മ്മ മേഴ്‌സിക്കുട്ടന്റെ സ്‌നേഹം എത്ര കിട്ടിയാലും മതിയാകില്ല മകന്‍ സുജിത് കുട്ടന്. കൊച്ചിയിലെ മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന കുട്ടികളെ അമ്മ തന്നേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്ന് എപ്പോഴും പരാതി പറയും. അത് പറഞ്ഞ് ഇടക്കിടക്ക് മുഖം വീര്‍പ്പിക്കുകയും ചെയ്യും. അച്ഛന്‍ മുരളിക്കുട്ടനെ സുഹൃത്തിനെപ്പോലെ കണ്ടിരുന്ന സുജിത്തിന് അച്ഛന് ബാക്കിവെച്ചു പോയ ശൂന്യത ഇതുവരെ നികത്താനായിട്ടില്ല. എപ്പോഴും അച്ഛന്റെ ഇടക്കിടെ അവന്റെ മനസ്സിലേക്കെത്തും. അപ്പോഴാണ് അമ്മയുടെ സ്‌നേഹത്തിനായി അവന്‍ ഓടിയെത്തുന്നത്.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ 100 മീറ്ററില്‍ സുജിത് മത്സരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മുരളിക്കുട്ടന്‍ മരിച്ചത്. അന്ന് അച്ഛന്റെ മരണവാര്‍ത്തയറിയാതെ സുജിത് 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ സ്വര്‍ണം നേടി. പിന്നെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ സന്തോഷം സങ്കടത്തിലേക്ക് വഴിമാറി. എന്നാല്‍ തളരാതെ പിടിച്ചു നിന്ന സുജിതിന് കൂട്ടായി മേഴ്‌സിക്കുട്ടനുണ്ടായിരുന്നു. അമ്മയുടെ എല്ലാ കരുതലുകളോടും കൂടി...ദേശീയ സ്‌കൂള്‍ ഗെയിംസിലും അതേ ഇനത്തില്‍ വെങ്കലം നേടി സുജിത്  അച്ഛന്റെ ആഗ്രഹം നിറവേറ്റി.

ഈ സംഭവങ്ങള്‍ക്കും  24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ സുജിത് കുട്ട്‌ന ജന്മം നല്‍കിയത്് അമ്മയുടെ വാത്സല്യത്തോടെ മേഴ്‌സിക്കുട്ടന്‍ ഓര്‍ത്തെടുക്കുന്നു. സുജിത് ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവന്‍ ഒരു അത്‌ലറ്റായി തീരുമെന്ന് മുരളിക്കുട്ടനും മേഴ്‌സിക്കുട്ടനും ഉറപ്പുണ്ടായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ സാധാരണയില്‍ കവിഞ്ഞ നീളവും നാല് കിലോ തൂക്കവുമുണ്ടായിരുന്നു സുജിത്തിന്. പതിനൊന്നാം മാസത്തില്‍ അവന് ന്യൂമോണിയ ബാധിച്ചെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട് ആരോഗ്യമുള്ള കുഞ്ഞായി തന്നെ തിരിച്ചുവന്നു. അന്ന് ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ ഫാക്ടറിക്കടുത്ത ജീവിതം പാല്‍മണമുള്ള ഓര്‍മ്മയായി മേഴ്‌സിക്കുട്ടന്റെ മനസ്സില്‍ ഇന്നുമുണ്ട്. സുജിത്തിന് മൂന്ന് വയസ്സുള്ളപ്പോള്‍ അവര്‍ കേരളത്തിലേക്ക് തിരിച്ചുപോന്നു. 

അത്‌ലറ്റിക്‌സില്‍ ഏത് ഫീല്‍ഡും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മേഴ്‌സിക്കുട്ടന്‍ മകന് നല്‍കിയിരുന്നു. അമ്മയ്ക്ക് മെഡല്‍ നേടിക്കൊടുത്ത ലോങ്ജമ്പില്‍ തന്നെയായിരുന്നു സുജിതും ആദ്യകാലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മരങ്ങാട്ടുപിള്ളിയിലെ ലേബര്‍ ഇന്ത്യ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് പഠിച്ച സുജിത് പിന്നീട് അമ്മയുടെ സ്വന്തം അക്കാദമിയിലേക്ക് മാറി. അച്ഛന്‍ മുരളിക്കുട്ടന് സുജിത് ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. സുജിത് ഹൈസ്‌കൂള്‍ ക്ലാസിലെത്തിയപ്പോഴേക്കും അവന്റെ കഴിവ് സ്പ്രിന്റ് ഇനങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ മേഴ്‌സിക്കുട്ടന്‍ മകനെ 100 മീറ്ററിലേക്ക് വഴിതിരിച്ചുവിട്ടു. അത് തന്നെയായിരുന്നു അവന്റെ ശരിയായ വഴി.

മകനെന്ന നിലയില്‍ സുജിത്തിനെ കുറിച്ച് അഭിമാനം തോന്നിയ ഒരുപാട് നിമിഷങ്ങള്‍ മേഴ്‌സിക്കുട്ടന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. എന്നാലും സുജിത് 2011ല്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായാതാണ് ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷമെന്ന് മേഴ്‌സിക്കുട്ടന്‍ പറയുന്നു. ഇനി അമ്മയുടെ സ്വഭാവങ്ങളില്‍ മകന് ഇഷ്ടമില്ലാത്തത് എന്തെന്ന് ചോദിച്ചാല്‍ അതിനും കൃത്യമായ മറുപടിയുണ്ട് മേഴ്‌സിക്കുട്ടന്. അമ്മ ചെറിയ കള്ളങ്ങള്‍ പറയുമ്പോള്‍ മുതിര്‍ന്ന ആളെപ്പോലെ അമ്മയോട് കുഞ്ഞുമകന്‍ ദേഷ്യപ്പെടും. നല്ല കാര്യത്തിനായി ചെറിയ കള്ളം പറഞ്ഞാലും സുജിതിന് അത് സഹിക്കില്ല. കള്ളം പറയാന്‍ പാടില്ലെന്ന് എപ്പോഴും അവന്‍ അമ്മയെ ഉപദേശിക്കും. എല്ലാവരെയും സഹായിക്കണമെന്ന പോളിസിക്കാരനാണ് സുജിത്തെന്ന് ചെറുചിരിയോടെ മേഴ്‌സിക്കുട്ടന്‍ പറയുന്നു. ആര് ഭിക്ഷ ചോദിച്ച് വന്നാലും കൈയിലുള്ളത് എടുത്തുകൊടുക്കും. എപ്പോഴും ഇങ്ങനെ ചെയ്യുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ അവര്‍ കാശില്ലാതെ കഷ്ടപ്പെടുന്നവരല്ലേ എന്ന് തിരിച്ച് ചോദിക്കുമെന്നും അതിന് തനിക്ക് ഉത്തരമുണ്ടാകില്ലെന്നും മേഴ്‌സിക്കുട്ടന്‍ പറയുന്നു. 

ഒരു പിറന്നാള്‍ ദിനത്തില്‍ സുജിതും ചേട്ടനും അപ്രതീക്ഷിതമായി സമ്മാനം നല്‍കിയ വാച്ച് ജീവിതത്തില്‍ മേഴ്‌സിക്കുട്ടന് ലഭിച്ച ഏറ്റവും വലിയ സ്‌നേഹ സമ്മാനമാണ്. എന്നാല്‍ മുരളിക്കുട്ടന്റെ വിയോഗത്തിന് ശേഷം മേഴ്‌സിക്കുട്ടന്‍ ഒരു ആഘോഷവും വീട്ടില്‍ നടത്താറില്ല. അത് വരെ മക്കളുടെ എല്ലാ പിറന്നാള്‍ ദിനവും ആഘോഷിക്കാറുണ്ടായിരുന്നു. ഡിസംബറിലെ ആ നഷ്ടം ഒരിക്കലും നികത്താനാകാത്തതാണെന്ന് മേഴ്‌സിക്കുട്ടന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസ്സിലാകും. 

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ മേഴ്‌സിയുടെ മനസ്സില്‍ ഒരൊറ്റ സ്വപ്‌നം മാത്രമേ ബാക്കിയുള്ളു. അത് മുരളിക്കുട്ടന്റെ സ്വപ്‌നം കൂടിയാണ്.മകന്‍ സുജിത്തിനെ രാജ്യമറിയുന്ന കായിക താരമാക്കണം. അതിന് മുന്നോടിയായി വരുന്ന ഏഷ്യന്‍ ഗെയിംസില്‍ യോഗ്യത നേടാനുള്ള തയ്യാറെടുപ്പിലാണ് സുജിതും അമ്മയും. 

2010 ഡിസംബര്‍ 19ലെ പകലില്‍ ജൂബിലി ആശുപത്രിയില്‍ പ്രിയമതന്‍ അപ്രതീക്ഷിതമായി വിട പറഞ്ഞ ആഘാതവുമായി മണിക്കൂറുകളോളം സുജിതിനെയും കാത്തിരുന്ന മനോധൈര്യം തന്നെയാണ് അമ്മയെന്ന നിലയില്‍ മേഴ്‌സിക്കുട്ടനെ വ്യത്യസ്തയാക്കുന്നത്. അച്ഛന്റെ വിയോഗം മകനെ അറിയിക്കാതെ അവന്‍ വിജയിച്ചു വരുന്നതിനായിരുന്നു അമ്മയുടെ കാത്തിരിപ്പ്. നാളെ ഏഷ്യന്‍ ഗെയിംസും പിന്നിട്ട് ഒളിമ്പിക്‌സിന്റെ വിശ്വവേദിയിലേക്ക് മകന്‍ ഓടിക്കയറണമെന്ന സ്വപ്‌നമാണ് മേഴ്‌സിക്കുട്ടനെ ഇന്നും മുന്നോട്ടു നയിക്കുന്നത്. ട്രാക്കിലൂടെ ഓടിക്കിതച്ച് ഫിനിഷിങ് പോയിന്റിലെത്തുമ്പോള്‍ ഒരു കുപ്പി വെള്ളവുമായി അരികില്‍ വാത്സല്യത്തോടെ മേഴ്‌സി എന്ന അമ്മ കാത്തിരിപ്പുണ്ടാകും. സുജിത് എന്ന മകന്റെ ജീവിതത്തിന് പ്രചോദനവുമായി....