ജോലിയില്‍ എന്ത് ആണ്‍-പെണ്‍ വ്യത്യാസം റെയില്‍വേയില്‍ ടെക്‌നീഷ്യന്‍ ക്രൂ ആയി ജോലി ചെയ്യുന്ന രാജ്യശ്രീ സംഭാഷണം തുടങ്ങും മുമ്പേ ഇങ്ങോട്ടൊരു ചോദ്യമെറിഞ്ഞു. ചോദ്യം അത്ര നിസാരമല്ല. ലിംഗവിവേചനത്തിന്റെ കാണാപുറങ്ങളിലേക്കെല്ലാം ആ ചോദ്യത്തിന്റെ പ്രതിധ്വനി ചെന്നടിക്കുന്നുണ്ട്. പക്ഷേ ചോദിക്കാതിരിക്കാനായില്ല; പുരുഷന്മാര്‍ ഭൂരിപക്ഷമുള്ള, കായികക്ഷമത വേണ്ടുവോളം ആവശ്യമുള്ള റെയില്‍വേ മെക്കാനിക് രംഗത്താണ് പുരുഷന്മാരേക്കാള്‍ ഒട്ടുപിറകിലല്ല സ്ത്രീയെന്ന് വര്‍ഷങ്ങളായി തെളിയിച്ച് രാജശ്രീയും ഷീബയും ഉള്‍പ്പടെയുള്ള വനിതകള്‍ കൈ മെയ് മറന്ന് പണിയെടുക്കുന്നത്. 

ഇതിലെന്തിത്ര ആനക്കാര്യം എന്നാവും. കരയിലെ ഏറ്റവും വലിയ വണ്ടിയായ തീവണ്ടിയുടെ മെക്കാനിക്കുകളാണ് ഇവര്‍. പതിനായിരക്കണക്കിന് വരുന്ന യാത്രക്കാരെ വഹിക്കാനുള്ള ക്ഷമത പാളങ്ങളിലൂടെ കുതിച്ചുപായുന്ന തീവണ്ടിക്കുണ്ടോ എന്ന് നോക്കേണ്ട ഉത്തരവാദിത്തമേറെയുള്ള ജോലിയാണ് റെയില്‍വേ മെക്കാനിക് തസ്തിക. 

ഓരോ നാലുദിവസം കൂടുമ്പോഴും ട്രെയിന്‍ പിറ്റ്‌ലൈനില്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കും. ട്രെയിനിന്റെ ബ്രേക്ക്, വീല്‍, സ്പ്രിംഗ് തുടങ്ങിയ സാങ്കേതികവശങ്ങളെല്ലാം പരിശോധിച്ച് ഇനി ഒരു നാലുദിവസം കൂടി ഓടാന്‍ ട്രെയിന്‍ സുസജ്ജമാണെന്ന് സീനിയര്‍ എന്‍ജിനീയര്‍ക്ക് ഉറപ്പ് നല്‍കേണ്ടത് ഇവരാണ്. ഓടാന്‍ സജ്ജമാണോ എന്ന് മാത്രമല്ല യാത്രക്കാര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ട്രെയിനില്‍ ഉണ്ടോ എന്നും ഉറപ്പുവരുത്തണം. ബര്‍ത്തും,കര്‍ട്ടനും,വാതിലും ജനലും എന്തിന് എ.സി കാമ്പാര്‍ട്ട്‌മെന്റില്‍ യാത്രക്കാര്‍ക്കായി നല്‍കുന്ന പുതപ്പില്‍ വരെ ഇവരുടെ കണ്ണെത്തണം. 

എന്‍ജിന്‍ കട്ട് ചെയ്ത് മറ്റൊരു എന്‍ജിനുമായി കൂട്ടിയോജിപ്പിക്കണം. പഴയ എന്‍ജിന്‍ മാറ്റി പുതിയ എന്‍ജിന്‍ പിടിപ്പിക്കുമ്പോള്‍ വണ്ടിയുടെ പ്രഷര്‍ ലിമിറ്റ് മാറാതിരിക്കാന്‍ വണ്ടി റിലീസ് ചെയ്തിട്ടാണ് ലോക്കോ കൂട്ടിചേര്‍ക്കുക. അതിന് ശേഷം ഡ്രൈവര്‍ വന്ന് പ്രഷര്‍ ലിമിറ്റ് നോക്കി ഓക്കെയാണെന്നു കണ്ടാല്‍ എന്‍ജിന്‍ തുറന്ന് കൊടുക്കും; കൊയിലാണ്ടി സ്വദേശി ഷീബ ജോലിയെ കുറിച്ച് വാചാലയായി. 

Rajashree

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പതിനഞ്ച് ദിവസത്തെ ഡെപ്യൂട്ടേഷനെത്തിയതാണ് ഷീബ. പതിനെട്ട് വര്‍ഷമായി ഷീബ റെയില്‍വേയില്‍ ജോലിക്ക് കയറിയിട്ട്. ടെക്‌നീഷ്യന്‍ ഗ്രേഡ് വണ്‍ എന്ന പോസ്റ്റിലാണ് ഷീബയെ നിയമിച്ചിരിക്കുന്നത്. റെയില്‍വേയില്‍ എന്‍ജിനീയറായിരുന്നു ഷീബയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നാണ് ഷീബക്ക് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്. മൂന്നുവര്‍ഷത്തെ മംഗലാപുരത്തായിരുന്നു ആദ്യ നിയമനം. പിന്നീട് ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടി. 

ഷൊര്‍ണൂരില്‍ ജോലി കുറച്ചുകൂടി കടുപ്പമേറിയതാണ് ഷീബ പറയുന്നു. അവിടെ എത്തുന്ന ട്രെയിനുകളുടെ ബോഗികള്‍ ജാക്കി ഉപയോഗിച്ച് വേര്‍പെടുത്തും. അതിന്‌ശേഷം ബോഗിയുടെ എല്ലാ ഭാഗങ്ങളും പരിശോധിക്കണം ഏതെങ്കിലും ഭാഗങ്ങള്‍ക്ക് പൊട്ടലോ കേടുപാടുകളോ ഉണ്ടെങ്കില്‍ അത് മാറ്റി പുതിയത് വയ്ക്കണം. അതിന്റെ സ്പ്രിംഗുകള്‍ എല്ലാം വെളിയില്‍ എടുക്കും, അതൊക്കെ നോക്കി വൃത്തിയാക്കി പുനസ്ഥാപിക്കും. പിന്നെ ക്രെയിനുപയോഗിച്ച് ബോഗികള്‍ മാറ്റിവക്കും. പിന്നെ വീല്‍ മാത്രം അവിടെ നിര്‍ത്തും പിന്നെ വീല്‍ പരിശോധിക്കും. ഇതെല്ലാം ഊരിമാറ്റള്‍ എളുപ്പമാണ് ഭാരമേറിയതിനാല്‍ പൊക്കിമാറ്റാന്‍ നല്ല കായികക്ഷമത തന്നെ വേണം.അത് ആണുങ്ങള്‍ക്ക് തന്നെയേ പറ്റൂ. പിന്നെ കൂടെ ജോലി ചെയ്യുന്ന പുരുഷന്മാര്‍ സഹായിക്കും. ഞങ്ങളൊരു ടീമാണല്ലോ-ഷീബ ചിരിക്കുന്നു. 

എല്ലാം അങ്ങനെ ആണുങ്ങള്‍ക്കേ പറ്റുള്ളൂ എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്നാണ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 തസ്തികയില്‍ മംഗലാപുരം സെന്‍ട്രല്‍ സ്‌റേറഷനില്‍ ജോലി ചെയ്യുന്ന രാജശ്രീയുടെ നിലപാട്. ഭാരമെടുക്കല്‍ ഒരു ബുദ്ധിമുട്ട് തന്നെയാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും തോറ്റു പിന്മാറാന്‍ രാജശ്രീ ഒരുക്കമല്ല. എപ്പോഴും വണ്ടിക്കടിയിലായിരികകും പണി. ഗ്രീസും കരിയും പുരണ്ട കാക്കി വസ്ത്രവുമിട്ട് ലോകത്തെ ഏറ്റവും വലിയ ടോയ്‌ലറ്റ് എന്ന വിശേഷണമുള്ള ട്രാക്കില്‍ കിടക്കേണ്ടി വരും. പക്ഷേ വെറുപ്പു തോന്നാറില്ല-രാജശ്രീ പറയുന്നു.

ട്രെയിനില്‍ കയറുന്ന യാത്രക്കാരുടെ സുരക്ഷിതത്വം തങ്ങളുടെ കൈകളിലാണെന്ന് ഉത്തമബോധ്യം ഉണ്ട് രാജശ്രീയും ഷീബയും ഉള്‍പ്പടെയുള്ളവര്‍ക്ക്. ആ ഉത്തരവാദിത്തത്തെ അവര്‍ ആവോളം ആസ്വദിക്കുന്നുമുണ്ട്.  ഇത്തിരി കരിയും ചെളിയും പുരണ്ടാലും ഈ കഷ്ടപ്പാട് ഒരു സുഖമാണെന്നാണ് ഇവര്‍ പറയുന്നത്. ഇതല്ലേ നമ്മുടെ അന്നം. ആത്മസംതൃപ്തിയോടെ ഏകസ്വരത്തില്‍ അവര്‍ പറയുന്നു.