subineshനിന്നോടൊപ്പം കഴിഞ്ഞ 26 വര്‍ഷങ്ങളുടെ ഓര്‍മകള്‍ മാത്രമാണ് ഈ അമ്മയുടെ മനസ്സില്‍. ഒരുനാളും പിരിയരുതെന്ന് മനസ്സില്‍ ഒരു നൂറുവട്ടം ആഗ്രഹിച്ചെങ്കിലും ഒടുവില്‍ അരുതാത്തതുതന്നെ സംഭവിച്ചു. ഒരു വൃശ്ചികക്കുളിരില്‍ തണുത്ത പ്രഭാതത്തില്‍ എന്റെ മുന്നില്‍ മരവിച്ചു കിടന്ന നിന്റെ ശരീരത്തില്‍ ജീവന്റെ തുടിപ്പുകള്‍ക്കുവേണ്ടി ഞാന്‍ പരതി. ഭീകരരുടെ വെടിയേറ്റുവീണ ചേതനയറ്റ ശരീരമാണ് അതെന്ന് ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. അന്നുമുതല്‍ ഈ നിമിഷം വരെ ഓരോ ശ്വാസത്തിലും നീ എന്നോടൊപ്പമുണ്ട്. നിന്റെ ഇഷ്ടങ്ങള്‍ക്ക്  എന്നും കൂട്ടായിരുന്നു ഞാന്‍. എന്റെ സ്വപ്‌നങ്ങളെല്ലാം നിന്നെക്കുറിച്ചു മാത്രമായിരുന്നു. എന്നെ പിരിഞ്ഞു നീ പോയെങ്കിലും നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് ഇന്നും എനിക്ക് ശക്തി പകരുന്നത്. 

ജമ്മുവിലെ രജൗരി ജില്ലയില്‍ ഭീകരരുടെ വെടിയേറ്റു വീണു പിടയുകയായിരുന്നു നീയെന്ന് ബോധം തിരിച്ചുകിട്ടിയ ഏതോ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു. നിന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒരിക്കലും ഞാന്‍ എതിരായിരുന്നില്ല. രാജ്യസേവനമാണ് ജീവിതലക്ഷ്യമെന്ന് നീ പറഞ്ഞപ്പോളൊക്കെയും നിന്നെ അതിര്‍ത്തിക്കപ്പുറത്തേക്ക് പറഞ്ഞയക്കാന്‍ മനസ്സുകൊണ്ട് എനിക്ക് കഴിയുമായിരുന്നില്ല. പഠിക്കാനുള്ള പണമുണ്ടാക്കാനായി നീ രാപ്പകല്‍ അദ്ധ്വാനിച്ചു. വീണുകിട്ടുന്ന ഒഴിവു ദിവസങ്ങളില്‍ കരിങ്കല്ലും മണലും ചുമക്കാന്‍ നീ പോയി. ലോറിയില്‍ മണ്ണു കയറ്റി ഉരുകിത്തിളയ്ക്കുന്ന വെയിലില്‍ വിശ്രമമില്ലാതെ നീ പണിയെടുത്തു. ജവാന്‍ ആയിത്തീരുന്നത് സ്വപ്‌നം കണ്ടു നടന്ന നീ എട്ടു പ്രാവശ്യം ആഗ്രഹ സാഫല്യത്തിനായി പരിശ്രമിച്ചു. ഒടുവില്‍ പരീക്ഷയില്‍ വിജയിച്ച നീ ഏറെ പ്രതീക്ഷകളുമായി ഊട്ടിയിലെ പട്ടാള ക്യാമ്പിലേക്ക്....നിന്റെ സ്വപ്‌നസാഫല്യത്തിനായി ആദ്യമായി എന്നോടു യാത്ര പറഞ്ഞ ദിവസം ഇന്നും ഓര്‍ക്കുന്നു. 

രാജ്യസേവനത്തിറങ്ങിത്തിരിച്ച എട്ടു വര്‍ഷങ്ങള്‍. ഇതിനിടയിലെപ്പൊഴൊക്കെയോ നീ അമ്മയെക്കാണാന്‍ വന്നു. ജോലിക്കിടയിലുള്ള ഒരു പ്രയാസവും നീ എന്നെ അറിയിച്ചിട്ടില്ല. വീണുകിട്ടുന്ന ഇത്തിരി നിമിഷങ്ങളില്‍ നീ കൂട്ടുകാരോടോപ്പം വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഓടിപ്പോയി. കക്ഷി രാഷ്ട്രീയ ഭേദമെന്യേ നാട്ടുകാര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. ഒടുവില്‍  ഈ വീട്ടുമുറ്റത്ത് നിനക്കു വേണ്ടി വിവാഹപ്പന്തല്‍ ഉയരുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയാക്കി നീ യാത്രയായി. ഒരു സൈനികനു നല്‍കേണ്ട എല്ലാ ബഹുമതികളും നല്‍കി നിന്നെ ഞങ്ങള്‍ യാത്രയാക്കി. വീരമൃത്യു വരിച്ചവരോടുള്ള സര്‍ക്കാരിന്റെ കടമ അവിടം കൊണ്ടവസാനിച്ചുവോ?അറിയില്ല. ഒന്നു മാത്രം എനിക്ക് അറിയാം. നിന്നെ എനിക്ക് നഷ്ടപ്പെടുത്താന്‍ കഴിയില്ല. അമ്മ എന്നും നിന്നോടൊപ്പമുണ്ട്. 

(ഈ അമ്മ രാജ്യത്തിന് നല്‍കിയത് സ്വന്തം മകനെത്തന്നെയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ കുടുംബത്തോട് കാണിച്ച അനാദരവ് നമുക്ക് മറക്കാന്‍ കഴിയില്ല. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്ന ധനസഹായം ഇതുവരെ നല്‍കിയില്ല. സുബിനേഷിന്റെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വാക്കു കൊടുത്തിരുന്നെങ്കിലും മരണത്തിനു ശേഷം ഓരോ മാസവും 5000 രൂപ വീതം ബാങ്കിലേക്ക് തിരിച്ചടവ് നല്‍കുകയായിരുന്നു ഇവര്‍. രണ്ടു തവണ എം.എല്‍.എ വഴിയും പഞ്ചായത്തു പ്രസിഡണ്ടിന്റെ സഹായത്തോടെയും കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇവര്‍ക്ക് അനുകൂലമായ മറുപടി ഇതുവരെ ഉണ്ടായില്ല. മരണശേഷം ആശ്രിതര്‍ക്കു നല്‍കാമെന്നേറ്റ ജോലിയും പാഴ്‌വാക്കായി മാറുകയാണ്. ദരിദ്ര കുടുംബത്തിന്റെ അത്താണിയായ സ്വന്തം മകന്‍ നഷ്ടപ്പെട്ട ഓര്‍മയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്ന ഈ അമ്മയെ  നമുക്ക് അമ്മമാരുടെ ദിനത്തിലെങ്കിലും ഓര്‍മിക്കാം.)