പെണ്ണ് അല്‍പമൊന്ന് മുന്നേറിയാല്‍ അടുക്കളയില്‍ നിന്ന് അരങ്ങേത്തേയ്ക്കെന്നാണ് വിശേഷണം. അടുക്കള മോശവും അരങ്ങ് കേമവുമാണെന്നൊരു ധ്വനിയുണ്ട് അതിന്. അത്ര മോശമാണോ അടുക്കളഭരണം. അല്ല എന്നുള്ളതിന് ഓരോ വീടും തെളിവ്. എന്നിട്ടും വീട്ടിലെ അടുക്കള ഭരിക്കാന്‍ മാത്രമായിരുന്നു പെണ്ണിന്റെ യോഗം. ഹോട്ടലുകല്‍ലെ വെപ്പും വിളമ്പും പുരുഷന്റെ കുത്തകയായിരുന്നു ഇക്കാലമത്രയും. കാര്യങ്ങള്‍ മാറിവരുന്നുണ്ട്. പെണ്ണുങ്ങള്‍ ഇന്ന് വീട്ടിലെ അടുക്കളയില്‍ നിന്ന് നാട്ടിലെ അടുക്കളയിലേയ്ക്ക് ഭരണം വ്യാപിപ്പിച്ചുവരുന്നു. പെണ്ണുങ്ങളുടെ ഹോട്ടലുകള്‍ക്ക് പലതിനും ഇന്ന് പുരുഷ കേസരികളുടെ ഹോട്ടലുകളേക്കാള്‍ പേരുണ്ട്.

hotelകോഴിക്കോട്ടിറങ്ങി ബിരിയാണിയും ചട്ടിപ്പത്തിരിയും എവിടെക്കിട്ടുമെന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരത്തിലുള്ളത്  ആണുങ്ങളുടെ ഹോട്ടലുകളല്ല, ഒരു പെണ്ണിന്റെ കടയാണ്. സെയ്ന്‍സ് റസ്റ്റോറന്റ്. കോഴിക്കോട് ബീച്ചിനരികിലായുളള സെയ്ന്‍സ് റസ്റ്റോറന്റ് കോഴിക്കോട്ടുക്കാര്‍ക്ക് മാത്രമല്ല, നല്ല രുചി ഇഷ്ടപ്പെടുന്ന മുഴുവന്‍ കേരളത്തിനും അത്ര പ്രിയപ്പെട്ടതാണ്. ഷിറിന്‍ മുസ്തഫയും ഉമ്മ സൈനബിയുമാണ് ആ രുചിക്ക് പിറകില്‍.

മലബാര്‍ പലഹാരങ്ങളായ ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, മീന്‍പ്പത്തിരി, ഉന്നക്കായ, ചിക്കന്‍ബിരിയാണി എന്നിവയാണ് സെയ്ന്‍സിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന നാവില്‍ വെളളമൂറുന്ന വിഭവങ്ങള്‍. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ മറ്റു രാസവസ്തുക്കള്‍ ഒന്നും തന്നെ ചേര്‍ക്കാതെ വീട്ടില്‍ തയ്യാറാക്കുന്ന പോലെ ഒരുക്കുന്ന വിഭവങ്ങളാണ് തങ്ങളുടെ വിജയരഹസ്യമെന്ന് ഷിറിന്‍ മുസ്തഫ പറയുന്നു. രാവിലെ അഞ്ചര മുതല്‍ രാത്രി പന്ത്രണ്ട് മണിവരെ ഹോട്ടലില്‍ സജീവമാണ് ഷിറിനും ഉമ്മയും സൈനബിയും. പ്രായത്തെ വെല്ലുന്ന പ്രസരിപ്പോടെ സൈനബി ഭക്ഷണം തയ്യാറാക്കുന്ന സ്ത്രീകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കും. വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷിറിന് ലഭിച്ച ആദരവുകളും ഏറെയാണ്. കേരളത്തിലെ പാചകറാണിയായി ഷിറിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ചലച്ചിത്ര മേഖലയിലേയും രാഷ്ട്രീയ മേഖലയിലേയും പല പ്രമുഖരും സെയ്ന്‍സിലെത്തി കോഴിക്കോടന്‍ രുചിയെ അഭിനന്ദിച്ചിട്ടുണ്ട്. 1991ലാണ് സൈനബിയും ഭര്‍ത്താവ് നൂര്‍മുഹമ്മദും ചേര്‍ന്ന് സെയ്ന്‍സ് റെസ്റ്റോറന്റ് തുടങ്ങിയത്. വര്‍ഷങ്ങളുടെ പാരമ്പര്യവും സെയ്ന്‍സിന്റെ രുചിക്ക് ഏറെ മികവ് നല്‍കുന്നു. 

അല്പം റിസ്‌ക്കുളള മേഖലയല്ലേ ഇത് എന്ന ചോദ്യത്തിന് ഷിറിന്റെ ഉത്തരം ഇങ്ങനെ: 'ഭക്ഷണം തയ്യാറാക്കാന്‍ ഒരുപാട് നേരം വേണം. രാവിലെ നേരത്തേ തന്നെ ജോലി ആരംഭിക്കണം, പിന്നെ സാമ്പത്തിക ബാധ്യത പെട്ടെന്നു വരാമെന്നുളളതിനാല്‍ എല്ലാത്തിനും നല്ല ശ്രദ്ധ വേണം. എന്നാലും ഈ മേഖലയില്‍ വലിയ ബുദ്ധിമുട്ടൊന്നും ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ല. പിന്നെ എല്ലാത്തിനും ഒരു ആത്മവിശ്വാസവും അര്‍പ്പണബോധവും വേണം. ഭക്ഷണമല്ലേ അത് എളുപ്പം തയ്യാറാക്കാം എത്ത് കരുതി അശ്രദ്ധയോടെ ചെയ്യാതിരുന്നാല്‍ മതി. എന്റെ എല്ലാ സ്വപ്നങ്ങളും ഞാന്‍ നടത്തിയത് ഹോട്ടലില്‍ നിന്നും ലഭിച്ച വരുമാനത്തില്‍ നിന്നു തന്നെയാണ്''-ഷിറിന്‍ പറയുന്നു. 

പ്രായമിത്രയായെങ്കിലും രാവിലെ ടൗണില്‍ പോയി കടയിലേക്ക് വേണ്ട സാധനങ്ങള്‍ ഓര്‍ഡര്‍ നല്‍കുന്നത് സൈനബി തന്നെയാണ്. കല്യാണങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ട ഭക്ഷണവും ഇവര്‍ തയ്യാറാക്കി കൊടുക്കുന്നുണ്ട്. മലബാര്‍ ഭക്ഷണത്തിന് പുറമെ മറുനാടന്‍ രുചികളും ഇടയ്ക്ക് ഷിറിന്‍ പരീക്ഷിക്കാറുണ്ട്. ദുബായില്‍ അടുത്ത മാസം സെയ്ന്‍സിന്റെ ശാഖ തുറക്കാനുളള ഒരുക്കത്തിലാണ് രുചിപ്പെരുമയുടെ പാരമ്പര്യവുമായി കടല്‍ കടന്ന് ഈ ഉമ്മയും മകളും.

Hotel

വെക്കാനും വിളമ്പാനും പെണ്ണു മാത്രം

ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമല്ല, വിളമ്പാനും അത് വിറ്റ് കശാക്കാനും ആണ്‍തുണ വേണ്ടെന്ന് തെളിയിച്ചൊരു വകട്ടമ്മയുണ്ട്. കോഴിക്കോട്ടെ ഹേമലത. ഹേമലതയുടെ ഹോട്ടലില്‍ ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതുമെല്ലാം സ്ത്രീകള്‍ തന്നെ.

പഠനം കഴിഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് പാചകത്തില്‍ ഒരു കൈ നോക്കിക്കളയാമെന്ന് ഹേമലത വിചാരിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളും ഹേമലതയുടെ പാചകത്തെ ഒരു പാട് അഭിനന്ദിക്കുമായിരുന്നു.

പിന്നീട് ജീവിതത്തില്‍ വന്ന അപ്രതീക്ഷിതമായ ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ഹേമലത തിരഞ്ഞെടുത്തതും പാചകം തന്നെയായിരുന്നു. ആദ്യം കോഴിക്കോട് ടൗണില്‍ ഒരു ചെറിയ മെസ്സ് തുടങ്ങി. പിന്നീട് ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് കോഴിക്കോടന്‍ എന്ന ഹോട്ടലും തുടങ്ങി. 

'അതൊരു വെല്ലുവിളിയായിരുന്നു. വായ്പ്പെടുത്ത് ഒറ്റക്ക് ഒരു ഹോട്ടല്‍ തുടങ്ങിയപ്പോള്‍ വലിയ റിസ്‌ക്കായിരുന്നു. ആദ്യ ഘട്ടത്തില്‍ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ജീവിതം നന്നായിപ്പോകുന്നു. നാട്ടകാരുടെ നല്ല പിന്തുണയുണ്ട്. പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും ഈ മേഖലയില്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടേയില്ല. പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും ഈ മേഖല തീര്‍ത്തും അനുയോജ്യമാണ്'..ഹേമലത പറയുന്നു. ഇപ്പോള്‍ ഹേമലതയ്ക്ക് കൂട്ടിന് മകള്‍ അശ്വതിയും ഉണ്ട്..മൂന്ന് സ്ത്രീകള്‍ തന്നെയാണ് ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്നതും. എല്ലാവര്‍ക്കും ഇതൊരു തൊഴില്‍ എന്നതിനേക്കാള്‍ വളരെ ആസ്വദിച്ച് ചെയ്യുന്ന സൗഹൃദക്കൂട്ടായ്മ കൂടിയാണ്. നിറഞ്ഞ പുഞ്ചിരിയോടെ ഹോട്ടലില്‍ എത്തുന്നവര്‍ക്ക്  ഹേമലതയും കൂട്ടരും ഭക്ഷണം വിളമ്പി നല്‍കുന്നു.

കോഴിക്കോട് മാവൂര്‍ റോഡിലെ കെ.എസ്.ആര്‍.ടി. ബസ്സ് സ്റ്റാന്റിന് സമീപത്തായുളള കോഴിക്കോടന്‍ ഹോട്ടലില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മിക്കവരും ഭക്ഷണം കഴിക്കാറുള്ളത്. രാവിലെ ഏഴരയ്ക്ക് തുറക്കുന്ന ഹോട്ടല്‍ രാത്രി പന്ത്രണ്ട് മണിവരെ പ്രവര്‍ത്തിക്കും. കോഴിക്കോട് രാത്രി എത്തുന്നലര്‍ക്ക് ഏറെ വൈകിയാലും ഇലയില്‍ സദ്യ ഉണ്ണണമെങ്കില്‍ കോഴിക്കോടനില്‍ കയറിയാല്‍ മതി. ചോറും സാമ്പാറും കൂടാതെ താറാവ് റോസ്റ്റും ഇവിടെക്കിട്ടും. 

hotel

തട്ടുകടയില്‍ തുടങ്ങിയ ജീവിതം

റോഡരികിലെ തട്ടുക്കടയില്‍ വെച്ചാണ് ബാലുശ്ശേരി സ്വദേശി രജനിയും ഉഷയും പരിചയപ്പെട്ടത്. പഠനശേഷം കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടാണ് രണ്ടുപേരെയും തട്ടുകടയിലെ സപ്ലൈയര്‍മാരുടെ ജോലിയിലെത്തിച്ചത്. 

'ഒരു പാട് പേടിച്ചാണ് ഇത്തരമൊരു ജോലിക്ക് വന്നത്. പലതരത്തിലുളള ആള്‍ക്കാരുമായി ഇടപഴകേണ്ടി വരും. പക്ഷേ ഞങ്ങള്‍ രണ്ടു പേരും ഉളളത് കൊണ്ട് ഒരു ധൈര്യത്തില്‍ നിന്നു. പിന്നീട് കുറച്ച് കാലം പെട്രോള്‍പമ്പിലും ജോലി ചെയ്തു. ഇവിടെ വന്നിട്ട് കുറച്ച് ദിവസമേ ആയിട്ടുളളൂ. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പേടിയുമില്ല.ജീവിതം മുന്നോട്ട് പോകുന്നത് തന്നെ ഈ ജോലികൊണ്ടാണ്' ഉഷ പറയുന്നു.

കോഴിക്കോട് ലിബര്‍ട്ടി ഹോട്ടലിലെ ജീവനക്കാരികളാണ് ഇപ്പോള്‍ രജനിയും ഉഷയും.