Vineeth
നസ്സിലേക്ക്  അമ്മയെത്തുമ്പോള്‍  ആദ്യം തെളിയുന്ന  ഒരു ചിത്രമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്  തലശ്ശേരി റെയില്‍വേസ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ നിന്ന് ഈറനണിഞ്ഞ കണ്ണുകളുമായി നടന്നു നീങ്ങുന്ന അമ്മയുടെ മുഖം. ചെന്നൈ മെയില്‍  കിതച്ചു കൊണ്ടു മുന്നോട്ട് പോകുമ്പോള്‍ ട്രെയിനിലിരിക്കുന്ന എന്നെ നോക്കാന്‍ കഴിയാതെ വേഗത്തില്‍ നടന്നു പോകുന്ന അമ്മയെ ഇപ്പോഴും ഓര്‍മയിലുണ്ട്. കൂത്തു പറമ്പിലെ സ്‌കൂളില്‍ നിന്ന് അപരിചിതമായ ചെന്നൈയിലെ സ്‌കൂളില്‍  പഠിക്കാന്‍ പോയ ആദ്യനാളുകളായിരുന്നു അത്. വീട്ടുകാരെയും നാട്ടിലെ  സുഹൃത്തുക്കളെയെല്ലാം വിട്ടു നിന്ന് പുതിയൊരു  സ്ഥലത്ത് ജീവിക്കേണ്ടി വരുമ്പോഴുള്ള  പ്രയാസങ്ങളെല്ലാം  അന്ന് ഞാന്‍ അനുഭവിച്ചിരുന്നു.  

സ്‌കൂളില്‍ നിന്ന്  എന്റെ നാടന്‍ ഭാഷയുടെ പേരിലും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലും  ഒത്തിരി കളിയാക്കലുകളും കിട്ടിയിരുന്നു.  അവധിക്കാലത്ത് നാട്ടിലെത്തിയാല്‍ എന്നെ വീട്ടില്‍ നിന്ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടുന്നത് അമ്മയായിരുന്നു. അമ്മയ്‌ക്കൊപ്പം റെയില്‍വേ സ്റ്റേഷനിലേക്ക് വരുമ്പോള്‍ എനിക്ക് വലിയ സങ്കടമായിരിക്കും. വീട്ടില്‍  അമ്മയ്ക്ക് എന്റെ അനുജന്‍  ധ്യാന്‍ കൂടെയുണ്ട്. അച്ഛന്‍ ഇടയ്ക്ക് വീട്ടില്‍ വരും. ഞാന്‍ മാത്രം ചെന്നൈയില്‍ ഒറ്റപ്പെട്ടു കഴിയണം. അതായിരുന്നു എന്റെ വിചാരം. ഞാന്‍ വീടു വിട്ടു നിലക്കുമ്പോള്‍ എനിക്കു മാത്രമാണ് സങ്കടം എന്ന് വിചാരിച്ചിരുന്ന കാലമായിരുന്നു അത്. അമ്മയുടെ വിതുമ്പല്‍ കണ്ടതോടെയാണ് എന്നെ പിരിഞ്ഞിരിക്കുന്നതില്‍  വീട്ടുകാര്‍ക്ക് എത്രമാത്രം വേദനയുണ്ടെന്ന് മനസ്സിലായത്. 

കുട്ടിക്കാലം മുതല്‍ എന്റെ എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയത് അമ്മയാണ്. ആണ്‍കുട്ടികളുടെ എല്ലാ സ്വഭാവങ്ങള്‍ക്കും അച്ഛന്റെയും സ്വധീനം ഉണ്ടാകുമെന്നത് മറന്നല്ല പറയുന്നത്.  നമ്മള്‍ ഒരാളോട് പെരുമാറേണ്ടതെങ്ങനെയാണ്, പാലിക്കേണ്ട സാമാന്യമര്യാദകള്‍ എന്തെല്ലാമാണെന്നെല്ലാം അമ്മയില്‍ നിന്നാണ് എന്നിലേക്കെത്തിയത്.  എന്റെ ശീലങ്ങളില്‍ ഭൂരിഭാഗവും രൂപപ്പെട്ടു വന്നത് അമ്മയുടെ അടുത്തു നിന്നാണ്. 

എന്നെ പാട്ടിന്റെ ലോകത്തേക്ക് വഴി നടത്തിയത് അമ്മയാണ്. സ്‌കൂള്‍ കലോത്സവങ്ങള്‍ക്കെല്ലാം മത്സരിക്കാന്‍ കൊണ്ടു പോയിരുന്നത് അമ്മയായിരുന്നു.  കല മത്സരിച്ചു വിജയിക്കാനുള്ളതല്ലെന്ന നിലപാടില്ലായിരുന്നു അച്ഛന്‍. മത്സരത്തിനിറങ്ങി വിജയിച്ചില്ലെങ്കില്‍ നിരാശരാകും.അങ്ങനെയല്ല കലയുടെ ഭാഗമാകേണ്ടതെന്ന് അച്ഛന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഞാന്‍ പാട്ടിലൂടെയാണല്ലോ സിനിമയുടെ ഭാഗമായി മാറുന്നത്്. അതു കൊണ്ട് അമ്മയാണ് സിനിമാരംഗത്തേക്ക് എനിക്ക് കടന്നു വരുന്നതില്‍ വഴിയൊരുക്കിയതെന്ന് പറയാം. 

അമ്മ എപ്പോഴും എന്റെ ആരോഗ്യകാര്യങ്ങളാണ് ശ്രദ്ധിക്കുക.  ഞാന്‍ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പല സ്ഥലങ്ങളില്‍ നില്‍ക്കുമ്പോള്‍ ഭക്ഷണകാര്യങ്ങളെല്ലാം തകിടം മറിയും. അപ്പോഴെല്ലാം  അമ്മയാണ് ഏതെല്ലാം  ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് പറയുക. ഇപ്പോള്‍ എനിക്ക് എന്തെല്ലാം ഉണ്ടാക്കി കൊടുക്കണമെന്ന്  ഭാര്യ ദിവ്യയോടും പറഞ്ഞു കൊടുക്കാറുണ്ട്. പല വിഭവങ്ങളും ഉണ്ടാക്കുന്നതിന്റെ പാചകവിധികള്‍ ദിവ്യയ്ക്ക് അമ്മ പറഞ്ഞു കൊടുക്കും.  വീട്ടിലാകുമ്പോള്‍ ദിവ്യ അവയെല്ലാം  ഉണ്ടാക്കി തരും. അമ്മയ്ക്ക് എന്റെ ഭക്ഷണകാര്യത്തിലെന്നപോലെ ഡ്രസ്സിന്റെ കാര്യത്തിലും വലിയ ശ്രദ്ധയാണ്. ഞാന്‍ മോശമായി ഡ്രസ്സ് ചെയ്തു നടക്കുന്നതു കണ്ടാല്‍  അപ്പോള്‍ തന്നെ മോശം ഡ്രസ്സാണെന്ന്  പറയും. ഒരു ടിവി. ഷോയിലോ  അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രോഗ്രാമുകളിലോ  എന്നെ അങ്ങനെ കണ്ടാല്‍ പോലും അമ്മ വിളിച്ചിരിക്കും. അപ്പോള്‍ അടുത്ത തവണ  നല്ല ഡ്രസ്സില്‍ പ്രത്യക്ഷപ്പെടാന്‍ ഞാനും ശ്രദ്ധിക്കും. 

അമ്മയ്ക്ക്  സിനിമയിലെ  കഥാപാത്രമായി  എന്നെ  കാണാന്‍ കഴിയില്ല. ഞാന്‍ അഭനയിച്ച ദുരിതമനുഭവിക്കുന്ന കഥാപാത്രങ്ങള്‍ വരുമ്പോള്‍ അമ്മയ്ക്ക്  സഹിക്കില്ല. ട്രാഫിക്കിലെ എന്റെ കഥാപാത്രത്തിന്റെ മരണമൊന്നും അമ്മയ്ക്ക് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയ്ക്കും അത്തരം വേഷങ്ങള്‍ ചെയ്യുന്നത് ഇഷ്ടമില്ല. അവരൊക്കെ സിനിമയിലും എന്നെ വിനീത് എന്നു തന്നെയാണ് കാണുന്നത്. സിനിമയുടെ  എഴുത്ത് കാര്യങ്ങളൊന്നും അമ്മയുമായി സംസാരിക്കാറില്ല. സിനിമ പോലുള്ള ക്രിയേറ്റീവ് കാര്യങ്ങള്‍ അച്ഛനോടാണ് സംസാരിക്കുക. അതിന് വളരെ ഉപയോഗപ്രദമായ അഭിപ്രായങ്ങള്‍ ലഭിക്കാറുമുണ്ട്. 

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിന്റെ  ദുബായിലെ ഷൂട്ടിങ്ങിനിടെ 30 ദിവസത്തോളം അമ്മയെ കണ്ടിട്ടില്ലായിരുന്നു. അപ്പോഴൊക്കെ  അമ്മയെ രണ്ടു ദിവസം കൂടുമ്പോള്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കും. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലും അമ്മ എറണാകുളത്ത് കണ്ടനാടും താമസിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും കാണാന്‍ കഴിയാറില്ല. പക്ഷേ, എങ്ങനെയാലും മാസത്തില്‍ രണ്ട തവണ  ഞാന്‍ സിനിമാകാര്യങ്ങള്‍ക്ക് കൊച്ചിയില്‍ വരാറുണ്ട്. അപ്പോള്‍ വീട്ടിലാണ് നില്‍ക്കാറുള്ളത്. വീട്ടിലെത്തിയാല്‍ വിഷരഹിതമായ പച്ചക്കറിയും കൃത്രിമമായ മസാലകളൊന്നുമില്ലാത്ത ഭക്ഷണം കഴിക്കാമെന്നതാണ്  ഏറ്റവും വലിയ കാര്യം.  എനിക്കിപ്പോള്‍ വീട്ടിലെ ഭക്ഷണത്തിന് മുമ്പത്തേക്കാള്‍ രുചി തോന്നാറുണ്ട്. പല സ്ഥലങ്ങളില്‍ നിന്നും കൃത്രിമ മസാലകളുള്ള ഭക്ഷണം കഴിക്കുന്നതു കൊണ്ട് വീട്ടിലെ ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകത തോന്നും. 

ചെന്നൈയില്‍ നിന്ന് ഞാനും ദിവ്യയും എറണാകുളത്തേക്കു വരുമ്പോള്‍ രണ്ട് പെട്ടിയെടുക്കും. തിരിച്ചു പോകുമ്പോള്‍ അതില്‍ ഒന്നില്‍ ഭൂരിഭാഗവും  പച്ചക്കറിയായിരിക്കും. അതെല്ലാം  അമ്മ പറഞ്ഞു കൊടുത്തതു പോലെ ദിവ്യ പാചകം ചെയ്തു തരും. അത് കൊണ്ട് അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി ഇപ്പോഴും കിട്ടുന്നു. എന്റെ ആരോഗ്യകാര്യങ്ങളില്‍ പ്രധാനമായും ശ്രദ്ധിക്കുന്നത് ഇപ്പോള്‍  ഇവര്‍ രണ്ടു പേരുമാണ്. അമ്മയിലൂടെയാണ് ആദ്യമായി എല്ലാ രുചികളും ലഭിച്ചത്. അതിനാല്‍  അമ്മ  ഉണ്ടാക്കിതന്ന  ചായയോട് അടുത്ത് നില്‍ക്കുന്ന  ഒരു ചായ കിട്ടുമ്പോള്‍ മാത്രമേ   ഇപ്പോഴും നല്ല ചായയായി തോന്നാറുള്ളൂ. 

കുട്ടിക്കാലത്ത് എന്തെങ്കിലും ഒരു സാധനം വേണമെങ്കില്‍ ആവശ്യപ്പെടുക അമ്മയുടെ അടുത്തായിരുന്നു. അമ്മയാണ് അച്ഛനോട് എന്റെ ആവശ്യങ്ങളെല്ലാം അവതരിപ്പിക്കുക. അധ്യാപികയായതിനാല്‍ അഞ്ചാം ക്ലാസുുവരെ എന്നെ അമ്മ വീട്ടിലിരുത്തി പഠിപ്പിച്ചു തരുമായിരുന്നു.  പിന്നീട് കൂത്തു പറമ്പിലെ പ്രസിഡന്‍സി കോളേജില്‍ ട്യൂഷന് പോകുന്നതു വരെ അമ്മയായിരുന്നു പാഠ്യവിഷയങ്ങളെല്ലാം പഠിപ്പിച്ചത്. കുട്ടിക്കാലത്ത്  കുസൃതികള്‍ കാട്ടുമ്പോള്‍  അമ്മയുടെ തല്ലും  കിട്ടിയിട്ടുണ്ട്. ഇതു വരെ അച്ഛന്‍ എന്നെ തല്ലിയിട്ടില്ല.  അന്നും  ഇന്നും അമ്മ എല്ലാ കാര്യത്തിനും പിന്‍ബലമായി എനിക്കൊപ്പമുണ്ട്. ഒരു മാര്‍ഗദീപമായി...

തയ്യാറാക്കിയത് : ടി.എസ്.പ്രതീഷ്‌