വീട്ടുജോലിയും കുട്ടികളുടെയും കെട്ടിയോന്റെയുമൊക്കെ കാര്യങ്ങളും ചെയ്തുതീര്‍ത്ത് സമയത്തിനൊപ്പമുള്ള ഓട്ടത്തില്‍ നിന്ന് വ്യത്യസ്തതയുള്ളൊരു ജോലി ആഗ്രഹിക്കാത്ത പെണ്ണുണ്ടോ? ഓഫീസ് പണിയെപ്പോലെ സമയക്ലിപ്തതയില്ല ഒരു മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജോലിക്ക്. ബോറടിയും കുറവ്. എന്നിട്ടും പുരുഷന്മാര്‍ കുത്തകയാക്കിവച്ച ഈ മേഖലയില്‍ ഇപ്പോഴും സ്ത്രീകളുടെ എണ്ണം എത്രയോ കുറവ്. എന്താവും ഇതിന്റെ കാരണം. വ്യത്യസ്തത ആഗ്രഹിക്കുന്ന കുറച്ചു സ്ത്രീകള്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഈ രംഗത്ത് ജോലി ചെയ്യുന്നുണ്ട്. കോഴിക്കോട് സ്വദേശികളായ കവിത റാം, രാജേശ്വരി, ധന്യ, ബിന്ദുഭൂഷണ്‍, വിദ്യ. മരുന്ന് പെട്ടിയും തൂക്കി ഡോക്ടര്‍മാരുടെ വീടുകളിലൂടെയും ആസ്പത്രികളിലൂടെയും മരുന്നുകടകളിലൂടെയുമുള്ള ഇവരുടെ യാത്രകളെയും അതിന്റെ യാതനകളെയും സൗകര്യങ്ങളെയും കുറിച്ച് നമുക്ക് ഇവരോടു തന്നെ ചോദിക്കാം. 

ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു വീട്ടമ്മയുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഈ ജോലി ഒട്ടും തടസ്സമല്ലെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറയുന്നു. സമയം ഒരു പ്രശ്നമേ അല്ല. ജോലിയുടെ ഇടവേളകളില്‍ ബാങ്ക് ആവശ്യങ്ങള്‍ തീര്‍ക്കാം. വീട്ടിലെ ഇലക്ടിസിറ്റി ബില്‍ അടയ്ക്കാം. മക്കളുടെ പി.ടി.എ മീറ്റിംഗുകളില്‍ പങ്കെടുക്കാം. നമ്മുടെ കാര്യങ്ങള്‍ക്ക് ഒരു തടസ്സവുമില്ല. വീടും ജോലിയും ഒന്നിച്ചു പോകുമെന്ന് സാരം.

medical rep

ഓരോ കമ്പനികള്‍ക്കും വ്യത്യസ്ത നിയമങ്ങളാണുള്ളതെങ്കിലും കമ്പനികള്‍ തരുന്ന ടാര്‍ജറ്റ് നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍ക്കാന്‍ ചില്ലറ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്നല്ലാതെ പറയത്തക്ക വിഷമതകളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശി കവിതാ റാമിന്റെ അഭിപ്രായം. ഈ ജോലിക്ക് ഏറ്റവും പ്രധാനം ക്ഷമയാണ്. ഒരു ഡോക്ടറെ കാണാന്‍ തന്നെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും. തുടക്കക്കാര്‍ക്ക് പ്രത്യേകം ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നതായി തോന്നിയിട്ടില്ല. ഡോക്ടര്‍മാരെ കാണാന്‍ പോകുമ്പോള്‍ കാത്തിരിക്കുന്ന രോഗികള്‍ നമ്മളോട് കുറച്ച് നീരസം കാണിക്കും. പണ്ടത്തെപ്പോലെ കുറെ സമയം ഞങ്ങള്‍ അങ്ങിനെ എടുക്കാറില്ല. നേരത്തേയൊക്കെ പ്രോഡക്ടിനെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ഞങ്ങള്‍ തന്നെ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. പക്ഷേ, ഇപ്പോള്‍ പ്രോഡക്ടിന്റെ വിശദാംശങ്ങളടങ്ങിയ സി.ഡി., വീഡിയോ ക്ലിപ്പിംഗ്സ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉള്ളതുകൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ പെട്ടെന്ന് തന്നെ ജോലി തീര്‍ത്ത് ഇറങ്ങാറുമുണ്ട്. എന്നിരുന്നാലും മരുന്നിന്റെ വില കുറയ്ക്കാനായാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. വില കൂടുന്നതുകൊണ്ട് പല രോഗികളും വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. അതിനായി നമ്മുടെ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്നുള്ളതാണ്‌ ഞങ്ങളുടെ ആവശ്യം. ആരുടെയും പ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ സ്വന്തമായി തിരഞ്ഞെടുത്ത ജോലിയാണിത്. പതിമൂന്നു വര്‍ഷമായി സന്തോഷത്തോടെ തുടരുന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായ ഒരു ജോലി എന്ന സ്വപ്നം കണ്ടുനടന്നതുകൊണ്ട് വളരെ സംതൃപ്തിയോടെയും സന്തോഷത്തോടെയും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്- കവിത പറയുന്നു. 

പതിമൂന്നു സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി തുടങ്ങിയ ഒരു കമ്പനിയിലാണ് ഗോവിന്ദപുരം സ്വദേശി ബിന്ദു ഭൂഷണ്‍ ജോലി ചെയ്യുന്നത്. സുഹൃത്തിന്റെ നിര്‍ബന്ധം മൂലം വീട്ടിലെ ബോറടിയില്‍ നിന്നു രക്ഷപ്പെടാന്‍ ഒരാശ്വാസത്തിനായി തുടങ്ങിയതായിരുന്നു ജോലി. തുടക്കത്തില്‍ അലിയ ധാരണയുണ്ടായിരുന്നില്ല. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ ഏതു പ്രൊഫഷനിലും നമ്മുടേതായ ഒരിടം കണ്ടെത്താന്‍ സാധിക്കും. ഹാര്‍ഡ് വര്‍ക്ക് അല്ല സ്മാര്‍ട്ട് വര്‍ക്കാണ് ഈ ഫീല്‍ഡിന് ആവശ്യം. എന്തുകൊണ്ടോ സ്ത്രീകള്‍ ഇപ്പോഴും ഈ ഫീല്‍ഡിലേക്ക് കടന്നുവരാന്‍ ഇപ്പോഴും മടിക്കുന്നു. മറ്റു പ്രൈവറ്റ് ജോലികളെ അപേക്ഷിച്ച് സാമ്പത്തികമായും നല്ല നേട്ടമുള്ള ജോലിയാണിത്-പതിനാറു വര്‍ഷത്തിലധികം ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ബിന്ദു പറഞ്ഞു.

medical rep

അനിയന്‍ ഈ ഫീല്‍ഡിലായതുകൊണ്ടാണ് ഇലക്ട്രോണിക്സ് ഡിപ്ലോമയുണ്ടായിട്ടും ഈ ജോലി തന്നെ തിരഞ്ഞെടുത്തതെന്ന് പറയുന്നു  ചാത്തമംഗലം സ്വദേശി ധന്യ. നമുക്ക് കമ്പനി തരുന്ന ടാര്‍ജറ്റ് അച്ചീവ് ചെയ്താല്‍ ശമ്പളത്തിന് പുറമെ നല്ലൊരു തുക ഇന്‍സെന്റീവായി കിട്ടും. പിന്നെ എല്ലാ തരത്തിലുള്ള ആളുകളുമായും നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നത് ഈ ജോലിയുടെ പ്രത്യേകതയാണ്. ഇക്കാലത്ത് നമുക്കെപ്പോഴും ആവശ്യമുള്ള ഡോക്ടര്‍മാര്‍ നമ്മുടെ തൊട്ടരികിലുണ്ട് എന്നത് ഒരു വലിയ കാര്യമല്ലെ. ചെറുപ്പം മുതലേ ആഗ്രഹിച്ചു വന്ന ജോലിയൊന്നുമല്ലെങ്കിലും ഇപ്പോള്‍ വല്ലാത്ത ഒരടുപ്പവും അതിലേറെ ഇഷ്ടവുമുണ്ട് ഈ ജോലിയോട്. തുടക്കത്തില്‍ ദൂരസ്ഥലങ്ങളിലേക്ക് മീറ്റിംഗിനായെല്ലാം പോകേണ്ടിവരുമായിരുന്നു. ചെറിയ മകനുള്ളത് കൊണ്ട് അന്നൊക്കെ ഭര്‍ത്താവ് കൂടെ വരുമായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകളൊന്നുമില്ല. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ പൂര്‍ണ സപ്പോര്‍ട്ട് ഈ ജോലിക്കാവശ്യമാണെന്നാണ് ധന്യയുടെ അഭിപ്രായം.

മെഡിക്കല്‍ ഫീല്‍ഡിനെക്കുറിച്ചോ മരുന്നുകളെക്കുറിച്ചോ വ്യക്തമായ ധാരണയില്ലാതെയാണ് മായനാട് സ്വദേശി രാജേശ്വരി ഈ ജോലിയിലേക്ക് കടന്നുവന്നത്. എപ്പോഴും യാത്രയായിരിക്കുമല്ലോ എന്നോര്‍ത്ത് ആദ്യം ഒരു താല്പര്യക്കുറവ് തോന്നി. പിന്നെ ബുദ്ധിമുട്ടാണെങ്കില്‍ വിടാം എന്ന അച്ഛന്റെ നിര്‍ദേശമാണ് ധൈര്യം തന്നത്. ജോലി ചെയ്ത് തുടങ്ങിയപ്പോള്‍ ഒരുപാട് ഇഷ്ടമാവുകയും ചെയ്തു. ഒരു സ്ഥലത്തിരുന്നു ജോലി ചെയ്യുന്നതിനേക്കാളും എന്തുകൊണ്ടും എല്ലാവരുമായും ഇടപഴകുന്നത് ഒത്തിരി കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതായാണ് തോന്നുന്നത്. ഡോക്ടര്‍മാരുടെ അടുത്ത് പോകുമ്പോള്‍ ചില രോഗികള്‍ നമ്മളോട് വല്ലാതെ ദേഷ്യപ്പെടും. അവര്‍ക്ക് ഈ ജോലിയുടെ ബുദ്ധിമുട്ട് മനസിലാക്കേണ്ട ആവശ്യമില്ലല്ലൊ. അവരുമായി ഇടയ്ക്ക് ചെറിയ തര്‍ക്കങ്ങളൊഴിച്ചാല്‍ മറ്റാരുടെ അടുത്തുനിന്നും ഒരു തരത്തിലുള്ള വിഷമതകളും നേരിടേണ്ടി വന്നിട്ടില്ല. നമ്മുടെ കാര്യങ്ങളും കമ്പനിയുടെ കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്-പന്ത്രണ്ട് വര്‍ഷമായി ഈ ഫീല്‍ഡില്‍ തുടരുന്ന രാജേശ്വരി പറയുന്നു. 

ഇവരുടെ ജീവിതങ്ങള്‍ ഒരേസ്വരത്തില്‍ നമ്മളോട് പറയുന്ന ഒരു കാര്യമുണ്ട്. വ്യത്യസ്തത ആഗ്രഹിക്കുന്ന, എല്ലാവരോടും സ്മാര്‍ട്ടായി ഇടപഴകാന്‍ തയ്യാറുള്ളവര്‍ക്ക് അയ്യോ അതൊക്കെ ആണ്ണുങ്ങളുടെ ജോലിയല്ലേ എന്നു പറഞ്ഞു മടിച്ചുനില്‍ക്കാതെ ധൈര്യമായി കടന്നുവരാവുന്ന മേഖല തന്നെയാണിത്. അറച്ചു നില്‍ക്കുന്നവര്‍ക്ക് സ്വന്തം ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് ഇവര്‍ പ്രചോദനം നല്‍കുന്നത്.