women powerപെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ലെന്നാണ് പ്രമാണം. എന്നാല്‍, എത്ര ഒരുമ്പെട്ടിറങ്ങിയിട്ടും മലയാളി മങ്കയ്ക്ക് കീഴടക്കാന്‍ കഴിയാത്ത ചില ഉലകങ്ങളുണ്ട്. അതിലൊന്നാണ് രാഷ്ട്രീയം. സാക്ഷരതയെയും രാഷ്ട്രീയ പ്രബുദ്ധയെയും കുറിച്ചെല്ലാം ഊറ്റം കൊള്ളുന്ന നാട്ടിലെ രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ ഇന്നും അടക്കുളപ്പെണ്ണു തന്നെ. സ്ത്രീകളെ അധികാരത്തിന്റെ അരങ്ങില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതില്‍ തന്ത്രപരമായി വിജയിച്ചതിന്റെ ചരിത്രമാണ് കഴിഞ്ഞ അമ്പതാണ്ടായി നമ്മുടെ ജനാധിപത്യ സമ്പ്രദായം നിര്‍ലജ്ജം ഘോഷിക്കുന്നത്. ഒരു  വനിത പ്രധാനമന്ത്രിയും മറ്റൊരാള്‍ രാഷ്ട്രപതിയുമായി വാണ രാജ്യത്തെ ഒരു സംസ്ഥാനത്ത് ഇന്നും തിരഞ്ഞെടുപ്പുകളില്‍ നെഞ്ചൂക്കുള്ള പുരുഷനേതാക്കള്‍ വെച്ചുനീട്ടുന്ന വെറും ഔദാര്യം മാത്രമാണ് സ്ത്രീക്ക് അധികാരം. 140 നിയമസഭാ സീറ്റില്‍ ആകെയുള്ളത് ഏഴ് വനിതാ എം.എല്‍.എ.മാര്‍. 126 അംഗങ്ങളുണ്ടായിരുന്ന 1957ലെ ആദ്യ മന്ത്രിസഭയില്‍ ആറ് വനിതകളുണ്ടായിരുന്നു. അമ്പതാണ്ട് കഴിഞ്ഞിട്ടും വനിതാ എം.എല്‍.എ.മാരുടെ എണ്ണം കൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന് പ്രബുദ്ധ കേരളം ഓര്‍ക്കുന്നുപോലുമില്ല. നിലവിലെ നിയമസഭയില്‍ ഭരണപക്ഷത്തിന് ജയിപ്പിക്കാനായത് ഒരൊറ്റ വനിതയെയാണ്. ആദ്യ മന്ത്രിസഭ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ മന്ത്രിസഭകളില്‍ ഒന്നില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താന്‍ ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല. 2011ല്‍ പി.കെ.ജയലക്ഷ്മി ജയിച്ചില്ലായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഒരു വനിതാ അംഗം പോലുമുണ്ടാകുമായിരുന്നില്ല. ഇരുപതംഗ മന്ത്രിസഭയിലാണ് ദാനമായി ഒരു വനിതയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ പലതവണ ഭരണം കൈയാളിയ മുസ്ലീംലീഗ് ചരിത്രത്തില്‍ ഒരേ ഒരു തവണ മാത്രമാണ് ഒരു വനിതയെ മത്സരിപ്പിച്ചത്. 1996ല്‍ കോഴിക്കോട് രണ്ടില്‍ മത്സരിച്ച ഖമറൂന്നിസ അന്‍വര്‍ പരാജയപ്പെടുകയും ചെയ്തു.

തമിഴ്‌നാടും ഗുജറാത്തും രാജസ്ഥാനും പശ്ചിമ ബംഗാളുമെല്ലാം വനിതകള്‍ ഭരിക്കുമ്പോഴാണ് കേരളത്തിലെ സ്ത്രീകള്‍ക്ക് മന്ത്രിസഭയില്‍ പോലും ഇടം നേടാന്‍ പാടുപെടുന്നത്. യു.പിക്കും (രണ്ടു തവണ) ഒഡീഷയ്ക്കും ഗോവയ്ക്കും അസമിനും പഞ്ചാബിനും മധ്യപ്രദേശിനും ഡല്‍ഹിക്കുമെല്ലാമുണ്ട് വനിതകള്‍ മുഖ്യമന്ത്രിയായ ചരിത്രം. മൂന്ന് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിപദം അലങ്കരിച്ച ആറു പേരില്‍ ഒരാള്‍ വനിതയാണ്. തുടര്‍ച്ചയായി 5484 ദിവസം ഡെല്‍ഹി ഭരിച്ച ഷീല ദീക്ഷിത്.

എണ്ണത്തില്‍ കൂടുതലുണ്ടായിട്ടും കേരളത്തിലെ സ്ത്രീകള്‍ക്ക് എന്തിനാണ് ഒരു മന്ത്രിസ്ഥാനത്തിനോ എം.എല്‍.എ. സ്ഥാനത്തിനോ എന്തിന് ഒന്ന് മത്സരിക്കാന്‍ പോലും ഇപ്പോഴും പുരുഷന്മാരുടെ തിണ്ണ നിരങ്ങേണ്ടിവരുന്നത്. സ്ത്രീകള്‍ക്ക് സീറ്റ് കിട്ടാന്‍ തുണിയഴിക്കേണ്ടിവരുമെന്ന് ഒരു നേതാവ് പറഞ്ഞതിന്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ചെറിയാന്‍ ഫിലിപ്പിനെ കല്ലെറിയുന്നവരെ ശരിക്കും പല്ലിളിച്ചുകാട്ടുന്നതാണ് കേരള രാഷ്ട്രീയത്തിലെ വനിതാ പ്രാതിനിധ്യത്തിന്റെ കണക്കെടുപ്പ്. അപവാദങ്ങള്‍ കൊണ്ടും പഴിപറച്ചിലുകൊണ്ടും പെണ്ണിന്റെ ചിറകരിയുന്നതിന്റെ ബാക്കിപത്രം തന്നെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ അഭിപ്രായപ്രകടനം. രാഷ്ട്രീയത്തില്‍ മുന്നേറുന്ന സ്ത്രീകളെ നെറ്റിചുളിച്ചും മുനവെച്ചുമല്ലാതെ സ്വീകരിക്കാന്‍ ഇനിയും നമുക്ക് കഴിയുന്നില്ല.

കാസര്‍ക്കോട്ട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടന്ന രാഷ്ട്രീയ യാത്രകളുടെ അമരത്ത് ഒരു സത്രീയെ പ്രതിഷ്ഠിക്കാനുള്ള ചങ്കൂറ്റം ഒരു പാര്‍ട്ടിയും കാട്ടാതിരുന്നത് എന്തുകൊണ്ടാണ്. ചിലര്‍ കണക്കുകാട്ടാനെങ്കിലും ഒരു വനിതാ നേതാവിനെ വണ്ടിയില്‍ കയറ്റി കൊണ്ടുനടന്നു. മറ്റുള്ളവര്‍ ആ ഔദാര്യം പോലും കാട്ടിയില്ല. എണ്‍പതിയേഴില്‍ കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി മുഖ്യമന്ത്രിയെന്ന മുദ്രാവാക്യത്തിന്റെ ഉൗക്കിലാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍, അധികാരം ഉറപ്പിച്ചപ്പോള്‍ ഗൗരിയമ്മ പുറത്ത്. പകരം നായനാര്‍ മുഖ്യമന്ത്രി. കാലക്രമത്തില്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. പിന്നെയൊരിക്കലും മുഖ്യമന്ത്രിപദത്തിലേയ്‌ക്കൊരു പെണ്ണിന്റെ പേര് ഉയര്‍ന്നുകേട്ടില്ല. മന്ത്രിയാവുന്നത് തന്നെ ഔദാര്യം പോലെയായി. ഇന്ന് സീറ്റ് വീതംവെപ്പില്‍പ്പോലും ഒരു സ്ത്രീകളുടെ പേര് കാര്യമായി ഉയര്‍ന്നുവരുന്നില്ല. ജാതിയും മതവും നോക്കി സീറ്റ് വീതംവയ്ക്കുന്ന ഇക്കൂട്ടര്‍ ഓര്‍ക്കാതെ പോവുന്ന ഒരു കാര്യമുണ്ട് കേരളത്തില്‍ ഇപ്പോഴും സ്ത്രീ വോട്ടര്‍മാര്‍ തന്നെയാണ് കൂടുതല്‍. അവരൊന്ന് കൂട്ടായി നാവുയര്‍ത്തിയാല്‍, ഒന്ന് ഒരുമ്പെട്ടിറങ്ങിയാല്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറിയേക്കും. കൊട്ടിഘോഷിക്കുന്ന കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ പൊള്ളത്തരങ്ങള്‍ ഒരു മന്ത്രിസഭയെയും സംസ്ഥാന രാഷ്ട്രീയത്തെയാകമാനവും തന്റെ പാവാടച്ചരടില്‍ കോര്‍ത്ത് പാവക്കൂത്താടിച്ച സരിത എസ്. നായര്‍ തുറന്നുകാട്ടിക്കഴിഞ്ഞു. ഭരണകാര്യാലയത്തിന്റെ അകത്തളവും സ്വന്തം കിടപ്പറയും സരിതയ്ക്കായി മലര്‍ക്കെ തുറന്നിട്ടുകൊടുത്തവര്‍ക്ക് അധികാരത്തിന്റെ സോപാനത്തിലേയ്ക്ക് ഒരു വനിത നിയമാനുസൃതം നെഞ്ചുവിരിച്ച് കടന്നു വരുമ്പോള്‍ മാത്രമേ ഉള്ളു പൊള്ളുന്നുള്ളൂ. ഈ പുരുഷ രാഷ്ട്രീയത്തോട് കേരളത്തിന്റെ സ്ത്രീകള്‍ എന്തിന് ഒരു സീറ്റിനോ എം.എല്‍.എ. സ്ഥാനത്തിനോ പേരിനുള്ള ഒരു മന്ത്രിസ്ഥാനത്തിനോ വേണ്ടി പിച്ചതെണ്ടണം. എന്തുകൊണ്ട് തമിഴ്‌നാടിനെയും ഗുജറാത്തിനെയും രാജസ്ഥാനെയും പശ്ചിമ ബംഗാളിനെയുംപോലെ കേരളവും ഒരു വനിതയ്ക്ക് ഭരിച്ചുകൂട?. ഒരു വനിത മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ ആകാശം ഇടിഞ്ഞുവീഴുമോ? ഇക്കാര്യത്തില്‍ ആരാണ് സ്ത്രീയ്ക്ക് തടസ്സം. പുരുഷന്മാര്‍ കാല്‍ക്കീഴിലാക്കിയ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയോ അതോ സ്വന്തം ശീലക്കേടിന്റെ കടമ്പയോ? തദ്ദേശതിരഞ്ഞെടുപ്പിലെപ്പോലെ നിയമഭയിലും ഒരു സ്ത്രീസാന്നിധ്യം കാണാന്‍ സംവരണം തന്നെ വേണ്ടിവരുമോ?

വനിതാ മുഖ്യമന്ത്രി എന്ന ആശയം കേരളത്തിലെ സ്ത്രീകളുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയൊന്നുമല്ല. എങ്കിലും അതൊരു സാധ്യതയാണ്. ഈ സാധ്യതയാണ് ഞങ്ങള്‍ തിരഞ്ഞിറങ്ങുന്നത്. ഒപ്പം അതിനുള്ള തടസ്സങ്ങളും. നമ്മുടെ നേതാക്കള്‍ക്ക്, ഉദ്യോഗസ്ഥര്‍ക്ക്, പൊതുപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് എന്തായിരിക്കും?

"ആദ്യം നാല്‍പ്പത് സ്ത്രീകളെങ്കിലും ജയിക്കട്ടെ"
പി.കെ ശ്രീമതി എം.പി (സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം)

p.k.sreemathiസാര്‍വദേശീയ മഹിളാദിനത്തിന് മാതൃഭൂമി ഓണ്‍ലൈന്‍ മുന്നോട്ടുവെച്ച ആശയം അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ സഹോദരിമാര്‍ക്കും മഹിളാദിനാശംസകള്‍ നേരുന്നു. വനിതാ മുഖ്യമന്ത്രി എന്ന ആശയത്തോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പക്ഷെ, മാര്‍ച്ച് എട്ടിന് മഹിളാദിനമെത്തുമ്പോള്‍ നിലവിലെ സ്ഥിതിയെന്താണെന്ന് നമ്മള്‍ ചിന്തിക്കണം. വനിതാ സംവരണ ബില്‍ പോലും ശരിയായ രീതിയില്‍ പാസാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഞാന്‍ തന്നെ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വനിതാദിനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായ മറുപടിയുണ്ടായിട്ടില്ല. ഞാനിപ്പോഴും പറയുന്നത്, നിയമസഭാ തിരഞ്ഞെടുപ്പിന് പോലും മണ്ഡലങ്ങളില്‍ വനിതാ വോട്ടര്‍മാരെ നിര്‍ത്താന്‍ പല പാര്‍ട്ടിക്കും കഴിയുന്നില്ല. 10 ലക്ഷം വനിതാ വോട്ടര്‍മാര്‍ പുരുഷവോട്ടര്‍മാരെ അപേക്ഷിച്ചുള്ളിയിടത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുക്കാന്‍ പോലും അവര്‍ക്കാകുന്നില്ല നിയമസഭയില്‍ ഭരണപക്ഷത്തിരിക്കുന്നവരില്‍പ്പോലും എത്ര സ്ത്രീകളാണുള്ളത്? ഞാന്‍ പറയുന്നത് ആദ്യമായി സഭയ്ക്കകത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നാണ്. അതിന് ശേഷമാണ്, മന്ത്രിമാരാകുന്നതും മുഖ്യമന്ത്രിയാകുന്നതും. ഇവിടെ ആദ്യം നടക്കേണ്ടത് കേരള നിയമസഭയിലേക്ക് 40 സ്ത്രീകളെങ്കിലും വരികയെന്നുള്ളതാണ്. എല്ലാ പാര്‍ട്ടികളും അവരുടെ സ്ത്രീപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ നിര്‍ത്തട്ടെ. ഈ മഹിളാ ദിനത്തില്‍ നമ്മള്‍ ചെയ്യേണ്ടത് സ്ത്രീകളെ വോട്ടര്‍മാര്‍ മാത്രമാക്കി മാറ്റിനിര്‍ത്താതെ അവരെ മത്സരിപ്പിക്കുകയെന്നതാണ്. ഇടതുപക്ഷപാര്‍ട്ടി സി.പി.എം മറ്റു പാര്‍ട്ടികളേക്കാള്‍ കൂടുതല്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുന്നുണ്ട്. ഏതായാലും ആദ്യം ചെയ്യേണ്ടത് സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയെന്നുള്ളതാണ്. അതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. 

rinimolതയ്യാറാക്കിയത്: 
റിനി രവീന്ദ്രന്‍

 

"ആദ്യം വനിതാ എം.എല്‍.എമാര്‍ ഉണ്ടാകട്ടെ"
ലതികാ സുഭാഷ്

Lathika Subhashകേരളത്തില്‍ എത്ര വനിതാ എം.എല്‍.എമാര്‍ ഉണ്ട്. വനിതാ എം.എല്‍.എമാരുണ്ടാകാതെ വനിതാമന്ത്രിമാരും മുഖ്യമന്ത്രിമാരും എങ്ങനെയാണ് ഉണ്ടാവുക? കേരളത്തില്‍ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യത്തോട് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പ്രതികരിച്ചത് ഒരു മറുചോദ്യം കൊണ്ടാണ്. 

പലമേഖലകളിലും സ്ത്രീ അവളുടെ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പക്ഷേ ഇപ്പോഴും ഒരു ഭരണാധികാരിയായി സ്ത്രീയെ കാണാനുള്ള വിമുഖത നമ്മുടെ സമൂഹത്തിന് ഉണ്ട്. പരമ്പരാഗത സാമൂഹികനിയമങ്ങളും പ്രായോഗിക ജ്ഞാനം, സാമ്പത്തിക സാക്ഷരത അങ്ങനെ സ്ത്രീക്ക് ഇല്ലെന്ന് പറഞ്ഞ് ഉയര്‍ത്തിക്കാണിക്കുന്ന നിരവധി കാര്യങ്ങളും അവള്‍ ഒരു ഭരണാധികാരിയായി ഉയരാന്‍ വിഘാതം സൃഷ്ടിക്കുന്നു. ലതിക പറയുന്നു. 

സംവരണം ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീയെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തൂ എന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ ഉള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അതിനുള്ള ഉദാഹരണമായിരുന്നല്ലോ. സംവരണത്തിന്റെ പേരില്‍ നിവൃത്തിയില്ലാതെ വരുമ്പോള്‍ മാത്രം വനിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നു. പക്ഷേ, നിയമസഭയില്‍ പാസാക്കിയ 33 ശതമാനം വനിതാസംവരണം എന്ന ബില്‍ ലോകസഭയില്‍ പാസാക്കാനും സാധിച്ചില്ല. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് അത് തഴയപ്പെട്ടു. സ്ത്രീക്ക് സംവരണം പോലും നല്‍കാന്‍ മടിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആനിബസന്റും ഇന്ദിരാഗാന്ധിയും ഇപ്പോള്‍ സോണിയാഗാന്ധിയും ഉള്‍പ്പടെ അഞ്ച് വനിതകള്‍ ദേശീയ അധ്യക്ഷരായി വന്നിട്ടുണ്ട്. എന്നാല്‍ സി.പി.എമ്മിലോ അമ്പത് വര്‍ഷമെടുത്തു ഒരു വനിത പോളിറ്റ് ബ്യൂറോ അംഗമാകാന്‍ .കെ.ആര്‍.ഗൗരിയമ്മ കഴിഞ്ഞ് അതുപോലെ ഒരു വനിതാ നേതാവ് കേരളത്തില്‍ ഉയര്‍ന്നുവന്നോ? 

പരിഹാരം പരസ്പര ബഹുമാനത്തിലൂടെ
ഇതിന് ഒരു പരിഹാരം ഉണ്ടാക്കേണ്ടത് സ്ത്രീയും പുരുഷനും ചേര്‍ന്നാണ്. വിഭാഗീയത ഇല്ലാതെ ഒന്നിച്ച് നിന്ന് അവളെ ഉയര്‍ത്തിക്കൊണ്ടുവരണം.അവളെ ബഹുമാനിക്കാന്‍ പഠിക്കണം. മാധ്യമരംഗം, പൊതുപ്രവര്‍ത്തനം,അഡ്മിനിട്രേറ്റീവ്, കല അങ്ങനെ ഏത് രംഗത്തുള്ള സ്ത്രീയായാലും ഭാര്യ മകള്‍ സഹോദരി തുടങ്ങിയ റോള്‍ കോണ്‍പ്ലിക്ടുകള്‍ നേരിട്ടാണ് അതിനെ മറികടന്നാണ് അവള്‍ കരിയറില്‍ ഉയരുന്നത്. അതേസമയം പുരുഷനും ഇതേ റോളുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയുടെ പ്രത്യേകതകള്‍ കാരണം പുരുഷന്‍ എല്ലാം എളുപ്പമാണ്. ഇതിനെ മറികടന്ന് മുന്നോട്ടിറങ്ങുന്ന സ്ത്രീകളെ ആക്ഷേപങ്ങളിലൂടെയും അപവാദങ്ങളിലൂടെയും തളര്‍ത്തി താഴ്ത്തുന്ന ഒരു പ്രവണതയാണ് ഇപ്പോള്‍ ഉള്ളത്. 

സ്ത്രീകള്‍ക്കനുകൂലമായി അടുത്ത കാലത്ത് നിയമഭേദഗതികള്‍ഉണ്ടായത് ഞാന്‍ വിസ്മരിക്കുന്നില്ല. എന്നാല്‍ നിയമഭേദഗതികളേക്കാള്‍ നമ്മുടെയെല്ലാം മനസ്സിലാണ് ഭേഗദതികള്‍ ഉണ്ടാകേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് സ്ത്രീ-പുരുഷ മനസാക്ഷികള്‍ ഒന്നിച്ച് ഉയരണം. സ്ത്രീയെ അംഗീകരിക്കാനുള്ള മനസ്സ് പുരുഷന്‍ കാണിക്കണം. സ്ത്രീ അമ്മയാണെന്ന് പറഞ്ഞത് കൊണ്ടോ ലേഡീസ് ഫസ്റ്റ് എന്നോ പറഞ്ഞത് കൊണ്ട് കാര്യമില്ല അത് പ്രവര്‍ത്തിച്ച് കാണിക്കണം.

വി.എസിന്റെ പരാമര്‍ശം എന്നെ വേദനിപ്പിച്ചു
പൊതുപ്രവര്‍ത്തനരംഗത്ത് നിരവധി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. എപ്പോഴും ഒരു പെണ്ണിനെ നല്ലതോ ചീത്തയോ ആക്കുന്നത് സമൂഹമാണ്. അതേസമയം പുരുഷന് ആ വക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പലപ്പോഴും നമ്മളെ ടാര്‍ഗറ്റ് ചെയ്ത് അപവാദപ്രചരണങ്ങള്‍ നടത്തുമ്പോള്‍ കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോകാന്‍ സാധിക്കണം. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് എനിക്കെതിരെ നടത്തിയ പരാമര്‍ശം സത്യത്തില്‍ എന്നെ വേദനിപ്പിച്ചു. പക്ഷേ അതിജീവിക്കാനുള്ള ഇച്ഛാശക്തി ആര്‍ജിച്ചെടുക്കണം. കളങ്കിതമല്ലാത്ത വഴിയിലൂടെയാണ് ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെന്ന ഉത്തമബോധ്യമുണ്ടെങ്കില്‍ പിന്നെ പ്രയാസമില്ല. നമ്മള തോല്‍പിക്കാന്‍ ആര്‍ക്കും ആവില്ല.

ഞാന്‍ മുഖ്യമന്ത്രിയായാല്‍...

തീര്‍ച്ചയായും എന്റെ പ്രഥമ പരിഗണന സ്ത്രീകള്‍ക്കായിരിക്കും. ദളിതര്‍, സ്ത്രീകള്‍, ആദിവാസികള്‍, എന്നിങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പുനരുദ്ധാരണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. ഇന്ന് ലഹരിക്കടിമയാകുന്ന യുവത്വത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീകളാണ് അമിതമായ ലഹരി ഉപയോഗത്താല്‍ പുരുഷന്മാര്‍ കരള്‍രോഗം ഉള്‍പ്പടെ വന്ന് മരണപ്പെടുമ്പോള്‍ 30-35 വയസ്സിനുള്ളില്‍ വിധവകളായി തീരുകയാണ് നാട്ടിന്‍പുറത്തെ സ്ത്രീകള്‍. ആദിവാസി സമൂഹത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഇതേ സാഹചര്യത്തില്‍ 19-20 വയസ്സിനുള്ളില്‍ വിധവകളാവുകയാണ് ആദിവാസി പെണ്‍കുട്ടികള്‍. ഇതിനെല്ലാമെതിരെ സ്ത്രീകളുടെ ശബ്ദമായി പ്രവര്‍ത്തിക്കും. 

അതുപോലെ വളര്‍ന്നുവരുന്ന തലമുറയെ ചരിത്രവും പൗരധര്‍മവും സാമൂഹികബോധവും ഉള്ളവരായി വളര്‍ത്തിയെടുക്കാന്‍  ശ്രമിക്കും. ഇനന് പലയിടത്തും നാം നേരിടുന്ന മാലിന്യ പ്രശ്‌നങ്ങള്‍ നാം കാണുന്നുണ്ട്. അതിനുള്ള കാരണം സാമൂഹികശുചിത്വമില്ലായ്മയാണ്. അതില്ലാതാകുന്നത് സാമൂഹികബോധമില്ലായ്മ കൊണ്ടാണ്. ഏത് മേഖലയിലായും ഒരു എത്തിക്‌സ് ഉണ്ടായിരിക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയും ഇന്ദിരാഗാന്ധിയെ പോലെയും ദീര്‍ഘവീക്ഷണത്തോടെ യുവാക്കള്‍ക്കിടയില്‍ സാമൂഹികബോധവും എത്തിക്‌സും വളര്‍ത്തിടെയടുക്കാന്‍ ഞാന്‍ ശ്രമിക്കും.

എത്രത്തോളം ഉന്നതാനാകുന്നോ അത്രത്തോളം വിനീതനാകണമെന്നാണ് ബൈബിള്‍ പറയുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടി. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നിയമങ്ങളുടെ നൂലാമാലകള്‍ക്ക് ഭേദഗതി വരുത്തി ജനസമ്പര്‍ക്ക പരിപാടിയിലൂടെ അദ്ദേഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സ്ത്യുത്യര്‍ഹമാണ്. അതുപോലെ കെ.കരുണാകരന്‍, അദ്ദേഹത്തിന്റെ ആര്‍ജവവും വേഗതയും എ.കെ.ആന്റണിയുടെ സത്യസന്ധതയും സുതാര്യതയും ഇ.എം.എസിന്റെ വീക്ഷണവും ദേശീയബോധവും അറിവും ഇ.കെ.നായനാരിന്റെ നിഷ്‌കളങ്കത അങ്ങനെ നമ്മുടെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് മാതൃകാപരമായ സേവനമനുഷ്ഠിച്ചിട്ടുള്ളവരുടെയെല്ലാം നല്ലവശങ്ങള്‍ ആറ്റിക്കുറിക്കിയെടുത്ത് മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും എന്റെ പ്രവര്‍ത്തനം. മുഖ്യമന്ത്രി നാടിന്റെ ഒന്നാമത്തെ സേവകനായിരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളില്‍ ഒരാളായി നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ഒരാളാകണം. അതിന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. 

remyaതയ്യാറാക്കിയത്:  
രമ്യ ഹരികുമാര്‍

 

 

"കേരളം ആണധികാരത്തിന്റെ പിടിയില്‍"
ടി.എന്‍ സീമ എം.പി.
(സി.പി.എം)

T.N.Seemaഏതു പദവിയിലിരിക്കാനും യോഗ്യര്‍ തന്നെയാണ് സ്ത്രീകള്‍. അതില്‍ യാതൊരു സംശയവുമില്ല. മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയായിരിക്കുന്നത് സത്രീശാക്തീകരണത്തിന്റെ ലക്ഷണമായിക്കാണാന്‍ കഴിയില്ല. പല കാരണങ്ങളാല്‍ സ്ത്രീകള്‍ നേതൃപദവിയിലേക്ക് വന്നിട്ടുണ്ട്. അതില്‍ സ്വന്തം പ്രയത്‌നത്തേക്കാള്‍ പല രീതിയിലുള്ള പിന്തുണയും മറ്റുമുണ്ടാകാം. മറ്റു സംസ്ഥാനങ്ങളില്‍ ആ രീതിയില്‍ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന സ്ത്രീകളുണ്ടാകാം. പക്ഷെ, കേരളത്തില്‍ നിന്ന് ഇതുവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നിട്ടില്ല.

കേരളത്തില്‍ മുഖ്യമന്ത്രിപദത്തില്‍ മാത്രമല്ല, കേരളത്തില്‍ സ്ത്രീകളുടെ അദൃശ്യത എന്നു പറയുന്നത് ഒരു വൈരുദ്ധ്യം പോലെ നിലനില്‍ക്കുന്നതാണ്. നല്ല വിദ്യാഭ്യാസമുണ്ടായിട്ടും നല്ല സാമൂഹ്യപുരോഗതിയുണ്ടായിട്ടും എന്തുകൊണ്ട് സ്ത്രീകള്‍ക്ക് അര്‍ഹമായിട്ടുള്ള സ്ഥാനങ്ങള്‍ കിട്ടുന്നില്ലയെന്നത് ഒരു വൈരുദ്ധ്യം പോലെ നിലനില്‍ക്കുന്നു. അതില്‍ ഒരു കാരണം കേരളത്തില്‍ നിലനില്‍ക്കുന്നത് ഒരു പുരുഷാധിപത്യസമൂഹം തന്നെയാണെന്നതാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു പാര്‍ട്ടി മാത്രം ഒരു റിസ്‌ക്കും ഏറ്റെടുക്കില്ല എന്നതു തന്നെയാണ് നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്. പാര്‍ട്ടികളില്‍, ഇപ്പോള്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന സി.പി.എമ്മിലാണെങ്കില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ന്നുവരുന്നുണ്ട്. മേല്‍ക്കമിറ്റികളിലേക്കും സ്ത്രീകളുടെ എണ്ണം ഉയര്‍ന്നു വരുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ 54 ശതമാനം മുതല്‍ 58 ശതമാനം വരെ സ്ത്രീകളെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ രാഷ്ട്രീയവല്‍ക്കരണമെന്നത് വളരെ മെല്ലെ നടക്കുന്നൊരു പ്രോസസ്സ് ആണ്. അതിന്റെ കാരണമെന്നത്, കേരളമിപ്പോഴും ആണധികാരത്തിന്റെ കൈകളില്‍നിന്ന് പൂര്‍ണമായും മോചിപ്പിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണ്. 

ഞാന്‍ ശക്തമായ ഒരു പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുന്ന ആളെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തില്‍ ശക്തമായ പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട്. എന്നാലും സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് മനസിലാക്കാന്‍ സാധിച്ചത് പൊതുപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ മറ്റു തൊഴിലില്‍ പങ്കെടുക്കുന്നതിനേക്കാള്‍ സംഘര്‍ഷം കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട് എന്നു തന്നെയാണ്. കാരണം അവര്‍ പോരാടുന്നത്, ദീര്‍ഘകാലായിട്ട് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന, സ്ത്രീകള്‍ക്ക് പറഞ്ഞിട്ടുള്ളതാണോ പൊതുപ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം എത്രത്തോളമാകാം, ഏതൊക്കെതരത്തില്‍ അവളുടെ അധികാരം എത്രത്തോളം വകവെച്ചുകൊടുക്കാം എന്നീ ധാരണകള്‍ക്കെതിരെയുമാണ്. സ്ത്രീകള്‍ക്ക് പ്രധാന്യം ലഭിക്കാത്ത അവസ്ഥയുണ്ട്. അതില്‍ ഒരു മാറ്റം കാണുന്നത് മാധ്യമങ്ങള്‍ ചെയ്യുന്നതാണ്. മാധ്യമങ്ങള്‍ പൊതുപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുകയും അവരെ സമൂഹത്തിനു മുന്നിലവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാധ്യമങ്ങളും നവമാധ്യമങ്ങളും വലിയൊരു പങ്കാണ് സ്ത്രീകളുടെ ഉയര്‍ച്ചയില്‍ വഹിക്കുന്നത്.

പക്ഷെ, വളരെ പതുക്കെയുള്ളൊരു പ്രോസസ്സാണ് സ്ത്രീകളുടെ രാഷ്ട്രീയവല്‍ക്കരണത്തില്‍ കേരളത്തില്‍ നടക്കുന്നതെന്നത് പ്രശ്‌നമാണ്. പൊതുവെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെല്ലാം പുരുഷന്മാരാണ് ഇപ്പോള്‍ നേതൃത്വം നല്‍കി വരുന്നത്. വളരെ പെട്ടെന്നൊരു ദിവസം മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരു സ്ത്രീയെ ഉയര്‍ത്തിക്കാണിക്കാന്‍ പറഞ്ഞാല്‍ സാധിക്കില്ല. തഴക്കം, പാരമ്പര്യം എന്നതുമാത്രമല്ല മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുമ്പോള്‍. അയാള്‍ ഒരു പാര്‍ട്ടിയുടെ തന്നെ മുതിര്‍ന്ന സ്ഥാനത്തുള്ള ആളായിരിക്കും. പൊതുസമ്മതിയുള്ള ആളായിരിക്കണം.  പക്ഷെ, സുശീല ഗോപാലനെയും കെ.ആര്‍ ഗൗരിയമ്മയെപ്പോലെയുള്ള നേതാക്കള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അവര്‍ക്ക് സ്ഥാനം നല്‍കിയിരുന്നെങ്കില്‍ ഭരിക്കില്ലേയെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ ഭരിക്കും നല്ല രീതിയില്‍ത്തന്നെ ഭരിക്കും. പക്ഷെ, ഒരു മുഖ്യമന്ത്രിയായി സ്ത്രീകള്‍ വരണമെന്നു പറഞ്ഞാല്‍ സാധിക്കുമോയെന്നുള്ളതാണ്. അവര്‍ക്ക് അത്തരമൊരു സാഹചര്യത്തിലേക്കുയരാനാകുന്ന സാഹചര്യങ്ങളൊരുക്കണം. അവരെ ആ രീതിയിലേക്ക് മാറ്റാന്‍ സാധിക്കണം. ഏതു പദവിയായാലും മുഖ്യമന്ത്രി പദം ഏറ്റവും വലുതാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഏത് പദമായാലും അതിലിരിക്കാന്‍ സ്ത്രീകളെ പ്രാപ്തയാക്കാനുള്ള പ്രക്രിയയുണ്ടാവുകയാണ് വേണ്ടത്. രാഷ്ട്രീയവല്‍ക്കരണമെന്ന ആ പ്രക്രിയക്കാണ് നാം പ്രാധാന്യം നല്‍കേണ്ടത്. 

വ്യക്തികേന്ദ്രീകൃതമല്ല ഭരണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അത് പാര്‍ട്ടിയും മറ്റുമെല്ലാം ചിന്തിച്ചെടുക്കുന്ന തീരുമാനമാണ്. പിന്നെ നമുക്ക് സെന്‍സിറ്റിവായി ഇടപെടാനാകുന്ന ചില മേഖലകളുണ്ടാകും. അത് സ്ത്രീകള്‍ക്ക് മാത്രമല്ല. ചില മന്ത്രിമാര്‍ക്കൊക്കെ ചില മേഖലകളില്‍ കൂടുതല്‍ അറിവും ധാരണയുമുണ്ടാകും. ആ മേഖലയില്‍ അവര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തിക്കാനാകും. സ്ത്രീയെന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ കുറച്ചുകൂടി കൂടുതല്‍ ഒരു വനിതാ മുഖ്യമന്ത്രിയായാല്‍ ഇടപെടാന്‍ സാധിച്ചേക്കും. എന്നാല്‍, ജയലളിതയുടെയും മമത ബാനര്‍ജിയുടേയുമൊക്കെ കാര്യങ്ങളും നമ്മള്‍ കാണുന്നതല്ലേ. അവരൊക്കെ പുരുഷന്റെ തന്നെ വകഭേദമായാണ് പ്രവര്‍ത്തിക്കുന്നത്. വനിതാ മുഖ്യമന്ത്രിയാകുമ്പോള്‍ കുറച്ചു കൂടി ആഴത്തില്‍ സ്ത്രീകളുടെയും മറ്റും പ്രശ്‌നങ്ങളെല്ലാം മനസിലാക്കാന്‍ സാധിക്കുന്ന ഒരാള്‍ക്കൂടിയാകണമെന്നുള്ളതാണ്. 

തയ്യാറാക്കിയത്: 
റിനി രവീന്ദ്രന്‍

 

"തടസ്സം മുന്നണികള്‍ തന്നെ"
ഷാഹിദ കമാല്‍

shahida kamaalക്തമായ രണ്ട് പാര്‍ട്ടികളുടെ സാന്നിധ്യമാണ് കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി ഉയര്‍ന്നുവരുന്നതിനുള്ള തടസ്സമായി ഷാഹിദ കമാല്‍ കാണുന്നത്. നമ്മുടെ തൊട്ടയലത്തുള്ള സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാര്‍ ഉയര്‍ന്നുവന്നത് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നാണെന്നും ഇതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യധാര പാര്‍ട്ടികള്‍ പുരുഷ കേന്ദ്രീകൃത രാഷ്ട്രീയവ്യവസ്ഥിതിക്ക് ഊന്നല്‍ നല്‍കുന്നവരാണ്. അങ്ങനെ തുടരാനാണ് അവര്‍ താല്പര്യപ്പെടുന്നതും.ഷാഹിദ പറയുന്നു. കോണ്‍ഗ്രസിന്റെ കാര്യം തന്നെ എടുത്തുനോക്കൂ. കെ.കരുണാകരന് ശേഷം വനിത നിയമസഭാ സമാജികരുടെ എണ്ണത്തിലുണ്ടായിട്ടുള്ള മാറ്റം പ്രകടമല്ലേ? 

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിദ്യാഭ്യാസസമ്പന്നര്‍ ഏറെയുള്ളതും വനിതാനേതാവ് ഉയര്‍ന്ന് വരുന്നതിനുള്ള തടസ്സത്തിന് ഒരു കാരണമാണെന്നാണ് ഷാഹിദയുടെ വാദം. കാരണം 100 ശതമാനം സാക്ഷരരായിട്ടും സങ്കുചിതമായ മാനസികഘടനയില്‍ കേരളീയര്‍ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ഷാഹിദ പറയുന്നു. മാറ്റം വന്നിട്ടുള്ളത് സര്‍ട്ടിഫിക്കറ്റുകളില്‍ മാത്രമാണ്. ചിന്തകളിലോ, പ്രവര്‍ത്തികളിലോ, നിലപാടുകളിലോ വിദ്യാഭ്യാസത്തിലൂടെ ഒരു മാറ്റം ഉണ്ടായിട്ടില്ല. കേഡര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പോലും സ്ത്രീയാണ് മേലുദ്യോഗസ്ഥ എങ്കില്‍ സല്യൂട്ട് ചെയ്യാന്‍ പുരഷന്മാര്‍ക്ക് മടിയാണ്. പലപ്പോഴും ഞാനത് നേരിട്ട്് കണ്ടിട്ടുണ്ട്. സ്ത്രീയും സമൂഹത്തിന്റെ ഒരു വശമാണെന്നും ഒരേ ചിന്തയോടെ, പരസ്പര ബഹുമാനത്തോടെ, അഭിപ്രായങ്ങളോടെ, സമൂഹ്യപ്രതിബദ്ധതയോടെ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കാന്‍ തയ്യറാകണം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്ത്രീ മുന്നേറ്റത്തിന് വേണ്ടി എല്ലാവരും പരസ്പരം കൈകോര്‍ക്കണം. സ്ത്രീകളെ കെട്ടുപാടുകളില്‍ നിന്ന് മോചിപ്പിക്കണം. 

പൊതുപ്രവര്‍ത്തനത്തില്‍ നേരിട്ട പ്രതിസന്ധികള്‍
പലപ്പോഴും പൊതുവേദിയില്‍ ഇരിക്കുമ്പോള്‍ വനിതാ നേതാവ് എത്ര സീനിയറാണെങ്കിലും വേദിയിലുള്ള ജൂനിയര്‍ പുരുഷനേതാവിന്റേയും പേര് അനൗണ്‍സ് ചെയ്തിട്ടേ വനിതയുടെ പേര് പറയൂ. ഞാന്‍ ഇതിനെതിരേ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ശത്രുക്കളുമുണ്ടായിട്ടുണ്ട്. പക്ഷേ എനിക്ക് കുണ്ഠിതമില്ല മനസാക്ഷിയോട് നീതിപുലര്‍ത്തിയെന്ന് എനിക്ക് സമാദാനിക്കാമല്ലോ പ്രതിസന്ധികളെ ഷാഹിദ ഓര്‍ത്തെടുക്കുന്നു.നമ്മുടെ ആരോഗ്യവും സമയവും ത്യജിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നമുക്കൊരു വീഴ്ചയുണ്ടായാല്‍ ഒരു താങ്ങാകേണ്ടത്. സംഘടനയെ കുടുംബമായാണ് ഓരോ പ്രവര്‍ത്തകനും കാണുന്നത്. മറ്റുള്ളവരുടെ  പ്രതിസന്ധികളില്‍ കൈപിടിച്ച് ആശ്വാസം പകരുന്നവരാണ് പൊതുപ്രവര്‍ത്തകര്‍ അവര്‍ക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ ആശ്വാസം പകരേണ്ടത് സംഘടനയാണ്. പക്ഷേ പലപ്പോഴും അതുണ്ടാകുന്നില്ല. 

സ്ത്രീ മുഖ്യമന്ത്രി മാത്രമല്ല ധനകാര്യമന്ത്രിയുമാകണം
വനിതാ മുഖ്യമന്ത്രി വരികയാണെങ്കില്‍ അഴിമതി കുറയും. സ്വജനപക്ഷപാതം ഉണ്ടാകില്ല. രാഷ്ട്രീയ അച്ചടക്കം ഉണ്ടാകും. വനിതാമുഖ്യമന്ത്രി ഉണ്ടാകുകയാണെങ്കില്‍ കേരളത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ നിരവധിയാണെന്ന് പറയുന്നു ഷാഹിദ. ഒരു സ്ത്രീക്ക് ധനകാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് പോലെ പുരുഷന് കഴിയില്ല. മിക്ക കുടുംബങ്ങളുടേും സാമ്പത്തിക ഭദ്രത നിലനിര്‍ത്തുന്നത് സ്ത്രീകളാണ്. പുരുഷനേക്കാള്‍ സാമ്പത്തിക അച്ചടക്കം സ്ത്രീക്കാണ്. അതുകൊണ്ട് കേരളത്തില്‍ ഒരു ധനമന്ത്രിയായി നിയോഗിക്കേണ്ടതും വനിതയെ തന്നെയാണ്. വിമര്‍ശങ്ങളെ ഭയക്കുന്നവരാണ് പൊതുവേ സ്ത്രീകള്‍. അതുകൊണ്ട് തുകമാറ്റി ചെലവഴിക്കാന്‍ അവര്‍ ഭയപ്പെടും. അത് അഴിമതി തടയും. 

ഞാന്‍ മുഖ്യമന്ത്രി ആയാല്‍

 • സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് ഉണ്ടാക്കും
 • നാട്ടില്‍ ശാന്തിയും സമാധാനവും ഉണ്ടാകും. ക്രമസമാധാനപരിപാലനം കൃത്യമായി നടത്തും. 
 • ജനകീയ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. 
 • അധ്യാപകര്‍ കുട്ടികളെ തല്ലരുതെന്നുള്ള ജെ.ജെ.ആക്ടില്‍ ഭേദഗതി വരുത്തും.
 • എന്റെ മന്ത്രിസഭയില്‍ ആരെങ്കിലും അഴിമതി നടത്തിയെന്ന് നേരിട്ട് ബോധ്യപ്പെട്ടാല്‍ ഉടനടി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കും. 
 • ആരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
 • അവരുടെ കഴിവും ബുദ്ധിയും നമ്മുടെ സംസ്ഥനത്തിന് വേണ്ടി തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഭൗതിക സാഹചര്യങ്ങള്‍ ഉയര്‍ത്തും. എന്നിട്ട് കേരളത്തെ പുതിയൊരു കേരളമായി മാറ്റിയെടുക്കും.

   

തയ്യാറാക്കിയത്:  
രമ്യ ഹരികുമാര്‍

 

"സ്ത്രീകള്‍ക്ക് മാത്രമായൊരു വകുപ്പു വേണം"
സാറാ ജോസഫ്

sarah joseph'അധികാരത്തിന്റെ തലപ്പത്ത് സ്ത്രീകള്‍ പാടില്ലെന്ന ചിന്താഗതി വേരുറച്ചു കഴിഞ്ഞ സമൂഹത്തിലാണ്  നാം ജീവിക്കുന്നത്. ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കുന്നില്ല. പോളിറ്റ് ബ്യൂറോയിലും ഹൈക്കമാന്‍ഡിലുമുള്ള സ്ത്രീകളുടെ എണ്ണം സ്ത്രീ സമൂഹത്തിനു തന്നെ അപമാനകരമാണ്'. പറയുന്നത് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും  ആം ആംദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന കണ്‍വീനറുമായിരുന്ന സാറാ ജോസഫ്. 

വനിതാ സംവരണം അപഹാസ്യം
33% സംവരണമെന്നത് സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമാണ്. പുരുഷന്‍മാരെപ്പോലെ തന്നെ എല്ലാ കഴിവുകളും സ്തീകള്‍ക്കുമുണ്ട്. ആം ആദ്മി പാര്‍ട്ടിയടക്കമുള്ള എല്ലാ പാര്‍ട്ടികളും പുരുഷാധിപത്യത്തെ അനുകൂലിക്കുന്നു. അധികാരത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയായ മുഖ്യമന്ത്രിപദം പുരുഷന്മാര്‍ ഒരിക്കലും സ്ത്രീകള്‍ക്ക്  വിട്ടുകൊടുക്കാന്‍ പോകുന്നില്ല. ഒരു പെണ്ണിന്റെ കീഴില്‍ ജോലി ചെയ്യാനുള്ള മനസ്സ് പുരുഷന്‍മാര്‍ക്കില്ല. വെറും ഒരു പെണ്ണ് എന്ന രീതിയില്‍ ചിന്തിക്കാതെ അവര്‍ ഇരിക്കുന്ന കസേരയെ മാനിക്കാന്‍ സമൂഹത്തിന് കഴിയണം.

കടമ്പകള്‍ ഏറെ കടക്കണം
സ്ത്രീകള്‍ അധികാരത്തിലേക്ക് വരണമെങ്കില്‍ ഭഗീരഥ പ്രയത്നം തന്നെ ആവശ്യമാണ്. അങ്ങനെ ഉയര്‍ന്നുവരാന്‍ ആഗ്രഹിക്കുന്നവരെ സമൂഹം തന്നെ വലതുകാല്‍ കൊണ്ട് തൊഴിക്കുന്നു. സ്വഭാവശുദ്ധി, ചാരിത്ര്യശുദ്ധി എന്നിങ്ങനെ പലവിധ ആരോപണങ്ങളിലൂടെ അവള്‍ കടന്നുപോകേണ്ടി വരുന്നു. വീടിന്റെ പൂമുഖത്തേക്ക് സ്ത്രീകള്‍ വരാനേ പാടില്ലെന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഇവിടെ ഉള്ളിടത്തോളം കാലം അധികാരമെന്നത് വെറുമൊരു സ്വപ്നം മാത്രമാണ്. സ്ത്രീകള്‍ക്ക് സ്വ്വന്തമായൊരു വകുപ്പ് തന്നെ ഇവിടെ ഉണ്ടാകണം. വകുപ്പിനൊരു മന്ത്രിയും വേണം. അതൊരു  സ്ത്രീ തന്നെ ആകുകയും വേണം. സ്ത്രീകളുടെ ഉന്നമനം, ആരോഗ്യ പരിരക്ഷ., കുട്ടികളുടെ സംരക്ഷണം എന്നിവ ആ വകുപ്പില്‍ ഉള്‍പ്പെടുത്തണം. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ സമൂഹത്തെ കാണാനും കഴിയണം. 

നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക
പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീ എന്ന രീതിയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ വളരെ കുറവാണെന്ന് സാറാ ജോസഫ് പറയുന്നു. നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപ്പെടുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കൊരു പ്രശ്നം വരുമ്പോള്‍ അവര്‍ തന്നെ നമുക്ക് കാവലാളായി മാറും. ആര്‍ക്കു വേണ്ടിയാണോ നമ്മള്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ അനുഭവങ്ങള്‍ നമ്മളേക്കാള്‍ എത്രയോ തീവ്രമാണ്. അതു മനസ്സിലാക്കിയാല്‍ നമ്മുടെ പ്രശ്നങ്ങള്‍ ഒന്നുമല്ലെന്ന് നമുക്കു തന്നെ മനസ്സിലാക്കാം. 

ഞാന്‍ മുഖ്യമന്ത്രിയായാല്‍

 • കേരളത്തില്‍ നിലവിലുള്ള സകല ക്വാറികളുടെയും ലൈസന്‍സ് റദ്ദാക്കും
 • വയലുകള്‍ സംരക്ഷിക്കാന്‍ ശക്തമായ നിയമം കൊണ്ടു വരും
 • വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുട്ടികളില്‍ നിന്ന് ഈടാക്കുന്ന അമിതമായ ഫീസ് നിര്‍ത്തലാക്കി സാമ്പത്തിക പരിഷ്‌കരണം കൊണ്ടുവരും.
 • വില്‍പ്പനച്ചരക്കായി മാറുന്ന ആരോഗ്യരംഗത്തെ നിലവിലുള്ള നയങ്ങള്‍ മുഴുവന്‍ തിരുത്തിക്കുറിക്കും. 
 • പോലീസ് നയം പരിഷ്‌കരിക്കും.

 

nithaതയ്യാറാക്കിയത്:  
നിത. എസ്.വി.

 

 

"സംവരണത്തിലൂടെ വനിത മുഖ്യമന്ത്രിയാവേണ്ട"
ഷീല തോമസ് ഐ.എ.എസ്‌

sheela thomasകേരളത്തിനൊരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ വനിതകളാരും മുഖ്യമന്ത്രിയാകാന്‍ മുന്നോട്ടു വരാതിരിക്കുന്നതായിരിക്കും കാരണമെന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടി തന്നു മുന്‍ ചീഫ് സെക്രട്ടറി ഷീല തോമസ്. അതോടൊപ്പം തന്നെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കൊടുക്കുന്നില്ലെന്ന ശക്തമായ പ്രതിഷേധവും അവരുടെ സ്വരത്തിലുണ്ടായിരുന്നു. 

സ്ത്രീകള്‍ മുഖ്യമന്ത്രിപദത്തിലേക്ക് കാലെടുത്തുവെച്ചാല്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരം കാണാന്‍ കഴിയുമെന്ന അഭിപ്രായക്കാരിയാണ് ഷീല തോമസ്. സ്ത്രീകള്‍ക്ക് അവരുടേതായ പ്രശ്നങ്ങളുണ്ടെങ്കിലും താന്‍ ഒരു സ്ത്രീയാണെന്ന് ഇടയ്ക്കിടെ ചിന്തിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു. മനസ്സില്‍ പരിമിതികള്‍ ഉണ്ടാകുമ്പോള്‍ ചെയ്യുന്ന തൊഴില്‍ കീറാമുട്ടി ആയിമാറും. അത്തരത്തിലുള്ള  പരിമിതികളെ അതിജീവിച്ചതുകൊണ്ട് തനിക്ക് ഇന്നുവരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

വനിതാ മുഖ്യമന്ത്രിയായി ആരു വന്നാലും നല്ല ആശയങ്ങളുള്ളവര്‍ ആ കസേരയിലിരിക്കണമെന്നതാണ് ഷീല തോമസിന്റെ ആഗ്രഹം. പാര്‍ട്ടിക്ക് അതീതമായി പ്രവര്‍ത്തിക്കുന്നവരായിരിക്കണം. 

ഇനി താന്‍ മുഖ്യമന്ത്രിപദം അലങ്കരിക്കുകയാണെങ്കില്‍ നിലവിലുള്ള നിയമങ്ങള്‍ക്കകത്തു നിന്നുകൊണ്ട് തനിക്ക് കഴിയുന്ന കാര്യങ്ങള്‍ സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യുമെന്ന് ഇവര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു. 

'സ്ത്രീകള്‍ സ്വന്തം കഴിവുകൊണ്ട് മുന്നോട്ടുവരണം. മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കും. പക്ഷേ അതിജീവിക്കണം. സംവരണത്തിലൂടെ ഒരു മുഖ്യമന്ത്രി അധികാരത്തിലെത്തുന്നതിനെ ഞാന്‍ അനുകൂലിക്കുന്നില്ല. സ്ത്രീ ആയതുകൊണ്ട് അധികാരസ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താനും പാടില്ല. സ്ത്രീക്കും പുരുഷനും ഒരേ അവസരങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിരിക്കണം'. ഷീല തോമസ് തന്റെ നയം വ്യക്തമാക്കുന്നു.

തയ്യാറാക്കിയത്:  
നിത. എസ്.വി.

 

"കഴിവുള്ള സ്ത്രീകളെ അംഗീകരിക്കില്ല"
ശോഭനാ ജോര്‍ജ് (മുന്‍ എം.എല്‍.എ)

shobana georgeകേരളത്തില്‍ ഇത് വരെയും ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകാത്തതിന് കാരണം കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കേരളസമൂഹം ഇപ്പോഴും തയാറല്ല എന്നത് തന്നെയാണ്. എല്ലാ രാഷ്ട്രീയ പാര്‍ടികളും ഇക്കാര്യത്തില്‍ സമാനമാണ് . ലോകസഭയില്‍ ഒറ്റക്ക് ഭൂരിപക്ഷമുണ്ടായിട്ടു പോലും വനിതാ സംവരണ ബില്‍ പാസാക്കാന്‍ ബിജെപി ഇത് വരെയും ശ്രമിക്കാത്തതില്‍ നിന്ന് അത് വ്യക്തമാണല്ലോ.

കേരളത്തിലാകട്ടെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. കൊച്ചുകുഞ്ഞുങ്ങള്‍ക്ക് സ്വന്തം ഭവനത്തില്‍ പോലും സുരക്ഷയില്ലാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് . അതേ സമയം വനിതകള്‍ക്ക്  ഇന്ന് കൂടുതല്‍ exposure ലഭിക്കുകയും അവര്‍ മാനസികമായി കരുത്തരാവുകയും ചെയ്തിട്ടുണ്ട് .

പുരുഷന് ജന്മനാ ലഭിക്കുന്ന അംഗീകാരം സ്ത്രീക്ക് ഒരിക്കലും  ലഭിക്കുന്നില്ല. അവള്‍ക്ക് എത്ര പേരെ ബോധ്യപ്പെടുത്തേണ്ടി വരുന്നു! സ്ത്രീയുടെ ചെറിയ വീഴ്ചകള്‍ പോലും പര്‍വതീകരിക്കപ്പെടുന്നു. സ്ത്രീകളെ അംഗീകരിക്കാന്‍ മടിക്കുന്നത് പുരുഷന്മാര്‍ മാത്രമല്ല, പുരുഷാധിപത്യ ചിന്താഗതിയുള്ള ചില സ്ത്രീകള്‍ കൂടിയാണ്. പുരുഷന്റെ അംഗീകാരം ലഭിക്കണമെന്ന ചിന്ത സ്ത്രീക്കുണ്ടാവരുത്. അവള്‍ പൊരുതാന്‍ തയാറായിരിക്കണം. 

ബംഗാളില്‍ മമതാ ബാനര്‍ജിയും തമിഴ്നാട്ടില്‍ ജയലളിതയും മുഖ്യമന്ത്രിമാരായത് അവിടങ്ങളിലെ പുരുഷസമൂഹം അവര്‍ക്ക് വേണ്ട പിന്തുണ നല്കിയത് കൊണ്ടാണ്. കഴിവുള്ളവരെ അന്ഗീകരിക്കാനുള്ള ആ മനസ്സാണ് കേരളത്തിലെ പുരുഷസമൂഹത്തിന് ഇല്ലാത്തത്.

എങ്കിലും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ശക്തരായ സ്ത്രീകള് ഉയര്‍ന്നു വരിക തന്നെ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു.

വനിതാമുഖ്യമന്ത്രി ആവശ്യമുണ്ടോ?
നമുക്ക് ഒരു വനിതാമുഖ്യമന്ത്രി വേണ്ടേ? കേരളത്തില്‍ ജനസംഖ്യയില്‍ സ്ത്രീകളാണ്  മുന്‍പില്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങളുണ്ട് ഇവിടെ. പക്ഷെ തുല്യ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കാബിനറ്റില്‍ പേരിനൊരു മന്ത്രിസ്ഥാനം ലഭിച്ചാലും അപ്രധാന വകുപ്പുകള്‍. അതാണല്ലോ പതിവ് .

സ്ത്രീയെന്ന നിലയില്‍ പൊതുരംഗത്ത് നേരിട്ട വെല്ലുവിളികള്‍?
കലാരംഗമോ ബിസിനസ് രംഗമോ പൊതുപ്രവര്‍ത്തനമോ ആകട്ടേ, പെണ്ണായാല്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഞാനും അതിന്റെ ഇരയാണ്. അത് കൊണ്ട് തന്നെയാണ് ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ചെങ്ങന്നൂരില്‍ നിന്ന് മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്വതന്ത്രമായ അഭിപ്രായമുള്ള സ്ത്രീകള്‍ പല പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വരും-പുരുഷന്മാരില്‍ നിന്നുള്ള അവഗണന, അവരുടെ സംഘടിതമായ നീക്കങ്ങള്‍  എന്നിങ്ങനെ. പുരുഷന്റെ സൗജന്യം ആവശ്യമില്ലെന്ന് സ്ത്രീകള്‍ തീരുമാനിക്കണം.

മുഖ്യമന്ത്രിക്കസേരക്കടുത്തു വരെ എത്തിയ ഒരു വനിതാനേതാവ്  കെ ആര്‍ ഗൗരിയമ്മ മാത്രമാണ്. സുശീല ഗോപാലനും തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 

suchithaതയ്യാറാക്കിയത്:  
എസ്.സുജിത

 

"വനിത ആയതു കൊണ്ട് മാത്രം മുഖ്യമന്ത്രിയാവരുത്"
കെ.പി.ശശികല (ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്)

k.p.sasikalaകേരളത്തിലേത് ഒരു പുരോഗമിച്ച സമൂഹമാണെന്ന് പറയുമ്പോഴും നമുക്കിത് വരെ ഒരു  വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഇവിടുത്തെ ജനങ്ങള്‍ വാക്കിലും പ്രവര്‍ത്തിയിലും അന്തരം കാണിക്കുന്നു എന്നാണ്  ഇതില്‍ നിന്ന് മനസ്സിലാവുന്നത്. മുഖ്യമന്ത്രി എന്ന നിലയിലേക്ക് ഉയര്‍ത്തിക്കാണിക്കാവുന്ന സ്ത്രീകള്‍ മുന്‍നിരയിലേക്ക് വരുന്നില്ല. വിദ്യാഭ്യാസം മുതലുള്ള അടിസ്ഥാനപരമായ കാരണങ്ങള്‍ ഉണ്ടാവാം. രാഷ്ട്രീയ പാര്‍ട്ടികളുടെ സംഘടനാപരമായ കാര്യങ്ങളും കാരണമാകാം. മമത ബാനര്‍ജി ഉദാഹരണം. കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്തു പോയതിനു ശേഷമാണ് അവര്‍ കൂടുതല്‍ ശക്തയായത്. 

അതേ സമയം വനിതയായത് കൊണ്ട് മാത്രം ആരും  മുഖ്യമന്ത്രിയാവരുത്. ആ പദവി സംവരണം ചെയ്യപ്പെടെണ്ടതല്ല. എന്നാല്‍ കഴിവ് തെളിയിച്ച ഒരു വ്യക്തി സ്ത്രീ ആയതിന്റെ പേരില്‍ അവഗണിക്കപ്പെടാനും പാടില്ല. മുഖ്യമന്ത്രിപദം എല്ലാ അന്തരങ്ങള്‍ക്കും അതീതമാണ്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പു വരുത്താന്‍ മുഖ്യമന്ത്രി ബാധ്യസ്ഥ/ന്‍ ആണ്.

സ്ത്രീയായതിന്റെ പേരില് പൊതുജീവിതത്തില്‍ ഞാന്‍ യാതൊരു ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ല. എന്റെ സംഘടനയുടെ സംസ്ഥാന അധ്യക്ഷയാണ് ഞാന്‍. സ്ത്രീ ആയതു കൊണ്ടല്ല ഞാന്‍ ഈ പദവിയില്‍ ഇരിക്കുന്നത്. എന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും എനിക്ക് സഹകരണവും പിന്തുണയും മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റു സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളെ പറ്റി പറയാന്‍ എനിക്ക് കഴിയില്ല.

കെ.ആര്‍ ഗൗരിയമ്മ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ യോഗ്യയായ ഒരു വനിതനേതാവ്. ഇന്നുള്ളവരെല്ലാം വനിതാ സംഘടനകളുടെ തലപ്പത്ത് വരെ മാത്രം എത്തുന്നവരാണ്. അവര്‍ പുരുഷ നേതാക്കളുടെ നിഴലായി ഒതുങ്ങുന്നു. ശോഭ സുരേന്ദ്രനെ പോലെയുള്ളവരാണ് അതിനു ഒരപവാദം.

തയ്യാറാക്കിയത്:  
എസ്.സുജിത

 

"അധികാരം പങ്കുവയ്ക്കാന്‍ പുരുഷന് താത്പര്യമില്ല"
ലീല മേനോന്‍ (പത്രപ്രവര്‍ത്തക)

Leela Menonധികാര ഇടനാഴിയില്‍ പെണ്‍ശബ്ദം ഉറച്ചു കേള്‍ക്കണമെന്ന സ്വപ്നമാണ് പത്രപ്രവര്‍ത്തനത്തില്‍ പെണ്‍കരുത്തിന്റെ അടയാളമായ ലീല മേനോന്‍ പങ്കു വയ്ക്കുന്നത്. വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയില്‍ ഉറപ്പുള്ള സ്ത്രീശബ്ദങ്ങളുടെ അപര്യാപ്തത മൂലം അധികാരകേന്ദ്രങ്ങളിലെ സ്ത്രീസാന്നിധ്യത്തെ വരുംകാലത്തിന്റെ സ്വപ്നമായി നമുക്ക് പറയേണ്ടി വരുന്നുവെന്ന് ലീല മേനോന്‍ വിശദീകരിക്കുന്നു. രാഷ്ട്രീയ അധികാരങ്ങളില്‍ തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടം പുറത്തു നിന്നല്ല അകത്ത് നിന്ന് തന്നെയാകണം. ചൂടു പിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ ചായക്കടകളെ മാത്രമല്ല കേരളത്തിലെ അടുക്കളകളേയും അസ്വസ്ഥമാക്കണം. രാഷ്ട്രീയം പെണ്ണുങ്ങള്‍ക്ക് പറഞ്ഞ പണിയല്ല എന്ന പരമ്പരാഗത വിചാരധാരയില്‍ നിന്നും മാറ്റമുണ്ടായാല്‍ കേരളത്തിന്റെ ഗ്രാമങ്ങളില്‍ നിന്ന് കരുത്തുള്ള പെണ്ണുങ്ങള്‍ നമ്മുടെ നാടിനെ നയിക്കാനിറങ്ങും, ലീല മേനോന്‍ പറഞ്ഞുതുടങ്ങുകയാണ്. 

കേരളത്തില്‍ എന്തുകൊണ്ട് വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല ?
കേരളം സ്ത്രീകേന്ദ്രീകൃതമായ സമൂഹമായിരുന്നു. പണ്ടത്തെ തറവാടുകളിലും മറ്റും കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത് സ്ത്രീകളായിരുന്നു. പക്ഷേ, നവോത്ഥാനകാലഘട്ടത്തിന് ശേഷം സ്ത്രീകളുടെ നേതൃപാടവം വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ കാര്യമായി നടന്നില്ല. നവോത്ഥാനം പുരുഷന്മാരുടെ ഇടയില്‍ മാത്രം സംഭവിക്കുകയും സ്ത്രീകളുടെ ഇടയില്‍ ഇതിന്റെ തുടര്‍ച്ച ഇല്ലാതാവുകയും ചെയ്തു. അതോടെ, സ്ത്രീകളുടെ പ്രാഥമിക ഉത്തരവാദിത്തമായി കുടുംബത്തെ സമൂഹം പ്രതിഷ്ഠിച്ചു. അതിന്റെ തുടര്‍ച്ചയായി സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കാന്‍ വിമുഖത കാണിക്കുകയാണ്. മനഃപൂര്‍വം സ്ത്രീകളെ പുറത്തു നിറുത്തുന്ന പുരുഷമേധാവിത്തപരമായ സമീപനമാണ് കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രിയെ ഇതുവരേയും സാധ്യമാക്കാതിരുന്നത്.

വനിതാ മുഖ്യമന്ത്രി ആവശ്യമാണോ? 
ഭരണഘടന സ്ത്രീകള്‍ക്ക് തുല്യ അവകാശം ഉറപ്പു നല്‍കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ ജനസംഖ്യയുടെ പാതിയോളം വരുന്ന സ്ത്രീകളുടെ പ്രതിനിധി ഒരു മുഖ്യമന്ത്രിയായി വരുന്നതും രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ ഇടപെടുന്നതും ജനാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായി സംഭവിക്കേണ്ടതല്ലേ? വിദ്യാഭ്യാസം, ആരോഗ്യം, ശിശു പരിപാലനം തുടങ്ങിയ വകുപ്പുകളില്‍ സ്ത്രീകള്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്. 

ഒരു വനിതാ മുഖ്യമന്ത്രി എന്താണ് തടസം?
തെരഞ്ഞെടുപ്പില്‍ എത്ര വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ക്യാബിനറ്റില്‍ തന്നെ ഒരൊറ്റ വനിതാ മന്ത്രിയാണുണ്ടായിരുന്നത്. അവര്‍ ആദിവാസികളെ പ്രതിനിധീകരിക്കുന്ന സ്ത്രീയാണ്. പക്ഷേ, അവര്‍ക്ക് ആദിവാസികളുടെ പ്രശ്നം പോലും പറയാന്‍ അറിയില്ല. രാഷ്ട്രീയത്തിലേക്ക് സ്ത്രീകള്‍ വരാന്‍ മടിക്കുന്നു എന്ന പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള എത്ര സീറ്റുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട്? അധികാരം പങ്ക് വയ്ക്കാന്‍ പുരുഷന്‍മാര്‍ക്ക് ഒട്ടും താല്‍പര്യമില്ല. അത് പിടിച്ച് വാങ്ങാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നും ഇല്ല. രാഷ്ട്രീയ അവബോധം ഉണ്ടാക്കാന്‍ സ്ത്രീകളും ശ്രമിക്കണം. വായിയ്ക്കുകയും സംവാദങ്ങളില്‍ ഏര്‍പ്പെടുകയും വേണം. അധികാരസ്ഥാനങ്ങളില്‍ എത്താന്‍ തുടര്‍ച്ചയായ പരിശ്രമം ആവശ്യമാണ്. അതിനുള്ള മനഃസ്ഥിതി സ്ത്രീകള്‍ക്ക് ഉണ്ടാകുന്നില്ല.

നേരിട്ട ബുദ്ധിമുട്ടുകള്‍
ഞാന്‍ പത്രപ്രവര്‍ത്തനത്തിലേക്ക് വന്ന കാലഘട്ടത്തില്‍ റിപ്പോര്‍ട്ടിംഗില്‍ സ്ത്രീകള്‍ ഇല്ല എന്ന് തന്നെ പറയാം. ഞാന്‍ റിപ്പോര്‍ട്ടിംഗ് ചോദിച്ചു വാങ്ങുകയായിരുന്നു. അഞ്ച് ജില്ലകളുടെ ഉത്തരവാദിത്തമുണ്ടായിരുന്നു എനിക്ക്. നിരവധി നല്ല വാര്‍ത്തകള്‍ ചെയ്യാന്‍ സാധിച്ചു. 15 പേരടങ്ങുന്ന ടീമില്‍ ഞാനൊഴികെ ബാക്കിയെല്ലാവരും പുരുഷന്‍മാര്‍. ഒന്നാം പേജില്‍ ഇടം നേടുന്ന വാര്‍ത്തകള്‍ ആയിരുന്നു, ഞാന്‍ ഫയല്‍ ചെയ്ത ഭൂരിഭാഗം വാര്‍ത്തകളും. അപ്പോള്‍ എന്റെ ടീമിലുള്ളവര്‍ പറയും, 'She is the man among us.' റിപ്പോര്‍ട്ടിംഗ് സ്ത്രീകളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു അപ്പോഴത്തെ വാര്‍ത്താമുറികളുടെ പൊതുബോധം. ഇതിനെ നേരിട്ടാണ് ഞാന്‍ വാര്‍ത്തകള്‍ക്കൊപ്പം പാഞ്ഞത്. 

മുഖ്യമന്ത്രിയായി ആരെ ഉയര്‍ത്തിക്കാട്ടും?
അങ്ങനെ ആരേയും പേരെടുത്ത് പറയാന്‍ സാധിക്കുന്നില്ല. വിശാലമായി ചിന്തിക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ രാഷ്ട്രീയത്തിലുണ്ടോ? ഞാന്‍ ശ്രദ്ധിക്കാത്തതുകൊണ്ടാണോ എന്നറിയില്ല. പണ്ടൊക്കെ കെ. ആര്‍ ഗൗരിയമ്മ മുഖ്യമന്ത്രി ആയിരുന്നെങ്കിലെന്നോ അല്ലെങ്കില്‍ സുശീല ഗോപാലന്‍ വന്നിരുന്നെങ്കിലെന്നോ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, അങ്ങനെ ഒരു പേര് പറയാന്‍ പോലും ഇപ്പോള്‍ ആരേയും കിട്ടുന്നില്ല.

ഞാന്‍ മുഖ്യമന്ത്രിയായാല്‍

ഞാന്‍ മുഖ്യമന്ത്രി ആയാല്‍ അതൊരു വണ്‍മാന്‍ ഷോ ആയിരിക്കില്ല. എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം കൂടി ഉറപ്പാക്കി മാത്രമേ മുന്നോട്ട് പോകൂ. ടീം വര്‍ക്കിനായിരിക്കും പ്രാധാന്യം. ക്യാബിനറ്റില്‍ 50 ശതമാനം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കും. കൂടാതെ താഴെ തട്ടില്‍ നിന്ന് നേതൃപാടവവും രാഷ്ട്രീയബോധവുമുള്ള സ്ത്രീകളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടു വരുന്നതിലും പ്രത്യേക ശ്രദ്ധ നല്‍കും. ആരോഗ്യം, വിദ്യാഭ്യാസം, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുകയും പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യും.

seenaതയ്യാറാക്കിയത്:  
സീന ആന്റണി

ഇന്ത്യയില്‍ നിലവിലുള്ള വനിതാ മുഖ്യമന്ത്രിമാര്‍

woman cms

റെക്കോഡ് ഷീല ദീക്ഷിതിന്
Shiela Dixit

ഏറ്റവും കാലം മുഖ്യമന്ത്രിയായിരുന്ന വനിത ഷീല ദീക്ഷിതാണ്. മൂന്ന് തവണ തുടര്‍ച്ചായയി മുഖ്യമന്ത്രിയായ അവര്‍ 5484 ദിവസമാണ് സംസ്ഥാനം ഭരിച്ചത്.


മറ്റ് വനിതാ മുഖ്യമന്ത്രിമാര്‍:

സുചേത കൃപലാനി (യു.പി-കോണ്‍.) - 1258 ദിവസം.
നന്ദിനി സത്പതി (ഒഡീഷ-കോണ്‍.) - 1278 ദിവസം.
ശശികല കകോദ്കര്‍ (ഗോവ- എം.ജി.പി) - 2084 ദിവസം.
സയ്യിദ അന്‍വര തൈമുര്‍ (അസം-കോണ്‍.) - 206 ദിവസം.
ജാനകി രാമചന്ദ്രന്‍-തമിഴ്‌നാട് (എ.ഐ.എ.ഡി.എം.കെ.) - 23 ദിവസം.
മായാവതി (യു.പി-ബി. എസ്.പി.) - 2554 ദിവസം
രജീന്ദര്‍കൗര്‍ ഭട്ടല്‍ (പഞ്ചാബ് കോണ്‍.) - 388 ദിവസം
രാബ്രിദേവി (ബിഹാര്‍- ആര്‍.ജെ.ഡി) - 2746 ദിവസം
സുഷമ സ്വരാജ് (ഡെല്‍ഹി-ബി.ജെ.പി) - 51 ദിവസം
ഉമാഭാരതി (മധ്യപ്രദേശ്-ബി.ജെ.പി) - 259 ദിവസം

cms per yearപെണ്ണില്ലാത്ത സഭ

ഒരൊറ്റ സ്ത്രീ പോലുമില്ലാത്ത നിയമസഭ. അങ്ങിനെയും സംഭവിച്ചു കേരളത്തില്‍. 1970ലെ സഭയാണ് നാണംകെട്ട ഈ ചരിത്രം രചിച്ചത്. മത്സരരംഗത്ത് പോലുമുണ്ടായില്ല അക്കുറി ഒരു വനിത. അതിന് മുന്‍പ് 67ലും ഏഴ് വര്‍ഷവും അടിയന്തരാവസ്ഥയും കഴിഞ്ഞ് 77ലും ഒരോ സ്ത്രീകളെ മാത്രമാണ് നിയമസഭയിലേയ്ക്ക് അയക്കാന്‍ കേരളത്തിന് കഴിഞ്ഞത്. പന്ത്രണ്ട് വനിതകള്‍ അണിനിരന്ന 1996ലെ സഭ മാത്രമാണ് അല്‍പെമെങ്കിലും പ്രബുദ്ധ കേരളത്തിന്റെ അന്തസ്സ് കാത്തത്