മൂഹത്തിനു നല്ലതു ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ  വ്യത്യസ്തമായ തൊഴില്‍ മേഖലയിലേക്ക് ഇറങ്ങിത്തിരിച്ച യുവ വനിതാ ട്രാഫിക് പോലീസുകാരോടൊപ്പം അല്‍പ്പനേരം. കോഴിക്കോട് സൗത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഷമാന അഹമ്മദ്, സുബിനി. കെ.പി, ശാലിനി സി.കെ, ദേവി കെ.പി എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു. ഒപ്പം അവരെ നയിക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ ബാബുവും ചേരുന്നു.

'പുരുഷ പോലീസിനോട് തുറന്നു പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും സ്ത്രീകള്‍ ഞങ്ങളോട് പങ്കു വെക്കാറുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ വിഷമിക്കുന്ന പല സ്ത്രീകളും എന്നെ സമീപിച്ചിട്ടുണ്ട്. സാധാരണക്കാരായ ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപഴകാന്‍ കഴിയുന്നവരാണ് ഞങ്ങള്‍. അവര്‍ക്ക് എന്തു പ്രശ്നമുണ്ടെങ്കിലും ഞങ്ങളെ സമീപിക്കാവുന്നതാണ്. എന്തു പരിഹാരവും ചെയ്തു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ട്രാഫിക് നിയമലംഘനം നടത്തിയവരില്‍ നിന്ന് പലപ്പോഴും മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഒരു പുരുഷ എസ്.ഐ ക്ക് മാത്രമേ തങ്ങളെ ചോദ്യം ചെയ്യാനുള്ള അധികാരമുള്ളുവെന്നും നിങ്ങള്‍ എന്തു മനസ്സിലാക്കിയാണ് ഞങ്ങളെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും പരസ്യമായി ചോദിക്കുന്നവരാണ് നിയമലംഘകരായ ജനങ്ങള്‍. സമൂഹത്തിന്റെ ഈ മനോഭാവം മാറണം. ഏതു പ്രതിസന്ധികളെയും അതിജീവിക്കാനുള്ള പരിശീലനം നേടിയവരാണ് ഞങ്ങള്‍-സുബിനി കെ.പി

police

'ഞാന്‍ ഒരു മുസ്ലിം കുടുംബത്തില്‍ നിന്നാണ് വരുന്നത്. എന്റെ വ്യക്തിപരമായ താത്പര്യത്തോടെയാണ് ഞാന്‍ ട്രാഫിക് പോലീസ് ആയത്. അച്ഛനും അമ്മയും എല്ലാ പിന്തുണയും തന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ മുഴുവന്‍ പ്രോത്സാഹനവുമുണ്ട്. എന്നാല്‍ സ്ത്രീകളോടുള്ള പുരുഷന്‍മാരുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് മനസ്സിലായത് ജോലിക്കിടയില്‍ പല ഡ്രൈവര്‍മാരുടെയും കുത്തുവാക്കുകള്‍ കേട്ടപ്പോളാണ്. കോറണേഷന്‍ തിയറ്ററിനു മുന്നിലെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് സമീപത്തുള്ള ഫുട്പാത്തിലൂടെ സന്ധ്യ സമയത്ത് സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. പക്ഷേ പോലീസിന്റെ യൂണിഫോമിലാണെങ്കില്‍ എനിക്ക് പ്രശ്നങ്ങളൊന്നുമുണ്ടാകാറില്ല. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ഞാന്‍ പറയുന്നത് സാമൂഹ്യ വിരുദ്ധന്‍മാര്‍ അനുസരിക്കാറുണ്ട്. ഈ യൂണിഫോം ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊന്നും ഒരു വിലയുമുണ്ടാകുമായിരുന്നില്ല.'-ഷമാന അഹമ്മദ്

'കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പോലീസില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കുറവായിരുന്നു. വെറും മൂന്നു ശതമാനം സ്ത്രീകള്‍ മാത്രമേ ഈ മേഖലയില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന്  പത്തു ശതമാനം സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമുണ്ട്.  സിനിമയില്‍ കാണുന്ന പോലീസ് അല്ല യഥാര്‍ത്ഥ പോലീസ്. ജനങ്ങളുടെ മനസ്സില്‍ സകല തിന്മകളുടെയും പര്യായമായി നിന്നിരുന്ന പോലീസ് യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ സംരക്ഷകരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം.'-ദേവി കെ.പി

'പല വിധത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളാണ് നടക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരെയാണ് ഞങ്ങള്‍ കൂടുതലായും പിടികൂടിയിട്ടുള്ളത്. റോഡിലുള്ള സൂചക ബോര്‍ഡുകളിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കാതെ വണ്ടി ഓടിക്കുന്നവരാണ് മിക്കവരും. സീബ്രാ ലൈനിന്റെ മുകളില്‍ വണ്ടി നിര്‍ത്തുന്നവരുമുണ്ട്. സീറ്റ് ബെല്‍റ്റ് ഇടാത്തവരെയും പിടികൂടിയിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ എങ്ങനെ വാഹനം ഓടിക്കണമെന്ന് അറിയാത്തവരാണ് നമ്മുടെ ഡ്രൈവര്‍മാര്‍.'-ശാലിനി. സി.കെ

'പോലീസ് എത്രയോ ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ സമൂഹത്തിന് ഒരു മാറ്റവുമില്ല. സമൂഹം മാറണം. സ്ത്രീകള്‍ തങ്ങളുടെ അവകാശങ്ങളെപ്പറ്റി ബോധവാന്‍മാരാകണം. ഒരു ഗ്രാമത്തില്‍ ഒരു വനിതാ പോലീസ് ഉണ്ടെങ്കില്‍ ഗ്രാമവാസികളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ നിയമത്തിനു മുമ്പില്‍ കൊണ്ടു വരാന്‍ എളുപ്പമാണ്. വനിതകള്‍ ഇന്ന് സ്മാര്‍ട്ട് ആണ്. ഇവിടെയുള്ള ട്രാഫിക് പോലീസുകാരെല്ലാം പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ  വാഗ്ദാനങ്ങളാണെന്ന് എനിക്ക് നിസ്സംശയം പറയാന്‍ കഴിയും.'-അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ ബാബു.