1965-ല്‍ 'കുടുംബിനി' എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ 'പൊന്നി' പിന്നീട് അമ്മ വേഷങ്ങളില്‍ നിറഞ്ഞു നിന്നു. വാത്സല്യവും സ്‌നേഹവും നിറഞ്ഞു തുളുമ്പുന്ന അമ്മയില്‍ പലരും സ്വന്തം അമ്മയെ കണ്ടു. മലയാള സിനിമയില്‍ ഈ അമ്പതുവര്‍ഷത്തിനിടയില്‍ നായകന്മാര്‍ പലരും മാറി മാറി വന്നെങ്കിലും ഈ പൊന്നമ്മ മാറിയില്ല. പ്രായത്തില്‍ ജേഷ്ഠന്മാരായ സത്യന്‍, നസീര്‍, മധു മുതല്‍ ഇങ്ങ് മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് വരെ പൊന്നമ്മയ്ക്ക് മക്കളായി. ഇപ്പോള്‍ 71 പിന്നിടുമ്പോള്‍ കവിയൂര്‍ പൊന്നമ്മ ഒന്നു തിരിഞ്ഞു നോക്കുകയാണ്. തന്റെ സിനിമാ ജീവിതത്തിലൂടെ...

ഞാന്‍ നടിയായതൊക്കെ ഒരു നിമിത്തമായിരുന്നു. ചെറുപ്പത്തില്‍ എന്നെ ഡാന്‍സ് പഠിപ്പിക്കാനാണ് വീട്ടില്‍ നിന്നും വിട്ടിരുന്നത്. എനിക്കിഷ്ടമുണ്ടായിട്ടല്ല. നല്ല തടിയായിരുന്നു എനിക്ക്. അത് കുറയ്ക്കാന്‍ ഡാന്‍സ് നല്ലതാണല്ലോ എന്ന് വീട്ടുകാര്‍ കരുതി. പക്ഷെ എന്റെ തടിയൊന്നും കുറഞ്ഞില്ല. അതോടെ നൃത്ത പഠനവും നിന്നു. ഒരു മൂന്നു നാല് വയസ്സുള്ളപ്പോഴാണിത്. അഞ്ചു വയസ്സുമുതല്‍ ഞാന്‍ സംഗീതം പഠിച്ചു തുടങ്ങി. ഹാര്‍മോണിയത്തിന്റെ ശബ്ദം കേട്ടാണ് സംഗീതം പഠിക്കാനുള്ള താത്പര്യം വന്നത്.

പെട്ടി(ഹാര്‍മോണിയം) വേണം എന്നു പറഞ്ഞ് ഞാന്‍ കരച്ചില്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് അച്ഛന്‍ ഒരു ഹാര്‍മോണിയം വാങ്ങി തന്നു. അച്ഛനും സംഗീതത്തില്‍ വലിയ താത്പര്യമായിരുന്നു. വലിയ കച്ചേരിയും മറ്റും നടക്കുന്നിടത്തൊക്കെ അച്ഛന്‍ എന്നെ കൊണ്ടുപോകുമായിരുന്നു. തിരുനക്കര മൈതാനത്തായിരുന്നു ഒരു ദിവസം പരിപാടി. സ്വര്‍ണവിഗ്രഹം പോലുള്ള ഒരു സുന്ദരി പാടുന്നു. വൈരക്കമ്മലും വൈരമാലയുമൊക്കെ അണിഞ്ഞ് വലിയ പൊട്ടും തൊട്ട്. ഞാന്‍ അന്തം വിട്ടു നോക്കി നിന്നു. പാട്ടിലായിരുന്നില്ല എന്റെ ശ്രദ്ധ. അവരിലായിരുന്നു. എം.എസ്.സുബ്ബലക്ഷ്മി ആയിരുന്നു അത്. ഈ വലിയ പൊട്ട്( നെറ്റിയിലേക്ക് ചൂണ്ടി) അങ്ങിനെയാണ് വന്നത്. ഞാന്‍ വലുതാകുമ്പോള്‍ അവരെ പോലെയാകണം എന്നായിരുന്നു ആഗ്രഹം. 

കവിയൂര്‍ കമ്മാളത്തകിടിയില്‍ എന്റെ കച്ചേരിയുടെ അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയത് ഞാന്‍ സുബ്ബലക്ഷ്മിയാണെന്ന് മനസ്സില്‍ കരുതിയങ്ങ് പാടിയതുകൊണ്ടാണ്. കവിയൂര്‍ എന്ന പേരും അന്നുതന്നെ എന്റെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടു. കവിയൂര്‍ രേവമ്മയെ പോലെ കവിയൂര്‍ പൊന്നമ്മയും വലിയ കലാകാരിയാകട്ടെ എന്ന് സംഘാടകര്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ദേവരാജന്‍ മാഷും മറ്റും ഒരു ദിവസം വീട്ടില്‍ വന്നു.

നാടകത്തില്‍ പാടിപ്പിക്കാന്‍. എന്നെ പാട്ടു പഠിപ്പിച്ച എം.വി.ആര്‍.വര്‍മ പറഞ്ഞിട്ടാണ് അവരെത്തിയത്. അമ്മയ്ക്ക് ഞാന്‍ പാടുതില്‍ ഒട്ടും താത്പര്യമില്ല. അച്ഛനാണെങ്കില്‍ വലിയ ഇഷ്ടവും. കൊച്ചിനോട് ഒരു പാട്ടു പാടാന്‍ പറ-ദേവരാജന്‍ മാഷ് പറഞ്ഞു. ഞാന്‍ ഒരു കീര്‍ത്തനമാണ് പാടിയത്. അങ്ങിനെ 'മൂലധനം' എന്ന നാടകത്തില്‍ ഞാന്‍ പാടി. മൂന്നു മാസത്തോളം അതിന്റെ റിഹേഴ്സല്‍ ഉണ്ടായിരുന്നു. പക്ഷെ നാലു മാസത്തോളം കഴിഞ്ഞിട്ടും പ്രധാന നടിയെ കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എല്ലാവരും കൂടി സെറ്റില്‍ കുശുകുശുക്കാന്‍ തുടങ്ങി. എന്നെ വേഷം കെട്ടിച്ചാലോ എന്ന്. ഇത് കേട്ടതോടെ ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി. സിനിമയോ നാടകമോ പോലും കാണാത്ത എനിക്ക് അഭിനയിക്കാന്‍ പറ്റില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അവസാനം തോപ്പിലാശാന്‍ (തോപ്പില്‍ ഭാസി) എന്റെ അടുത്ത് വന്ന് കരയേണ്ട എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു. എടീ കൊച്ചേ ഇത് വലിയ മഹാസംഭവമൊന്നുമല്ല. ഞാന്‍ കാണിച്ചു തരുന്നത് പോലെ നീയങ്ങ് ചെയ്താന്‍ മതിയെന്ന് അദ്ദേഹം. അങ്ങിനെയാണ് 'മൂലധന'ത്തില്‍ അഭിനയിക്കുന്നത്. 

സത്യത്തില്‍ 'കുടുംബിനി'യല്ല എന്റെ ആദ്യ ചിത്രം. കെ.പി.എ.സിയുടെ പ്രതിഭാ തിയേറ്ററാണ് 'മൂലധനം' ചെയ്തത്. അതില്‍ ഞങ്ങളുടെ ഡാന്‍സ് മാസ്റ്ററായിരുന്നു തങ്കപ്പന്‍ മാസ്റ്റര്‍. അദ്ദേഹം 'ശ്രീരാമപട്ടാഭിഷേകം' എന്ന സിനിമയിലും ഡാന്‍സ് മാസ്റ്ററായിരുന്നു. മെരിലാന്റ് സുബ്രഹ്മണ്യം മുതലാളി ഒരു ദിവസം അദ്ദേഹത്തോട് ചോദിച്ചു കാണാന്‍ കൊള്ളാവുന്ന വല്ല പെമ്പിള്ളേരുമുണ്ടോ മണ്ഡോദരിയുടെ വേഷം കെട്ടിക്കാന്‍ എന്ന്. മേക്കപ്പ് ടെസ്റ്റിനായി അദ്ദേഹം എന്നെ വിളിച്ചോണ്ട് പോയി. 'കൊട്ടാരക്കര'യാണ് രാവണന്‍. മണ്ഡോദരിയുടെ വേഷഭൂഷാദികളൊക്കെ കെട്ടി എന്നോട് പറഞ്ഞു കരഞ്ഞ് കൊണ്ട് രാവണന്റെ അടുത്തേക്ക് ഓടി വരാന്‍. ഗ്ലിസറിനൊക്കെ നേരത്തെ നാടകത്തില്‍ പരീക്ഷിച്ചതു കൊണ്ട് കരയാന്‍ പ്രശ്‌നമുണ്ടായില്ല. ആദ്യത്തെ ഷോട്ട് തന്നെ ഫൈനലായി. അത് 14ാം വയസ്സിലാണ്. അതാണ് ആദ്യ സിനിമ. പക്ഷെ വേഷം ചെറുതായിരുന്നു.

എന്നെ സംഗീതം പഠിപ്പിച്ച വര്‍മ സാറാണ് 'കുടുംബിനി'യുടെ സംഗീതം ചെയ്തത്. അദ്ദേഹം ഒരു ദിവസം വീട്ടില്‍ വന്നു പറഞ്ഞു. 'കുടുംബിനി'യില്‍ നല്ലൊരു റോളുണ്ട്. പൊന്നമ്മയ്ക്ക് പറ്റിയതാണ്. മദിരാശി വരെ പോകണം എന്ന പ്രശ്‌നമേയുള്ളൂ എന്ന്. അമ്മയ്ക്ക് വലിയ ദേഷ്യമായി. എന്റെ ഈ അഭിനയമൊന്നും അമ്മയ്ക്ക് പിടിക്കുന്നുണ്ടായിരുന്നില്ല. അമ്മ കിണറ്റില്‍ ചാടാനൊക്കെ ശ്രമിച്ചു. അച്ഛനാണെങ്കില്‍ ഇതില്‍ പരം സന്തോഷമില്ല. അച്ഛന്‍ തുള്ളിച്ചാടുകയായിരുന്നു. അങ്ങിനെ മദിരാശിയില്‍ പോയി 'കുടുംബിനി'യില്‍ അഭിനയിക്കുന്നു. ഇതാണ് എന്റെ ആദ്യ സിനിമയായ് ഞാന്‍ കണക്കാക്കാറ്. 'കുടുംബിനി' വലിയ ഹിറ്റായി. 1965-ല്‍ ആണിത്. എനിക്ക് വയസ്സ് 19. രണ്ടു കൊച്ചു കുട്ടികളുടെ അമ്മയായിട്ടായിരുന്നു അഭിനയം. കുടുംബിനി'യുടെ സംവിധായകന്‍ ശശികുമാര്‍ ആയിരുന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം 'തൊമ്മന്റെ മക്കള്‍' എടുത്തു.

എന്നേക്കാള്‍ പ്രായമുള്ള സത്യന്റെയും മധുവിന്റെയും അമ്മയായിട്ടായിരുന്നു അതില്‍ വേഷം. ശശികുമാര്‍ എന്നെ അമ്മ വേഷത്തിലാക്കാന്‍ ആദ്യം വിസമ്മതിച്ചു. പക്ഷെ ഞാന്‍ വാശി പിടിച്ചു. അവസാനം എന്റെ വാശി വിജയിച്ചു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളാണ് വന്നത് മുഴുവന്‍. 15 വര്‍ഷത്തിന് ശേഷം ഈ ചിത്രം വീണ്ടും നിര്‍മിച്ചപ്പോഴും സംവിധായകനും ഞാനും മാത്രം മാറിയില്ല. ബാക്കിയെല്ലാവരും പുതിയ ആളുകളായിരുന്നു. 

അയ്യയ്യോ അത് ഞാന്‍ ശ്രമിച്ചതല്ല. വിന്‍സെന്റ് മാഷ് നിര്‍ബന്ധിച്ചതാ. 'ത്രിവേണി'യില്‍ അങ്ങിനെ ഞാന്‍ വില്ലത്തിയായി. ഒരു വെറൈറ്റി ചെയ്യണം എന്നു പറഞ്ഞാണ് എന്നെ വില്ലത്തിയുടെ വേഷം കെട്ടിച്ചത്.

എന്നെ വില്ലത്തിയാക്കാന്‍ കൊള്ളില്ലാ എന്നാണ് എല്ലാവരും പറയുന്നത്. അടുത്തിടെ ഒരു സുഹൃത്തും വിളിച്ചിരുന്നു. വെറൈറ്റി വേഷവുമായി. എനിക്ക് പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ ഫാന്‍സ് കുട്ടികളാണ്.

അവര്‍ക്ക് എന്റെ മുഖം മാറുന്നത് ഇഷ്ടമല്ല. മദ്രാസില്‍ 32 വര്‍ഷമാണ് കഴിച്ചു കൂട്ടിയത്. മദ്രാസ് ശരിക്കും മടുത്തു പോയിരുന്നു. അവസാന കാലം നാട്ടില്‍ വരാനല്ലേ എല്ലാവരും ഇഷ്ടപ്പെടുക. തത്കാലം ആലുവയില്‍ ഒരു വാടകവീട് നോക്കി. പിന്നെ അവിടെ വീടുകള്‍ക്കായി തിരച്ചില്‍ തുടങ്ങി. ഒട്ടും ഇഷ്ടപ്പെട്ടില്ല. അവസാനമായി ഒരെണ്ണം കൂടി നോക്കാന്‍ ഒരു സുഹൃത്ത് പറഞ്ഞു. അങ്ങിനെയാണ് ഈ വീട് കണ്ടെത്തിയത്.

ആലുവയ്ക്കും പറവൂരിനും ഇടയ്ക്ക്. ഒരു ഭാഗത്ത് പാടം. പാടവരമ്പിന്റെ രണ്ട് വശത്തും നിറയെ മരങ്ങള്‍. നേരെ വന്നു കയറുന്നത് ക്ഷേത്ര മുറ്റത്തേക്ക്. പുറപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം. തൊട്ടപ്പുറത്ത് പുഴ. മനസ്സില്‍ ആശിച്ച പോലൊരു സ്ഥലത്ത് തന്നെ എത്തിപ്പെട്ടു. 'കുടുംബിനി' കഴിഞ്ഞതോടെയുള്ള തിരക്ക് കാരണമാണ് മദ്രാസിലേക്ക് മാറിയത്. ഇപ്പോള്‍ 12 വര്‍ഷമായി ആലുവയിലുണ്ട്. 

 രാവിലെ ഒന്‍പത് മണിക്ക് കോള്‍ ഷീറ്റാണെങ്കില്‍ 8.45-ന് സത്യന്റെ വണ്ടി സെറ്റിലെത്തിയിരിക്കും. വെള്ള പാന്റും വെള്ള ഷര്‍ട്ടും ധരിച്ച് വെളുക്കെ ചിരിച്ചു കൊണ്ട്. അദ്ദേഹത്തിന്റെ നിറമറിയാമല്ലോ. ആ ചിരി മറക്കാന്‍ കഴിയില്ല. കാറില്‍ നിന്നും ഒരു കാല്‍ ഇറക്കി വെച്ചിട്ട് ഡോറില്‍ പിടിച്ച് നിന്നുകൊണ്ട് ഒരു നോട്ടമുണ്ട്. സെറ്റില്‍ എല്ലാവരും അപ്പോഴേക്കും ഓടാന്‍ തുടങ്ങും. കസേര ശരിയാക്കിയിടുന്നു. മേശ ശരിയാക്കുന്നു.

അങ്ങിനെ ഓരോരുത്തരും തന്റെ പണി പെട്ടെന്നു ശരിയാക്കി തുടങ്ങും. എല്ലാവര്‍ക്കും വലിയ പേടിയായിരുന്നു അദ്ദേഹത്തെ. പൊന്നീ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്.( ചിരിച്ചു കൊണ്ട്) ഇപ്പോഴത്തെ പിള്ളാരും അങ്ങിനെ തന്നെയാണ് വിളിക്കാറ്. ആരോടും ദേഷ്യപ്പെടുന്ന സ്വഭാവമൊന്നും അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവരെ വിഷമിപ്പിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. എല്ലാവരേയും സഹായിക്കുമായിരുന്നു.

നസീര്‍ക്കയും എല്ലാവര്‍ക്കും സഹായമായിരുന്നു. അദ്ദേഹത്തോട് നമ്മുടെ എന്തുകാര്യവും പറയാം. ആരോടും പറയില്ല. ഒരു കുടുംബാംഗത്തെ പോലെയായിരുന്നു എല്ലാവര്‍ക്കും അദ്ദേഹം. ഏതു രീതിയിലും സഹായിക്കും. വൈകീട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും വലിയ ടിഫിനില്‍ സെറ്റിലേക്ക് ഭക്ഷണം കൊണ്ടു വരും. മീനായിരിക്കും അധിക ദിവസവും. മീനച്ചേച്ചിയും ഭാസിച്ചേട്ടനും ഞാനുമൊക്കെയായി അതങ്ങു തിന്നു തീര്‍ക്കും. അദ്ദേഹം ഒരു കഷണമെങ്ങാന്‍ എടുത്താലായി. 

മധു സാര്‍ അങ്ങിനെ ഇടപെടാറില്ല. പുള്ളിയേയും എല്ലാവര്‍ക്കും പേടിയായിരുന്നു. എല്ലാവരോടുമൊപ്പം കൂടി തമാശ പറഞ്ഞിരിക്കാനൊക്കെ പുള്ളിക്കാരന് താത്പര്യമാ... പക്ഷെ പേടികൊണ്ട് ആരും അടുക്കില്ല. ഇടയ്ക്കിടെ നല്ല തമാശകളുമായി അദ്ദേഹം വരും. 


സിനിമ വല്ലപ്പോഴുമേ കാണാറുള്ളൂ. ഇല്ല എന്നു പറയുന്നതാവും ശരി. അത്ര തിരക്കുണ്ട് വീട്ടില്‍. ഒരു ദുശ്ശീലമുണ്ട്. വെറ്റില മുറുക്കല്‍. 'ഒരു പൈങ്കിളി കഥ'യുടെ സെറ്റില്‍ വെച്ചു കിട്ടിയതാ. എന്റെ ആയ മുറുക്കുമായിരുന്നു. അതൊന്നു പരീക്ഷിച്ചു നോക്കിയതാ. പിന്നെ വിടാന്‍ പറ്റിയിട്ടില്ല. പിന്നെ വീട്ടിലെ എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കുന്ന ജോലി. അത് കഴിഞ്ഞ് പച്ചക്കറിയൊക്കെ നുറുക്കി ഭക്ഷണം വെപ്പ്.

വേറെയും പണിയുണ്ട്. എനിക്ക് കുറേ സുഹൃത്തുക്കളുണ്ട്. പ്രാവ്, കാക്ക.. തുടങ്ങി ഇവര്‍ക്കൊക്കെ കാലത്ത് ഭക്ഷണം കൊടുക്കണം. പൂച്ചയ്ക്ക് പ്രത്യേകമായി മീന്‍ കറിവെച്ച് ചോറ് കൊടുക്കണം. മകള്‍ അമേരിക്കയില്‍ മിഷിഗണിലാണ്. മരുമകന് അവിടെയാണ് ജോലി. ഞാന്‍ പോകാറുണ്ട്. നാലു വര്‍ഷം മുമ്പാണ് അവസാനമായി പോയത്. ഫ്‌ളൈറ്റില്‍ കൂടുതല്‍ സമയം ഇരിക്കാന്‍ പറ്റില്ല. അവര്‍ എല്ലാ ജനവരിയിലും വരും.