താനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുട്ടികളുടെ സ്‌കൂള്‍ അഡ്മിഷന്‍ കാര്‍ഡില്‍ ജോലി എന്താണെന്ന കോളത്തില്‍ ഹൗസ് വൈഫ് എന്ന് ജാള്യതയോടെ എഴുതി ചേര്‍ത്ത ലില്ലി മാത്യു ഇന്നാണെങ്കില്‍ അഭിമാനത്തോടെ ഇങ്ങനെയെഴുതും 'ഫാം മാനേജര്‍ '

സാഹചര്യങ്ങള്‍ക്ക് കീഴടങ്ങി വീടിന്റെ അകത്തളങ്ങള്‍ സ്വന്തം ലോകമായി തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്കെല്ലാം ഒരു തിരുത്താണ് ലില്ലി മാത്യു എന്ന ക്ഷീര കര്‍ഷകയുടെ ജീവിതം. അര്‍പ്പണബോധവും മനസ്സുമുണ്ടെങ്കില്‍ വിജയം കൂടെവരും. തനി നാടന്‍ ജീവിത സാഹചര്യത്തില്‍ നിന്നും ഇന്ത്യന്‍ ഡെയറി അസോസിയേഷന്റെ 2016 ലെ വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടിയ ലില്ലി മാത്യു എന്ന ക്ഷീരകര്‍ഷകയാണ് ഇതു പറയുന്നത്. ഹരിയാണയിലെ നാഷണല്‍ ഡെയറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇവര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. വയനാട്ടിലെ മാനന്തവാടിക്കടുത്ത ഒഴക്കോടി എന്ന ഗ്രാമത്തില്‍ നിന്നും ഇവര്‍ പടുത്തുയര്‍ത്തിയ ക്ഷീരവിപ്ലവം ദേശീയതലത്തില്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഇത് നാടിന്റെ കൂടി അഭിമാനമാകുന്നു. പശുപരിപാലനം വയനാട്ടില്‍ പുതുമയല്ല. എന്നാല്‍ കാലം മാറിയതോടെ മിക്ക കര്‍ഷകരും ഇതില്‍ നിന്നും പിന്‍വലിഞ്ഞു തുടങ്ങി. ക്ലേശകരമായ ജോലി, ഇതിനെല്ലാം ധാരാളം സമയം വേണം..എന്നെല്ലാമുള്ള പതിവു പരാതികള്‍ തന്നെ എവിടെയും കേള്‍ക്കാം. പോരാത്തതിന് നെല്‍വയലും കുറഞ്ഞു. തീറ്റ കൊടുക്കലും നോക്കലുമെല്ലാം ദുഷ്‌കരം തന്നെ. ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ തന്നെയാണ് ലില്ലി മാത്യുവും ഇതിനെയെല്ലാം  ഒരു വെല്ലുവിളിയായി ഏറ്റെടുത്തത്.

11 വര്‍ഷങ്ങള്‍ പിന്നിട്ടു. അയിനിക്കാട്ട് വീട് ഇന്ന് ഫാം സ്‌കൂളാണ്. ലില്ലി മാത്യു എന്ന വീട്ടമ്മ ഒരു അധ്യാപികയും. പശുപരിപാലനത്തിന്റെ വിജയഗാഥകളും ശാസ്ത്രീയതയുമറിയാന്‍ എത്തുന്നവര്‍ അധിക ദിവസവുമുണ്ട്. ഇതിനിടയില്‍ എല്ലായിടത്തും നോട്ടമെത്തണം. അത്രയുമുണ്ട് തിരക്ക്. ഒന്നും രണ്ടുമല്ല 26 പശുക്കളും 9 കിടാരികളുമുള്ള ഒരു വലിയ ഫാമായി ഇന്ന് ഈ വീട് മാറിയിരിക്കുന്നു. കഠിനാധ്വാനത്തിന്റെ പരിശ്രമങ്ങള്‍ക്ക് അംഗീകാരവും ധാരാളമായി എത്തുന്നു.ഇതിനിടയിലും ഈ ക്ഷീര കര്‍ഷകയുടെ സ്ഥിരോത്സാഹത്തിന് ഒട്ടും കുറവില്ല.22 കറവ പശുക്കളില്‍ നിന്നും 2015 വര്‍ഷത്തില്‍ 1,25,344 ലിറ്റര്‍ പാലാണ് ഇവര്‍ സൊസൈറ്റിക്ക് നല്‍കിയത്.ഒരു ജോലിക്കാരിയുടെ സഹായം ഉണ്ടെന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം ഇവര്‍ സ്വന്തം തന്നെ.ഹോള്‍സ്റ്റെയിന് ഇനത്തിലുള്ളതാണ് പശുക്കളെല്ലാം. ഇവയുടെ പരിപാലനത്തില്‍ നോട്ടമൊന്നു തെറ്റിയാല്‍ പണി പാളും .പ്രതിദിനം 400 ലിറ്റര്‍ പാല്‍ അനുദിനം മാനന്തവാടിയിലെ ക്ഷീരസംഘം സൊസൈറ്റിയില്‍ അളന്ന് നല്‍കുന്നത്.

അതിരാവിലെ മുതല്‍ വൈകുവോളം മുഴുവന്‍ സമയവും പശുപരിപാലനത്തിന് നീക്കി വെക്കേണ്ടി വരുമ്പോഴും ഇതിനെക്കുറിച്ചൊന്നും പരാതികളില്ല.കര്‍മ്മ മേഖലയോട് അത്രയധികം ഈ ക്ഷീര കര്‍ഷക ആത്മാര്‍ത്ഥത പുലര്‍ത്തുന്നു.ഇത് തന്നെയാണ് ജീവിത വിജയത്തിനും അടിവരയിടുന്നത്. രണ്ടായി സജ്ജീകരിച്ച തൊഴുത്തില്‍ കറവയുള്ളതിനെയും ഇല്ലാത്തതിനെയും പ്രത്യേകം പരിചരിക്കുന്നു.പുറമെ നിന്നും വാങ്ങി നല്‍കുന്ന കാലിത്തീറ്റക്ക് പകരം ചേളോപ്പൊടി മുത്താറിപ്പൊടി തവിട് ഗോതമ്പ് തവിട് അവില്‍നുറുക്ക് എന്നിവയെല്ലാം ചേര്‍ത്തുണ്ടാക്കിയ മിശ്രിതമാണ് പശുക്കള്‍ക്ക് നല്‍കുന്നത്. സ്വന്തം കൃഷിയിടത്തില്‍ നാലരയേക്കര്‍ സ്ഥലത്ത് നട്ടുവളര്‍ത്തിയ നേപ്പിയര്‍ പുല്ല് ഫാമിലേക്ക് ധാരാളം. ആയുര്‍വേദ ഗോ ചികിത്സയും ലില്ലിമാത്യുവിന് അറിയാം. ഇതിനായി ഔഷധതോട്ടവും ഇവിടെ പ്രത്യേകമായുണ്ട്. പശുക്കളെ കുളിപ്പിക്കാനും കറക്കാനുമെല്ലാം യന്ത്ര സംവിധാനങ്ങളുണ്ട്. ഇത് കൂടാതെ വലിയൊരു ബയോഗ്യാസ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. തോട്ടത്തിലേക്കുള്ള വളപ്രയോഗത്തിന് ചാണകം യഥേഷ്ടമായി ഉപയോഗിക്കുന്നു.തീറ്റപുല്ല് വളര്‍ത്തുന്നതിനും ബയോഗ്യാസ് പ്‌ളാന്റില്‍ നിന്നും നീക്കം ചെയ്യുന്ന സ്‌ളറിയാണ് ഉപയോഗിക്കുന്നത്. വര്‍ഷത്തില്‍ അറപത് ട്രാക്ടറോളം ചാണകം വില്‍ക്കുന്നതിലൂടെയും ഇവര്‍ നല്ലൊരു വരുമാനമുണ്ടാക്കുന്നു.പരമാവധി ചെലവ് കുറച്ച് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ പരമ്പരാഗതവും ശാസ്ത്രീയവുമായ അറിവുകള്‍ പ്രയോജനപ്പെടുത്തിയാണ് ഈ സംരംഭത്തിന്റെ മുന്നോട്ടുള്ള പോക്ക്. പൊതുപ്രവര്‍ത്തകനും പാരലല്‍ കോളേജ് അധ്യാപകനുമായ ഭര്‍ത്താവ് എ.വി.മാത്യുയുടെ പിന്തുണ പശുഫാം എന്ന ഈ വീട്ടമ്മയുടെ സ്വപ്നത്തെ സാക്ഷാത്കരിച്ചു.

ദേശീയതലത്തിലുള്ള അംഗീകാരത്തിന് പുറമെ ഒട്ടേറെ അവാര്‍ഡുകളും ലില്ലി മാത്യുവിനെ തേടിയെത്തി. പീപ്പിള്‍സ് ഡയറി പ്രൊജക്ട് വനിതാ കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാന പുരസ്‌കാരം,മികച്ച ക്ഷീര സഹകാരിക്കുള്ള 2013, 2014 വര്‍ഷങ്ങളിലുള്ള തുടര്‍ച്ചയായ അവാര്‍ഡ്. 2012 ലെ വയനാട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുരസ്‌കാരം,സംസ്ഥാന അവാര്‍ഡ് എന്നിങ്ങനെ വിവിധ കാര്‍ഷികാധിഷ്ഠിത പുരസ്‌കാരങ്ങള്‍ അയിനിക്കാട്ട് വീട്ടിലെ ഈ വീട്ടമ്മയെ തേടി ഇതിനകം എത്തിയിട്ടുണ്ട്. ജോലിയെ#ാന്നും കിട്ടിയില്ല എന്ന് പരിദേവനങ്ങള്‍ പങ്കിട്ട് ഭര്‍ത്താവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ വീട്ടമ്മമാര്‍ക്ക് മാതൃകയായി സ്വീകരിക്കാം ഈ നേട്ടങ്ങളെയും പരിശ്രമങ്ങളെയും. കാര്‍ഷിക ജീവിതം പ്രതീക്ഷയയുടെതല്ല എന്ന അഭിപ്രായമുള്ളവരും ലില്ലി മാത്യുവിനെ കണ്ടുപഠിക്കുക.