ലതചേച്ചിയണിയിച്ച ജമന്തി മാലയിട്ട് നില്‍ക്കുമ്പോള്‍ അയല്‍പ്പക്കത്തു നിന്ന് ആകാംക്ഷയോടെ ചില എത്തിനോട്ടങ്ങളുണ്ടായി. കവണാറ്റിന്‍കരയിലെ ഈ കൊച്ചു വീട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് മാലയിട്ടൊരു സ്വീകരണം പതിവാണ്. വന്നവരെല്ലാം അവിടവിടെയായി ചിതറിയിരുന്നപ്പോള്‍ കയര്‍ പിരിക്കലിന്റെ തന്ത്രങ്ങളെ കുറിച്ചൊരു ക്ലാസെടുത്തു ലതചേച്ചി. മെഷീനെ ദൂരെ മാറ്റി നിര്‍ത്തി കൈ മാത്രമുപയോഗിച്ച് നീളന്‍ കയര്‍ പിരിക്കുന്നതായിരുന്നു ആദ്യ പാഠം. കറങ്ങുന്ന മെഷീനടുത്തേയ്ക്ക് നീങ്ങിയപ്പോള്‍ അമ്മയ്ക്കടുത്തേയ്ക്ക് കുഞ്ഞ് അക്ഷയും ഓടിയെത്തി. അല്പം ആയാസപ്പെട്ടാണെങ്കിലും തനിക്കും മെഷീന്‍ കറക്കാനറിയാമെന്ന് അവന്‍ തെളിയിച്ചു. 

കവണാറ്റിന്‍കരയില്‍ നിന്ന് മാഞ്ചിറയിലേക്ക് തോണി കേറുമ്പോള്‍ സൂര്യന്‍ തീക്ഷ്ണഭാവത്തിലായിരുന്നു. തൊപ്പിയ്ക്കടിയില്‍ ഒളിയ്ക്കാന്‍ നടത്തിയശ്രമം അമ്പേ പാളിപ്പോയി. മുഖത്തു നിന്നൊഴുകി വന്ന നീര്‍ച്ചാലുകള്‍ അതിന് അടിവരയിട്ടു. വഴിമുടക്കി നിന്ന പോളകള്‍ തുണയായി. തോണി ഒരടി മുമ്പോട്ടു പോകാതെ വന്നപ്പോള്‍ ഇറങ്ങി നടക്കാമെന്നായി ഏവരും. തെങ്ങിന്‍ തോപ്പിന്റെ തണലിലൂടെ നടക്കുമ്പോള്‍ ഈ പോളകള്‍ക്ക് അല്പം നേരത്തെ എത്താമായിരുന്നില്ലേ എന്നായി ചിന്ത. നിലത്തു നിന്ന് മണ്ടയില്‍ തൊടാവുന്ന തെങ്ങിന്റെ അടുത്താണ് നടത്തം അവസാനിച്ചത്. കുട്ടാപ്പന്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. മധുരക്കള്ളിനെ കുടത്തിലാക്കുന്ന വിദ്യ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആദ്യം ഒരു വലിയ എല്ലിന്‍കഷ്ണം കൊണ്ട് പൊതിയോലകെട്ടി നിര്‍ത്തിയിരിക്കുന്ന തെങ്ങിന്‍പൂക്കുലകളെ പ്രത്യേക താളത്തില്‍ തട്ടുന്നു. അതിന് ശേഷം മുകള്‍ഭാഗം അല്പം ചെത്തിനീക്കുന്നു. പിന്നീട് ഇതിനെ കുടം കൊണ്ട് മൂടുന്നു. ഇറങ്ങി വന്ന് മധുരക്കള്ള് ഗ്ലാസില്‍ പകര്‍ന്നു തന്നു കുട്ടാപ്പന്‍. മധുരവും അല്പം ചവര്‍പ്പും ചേര്‍ന്ന രുചി മനസ്സിനെ കീഴടക്കി.

കൈയിലൊരു മഞ്ഞ വലയുമായി സത്യന്‍ എത്തി. ആദ്യ വീശലില്‍ കോലയാണ് കുരുങ്ങിയത്. കൂര്‍ത്ത ചുണ്ടുമായി മണ്ണില്‍ കിടന്നു പിടഞ്ഞ അതിനെ തിരികെ വെള്ളത്തിലേക്കിട്ടു രൂപേഷേട്ടന്‍. പോകും വഴി ഞങ്ങളെ തോണിയിലിവിടെയെത്തിച്ച കുഞ്ഞുകുട്ടന്റെ വീട്ടില്‍ കേറി. മാമ്പഴം നുകര്‍ന്നിരിക്കുന്നതിനിടെ ഓലനെയ്ത്ത് കാണിക്കാന്‍ ജാനമ്മയെത്തി. ഇഴചേര്‍ത്തു വച്ച് വേഗത്തില്‍ നെയ്യുകയാണവര്‍. തിരികെയെത്തിയപ്പോള്‍ ചൂടുമുഴുവന്‍ ദേഹത്തേയ്ക്കാവാഹിച്ച് ഞങ്ങളെ കാത്തുകിടക്കുകയായിരുന്നു തോണി. സൂര്യന്റെ കരുത്തറിഞ്ഞൊരു യാത്ര. 

കരിമീനും കള്ളും പിന്നെ കുമരകവും!

ഇലയിട്ട് അതില്‍ സദ്യ വട്ടത്തിനുള്ളതെല്ലാം വിളമ്പി കൂട്ടത്തില്‍ കരിമീനും മീന്‍കറിയും ബീഫും വച്ചപ്പോള്‍ രൂപേഷേട്ടന്‍ പറഞ്ഞു എല്ലാം സ്‌പെഷ്യലാണ്. ടൂറിസം വകുപ്പിന്റെ കെട്ടിടത്തില്‍ കുടുംബശ്രീയിലെ സ്ത്രീകള്‍ ചേര്‍ന്നു നടത്തുന്ന ഈ കാന്റീന്‍ കുമരകത്ത് മിതമായ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ്. അതുകൊണ്ടു തന്നെ ഉച്ചയൂണിന് തിരക്കുണ്ട്.
 
വട്ടം കൂടിയിരുന്ന് പണിയെടുക്കുകയാണ് രാധാമണി ചേച്ചിയും കൂട്ടരും. ഒരു ഭാഗത്ത് തഴ നെയ്യുന്നു, ഓല ചീകുകയാണ് മറ്റൊരു കൂട്ടര്‍, ഈര്‍ക്കിലി കൊണ്ട് ചൂലുണ്ടാക്കുന്ന തിരക്കിലാണ് വേറെ ചിലര്‍. സെബാസ്റ്റിയന്റെ ഫാമില്‍ ഇനിയും കാഴ്ചകളേറെയുണ്ട്. കെട്ടിയുയര്‍ത്തിയ പന്തലിന്റെ കരുത്തില്‍ പടവലവും കുമ്പളവും തഴച്ചു വളരുന്നു. അവയുടെ തണലുപറ്റി പന്തലിനടിയില്‍ ചീരയും. അമ്പും വില്ലും കൊണ്ട് മീന്‍പിടിക്കുന്ന വിദ്യ പരിചയപ്പെട്ടതും ഇവിടെ വച്ചാണ്. തോക്കു പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. കാഞ്ചി വലിയ്ക്കുമ്പോള്‍ അമ്പ് മീനില്‍ ചെന്നു തറയ്ക്കുന്നു. പിന്നീട് അതില്‍ കെട്ടിയിരിക്കുന്ന നൂലു വലിച്ച് മീനിനെ പൊക്കിയെടുക്കുന്നു. ഒരു നീളന്‍ കൂട്ടിനുള്ളില്‍ കാടകളും അത്ര തന്നെ വരുന്ന മറ്റൊരു കൂട്ടില്‍ നാടന്‍ കോഴികളുമുണ്ട്. തെങ്ങിന്‍ തോപ്പിന്റെ തണലില്‍ വെച്ചൂരും  കാസര്‍കോട് കുള്ളനും വിശ്രമിക്കുന്നു. അത്ര സാധാരണമല്ലാത്ത ഈ ഇനം പശുക്കള്‍ക്കായി ഫാമിന്റെ ഒരു ഭാഗം മാറ്റി വെച്ചിരിക്കുകയാണ് സെബാസ്റ്റ്യന്‍.

അടുത്തത് അറയില്‍ ഫാമാണ്. കൈപ്പുഴമുട്ടിലുള്ള ഇവിടെല്ലാവരും ഡബിളാണ്. ഗൃഹനാഥന്റെ പേര് ആന്റണി ആന്റണി. തലയെടുപ്പോടെ നില്‍ക്കുന്ന മൂന്ന് യെമു പക്ഷികളാണ് ആന്റണിയുടെ ഫാമിന്റെ പ്രത്യേകത. ചങ്കിടിപ്പോടെയാണെങ്കിലും കൂടുതുറന്ന് ഞങ്ങള്‍ക്ക് അവയെ അടുത്തു കാണാനുള്ള അവസരമൊരുക്കി തന്നു ആന്റണി. കാര്യം മറ്റൊന്നുമല്ല ഇവര്‍ നല്ല ഓട്ടക്കാരാണ്. ചാടി പോയാല്‍ പിന്നെ തിരയേണ്ട കാര്യമില്ല.
 
മീന്‍വലയുമായി ആന്റണിയുടെ ചിറ്റപ്പനെത്തി. പേര് വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്. ആന്റണിയുടെ തോട്ടത്തിന്റെ ഒരരികിലുള്ള വലിയ കുളത്തിലാണ് മീന്‍വേട്ട. വല പൊക്കിയപ്പോള്‍ ശരിക്കും കണ്ണു തള്ളിപ്പോയി. കരിമീന്‍, തിലോപ്പിയ, പിന്നെ കുറേ ചുവന്ന സുന്ദരിമാരും വലയില്‍ കിടന്നു പിടയുന്നു. റെഡ് ബലേറിയ എന്നാണ് സുന്ദരി മീനിന്റെ പേര്. മീനുകളെയെല്ലാം ചിറ്റപ്പന്‍ തിരികെ കുളത്തിലിട്ടു. അവ ഇനിയും വലുതാകുമത്രേ. ഡബിള്‍ ഫാമിലിയോട് യാത്രപറയുമ്പോള്‍ കുമരകത്തു നിന്ന് പോകാന്‍ സമയമായിരുന്നു. രാത്രി ഏറെ വൈകും മുമ്പ് കുമളി പിടിക്കുക എന്നതാണ്  ലക്ഷ്യം.

Location: Kottayam Dt.
Kumarakom is a tiny picturesque village located around 10 kms away from Vaikom. This village life Tour package is organised by Kerala Tourism Department under Kerala Institute of Tourism & Travel Studies (KITTS) for promoting Responsible Tourism. You can choose full day or half day trip that takes you right into the heart of the village. Those who are interested on backwater tours can experience a canal ride in a country boat. 

How to Reach: By Air : Nedumbassery Airport(60 km away from Vaikom)
By Rail : Kottayam (13 km). By Road : Kumarakom is well-connected with all the major cities. Inter State bus services are available from all major cities to kottayam Town (13 kms away from Kumarakom). Regular bus service is there in Kottayam-Kumarakom route.
Stay : Coconut Creek  Home Stay  098957 29278.