മീന്‍മുട്ടി വെള്ളച്ചാട്ടം

സാഹസികര്‍ക്കുള്ളതാണ് മീന്‍മുട്ടി. ബാണാസുരസാഗറില്‍ നിന്ന് കേവലം രണ്ടര കിലോമീറ്റര്‍ ദൂരമേയുള്ളൂ ഈ വെള്ളച്ചാട്ടത്തിലേക്ക്.  ഇറക്കവും കയറ്റവും പടവുകളും കടന്നാല്‍ പിന്നെ യാത്ര പാറക്കെട്ടുകള്‍ക്ക് മുകളിലൂടെയാണ്. വ്യക്തമായി പറഞ്ഞാല്‍ ചരിഞ്ഞ പാറകള്‍ക്കു മുകളില്‍ കെട്ടിയ കയറില്‍ പിടിച്ച് മുകളിലേക്ക് നടന്നു കയറണം. മുന്‍പേ പോയ സംഘത്തിലെ കുറച്ചു പേര്‍ക്ക് കയര്‍ യാത്രയോട് പേടിതോന്നി. അവര്‍ താഴെ വിശ്രമിക്കുകയാണ്. മുകളിലേക്ക് കയറുന്ന കൂട്ടുകാര്‍ അവരെ ഒപ്പം പോരാന്‍ ക്ഷണിക്കുന്നുണ്ട്. പാറയില്‍ ചവിട്ടുമ്പോള്‍ വഴുതിപ്പോകാതിരിക്കാന്‍ ചെരിപ്പും അഴിച്ചു കൈയില്‍ പിടിച്ചു കൊണ്ടാണ് യാത്ര. മാനത്ത് മഴമേഘങ്ങള്‍ ഉരുണ്ടു കൂടുന്നു. മഴപെയ്താല്‍ പിന്നെ കയറില്‍ തൂങ്ങിയുള്ള ഈ സഞ്ചാരം അപകടമാണ്. എല്ലാവരും വേഗം നടന്നു.

ആദ്യം മുകളിലെത്തിയവരെല്ലാം വെള്ളച്ചാട്ടത്തിനോടു ചേര്‍ന്നുള്ള വ്യൂപോയിന്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ചിതറിത്തെറിച്ചെത്തുന്ന വെള്ളത്തുള്ളികളില്‍ നനഞ്ഞു കുതിര്‍ന്ന് അവര്‍ സെല്‍ഫിയെടുക്കുന്നു. താഴെ നിന്ന് വേറൊരു സംഘംകൂടി മുകളിലേക്ക് കയറി വരുന്നുണ്ട്. മറ്റൊരു വഴിയിലൂടെയാണ് തിരിച്ചു പോകേണ്ടത്. അവിടെയൊരു വ്യൂപോയിന്റുണ്ട്. നോക്കുമ്പോള്‍ അകലെ ബാണാസുരസാഗര്‍ കാണാം. പെട്ടെന്നാണ് മഴയെത്തിയത്. വഴിയില്‍ കണ്ട കടയിലേക്ക് ഓടിക്കയറി. അതൊരു വീടാണ്. സഞ്ചാരികള്‍ പോകുന്ന വഴിയായതുകൊണ്ട് മുന്‍ഭാഗം കടയായി രൂപപ്പെടുത്തിയിരിക്കുന്നു. കട്ടന്‍ കാപ്പി കുടിച്ചുകൊണ്ട് മഴ കുറയുന്നതും നോക്കി അവിടെയിരുന്നു. മടങ്ങുമ്പോള്‍ ബാണാസുരസാഗറിന്റെ മറ്റൊരു മുഖം കണ്ടു. മലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമില്ല; മുകളില്‍ കാര്‍മേഘങ്ങള്‍ മാത്രം.

വെള്ളത്തില്‍ തുള്ളിക്കളിക്കാം

എങ്ങനെ എത്താം?

ബാണാസുരസാഗറില്‍ നിന്ന് രണ്ടരകിലോമീറ്റര്‍ കൂടി സഞ്ചരിച്ചാല്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്താം. പൊതുഗതാഗത സൗകര്യം കുറവാണ്. ബാണാസുര സാഗറിലേക്ക് വരുന്ന ഓട്ടോറിക്ഷകള്‍ മീന്‍മുട്ടിയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാറുണ്ട്. റോഡ് മോശമാണ്. 35 മുതല്‍ 40 രൂപ വരെയാണ് ചാര്‍ജ്. വാഹനത്തിലാണ് വരുന്നതെങ്കില്‍ പാര്‍ക്കിങ്ങിന്റെ കാര്യം ശ്രദ്ധിക്കണം. മീന്‍മുട്ടിയുടെ ടിക്കറ്റ് കൗണ്ടര്‍ എത്തുന്നതിനും ഏറെ മുന്‍പുതന്നെ വഴിയുടെ ഇരുഭാഗത്തും പാര്‍ക്കിങ് എന്ന ബോര്‍ഡുകള്‍ കാണാം. ചെറിയ വാഹനങ്ങള്‍ ടിക്കറ്റ് കൗണ്ടര്‍വരെ പോകും. ആദ്യം കാണുന്ന സ്ഥലങ്ങളില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ കുറേ ദൂരം നടക്കേണ്ടി വരും.


ഭക്ഷണം
മീന്‍മുട്ടിയില്‍ കടകള്‍ കുറവാണ്. ടിക്കറ്റ് കൗണ്ടറിനോടു ചേര്‍ന്ന് ചെറിയ ടീസ്റ്റാളുകള്‍ ഉണ്ട്.
പ്രായമായവര്‍ക്കും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും പറ്റിയ ഡെസ്റ്റിനേഷനല്ല മീന്‍മുട്ടി.

ടിക്കറ്റ്
മുതിര്‍ന്നവര്‍ 30രൂപ, കുട്ടികള്‍ 15രൂപ, ക്യാമറ (ഒരു ഗ്രൂപ്പിന്) 75രൂപ. സമയം:9.30 മുതല്‍ 5 വരെ

സൂചിപ്പാറ വെള്ളച്ചാട്ടം

മേപ്പാടിയില്‍ നിന്ന് 14 കിലോമീറ്ററാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക്. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ അങ്ങോട്ടു പോകുമ്പോള്‍ മഞ്ഞുപുതച്ച ചെമ്പ്ര മല കാണാം. സൂചിപ്പാറയിലേക്ക് ജീവനക്കാര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. വാഹനം അകത്തേക്ക് കടന്നതും പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ആളെത്തി. 30 രൂപയാണ് നല്‍കേണ്ടത്. തൊട്ടടുത്ത് ടിക്കറ്റ് കൗണ്ടര്‍. ഇവിടെ നിന്ന് കാട്ടിനുള്ളിലൂടെ ഒരു കിലോമീറ്റര്‍ പോകണം വെള്ളച്ചാട്ടത്തിലേക്ക്. വഴിയില്‍ ഇടയ്ക്കിടെ കടുംപച്ച നിറമുള്ള ഷര്‍ട്ടണിഞ്ഞ സ്ത്രീകളെ കണ്ടു. ഇവിടുത്തെ ജീവനക്കാരാണ്. പുലര്‍ച്ചെ ജോലിക്കെത്തിയ അവരില്‍ ചിലരൊക്കെ പ്രഭാതഭക്ഷണം കഴിക്കുകയാണ്. ഇലച്ചാര്‍ത്തിനിടയിലൂടെ വെയില്‍നാളങ്ങള്‍ മുഖത്തു പതിക്കുന്നു. വഴിയില്‍ ഒരു വ്യൂപോയിന്റുണ്ട്. മുന്‍പേ പോയ കുറച്ചു പേര്‍ അവിടെ നില്‍ക്കുന്നു. അവധിദിവസം അല്ലാതിരുന്നിട്ടും ഇത്ര നേരത്തെതന്നെ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിരിക്കുന്നു. താഴേക്കിറങ്ങുമ്പോള്‍ വെള്ളച്ചാട്ടത്തിന്റെ അലയൊലികള്‍ കേള്‍ക്കാം. ഇളംപച്ചനിറമാര്‍ന്ന ഇലകള്‍ക്കിടയിലൂടെ സൂചിപ്പാറയിലെ വെള്ളച്ചാട്ടം തെളിഞ്ഞു വന്നു. തണുപ്പിനെ വക വെക്കാതെ സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനു ചുവടെ കളിച്ചു തിമിര്‍ക്കുകയാണ്.

വെള്ളത്തില്‍ തുള്ളിക്കളിക്കാം

എങ്ങനെ എത്താം?

കല്പറ്റ നിന്ന് മേപ്പാടി-ചൂരല്‍മല വഴി 26 കിലോമീറ്ററുണ്ട് സൂചിപ്പാറയ്ക്ക്. ബസിനാണ് വരുന്നതെങ്കില്‍ മുണ്ടക്കായ്, അട്ടമല ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സിയിലാണ് കയറേണ്ടത്. സൂചിപ്പാറ ജങ്ഷനില്‍ ഇറങ്ങണം. 24 രൂപയാണ് ടിക്കറ്റ്. ബസിറങ്ങി ഒന്നരകിലോമീറ്റര്‍ നടക്കണം ടിക്കറ്റ് കൗണ്ടറിലേക്ക്. വാഹനത്തിലാണ് വരുന്നതെങ്കില്‍ ടിക്കറ്റ് കൗണ്ടറിന് സമീപം പാര്‍ക്കിങ് സൗകര്യമുണ്ട്. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ പോകണം വെള്ളച്ചാട്ടത്തിലെത്താന്‍. നേരിട്ട് സൂചിപ്പാറയ്ക്കുള്ള ബസ് കിട്ടിയില്ലെങ്കില്‍ മേപ്പാടിയില്‍ വന്ന ശേഷം ജീപ്പില്‍ പോരാം. സൂചിപ്പാറ ജങ്ഷന്‍ വരെ 13 രൂപയാണ് ജീപ്പ് ചാര്‍ജ്.


ടിക്കറ്റ്
മുതിര്‍ന്നവര്‍ 50രൂപ, വിദ്യാര്‍ഥികള്‍ 25രൂപ, സ്റ്റില്‍ ക്യാമറ 40രൂപ.
പാര്‍ക്കിങ് ഇരുചക്രവാഹനങ്ങള്‍ 5രൂപ, ലൈറ്റ് വെഹിക്കിള്‍സ് 30രൂപ, ഹെവി വെഹിക്കിള്‍സ് 75രൂപ

ഭക്ഷണം
സൂചിപ്പാറയില്‍ കടകള്‍ കുറവാണ്. മേപ്പാടിയാണ് തൊട്ടടുത്തുള്ള ടൗണ്‍.
സമയം : 8 മുതല്‍ 5 വരെ

Stay

Kalpetta:  
The Woodlands, Main Road
04936 202 547, 203677, 08547102547
Tariff : `1124-3600

Wayanad Cliff,Emily Road,
:04936 205544, 9645 11 11 33,
Tariff: `2000-4500

Peters Hill view Residency, Opp Fire Station Main Road

04936 204996, 204997,9961994619,
Tariff : `950-2200

Restaurants

Kalpetta:

Uduppi restaurants
Affas (veg), Near new bus stand
Falcon, New bus stand
Hotel New ,Mariamman Temple Road