സാഹസികതയുടെ ഉള്‍വിളിയില്‍ ബാഗും തൂക്കി വയനാട് ചുരം കയറിയാല്‍ പിന്നെ എങ്ങോട്ടു പോകണമെന്നാകും കണ്‍ഫ്യൂഷന്‍. ബ്രഹ്മഗിരിക്കു മുകളില്‍ പക്ഷിപാതാളമുണ്ട്. അമ്പുകുത്തി മലനിരകളില്‍ എടയ്ക്കല്‍ ഗുഹയും. ഹൃദയത്തില്‍ കുളിര്‍മ നിറച്ച് ചെമ്പ്രയും ബാണാസുരസാഗറും കാത്തിരിക്കുന്നു. വെള്ളരി മല, മക്കിയാട് മല, നരിനിരങ്ങി മല, ബ്രഹ്മഗിരി മല, മണിക്കുന്ന് മല, കുറിച്യര്‍മല പ്രലോഭനങ്ങള്‍ പല വഴിക്ക് വരും. വയനാടിന്റെ പല ദിക്കുകളില്‍ കിടക്കുന്ന ഈ മലനിരകളെല്ലാം ഒരുമിച്ച് കാണാനാണ് ഈ യാത്ര. (ഹെലികോപ്റ്ററില്‍ അല്ല!)

Location: Panamaram Panchayat, Wayanad Dt. 23 km from Kalpetta

How to reach
By Road: Get into Panamaram/Cheriyamkolly bus from Kalpetta town which will stop at Vilambukandam. Hire an auto from Vilambukandam to Malakara. You can start trekking from Malakara.
By Train: Calicut (70km),
Thalassery( 99km)
By air: Karipur (82 km to Kalpetta)
Contact
Lukka Francis (Guide)
09847884242
Stay
Mountain Dew Homestay,
1000-2500  9995823436, 9995823433, 0484 2102018

കല്‍പ്പറ്റയില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ കിടക്കുന്ന വിളമ്പുകണ്ടത്തേയ്ക്കാണ് ആദ്യം പോയത്. സീറ്റുകള്‍ മുക്കാലും കാലിയായ ബസ് ഉറക്കമുണരുന്ന ഗ്രാമങ്ങള്‍ക്ക് നടുവിലൂടെ കുലുങ്ങിയോടി കൊണ്ടിരുന്നു. കൈവേലികളും കൊയ്‌തൊഴിഞ്ഞ പാടങ്ങളും ഓടുവീടുകളും മണ്‍വഴികളും ചായപ്പീടികയും നാല്‍ക്കവലകളും മുന്നില്‍ തെളിഞ്ഞും മറഞ്ഞുമിരുന്നു. വിളമ്പുകണ്ടത്തെത്തുമ്പോഴും തണുപ്പ് വിട്ടുമാറിയിരുന്നില്ല.

അവിടെ നിന്ന് ഓട്ടോയില്‍ മലങ്കരയിലേയ്ക്ക്. കഴുക്കലോടി പാലം പിന്നിടും മുന്‍പേ കണ്ടു അകലെ മഞ്ഞു കുപ്പായത്തിനുള്ളില്‍ കുറുമ്പാലക്കോട്ട മലയുടെ ചിത്രം. ആ മല കീഴടക്കാനാണ് യാത്ര. ഓട്ടോയിലുള്ള സവാരി കാപ്പിത്തോട്ടത്തിന് മുന്നില്‍ അവസാനിച്ചു. മുന്നില്‍ കണ്ട വഴിയിലൂടെ മലയിലേയ്ക്ക്. ഒരു കാലത്ത് ഈ മല ഏതോ കുറുമ്പപാലകന്റെ (രാജാവ്) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനായാകാം വയനാടിന്റെ ഒത്തനടുക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്. എന്തായാലും ഉരുളന്‍ കല്ലുകളും മരവും കൊണ്ട് ഉണ്ടാക്കിയെന്ന് പറയപ്പെടുന്ന കോട്ടയുടെ ശേഷിപ്പുകള്‍ ഒന്നും ഇവിടെയില്ല.

കാടു താണ്ടി കുറുമ്പാലക്കോട്ടയിലേക്ക്

വേഡരാജവംശത്തിന്റെ അധീശത്വത്തിന്റെ ഓര്‍മ്മ കൂടിയാണ് കുറുമ്പാലക്കോട്ട. വേഡരാജകുമാരിയായ കുഞ്ഞിത്താലു കുറുമ്പാലക്കോട്ടയില്‍ നിന്ന് പുറപ്പെട്ടു വരുന്നത് വര്‍ണ്ണിക്കുന്ന പാട്ടുകള്‍ രാജവംശത്തിന് കോട്ടയുമായുള്ള ബന്ധം വിവരിച്ചു തരും. കാപ്പിത്തോട്ടത്തിനു നടുവിലൂടെയുള്ള നടത്തത്തിനിടെ ഒറ്റപ്പെട്ട പണിയകുടിലുകള്‍ കണ്ടു. കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴിയൊന്നുമില്ല. ഒപ്പമുള്ള ഗൈഡ് ലൂക്കചേട്ടന്‍ തെളിച്ചു നല്‍കുന്ന വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ടു നടന്നു. കാപ്പിത്തോട്ടത്തിനുള്ളില്‍ നിന്നു പുറത്തു കടന്നു കഴിഞ്ഞു. ഇനിയുള്ള വഴി തെരുവപ്പുല്ലുകള്‍ക്ക് സ്വന്തം.

കാടു താണ്ടി കുറുമ്പാലക്കോട്ടയിലേക്ക്


വഴിയിലേയ്ക്കു ചാഞ്ഞു നിന്ന പുല്‍നാമ്പുകളെ വകഞ്ഞുമാറ്റിക്കൊണ്ടാണ് പിന്നിടുള്ള നടത്തം. അതിന്റെ മൂര്‍ച്ചയുള്ള ഇലകള്‍ മുഖത്തും കൈകളിലും അടയാളം പതിപ്പിച്ചു കൊണ്ടിരുന്നു. മുന്നോട്ടു പോകുന്തോറും വഴി ഒരു സങ്കല്‍പ്പം മാത്രമായി. പാറകളും കുഴികളും വളര്‍ന്നു നില്‍ക്കുന്ന തെരുവകളും മാത്രം. ഒറ്റനോട്ടത്തില്‍ അപകടമൊന്നും തോന്നില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ പാറകള്‍ക്കടിയിലെ കുഴികള്‍ ചതിക്കും. അബദ്ധത്തില്‍ കാല്‍ കുഴിയ്ക്കുള്ളിലേയ്‌ക്കെങ്ങാന്‍ പോയാല്‍ പിന്നീടവിടുന്ന് ഊരിപ്പോരാന്‍ അല്പം പാടുപെടും (അനുഭവപാഠം!).


മലയുടെ ഒത്തനെറുകയിലെത്തിക്കഴിഞ്ഞു. വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം. കയ്യെത്തിപ്പിടിക്കാവുന്ന ദൂരത്തിലാണ് ബാണാസുര മലയെന്നു തോന്നി. അമ്പുകുത്തി മല, ചെമ്പ്ര, കുറിച്യമല, വെള്ളരി മല, മണിക്കുന്ന് മല എല്ലാം ഈ പീഠത്തിനു ചുറ്റും നിരന്ന് നില്‍ക്കുന്നു.

പനമരം, മാനന്തവാടി, കല്‍പ്പറ്റ പട്ടണങ്ങള്‍ വ്യക്തമായി കാണാം. തൊട്ടു താഴെ അകലേയ്ക്ക് ഒഴുകിപ്പോകുന്ന പനമരം പുഴ. കൊയ്ത്തു കഴിഞ്ഞ് ശൂന്യമായ വയലുകള്‍ക്ക് നടുവില്‍ പച്ചത്തുരുത്തുകള്‍ പോലെ തെങ്ങിന്‍ തോപ്പുകള്‍. ചെമ്മണ്ണ് പൂശിയ ഇഷ്ടികകളങ്ങള്‍, വിളഞ്ഞു നില്‍ക്കുന്ന പാവല്‍ത്തോട്ടങ്ങള്‍. ദൂരെയുള്ള മലനിരകളെ മഞ്ഞിന്റെ നേര്‍ത്ത ആവരണം പൊതിഞ്ഞിരിക്കുന്നു.

കാടു താണ്ടി കുറുമ്പാലക്കോട്ടയിലേക്ക്


അല്പം കൂടി മുന്നോട്ടു പോയപ്പോള്‍ കുരിശുമല കണ്ടു. ഈസ്റ്ററിന് വിശ്വാസികള്‍ ഈ മല കയറിയെത്തും. കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍. മടക്കയാത്ര മറ്റൊരു വഴിയിലൂടെയായിരുന്നു. വഴിയില്‍ കുറുമ്പാലക്കോട്ട ഭഗവതി ക്ഷേത്രം കണ്ടു. മലയുടെ താഴ്‌വാരത്തുള്ള ക്ഷേത്രത്തിന് മുന്നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് പൂജാരി പറഞ്ഞു. ക്ഷേത്രം പുതുക്കിപ്പണിതെങ്കിലും കാലപ്പഴക്കത്തിന്റെ അടയാളമെന്നോണം മുന്നില്‍ ഒരു വിളക്കുകാല്‍ കാണാം. കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാന്‍ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.