അത്യപൂര്‍വങ്ങളായ വന്യജീവികള്‍, പേരറിയാത്ത ജീവന ഔഷധങ്ങള്‍, മലമുഴക്കിവേഴാമ്പലിന്റെ ഇമ്പമാര്‍ന്ന പാട്ട്, വെള്ളി നൂലൊഴുകുന്ന കാട്ടാറിന്റെ സൗന്ദര്യം, സമാനതകളില്ലാത്ത പക്ഷിജാലങ്ങള്‍..... ഇങ്ങനെ സഞ്ചാരികളുടെ മുന്നില്‍ പ്രകൃതിയുടെ പുതിയൊരു കവാടംകൂടി തുറക്കാനൊരുങ്ങുകയാണ് വനംവകുപ്പ്. 

സഹ്യന്റെ മടിത്തട്ടില്‍ സംരക്ഷിത മേഖലയായ ശംഖിലി വനത്തിന്റെ ചില ഭാഗങ്ങള്‍കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വെള്ളിമല ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. 

സംരക്ഷിത വനമേഖലയായതിനാല്‍ സഞ്ചാരികള്‍ക്ക് ഈ പ്രദേശം ഇതുവരെ അപ്രാപ്യമായിരുന്നു. ഒരിക്കല്‍ ഇവിടെ എത്തുന്നവര്‍ വീണ്ടും വീണ്ടും വരാന്‍ ആഗ്രഹിച്ചുപോകും എന്നതാണ് വെള്ളിമലയുടെ പ്രത്യേകത. പദ്ധതി തത്വത്തില്‍ അംഗീകരിച്ചു കഴിഞ്ഞതായും വനംസംരക്ഷണ സമിതിയെ ഉള്‍പ്പെടുത്തി നടത്തിപ്പ് അവസാനഘട്ടത്തിലാെണന്നും വനംവകുപ്പ് അധികൃതര്‍ പറയുന്നു.

കുളത്തൂപ്പുഴ വനംറേഞ്ചിന്റെ പരിധിയില്‍ വരുന്ന മടത്തറ-വേങ്കൊല്ല ചെക്കുപോസ്റ്റില്‍ നിന്നാണ് വെള്ളിമല യാത്ര തുടങ്ങുന്നത്. സാഹസികയാത്രയ്ക്ക് രണ്ടുദിവസമാണ് വേണ്ടത്. താണ്ടേണ്ടുന്ന ദൂരം 34 കിലോമീറ്റര്‍. പാതിയിലധികവും കാല്‍നടയാത്രതന്നെ. ചിലയിടങ്ങളില്‍ യാത്ര കഠിനമലകയറ്റം. 

വേങ്കൊല്ല, ശാസ്താംനട, ചിന്നപ്പുല്ല് വഴി ശംഖിലിയിലെത്തുമ്പോള്‍ ആദ്യ രാത്രിയിലെ വിശ്രമത്തിന് ഇടത്താവളമൊരുങ്ങും. കാട്ടാനയുടെ ചിന്നം വിളിയും വന്യമൃഗങ്ങളുടെ മുരള്‍ച്ചയും ഉറക്കത്തിന് താളംപിടിക്കും. ചീവീടിന്റെ ചിലമ്പൊച്ചയും പേരറിയാത്ത കാട്ടുകിളികളുടെ പാട്ടും കേട്ടുണരുന്ന പ്രഭാതം. ശംഖിലി വെള്ളച്ചാട്ടത്തിലെ തെളിഞ്ഞ വെള്ളത്തില്‍ ഒരു സുഖസ്‌നാനത്തോടെ രണ്ടാം ദിനത്തിലെ യാത്രയ്ക്ക് തുടക്കം. 

ചിപ്പുല്‍മേടിലെ മാന്‍കൂട്ടങ്ങളും നിരവധി അരുവികളും ചീനിക്കാല വനത്തിലെ ചിത്രശലഭക്കാഴ്ചകളും കണ്ട് നിബിഡ വനപ്രദേശങ്ങള്‍ താണ്ടിയുള്ള യാത്ര. ചെന്നെത്തുന്നത് വെള്ളിമല വെള്ളച്ചാട്ടത്തില്‍. നൂറ്റാണ്ട് പഴക്കമാര്‍ന്ന വള്ളിക്കുടിലുകള്‍. അതിനിടയില്‍ കാടിന് പാദസരം ചാര്‍ത്തിയപോലൊരു വെള്ളച്ചാട്ടം. 200 അടി പൊക്കത്തില്‍നിന്നും അഞ്ച് തട്ടുകളായി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. അതാണ് വെള്ളിമലയുടെ സൗന്ദര്യം. 

കാല്‍നടയാത്രയുടെ എല്ലാ ക്ഷീണവുമകറ്റാന്‍ വെള്ളിമലയിലെ ഒരു കുളി തന്നെ ധാരാളം. യാത്ര തുടരാനാണ് ആഗ്രഹമെങ്കില്‍ നേരെ മുന്നോട്ട്. പൊന്മുടി അപ്പര്‍ സാനിട്ടോറിയത്തിലേക്ക്. പാണ്ടിമൊട്ട, കണ്ണുകെട്ടി കാടുകള്‍വഴി നടന്ന് തമിഴ്നാടിന്റെ അതിര്‍ത്തിയായ മുണ്ടന്‍തുറൈ വനമേഖലയും പിന്നിട്ട് വേനലിലും കോടമഞ്ഞ് പുതച്ച പൊന്മുടിയുടെ നെറുകയിലെത്തുന്നതോടെ രണ്ടുനാള്‍ നീണ്ട പ്രകൃതിയെ തൊട്ടറിഞ്ഞ യാത്രയ്ക്ക് പര്യവസാനം.

വനംവകുപ്പിന്റെ കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടായിരിക്കും യാത്ര. പോട്ടോമാവ് വനംസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കായിരിക്കും നടത്തിപ്പിന്റെ ചുമതല. ഗൈഡുകളുടെ ആദ്യഘട്ട പരിശീലനം കഴിഞ്ഞു. കാല്‍നടയാത്രയായിട്ടാണ് ആദ്യം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 

വനസൗന്ദര്യത്തിന്റെ നിഗൂഢഭംഗി, മൂന്ന് വെള്ളച്ചാട്ടങ്ങളിലെ കുളി, മഞ്ഞുപുതപ്പണിഞ്ഞ പ്രകൃതിദൃശ്യങ്ങള്‍, വന്യമൃഗങ്ങളുടേയും പക്ഷിജാലങ്ങളുടേയും നേര്‍ക്കാഴ്ച, പ്രകൃതിയെ അടുത്തു നിന്നു കാണാനും അനുഭവിക്കാനുമുള്ള അവസരം എന്നിവയാണ് വെള്ളിമല സാഹസിക ടൂറിസം സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.