക്കയറിയവര്‍ക്ക് സീറ്റുകളില്ലെങ്കിലും കുഴപ്പമില്ല. അവരിങ്ങനെ സംസാരിച്ചോണ്ടിരിക്കും. പുറത്തേക്ക് നോക്കും.. അകത്തുള്ളവരുടെ തമാശകളില്‍ പങ്കുചേരും. കയ്യിലെ ഫോണില്‍ തമാശ വീഡിയോകള്‍ കണ്ട് പൊട്ടിച്ചിരിക്കും... ട്രെയിനിന്റെ ശബ്ദത്തില്‍ ഈ ഉമ്മച്ചിക്കുട്ടികളുടെ ചിരിയും മുങ്ങിപ്പോകുന്നു.

 

Ladies Only

ചിലര്‍ ട്രെയിനിനകത്തെ ലോകത്തോ പുറത്തേ ലോകത്തോ അല്ല. അവരുടെ സ്വന്തം ലോകത്തായിരിക്കാം... സോഷ്യല്‍ മീഡിയകളിലോ, സുഹൃത്തുക്കളോടും ബന്ധുക്കളോടും വിശേഷങ്ങള്‍ തിരക്കുകയോ ആയിരിക്കാം...

 

Ladies Only

ചില യാത്രക്കാരുണ്ട് മിക്കപ്പോഴും വാതിലിനടുത്തേ നില്‍ക്കൂ. അടുത്തിറങ്ങേണ്ടവരായിരിക്കും പലരും. എന്നും അതേ ട്രെയിനില്‍, അതേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവരായിരിക്കും. എങ്കിലും അവരങ്ങിനെയാണ്... നമ്മളെപ്പിന്നിലാക്കി ഓടിമറയുന്ന കാഴ്ചകള്‍ കണ്ടങ്ങിനെ നില്‍ക്കും... ഒരിക്കലും മടുക്കാത്തവണ്ണം... 

 

Ladies Only

ഏതു സ്‌റ്റേഷനില്‍ നിന്നാണീ വല്യമ്മ കയറിയതെന്നു കണ്ടില്ല... സീറ്റുണ്ടോന്ന് ഞാനൊന്ന് നോക്കട്ടേയെന്നും പറഞ്ഞാണ് അകത്തോട്ട് കയറിയത്. കയ്യില്‍ പ്ലാസ്റ്റിക് വയറുകള്‍ കൊണ്ട് മെടഞ്ഞൊരു സഞ്ചി മാത്രം. സീറ്റില്ലെന്ന് കണ്ടപ്പോള്‍ സീറ്റിന് ചാരിനിന്നുറങ്ങാന്‍ തുടങ്ങി. ഷിയ എഴുന്നേറ്റ് സീറ്റ് കൊടുത്തു. അടുത്തിരുന്ന മുടി കുറഞ്ഞ പെണ്‍കുട്ടിയെ നോക്കി അവര്‍ പറഞ്ഞു '' ഇതെന്താ ഇതില് ആണ്‍കുട്ട്യോള് കയറിയിരിക്കുന്നത് '' എല്ലാരും ചിരിച്ചപ്പോള്‍ ആ കുട്ടിയെ സൂക്ഷിച്ചുനോക്കി അവര്‍ ക്ഷമ പറഞ്ഞു. '' അയ്യോ, എനിക്ക് കണ്ണു പിടിക്കൂല്ല, അതോണ്ടാ ഇങ്ങിനെ... വയസായില്ലേ? സാരല്ല്യ അല്ലേ? '' അവരു ചിരിച്ചു... കൂടെയുള്ളവരും... 

 

vallathol-nagar.jpg

വള്ളത്തോള്‍ നഗറിന് എന്തോ നഷ്ടപ്പെട്ട ഭാവമാണെന്ന് തോന്നും... ചെറുതുരുത്തിയില്‍ വെച്ച്, കലാമണ്ഡലത്തിന്റെ തൊട്ടടുത്ത് വെച്ച് ഒരു പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ വേദനയും വഹിച്ചാണ് അവിടെയോരോ മണല്‍ത്തരിയും പുല്‍നാമ്പുകളും നില്‍ക്കുന്നതെന്ന് തോന്നാറുണ്ട്... ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ സുരക്ഷിതയെന്ന് കരുതിയാകണം അവളിരുന്നത്? എവിടെയാണ് നമുക്കെല്ലാം തെറ്റുപറ്റിയത്? ആരൊക്കെയാണ് അവളെ മരണത്തിനിട്ടു കൊടുത്തത്? ട്രെയിന്‍ യാത്രയെന്നു പറയുമ്പോഴൊക്കെ നമ്മളവളെയോര്‍ക്കാറില്ലേ? ഞാന്‍ ഓര്‍ത്തു... 

 

Ladies Only

പുറത്തേക്കുനോക്കിയിരിക്കുന്ന ഓരോ പെണ്‍കുട്ടികള്‍... സൗമ്യയും ഇങ്ങിനെയിരുന്നിരിക്കണം... സ്വപ്‌നങ്ങളും പേറി... ഓരോ ലീവ് കഴിഞ്ഞ് പോകുമ്പോഴും അവളെക്കണ്ടിരുന്നവര്‍, അവളോട് മിണ്ടിയിരുന്നവര്‍, അവളെ പ്രതീക്ഷിച്ചിരുന്നവര്‍... ഇപ്പോഴും അവരൊക്കെ നമ്മളെപ്പോലെയിതേ ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടാകണം... മറക്കണം, മറക്കണമെന്ന് മനപ്പൂര്‍വം മനസിനോട് പറയുന്നുണ്ടാകണം...

 

Ladies only.jpg

സ്ത്രീകളുടെ പ്രതീക്ഷാലയം... എറണാകുളം ടൗണ്‍ സ്റ്റേഷനിലെ വിശ്രമമുറിയാണ് മുന്നില്‍... സമയം വൈകുന്നേരമാണ്. എല്ലാ കസേരകളിലും ആളുകളിരിക്കുന്നു. നിലത്തുവിരിച്ച ഷാളുകളില്‍ പുറംബഹളങ്ങളൊന്നുമറിയാതെ പെണ്‍കുട്ടികള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു... സ്ഥിരമെത്തുന്ന ചിലരുണ്ട്...  അവരെ പെട്ടെന്നു തിരിച്ചറിയാം... അവരില്‍ നേരത്തെയെത്തിയിരുന്നവരും വൈകിയെത്തിയവരും തമ്മിലുള്ള കുശലാന്വേഷണങ്ങള്‍... ഫോട്ടോയെടുക്കാനൊരുങ്ങിയപ്പോള്‍ ഇവിടെയും എല്ലാവരും പുഞ്ചിരിയോടെ തടഞ്ഞു... ഉറങ്ങുന്നവര്‍ ട്രെയിന്‍ടൈമിനൊപ്പിച്ച് വെച്ച അലാറം അലറിയപ്പോള്‍ ഞെട്ടിപ്പിടഞ്ഞെണീറ്റ് കൂടെയുള്ളവരെ കുലുക്കിവിളിച്ചു. തിടുക്കത്തില്‍ മുഖം കഴുകി മുടി കോതി പുറത്തേക്കോടി... 

Ladies Only

സന്ധ്യ വിളറിത്തുടങ്ങി... പിന്നെയതു മങ്ങി... രാത്രി വണ്ടികളുടെ വരവ് കാത്ത് പ്ലാറ്റ്‌ഫോമുകളിലിരുന്നവര്‍ കോട്ടുവായിട്ടു. റിസര്‍വേഷനില്ലാത്തവര്‍ കാല്‍വേദനയെക്കുറിച്ചും, സീറ്റ് കിട്ടിയില്ലെങ്കിലുള്ള വിഷമതകളെക്കുറിച്ചും ആകുലത പൂണ്ടു. രാത്രിയാത്രയാണ് ഏറ്റവും രസം... പ്രത്യേകിച്ച് നമ്മുടെ സ്വന്തം കമ്പാര്‍ട്ട്‌മെന്റില്‍... അതിലുമുണ്ടാകും ജോലി കഴിഞ്ഞുവരുന്ന ചില സ്ഥിരം ആള്‍ക്കാര്‍... ' ഇന്ന് വണ്ടിയിത്തിരിക്കൂടി നേരത്തെയാണല്ലേ? ഇന്നല്‍പ്പം തിരക്ക് കുറവല്ലേ? ' തുടങ്ങിയ ചോദ്യങ്ങളിലൂടെ അവര്‍ നമ്മള്‍ സ്ഥിരം യാത്രക്കാരാണെന്ന ആധിപത്യം വീണ്ടുമൊന്നൂടിയുറപ്പിക്കും.

 

Ladies Only

രാവിലെ കാണുന്ന പിരിമുറുക്കങ്ങളില്ല വൈകുന്നേരം ആരുടെയും മുഖത്ത്... അന്നത്തെ അധ്വാനം തീര്‍ന്നതിന്റെ സമാധാനവും പുഞ്ചിരിയുമാണ് മുഖത്തിപ്പോള്‍... തമാശകളും പൊട്ടിച്ചിരികളും... കടലയും ബിസ്‌ക്കറ്റുമെല്ലാം എല്ലാവരും പങ്കുവെയ്ക്കും. പരസ്പരം പരിചയപ്പെടാന്‍ താല്‍പ്പര്യപ്പെടും... അവിടെ ഭാഷക്കൊന്നും പ്രസക്തിയേ ഇല്ല... കറുത്തിരുന്ന ഒരുവള്‍ പറഞ്ഞു, '' രാത്രിക്കും കറുപ്പ്, എനക്കും കറുപ്പ്, എന്റെ ചേലക്കും കറുപ്പ് ഫോട്ടോയില്‍ കിട്ടുമോ? '' വെളുത്തിരുക്കുന്നുവെന്നഹങ്കരിക്കുന്നവര്‍ക്ക് എവിടെയോ ചെന്നുതറക്കും പോലെയായിരുന്നു അവളുടെ ചോദ്യം. കൂടെ വലിയ ഒച്ചയില്‍ അവള്‍ പൊട്ടിച്ചിരിച്ചു. കയ്യിലുണ്ടായിരുന്ന ചപ്പാത്തി പൊട്ടിച്ച് വഴിയിലെവിടെയോവച്ച് കയറിയ അവള്‍ക്കറിയാത്ത മങ്ങിയ ഡ്രസുകളിട്ട കണ്ണില്‍ ദൈന്യത നിറഞ്ഞ രണ്ടാണ്‍കുട്ടികളുടെ വായില്‍വെച്ച് കൊടുത്തു.

 

Ladies Only

ഇവര്‍ റിസോഴ്‌സ് ടീച്ചര്‍മാരാണ്. തിരുവനന്തപുരം പോയി മുഖ്യമന്ത്രിയെ കണ്ടു മടങ്ങുന്നു. ജന്മനാ ബാധിച്ച രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തം പോലെക്കണ്ട് പരിചരിക്കുന്നവര്‍... അവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ അവസാനമില്ലാത്തതായി... ഗവണ്‍മെന്റിന് ഒരു താല്‍പര്യവുമില്ലാത്തതുപോലെയാണ്. ഇടക്കൊക്കെ എന്തെങ്കിലും ചെയ്യും... പലരെയും പിരിച്ചു വിട്ടിട്ടുണ്ട്. അതില്‍ കുറച്ചുപേരെ പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചെടുത്തു. ഇവരെന്താ ഇങ്ങിനെയെന്ന് മനസിലാകുന്നില്ല. ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍പ്പിന്നെ ഒന്നും നടക്കില്ലല്ലോ? അതാ ഇപ്പോത്തന്നെ നേരിട്ട് പോയേ... ടീച്ചര്‍മാര്‍ ഓരോരുത്തരായി പറഞ്ഞു. പിന്നെ പുറത്തേക്ക് കണ്ണുനട്ടു...

 

sleeping.jpg

തിരികെ ഗാന്ധിധാമിന് കോഴിക്കോടേക്ക്... താല്‍ക്കാലികമായി വീട് കെട്ടി പലയിടത്തും കഴിഞ്ഞിരുന്ന കുറേപ്പേരുണ്ടായിരുന്നു തൃശൂരില്‍ നിന്ന് കയറാന്‍... ഒരു വീട് മൊത്തം അവരുടെ ചാക്കുകള്‍ക്കുള്ളിലുണ്ട്. വസ്ത്രങ്ങള്‍, ബക്കറ്റ്, പാത്രം... കയ്യിലും ഒക്കത്തും കുഞ്ഞുങ്ങളും... ഭാരമേറിയ ചാക്കുകള്‍ അവര്‍ തന്നെ വണ്ടിയിലേക്ക് കയറ്റി. സീറ്റിനടിയിലും മറ്റുമായി അതൊക്കെ ഒതുക്കിവെച്ചു. 

 

Ladies Only

നിര്‍ത്താതെ കരയുന്ന കുഞ്ഞുങ്ങള്‍ കൈമാറി കൈമാറി ഏതോ ഒരു മടിയില്‍ ശാന്തരായുറങ്ങി... ചാക്കുകെട്ടു താങ്ങിയ മെലിഞ്ഞ കൈകളെ നോക്കി അവരുടെ കൂട്ടത്തില്‍ത്തന്നെയുള്ളൊരു സുന്ദരിയായ മുടന്തിപ്പെണ്ണ് തനിക്കവരെ സഹായിക്കാനാകുന്നില്ലല്ലോയെന്ന് വിഷാദിക്കുന്നു...

Ladies Only

രാത്രി കൂടുതല്‍ രാത്രിയാകുന്നു... എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍... ജനാലക്കരികിലിരുന്നവര്‍ ജനാലകളില്‍ മുഖം ചേര്‍ത്തു, മറ്റു ചിലര്‍ കയ്യിലിരുന്ന ബാഗുകളിലേക്ക്, നീളം കുറഞ്ഞ കട്ടിലില്‍ കുഞ്ഞുങ്ങളെക്കിടത്താന്‍ പേടിക്കുന്നവരുടെയുടെയില്‍ ഒരു സീറ്റില്‍ കുഞ്ഞിനേയും ചേര്‍ത്തുപിടിച്ച് അമ്മമാരുറങ്ങി. നിലത്തുവിരിച്ച തുണിയില്‍ ഇത്തിരിയിടം മറ്റുള്ളവരുടെ കുഞ്ഞുങ്ങള്‍ക്കായും അവരൊരുക്കി... ഓരോരുത്തരിറങ്ങുമ്പോഴും ഉറങ്ങുന്നവര്‍ തലപൊക്കിനോക്കി... കാണാമെന്നു ചിരിച്ചു...

 

Ladies Only

നാമെവിടെയിരിക്കുന്നുവെന്നതല്ല, മക്കള്‍ സീറ്റീല്‍ ശരിക്കങ്ങിരിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മതി ചില അമ്മമാര്‍ക്ക്. ഇടക്ക് എത്തി നോക്കിച്ചോദിക്കും വെള്ളം വേണോയെന്ന്, ഉറക്കം വരുന്നുണ്ടോയെന്ന് ..

 

Ladies Only

പുറത്തേക്ക് നോക്കിയപ്പോഴും പെണ്ണുങ്ങള്‍... ഉച്ചച്ചൂടിനെ വകവെക്കാതെ അവരങ്ങിനെ പണിയില്‍ മുഴുകി... ഇടക്കല്‍പ്പം വിശ്രമിച്ചു. ട്രെയിനുകളിലേക്കും പ്ലാറ്റ്‌ഫോമിലേക്കും യാതൊരു ഭാവഭേദവുമില്ലാതെ നോക്കി... പിന്നെയും ബാക്കിയായ പണികളിലേക്ക്... 

 

Ladies Only

ചിലര്‍ അകത്തേക്കേ കയറില്ല... ഈ ഇത്തിരിയിടം മതി അവര്‍ക്കിരിക്കാന്‍ പരാതികളില്ല... പരിഭവങ്ങളില്ല... ഇത്തരം ആള്‍ക്കാരെ പല ട്രെയിനുകളിലും കാണാം... അവര്‍ക്കാവശ്യമുള്ള സാധനങ്ങളൊക്കെ സഞ്ചിയില്‍ വാരിക്കൂട്ടി ട്രെയിനില്‍ ഓടിക്കയറി പുതിയ പുതിയ ഇടങ്ങളിലേക്ക് യാത്രതിരിക്കുന്നവര്‍... 

 

Ladies Only

പുലര്‍ച്ചക്കെപ്പോഴോ തിരികെയെത്തുമ്പോള്‍ പുതിയൊരു പകലു വരികയായിരുന്നു. ഒരു ലക്ഷ്യവുമില്ലാതെ ഒരു രാവും പകലും ഏതൊക്കെയോ വണ്ടികളിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍... പൊതുവിടങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ക്ക് വേണ്ടത്. പക്ഷെ, ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ അവള്‍ക്ക് പ്രത്യേകമായൊരിടമാണ്. അവള്‍ അവളായിത്തന്നെയിരിക്കുന്നയിടം... ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ യാത്ര ചെയ്യണം... എന്നാലേ അതറിയൂ... ആ ഒരിത്... അത് നമ്മള് പെണ്ണുങ്ങളുടെ ഇടമല്ലേ? അതുതന്നെയാണ് ആ ഒരിത്...

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.