FM Radioവളുടെ ആഗ്രഹം പഠിച്ച് സ്വന്തമായൊരു തൊഴില്‍ നേടണമെന്നതു മാത്രമായിരുന്നു. ഇഷ്ടികച്ചുമരിനരികില്‍ കത്തിച്ചുവെച്ച വിളക്കിനരികിലെ പുസ്തകങ്ങളില്‍ എന്നും തെളിഞ്ഞത് അവളുടെ ഈ ഒരു കൊച്ചു സ്വപ്നമായിരുന്നു. എന്നാല്‍ ക്ലാസ്സില്‍ പതിവായി മുടങ്ങിയ അവളെത്തേടി എത്തിയ സുഹൃത്തുക്കള്‍ അവളെക്കണ്ടത് സാരിയുടുത്ത് അണിഞ്ഞൊരുങ്ങിയ ഒരു കല്യാണപ്പെണ്ണിനെയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉള്‍നാട്ടില്‍ ജനിച്ചു വളര്‍ന്ന അവളുടെ അച്ഛന് അവളുടെ സ്വപ്നത്തിന്റെ തീക്ഷ്ണത അറിയാന്‍ കഴിഞ്ഞില്ല. വീട്ടില്‍ എത്തിയ സുഹൃത്തുക്കള്‍ ഒരുമിച്ച് മനസ്സിലുറപ്പിച്ചു തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന്റെ ജീവിതം ഇങ്ങനെ തീരേണ്ട ഒന്നല്ലയെന്ന്. ഇതെങ്ങനെ പരിഹരിക്കുമെന്ന് ആലോചിക്കുമ്പോഴാണ് അവരിലൊരാള്‍ 107.8 കമ്മ്യൂണിറ്റി റേഡിയോയെക്കുറിച്ച് പറയുന്നത്. അവര്‍ വൈഷ്ണവ് കോളേജിലെ കമ്മ്യൂണിറ്റി റേഡിയോ അംഗങ്ങളെ വിവരമറിയിച്ചു. സമയോചിതമായ ഇടപെടലിലൂടെ പ്രശ്നം ഒത്തുതീര്‍പ്പാക്കി. അവളിപ്പോള്‍ പഠിക്കുകയാണ്. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയൊന്നാകെ ശ്രദ്ധയാകര്‍ഷിച്ച് വരികയാണ് എം.ഒ.പി. വൈഷ്ണവ് കോളേജിലെ 107.8 എഫ്.എം. കമ്മ്യൂണിറ്റി റേഡിയോ. 

FM Radio

മാര്‍ച്ച് 2005ലാണ് എം.ഒ.പി.വൈഷ്ണവ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് കമ്മ്യൂണിറ്റി റേഡിയോ ആരംഭിച്ചത്. ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റിക്ക് ശേഷം ഇന്ത്യയില്‍ ആരംഭിച്ച രണ്ടാമത്തെ കമ്മ്യൂണിറ്റി റേഡിയോയാണ് എം.ഒ.പി. വൈഷ്ണവ് കോളേജിലേത്. എം.ഒ.പി. കോളേജ് ക്യാമ്പസിനടുത്തുളള സ്‌കൂളുകളിലും കോളേജുകളിലും ചേരിപ്രദേശങ്ങളിലും നേരിട്ട് പോയി വിവിധ ക്ലാസുകളും കമ്മ്യൂണിറ്റി റേഡിയോ അംഗങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിദ്യാര്‍ത്ഥികളും വിവിധ മേഖലയില്‍ നിന്നുളള സ്ത്രീകളും കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനില്‍ നേരിട്ടെത്തി പരിപാടികള്‍  അവതരിപ്പിക്കാറുണ്ട്. സ്ത്രീശാക്തീകരണമാണ് കമ്മ്യൂണിറ്റി റേഡിയോ പരിപാടിയുടെ മുഖ്യലക്ഷ്യം. 

പെണ്ണേ നീ അറിവായ് എന്ന പരിപാടിയില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യപരവും സാമൂഹ്യപരവുമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യാറുളളത്. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കാണ് കമ്മ്യൂണിറ്റി റേഡിയോ മുന്‍തൂക്കം നല്‍കുന്നത്. ഓരോ മേഖലയിലെയും വിദഗ്ദരെ കൊണ്ടു വന്ന ് അവതരിപ്പിക്കുന്ന പരിപാടിയിലൂടെ വിവിധ വിഷയങ്ങളെക്കുറിച്ച് വീട്ടമ്മമാരായ സ്ത്രീകള്‍ക്കും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഒരു പാട് നിര്‍ദ്ദേശങ്ങള്‍ കമ്മ്യൂണിറ്റി റേഡിയോ ലഭ്യമാക്കുന്നു. കൂടാതെ പ്രമുഖരുടെ ഇന്റര്‍വ്യൂകളും റേഡിയോയില്‍ സംപ്രേഷണം ചെയ്യാറുണ്ട്. 

FM Radio

ശ്രോതാക്കളിലേറെയും സമൂഹത്തിലെ സാധാരണക്കാരായതിനാല്‍ ലളിതമായ തമിഴ് പ്രാദേശിക ഭാഷയിലാണ് 107.8 എഫ്.എം ആര്‍.ജെ.മാരായ വിദ്യാര്‍ത്ഥിനികള്‍ സംസാരിക്കുക. 

തമിഴ് സാഹിത്യത്തിലെ ഈരടിയിലാണ് കമ്മ്യൂണിറ്റി റേഡിയോയിലെ പരിപാടികള്‍ ആരംഭിക്കുക.  സംഗീത പരിപാടികള്‍ ക്ഷേത്രങ്ങളില്‍ വെച്ച് തന്നെയാണ് പ്രക്ഷേപണം ചെയ്യുക. എഫ്.എം സ്റ്റേഷന്റെ 15 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന അശോക് നഗര്‍, അറുമ്പാക്കം, ചേട്ട്പേട്ടൈ, പുഷ്പനഗര്‍ എന്നീ ഇടങ്ങളാണ് റേഡിയോ സ്റ്റേഷന്‍ പരിധിയില്‍ വരുന്നത്. സുപ്രഭാതം, ഉടലേ നന്മ എന്ന ആരോഗ്യ പരിപാടി,  ഏണിപ്പടികള്‍ എന്ന കരിയര്‍ പ്രോഗ്രം, വാദം വിവാദം എന്ന സംവാദ പരിപാടി, കാശുമേള എന്ന ബിസിനസ്സ് പരിപാടി, പൂഞ്ചോലൈ എന്ന കുട്ടികള്‍ക്കായുളള പരിപാടി,  കഥൈ നേരം എന്ന കഥാപാരായണ പരിപാടി എന്നിങ്ങനെ ഒരു പാട് പരിപാടികള്‍ ഇവര്‍ അവതരിപ്പിക്കുന്നുണ്ട്. കോമണ്‍വെല്‍ത്ത് എഡ്യുക്കേഷന്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യ സംഘടനയുടെ  കമ്മ്യൂണിറ്റി റേഡിയോ അവാര്‍ഡ് ഇവരുടെ കൂട്ടായ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.

Radio FM