നിര്‍ഭാഗ്യം അങ്ങനെയാണ്. പഞ്ചാബി ഹോട്ടലിന്റെ രൂപത്തിലും വരും. കോവളത്തേയ്‌ക്കെത്തിപ്പെടാനുള്ള തിടുക്കത്തില്‍ ഓടി ബസില്‍ കയറിപ്പോയി. ചെന്നിറങ്ങുമ്പോള്‍ ഹോട്ടലുകള്‍ അങ്ങനെ നിരനിരയായി തുറന്നിട്ടിരിക്കുമെന്നൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍ ഒന്നെങ്കിലും കാണുമെന്നുറപ്പിച്ചു. കോവളം ജംഗ്ഷനില്‍ ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് തീരുമാനമായി. കണ്ണെത്തുന്ന ദൂരത്തിലൊന്നും ഒറ്റക്കടയുമില്ല. കുറച്ചധികം നടന്നപ്പോള്‍ ഒരു പഞ്ചാബി റസ്റ്റോറന്റിന്റെ ബോര്‍ഡ് കണ്ടു. ഒരു കെട്ടിടത്തിന്റെ ഫസ്റ്റ് ഫ്‌ളോറിലാണ്. കയറിച്ചെന്നപ്പോള്‍ കട ഏതാണ്ട് കാലിയാണ്. മെനുവില്‍ ബ്രേക്ക്ഫാസ്റ്റിന്റെ പട്ടികയില്‍ പരിചയമുള്ള മുഖങ്ങളൊന്നുമില്ല. അല്പം ആലോചിച്ച ശേഷം ഒനിയന്‍ പറാത്തയ്ക്ക് ഓഡര്‍ കൊടുത്തു. ഒനിയന്‍ സ്റ്റഫ് ചെയ്ത പറാത്ത ആദ്യമെത്തി. അല്പം വൈകിയാണെങ്കിലും അച്ചാറും. കിട്ടിയതായി എന്നു കരുതി അകത്താക്കി. അപ്പോഴാണ് ഭക്ഷണം കഴിച്ചോ എന്ന അന്വേഷണവുമായി ഗൈഡ് ജോബി എത്തുന്നത്. പോകുന്ന വഴിയ്ക്ക് കഴിക്കാമായിരുന്നല്ലോ എന്ന് പറഞ്ഞെങ്കിലും ഒരു കുശലം പറയല്‍ എന്നതിനപ്പുറമെന്തെങ്കിലുമുണ്ടെന്ന് ഊഹിച്ചതേയില്ല.

കട്ടച്ചല്‍കുഴിയെത്തിയപ്പോള്‍ ഹോട്ടല്‍ കൃഷ്ണ എന്നൊരു ബോര്‍ഡു കണ്ടു. ഇറങ്ങിയിട്ടു പോകാം, ഇവിടത്തെ കോഴി വിഭവങ്ങള്‍ ഫെയ്മസാണെന്ന് ജോബി പറഞ്ഞു. തികച്ചും നാട്ടുപുറത്തുള്ള ഒരു മൂന്ന് മുറികട. കടയുടെ മുന്നില്‍ രണ്ടു പേര്‍ തിരക്കിട്ട പണിയിലാണ്. തൊട്ടപ്പുറെ വലിയ ചീനച്ചട്ടിയില്‍ കോഴിക്കഷ്ണങ്ങള്‍ എണ്ണയില്‍ കിടന്ന് കൊതിപ്പിക്കുകയാണ്. ചെറിയ രണ്ടു മുറികളിലായി നിരത്തിയിട്ടിരിക്കുന്ന ബഞ്ചുകള്‍ ഒഴിയുന്നതും കാത്ത് ഒരു ചെറിയ ജനക്കൂട്ടം പുറത്തു വെയ്റ്റ് ചെയ്യുന്നുണ്ട്. ഇവിടെ ആരും ചുമ്മാ നില്‍ക്കുന്നില്ല. കഴിക്കുന്നവരും വിളമ്പുന്നവരും പാചകക്കാരും തിരക്കില്‍ തന്നെ. ഈ തിരക്കിന്റെ രഹസ്യം ആരു പറഞ്ഞു തരുമെന്ന് ചിന്തിച്ചിരുന്നപ്പോഴാണ് കടയുടമ കൃഷ്ണന്‍കുട്ടിച്ചേട്ടനെത്തിയത്. കഴിക്കുന്നത് ചോറോ പുട്ടോ കപ്പയോ ദോശയോ ആകട്ടെ ഇവിടുത്തെ കോമ്പിനേഷന്‍ കോഴി തന്നെ. കോഴി പിരട്ട്, കോഴി തോരന്‍, കോഴിക്കറി ഇവയാണ് പ്രധാന ഐറ്റങ്ങള്‍. നാടന്‍ കോഴികൊണ്ടുള്ള വിഭവങ്ങള്‍ മാത്രമേ ഇവിടെ വിളമ്പുന്നുള്ളൂ. ദൂരെ നിന്ന് വണ്ടി പിടിച്ചെത്തുന്ന കൊതിയന്‍മാരാണ് പ്രധാന കസ്റ്റമേഴ്‌സ് എന്നതിനാല്‍ കടയ്ക്ക് അവധിയില്ല. ഹര്‍ത്താലിനും കട മുടക്കാറില്ലെന്ന് കൃഷ്ണന്‍കുട്ടിച്ചേട്ടന്‍ പറഞ്ഞു. ഇറച്ചി ഒരു മണിക്കൂര്‍ മസാല പുരട്ടിവയ്ക്കും. അതിന് ശേഷമാണ് പാചകം. 

ഇത്രയൊക്കെ കേട്ട നിലയ്ക്ക് ഇതിന്റെ ടേസ്റ്ററിയാതെ പോയാല്‍ കനത്ത നഷ്ടമായിരിക്കുമെന്നുറപ്പിച്ചു. പ്ലേറ്റിന്‍മേല്‍ വച്ച ഇലയില്‍ അല്പം കപ്പേം നിറയെ കോഴി പെരട്ടും എത്തി. ഒരു നുള്ള് കപ്പേം കോഴിക്കഷ്ണവും കഴിച്ചപ്പോള്‍ ഒരു പ്ലേറ്റ് കൂടി പോരട്ടെ എന്ന് മനസ്സ് ഓര്‍ഡറിട്ടു. വയറിനുള്ളില്‍ ആദ്യമേ സ്ഥാനം പിടിച്ച പറാത്ത അരുതെന്ന് വിലക്കി. നിറഞ്ഞ പ്ലേറ്റുകള്‍ക്ക് പിന്നിലിരുന്ന് മൂക്കുമുട്ടെ കോഴി തട്ടുന്നവരെ നോക്കി നെടുവീര്‍പ്പെട്ടു കൊണ്ട് എഴുന്നേറ്റു.  

കോഴിക്കറിയെ കുറിച്ചുള്ള ചര്‍ച്ച സാരിയിലേക്ക് തിരിച്ചു വിട്ടത് ഡിജിയാണ്. കട്ടച്ചില്‍ കുഴിയിലുള്ള ഡിജിയുടെ വീട്ടിനോട് ചേര്‍ന്ന് അതിനേക്കാള്‍ വലിപ്പത്തിലുള്ള ചായ്പ്പുകളില്‍ നിറയെ തറികളാണ്. അതിലൊന്നിലേയ്ക്ക് കയറിച്ചെന്നപ്പോള്‍ അകത്ത് തിരക്കിട്ട പണിയിലായിരുന്നു ഒരാള്‍. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് ആ രഹസ്യം കണ്ടെത്തിയത്. ഒരു കുഴിയില്‍ ഇറങ്ങി നിന്നാണ് ഈ പണി മുഴുവന്‍. കുഴിത്തറിയെന്നറിയപ്പെടുന്ന ഈ ഇനം ഇപ്പോഴാരും നെയ്ത്തിന് ഉപയോഗിക്കാറില്ല. നെയ്ത്തിനോടുള്ള സ്‌നേഹം മൂലം നഷ്ടം സഹിച്ചും എല്ലാം നിലനിര്‍ത്തിപോരുകയാണ് മികച്ച നെയ്ത്തുകാരനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ ഈ ചെറുപ്പക്കാരന്‍.
 
സെറ്റ് സാരി, സെറ്റും മുണ്ടും പുടവ എന്നിവ ആവശ്യപ്പെട്ട് ആരെങ്കിലും എത്തിയാല്‍ മാത്രമാണ് ഇവിടത്തെ തറികള്‍ അനങ്ങുക. കസവാണ് സാരിയുടെ വില നിശ്ചയിക്കുന്നത്. കസവ് വലുതാകുന്തോറും സാരിയുടെ വിലയും വലുതാകും. കസവിന് തിളക്കം നല്‍കുന്ന പട്ടുനൂല്‍ ഗുജറാത്തില്‍ നിന്ന് വണ്ടികേറും. വെള്ളിക്കുപ്പായത്തിന് മേല്‍ സ്വര്‍ണ്ണക്കുപ്പായമണിഞ്ഞെത്തുന്ന പട്ടുനൂല്‍ മാര്‍ക്ക് കണക്കിനാണ് വാങ്ങുന്നത്. ഒരു മാര്‍ക്കെന്നാല്‍ എട്ടു തിരിയുണ്ടാകും. സ്വര്‍ണ്ണത്തിന്റെ വിലയ്‌ക്കൊപ്പം നൂലിന്റെ വിലയും പൊങ്ങിയും താണും കളിച്ചുകൊണ്ടിരിക്കും.  സ്വര്‍ണ്ണ കസവിന്‍മേല്‍ പച്ച വര്‍ണ്ണം വാരിവിതറിയ സാരിയുമായി ഡിജിയെത്തി. വില കേട്ടപ്പോള്‍ ഒന്നു ഞെട്ടി. വെറും 75000 രൂപ. ഒറിജിനല്‍ കസവിന് വിലയേറുമെന്നതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. പുതുവര്‍ഷം പിറന്ന ശേഷം ഒറ്റ ഓഡര്‍ പോലും വന്നില്ലെന്ന് പറഞ്ഞത് നേര്‍ത്ത ചിരിയോടെയാണെങ്കിലും മനസ്സിന്റെ നൊമ്പരം കണ്ണുകളില്‍ പ്രതിഫലിച്ചു.

വെള്ളായണി കായലിന്റെ ബലത്തില്‍ തഴച്ചു വളരുന്ന ചീരത്തോപ്പ്. കൂട്ടിന് വാഴകളും. പാക്കേജിന്റെ ഭാഗമായെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് വാഴയുടെ തണലു പറ്റിയുള്ള നടത്തം ഒത്തിരി ഇഷ്ടമാണെന്ന് ജോബി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ വലനെയ്ത്തും കണ്ട് മടങ്ങിപ്പോരുമ്പോള്‍ വിദേശികളെപ്പോലെ നമ്മുടെ നാട്ടുകാര്‍ക്കും വില്ലേജ് ടൂറിസം ഏറെ പ്രിയപ്പെട്ടതാവുന്ന നാള്‍ അധികം അകലെയല്ലെന്ന് മനസ്സു പറഞ്ഞു.

Location : Thiruvanthapuram Dt.
This  'Beyond the Beach' package is crafted and executed by Department of Tourism, Government of Kerala as part of its initiatives under Responsible Tourism (RT). 'Beyond the Beach' as the name indicates is all about a journey through the lush and vivid landscape of rural hinterlands of Kovalam.

How to Reach: By Air: Thiruvananthapuram International Airport, (10 km) , By Rail: Thiruvananthapuram Central,  (16 km), By Road: Buses are available from  cities like Bengaluru, Chennai and Madurai  to Trivandrum. Regular city bus service is there between Thiruvanathapuram to Kovalam. City bus charges rs 10 from Thiruvananthapuram to Kovalam.