നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം... അതികാലത്തെഴുന്നേറ്റ് വീശുവലയില്‍ മീനുകളുണ്ടോയെന്നും കള്ളുകുടം നിറഞ്ഞു തുളുമ്പിയോ എന്നും നോക്കാം... ജലരേഖകളാണ് നഗരനിശ്വാസങ്ങളെയും ഗ്രാമജീവിതത്തിന്റെ ആശ്വാസങ്ങളേയും വേര്‍തിരിക്കുന്നത്. അലിഖിത നിയമം പോലെ എവിടെയും കാണാം, നഗര-ഗ്രാമ ജീവിതങ്ങള്‍ക്കിടയില്‍ ഒരു നദിയോ അരുവിയോ നീര്‍ച്ചാലോ അങ്ങനെ എന്തെങ്കിലും. രണ്ടുവര്‍ഷം മുന്‍പ് മൂന്നാറിന്നറ്റത്തെ ചിലന്തിയാറിലേക്കുള്ള വഴിയില്‍ ഒറ്റമരച്ചാലെന്ന കൊച്ചരുവി മുറിച്ചുകടന്നതോര്‍ക്കുന്നു. ആ കാട്ടുഗ്രാമത്തേയും പഴത്തോട്ടമെന്ന തേയിലപ്പട്ടണത്തെയും വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത് വേനലില്‍ നൂല്‍വണ്ണത്തിലൊഴുകുന്ന ആ നീര്‍ച്ചാലായിരുന്നു. ഇപ്പോഴിതാ കാസര്‍കോടന്‍ ഗ്രാമജീവിതങ്ങള്‍ തേടിയുള്ള യാത്രയില്‍ ചന്ദ്രഗിരിപ്പുഴ ജലരേഖയായി മുന്നില്‍ തെളിയുന്നു.

ചന്ദ്രഗിരിയുടെ ജലസമ്പന്നതയാണ് ഈ ഗ്രാമങ്ങളുടെയും അതിനെ തൊട്ടും തൊടാതെയും കിടക്കുന്ന നഗരത്തിന്റെയും ജീവനാഡി. ചെമ്മനാട് കഴിഞ്ഞിരിക്കുന്നു. തുള്ളിച്ചാടി, തുള്ളിച്ചാടിയാണ് പോക്ക്. റോഡിന്റെ ഓരോ ഇഞ്ചിലും 'ഐ.എസ്.ഐ മാര്‍ക്ക്'  ഉള്ളതിനാല്‍ ബൈക്കിലായാലും കാറിലായാലും. ഇരിപ്പിടത്തില്‍ ഉറച്ചിരിക്കാമെന്ന് വിചാരിക്കണ്ട. യാത്ര സുഖം, പരമാനന്ദം!

വഴിയോരങ്ങളില്‍ ഇഴചേര്‍ന്നും പിരിഞ്ഞും പോകുന്ന വയലുകളും തെങ്ങിന്‍തോപ്പുകളും വാഴത്തോട്ടങ്ങളും. പാതിവഴിയില്‍ കണ്ട ചായക്കടയില്‍ കയറി.  'അമ്പട' വട്ടപ്പാത്രത്തില്‍ മുന്നില്‍ വന്നു. ഉഴുന്നുവടയുടെ അടുത്ത ബന്ധുവും ബോണ്ടയുടെ ഒരു അകന്ന താവഴിക്കാരനുമാണ് കക്ഷി. ചില്ലലമാരയ്ക്കുള്ളിരുന്ന് മധുര പതിനേഴുകാരി സീറയും അല്‍പ്പം മൂപ്പുള്ള സഞ്ചീറയും ഹോളിഗയും ഗോളിബജിയുമൊക്കെ കണ്ണിറുക്കി. 

കടല്‍ത്തീരത്തോട് ചേര്‍ന്നായി പാത. ബേക്കല്‍ തുറയിലെ ഒരു വീട്ടിലേക്കാണ് പോക്ക്. വെളുപ്പിന് നാലുമണിക്ക് കടലമ്മയുടെ കനിവു തേടി തോണിയില്‍ പോയ ബാബു തിരിച്ചെത്തിയതെ ഉണ്ടായിരുന്നുള്ളു. 'ഒരെസം മുമ്പേ ബന്നെങ്കി മീന്‍പിടിക്കണ കാണാന്‍ കയിയൂല്ലാ, പൂരക്കുളിക്ക് കടലിലെറങ്ങിയാ പെഴ കെട്ടണം, ഈട ബല്യപ്രശ്‌നം'.  പൂരക്കുളി ഉത്സവം നടക്കുന്ന സമയത്ത് മുക്കുവര്‍ കടലില്‍ പോവില്ല, മീന്‍ പിടിക്കില്ല. അഥവാ മീന്‍ പിടിച്ചാല്‍ ക്ഷേത്രത്തില്‍ പിഴ കെട്ടിവെയ്ക്കണം.

ബേക്കല്‍ ഒരു വാതായനമാണ്

വീശുവലയുമായി ബാബു കടല്‍ തീരത്തേക്ക്. ഓരോ തിരയും കൈ നീട്ടി തീരത്തെ ആവും വിധം എത്തിപ്പിടിക്കുന്നു. തിരപ്പുറത്ത് തുറയിലെ പിള്ളേരുടെ ആഹ്ലാദം നുരഞ്ഞു പൊന്തുന്നു. ക്യാമറയുമായി ആളെ കണ്ടതോടെ തോര്‍ത്തു മുണ്ടൊക്കെ നേരെയാക്കി ഉടുത്തു. തിരയുടെ വരവ് പോക്കുകളുടെ ഇടവേളയില്‍ ബാബു വലയെറിഞ്ഞു. ആദ്യ വീശല്‍ പാഴായി. പിന്നെയും ഒന്നു രണ്ടു വട്ടം കൂടി. മാലാനും മുള്ളനും കുടുങ്ങി. 'ഒരു മഴപെയ്താല്‍ നല്ല കൊയ്ത്തായേനെ'.

അടുത്ത ലക്ഷ്യം പനയാലിലെ കീക്കാനമായിരുന്നു. കുമാരന്റെയും കാര്‍ത്ത്യായനിയുടെയും വീട്ടിലേക്ക്. റോഡിന്റെ കറുപ്പ് ചെമ്മണ്‍പാതയ്ക്ക് വഴിമാറി. പുരയിടത്തിലേക്കുള്ള ചെങ്കല്‍ പടവുകളിറങ്ങുമ്പോഴേ കേട്ടു 'കുടത്താളം'! വീട്ടുമുറ്റത്തിരുന്ന് നനഞ്ഞ കളിമണ്ണില്‍ കുടത്തിന്റെ ഇനിയും നേരെയാകാത്ത രൂപത്തില്‍ മേയ്ക്കപ്പിടുകയാണ് കുമാരന്‍. കൊച്ചു കുട്ടികളെ വികൃതി കാണിച്ചാല്‍ തല്ലുന്നത് പോല, ഉരച്ച് മിനുസപ്പെടുത്തിയ ചെറുതടിക്കഷ്ണം കൊണ്ട്  കുടത്തിന് പുറത്ത് താളത്തില്‍ തല്ലുന്നു. മറുകൈ കുടത്തിനകത്താണ്.  

കാസര്‍കോട്ട് മണ്‍പാത്രങ്ങളുണ്ടാക്കുന്ന അപൂര്‍വ്വം കുടുംബങ്ങളിലൊന്നാണ് കുമാരന്റേത്. കൃഷി കുറഞ്ഞതോടെ മണ്ണ് കിട്ടാനില്ലാത്തതിനാല്‍ പലരും ഈ പണി നിര്‍ത്തി. 'പാത്രം മെനയണ കാണണ്ടേ', കുമാരന്റെ ഭാര്യ കാര്‍ത്ത്യായനി വന്നു വിളിച്ചു. വീടിനോട് ചേര്‍ന്ന ഇരുട്ടു മുറിയില്‍ നനവ് മാറാത്ത മണ്‍ച്ചട്ടികള്‍ കമഴ്ത്തി വെച്ചിരിക്കുന്നു. കളിമണ്ണിന്റെ ചേറ് ഉണങ്ങി പിടിച്ച ചക്രത്തിന്റെ മധ്യത്തില്‍ കുമാരന്‍ ഒരു മണ്‍പ്രതിഷ്ഠ നടത്തി. കാര്‍ത്ത്യായനിയുടെ കൈവേഗത്തില്‍ ചക്രം തിരിഞ്ഞു തുടങ്ങി. തൂവലാല്‍ തഴുകും പോലെ കുമാരന്റെ വിരലുകളുടെ വഴക്കത്തില്‍ ഒരു പാത്രം പിറന്നു.  ചക്രവേഗത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ പാത്രങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചക്രമധ്യത്തില്‍ നിന്നിറങ്ങി ക്യൂ നിന്നു, മേയ്ക്കപ്പിടാന്‍.

കളിമണ്ണിന്റെ ഈറന്‍ഗന്ധത്തില്‍ നിന്നും കള്ളിന്‍ കുടം തേടിയാണിനി യാത്ര. അധികമില്ല, ഒന്നു രണ്ടു വളവുകള്‍. വഴിയില്‍ കൃഷ്ണന്‍ ഒരു ചോദ്യവുമായി കാത്തു നില്‍പ്പുണ്ടായിരുന്നു, 'ബെളിച്ചിങ്ങയുള്ള തെങ്ങുവേണോ അതോ...?'. സംശയിക്കണ്ട ബെളിച്ചിങ്ങ എന്നാല്‍ നമ്മുടെ സ്വന്തം തേങ്ങ തന്നെ.  ബെളിച്ചിങ്ങയുള്ളതായിക്കോട്ടെ.... കൃഷ്ണന് പിറകെ തുമ്പയും തൊട്ടാവാടിയും മുക്കുറ്റിയും പൂത്തു നില്‍ക്കുന്ന തൊടിയിലൂടെ നടന്നു. ഒരു വാഴത്തോപ്പിനപ്പുറത്തേക്ക്. 'കാലത്തെ വന്നിട്ട് പോയതാ, കൊടം നെറണങ്കി വൈട്ടാവണം' തെങ്ങില്‍ പാതിവഴിയിലിരുന്ന് കൃഷ്ണന്‍ പറഞ്ഞു. കൂമ്പില്‍ നിന്ന് കുടമെടുത്ത് മാറ്റി ഒരു കുഞ്ഞിനെയെന്നപോല്‍ കൂമ്പിനെ തഴുകി. പിന്നെ ചെത്തുകത്തിയെടുത്ത് അഗ്രം ചീകിയെറിഞ്ഞു.

ബേക്കല്‍ ഒരു വാതായനമാണ്
 
എട്ടു ചെത്തുതെങ്ങുകളുടെ അധിപനാണ് കൃഷ്ണന്‍. കള്ള് കുടമിറക്കലും കൂമ്പ് വൃത്തിയാക്കലുമായി, മൂന്ന് നേരവും കയറണം. ദിവസം 25 ലിറ്ററെങ്കിലും കള്ള് നിറഞ്ഞൊഴുകും കൃഷ്ണന്റെ മണ്‍കുടങ്ങളില്‍ നിന്ന്. ഇനി കൊക്കാനം മൊട്ടയിലേക്ക്. ആദിവാസി വിഭാഗമായ അടിയാര്‍മാരുടെ മൂപ്പന്‍ കല്ലള്ളനെ കാണണം. മൂപ്പന്റെ കീഴിലാണ് ഇവിടുത്തെ പായനെയ്ത്തുകാരും കുട്ടനെയ്ത്തുകാരും. വെട്ടുകല്ലില്‍ തീര്‍ത്ത വീടിന്റെ ഉമ്മറത്തെ ചുവരില്‍ ചെഗ്വേരയും മറഡോണയും ഐ.എം.വിജയനും അതിഥികളെ സ്വീകരിക്കുന്നു. അരമതിലില്‍ കുടത്തില്‍ വെള്ളം വെച്ചിട്ടുണ്ട്. മുറ്റത്ത് നെടുനീളത്തിലൊരു ഓലപ്പന്തല്‍. അതിനു കീഴെയിരുന്ന് ഒരു സംഘം സ്ത്രീകള്‍ കൈതോലയെ മെരുക്കുന്നു. 

എലുമ്പിച്ചിയുടെയും ബോളിയുടെയുമെല്ലാം കുപ്പിവളയിട്ട കൈകള്‍, ഉണക്കി വട്ടത്തില്‍ കെട്ടാക്കി വെച്ചിരുന്ന കൈതോലയയെ നിമിഷനേരങ്ങള്‍ക്കുള്ളില്‍ പായയുടെ രൂപത്തിലേക്ക് മാറ്റുന്നു. കുറച്ചപ്പുറത്ത് കല്ലള്ളന്‍ മൂപ്പന്‍ കൊരമ്പ മെടയുന്നു. മഴക്കാലമായാല്‍ തലവഴി മൂടാവുന്ന കുട്ട പോലൊന്നാണ് കൊരമ്പ. റെയിന്‍ കോട്ടിന്റെ പിതാമഹന്‍. യാത്രയവസാനിക്കുന്നത് ബേക്കല്‍ കോട്ടയിലാണ്. വെയിലാറിയിട്ടില്ല, എന്നിട്ടും സഞ്ചാരികള്‍ക്ക് കുറവില്ല. ഒറ്റയ്ക്കും തെറ്റയ്ക്കും ആളുകള്‍ വന്നു കൊïേയിരിക്കുന്നു. ചില ഐ.ടി കിടാങ്ങള്‍ തണലു നോക്കി വലിയൊരു ഷീറ്റൊക്കെ വിരിച്ച് കോട്ടമുകളിലിരുന്ന് കിളിവാതിലുകളിലൂടെ കടലിനെ ആസ്വദിക്കുന്നു. തിരകളെഴുതിയ കവിതപോലെയാണ് ബേക്കല്‍ കോട്ട. മണ്ണിനോട് അത്രമേല്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ഈ ദുര്‍ഗ്ഗം. രണ്ടുതരം കാഴ്ച്ചകളാണ് ഈ കോട്ടയ്ക്ക്. വേനലില്‍ ചുറ്റുമുള്ള പുല്ലുകള്‍ ഉണങ്ങി സ്വര്‍ണവര്‍ണമാര്‍ന്നിരിക്കും. മഴയില്‍ കുതിരുമ്പോള്‍ പച്ചയുടെ തിടമ്പേറ്റി ഉത്സവലഹരിയായി കണ്ണില്‍ നിറയും. 

Bekal Village Tour is conducted by Kerala Institute of Tourism  and Travel Studies (KITTS) as part of promoting responsible tourism. The package includes places in and around Bekal Fort, one among the celebrated tourism land marks of Kerala.  The tour covers four villages within the seven kilometers of Bekal. Activities are fishing, pottery making, toddy tapping, screwpine weaving etc. Its a newly designed package.
Location: About 16 km South of Kasaragod town on the national highway, Kasaragod district, North Kerala
STD Code: 04994: Tourism Police  2272090 pKSRTC Kasargod  230677 p Kasargod Rly. Station 230200 pBekal Fort  0467-2272900.

Distance chart: Kozhikode 165 km Mangalore 68 km Kasargode 16 km p Kanhangad 12 p Kannur 76 km Kochi 341km  Bangalore 385 km Madikeri 117 km.
How to Reach: By road: Bekal villages are  16 km away from Kasaragod town. From Kasaragod Press Club Jn. take deviation towards Kasaragod-Kanjangad Chandragiri Rd (SH 17) to Bekal. By rail: Though Kottikulam is the nearest railway station, Kasargod and Kanhangad are major rail heads.
By air: Mangalore Bajpe airport.
Sights Around: Anandapuram Lake temple, 30 km, Anandashram 15 kmp Chandragiri Fort 12 kmp Malik Dinar Mosque 16 kmp  Nithyanandashram 13km p Ranipuram hill station 56 km, Valiyaparamba Backwater 32 km,  Madhur temple 19 km.