ഈ പെണ്ണിന് എന്തോന്നിന്റെ കുഴപ്പമാ. ഇരുട്ടു കുത്തുന്ന കാട്ടിലേക്ക് എന്തു കണ്ടിട്ടാ കേറിപ്പോന്നെ, ആറിനപ്പറം തന്നെ നിന്നാപ്പോരായിരുന്നോ?'' കുട്ടപ്പന്‍ ചേട്ടന്റെ കുറ്റപ്പെടുത്തലില്‍ ആധിയായിരുന്നു കൂടുതല്‍. പറഞ്ഞത് വാസ്തവമാണ്, അവള്‍ക്ക് കൂടെ വരേണ്ട യാതൊരു കാര്യവുമുണ്ടായിരുന്നില്ല. അവള്‍ ഈറ്റച്ചോലയാര്‍ മുറിച്ചു കടന്നപ്പോള്‍ ആദ്യം അത്ഭുതം തോന്നി. ഇവള്‍ കൊള്ളാമല്ലോ!  ആറ് താണ്ടി കാട് കയറിപ്പോഴും അവള്‍ കൂടെ വന്നു. പോയ്‌ക്കോളും എന്നു കരുതി. പക്ഷെ അവള്‍ കൂട്ടാക്കിയില്ല. പത്താണുങ്ങള്‍ കൂടെയുണ്ടെന്നു ധരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. പുലിക്കാടാണ്. പകുതിയെത്തി തിരിച്ചു പോന്നാല്‍ പിന്നെ പൊടി കാണില്ല.  ''ഇന്നലെ രാത്രി ഇക്ക ഇവളെ ഓമനിക്കുന്നതു കണ്ടപ്പഴേ  എന്നിക്കിതു പുലിവാലായിരിക്കും എന്നു തോന്നിയതാ, കൂടെത്തന്നെയങ്ങ് കൂട്ടിക്കോ''. ലത്തീഫിക്കയെ നൗഷാദ് ഒന്നു കുത്തി. ''ശ്ശെടാ, ഞാന്‍ അവള്‍ക്ക് കുറച്ച് കോഴിക്കറി കൊടുത്തതാണോ ഇത്ര വലിയ പ്രശ്‌നമായത്'' ലത്തീഫിക്ക ആത്മഗതം പോലെ പറഞ്ഞു. ''പ്രിയേ വാ, ദൂരത്തൊന്നും പോകല്ലേ''. കുത്തനെ തുടങ്ങിയ കയറ്റത്തില്‍, ക്യാമറയുടെ ഭാരവും ശ്വാസവും ക്രമീകരിച്ച് മധു പിന്നില്‍ നിന്നു വിളിച്ചു പറഞ്ഞു. ''ഒഹോ, അപ്പോഴേക്കും പേരുമിട്ടോ, എന്തായാലും ഇനി മൂപ്പര് നോക്കിക്കോളും''. മുന്നില്‍ നിന്ന് ആരുടെയോ കമന്റ്.  കാടുകയറിയവരുടെ പ്രശ്‌നം കൂടെയുള്ള പെണ്‍പട്ടിയാണ്. ആനക്കുളത്തു തലേന്നാള്‍ ക്യാമ്പു ചെയ്തപ്പോള്‍ കൂടെക്കൂടിതാണവള്‍. പത്തു പേര്‍ക്കൊപ്പം അവളും കാടു കയറി. മാങ്കുളത്തു നിന്നും മലക്കപ്പാറ വരെയുള്ള ഞങ്ങളുടെ  വനയാത്ര അങ്ങനെയാണ് തുടങ്ങിയത്.

ആനക്കുളം

കൊച്ചി-മുന്നാര്‍  റോഡില്‍ അടിമാലി കഴിഞ്ഞ് കല്ലാറില്‍ നിന്ന് റോഡു മാറി വടക്കു കിഴക്കോട്ട് പത്തുപതിനേഴു കിലോമീറ്റര്‍ പോയാല്‍ മാങ്കുളമായി. കുത്തുകളുടെ അഥവാ വെള്ളച്ചാട്ടങ്ങളുടെ ഊരാണ് മാങ്കുളം. വിരിപ്പാറ, നക്ഷത്രക്കുത്ത്, ചെറുമ്പന്‍ കുത്ത്, കോഴിവാലന്‍കുത്ത്, കോഴിയിലക്കുത്ത്, രാജാത്തിക്കുത്ത്, അങ്ങനെയങ്ങനെ മലമുടികളില്‍ പിന്നിയ നിരവധി ജലച്ചാര്‍ത്തുകള്‍.  ദേവികുളം താലൂക്കില്‍ മൂന്നാറിനോടു ചേര്‍ന്ന് പശ്ചിമഘട്ടത്തിന്റെ മടിയില്‍ പുരോഗമിച്ചു വരുന്ന ഒരു അങ്ങാടിയാണ് മാങ്കുളം. തികഞ്ഞ കുടിയേറ്റ മേഖല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ ഉശിരന്‍ ജാഥയാണ് വൈകുന്നേരം അവിടെവന്നിറങ്ങിയ ഞങ്ങളെ  എതിരേറ്റത്. കാട്ടുമൂലയില്‍ അപരിചതരെ കണ്ട് ചിലര്‍ എന്തുവാ, എങ്ങോട്ടാ എന്നൊക്കെ ചോദിക്കാനും പറയാനും തുടങ്ങി. 'പരിസ്ഥിതിക്കാരായിരിക്കും?' ഒരു കാരണവര്‍  ലേശം ഭീഷണിയും ശകലം പുച്ഛവും ഇടകലര്‍ത്തി ഒരു സംശയം കാച്ചി. പരിസ്ഥിതിക്കാരന്‍ എന്നു പറഞ്ഞാല്‍  ഭീകരന്‍ എന്നാണര്‍ഥം എന്ന് മൂപ്പിന്നിന്റെ മുഖഭാവം വ്യക്തമാക്കി. ''അയ്യേ, ഞങ്ങള്‍ ആനക്കുളത്ത് ആനകളെ കാണാനിറങ്ങിയതാ'' എന്ന ഭാവാഭിനയത്തോടെയുള്ള മറുപടി കാരണവരെ തൃപ്തനാക്കിയോ എന്തോ. 'എന്തായാലും ഇതൊന്നും ഇവിടെ നടക്കുകേല' എന്നു പറഞ്ഞ് അദ്ദേഹം സ്ഥലം വിട്ടു. ചുരുക്കിപ്പറഞ്ഞാല്‍, ''ഗാഡ്ഗില്‍ എന്നുകേട്ടാലടിവീഴുമുടനടിയെ, കസ്തൂരിയെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍'' എന്ന അവസ്ഥയാണ് ഏതു മലയോരത്തിലുമെന്ന പോലെ മാങ്കുളത്തുമുള്ളത്.  

കാട്ടിലും മേട്ടിലും...
ഇടുക്കി ജില്ലയുടെ ഉള്ളില്‍, കിഴക്കനതിരില്‍ ഇനിയങ്ങോട്ടൊന്നുമില്ല  എന്ന മട്ടിലുള്ള  ആനക്കുളമെന്ന വനഗ്രാമമാണ് ഞങ്ങളുടെ യാത്രയുടെ ബേസ് ക്യാമ്പ്. ആനക്കുളം സവിശേഷമായ സ്ഥലമാണ്. അവിടെയുള്ള ഈറ്റച്ചോലയാറിലെ ഗന്ധക ഉറവ കുടിക്കാന്‍ കൂട്ടം കൂട്ടമായി ആനകള്‍ ഇറങ്ങും. അതൊരു ഗംഭീരകാഴ്ച്ചയാണെന്നു കേട്ടിട്ടുണ്ട്.  മാങ്കുളത്തു നിന്നും ഏഴുകിലോമീറ്റര്‍ ഉള്ളിലാണ് ആനക്കുളം. ഫോര്‍വീല്‍ ജീപ്പുമാത്രം ശരണം. സന്ധ്യ മയങ്ങിയാല്‍ പ്രശ്‌നമാണ്. എന്തായാലും അന്തിയാകും മുമ്പ് ജീപ്പു വന്നു. ആനക്കുളത്തേക്കുള്ള പാതയെ റോഡ് എന്നു വിളിക്കാന്‍ പറ്റുമോ എന്നറിയില്ല. കുലുങ്ങിയും തുള്ളിയും വാഹനത്തിന്റെ മോന്തായത്തില്‍ തലയിടിച്ചും തെറിച്ചുപോകുമെന്ന ഭയത്താല്‍ മുറുക്കെപ്പിടിച്ചുമുള്ള കഠിനയാത്ര.  ഇരുട്ടു വീഴും മുമ്പെ ആനക്കുളത്തെത്തി. ചെറിയൊരു ഗുരുമന്ദിരവും കുരിശടിയും മൂന്നുനാലു മുറിപ്പീടികകളുമുള്ള  കാനനഗ്രാമം. വോളിബോള്‍ കോര്‍ട്ടുള്ള ഒരു പുല്‍ത്തകിടിക്കപ്പുറം ഈറ്റച്ചേലയാര്‍. അതിനപ്പുറം ഇടതിങ്ങിയ കാട്. മൂന്നു ഭാഗങ്ങളിലും മലനിരകളുടെ ഗഹനതകള്‍. പുല്‍ത്തകിടിക്കിപ്പുറം ഉയരത്തിലുള്ള പാതയോടു ചേര്‍ന്നുള്ള കല്‍ക്കെട്ടുകളില്‍ ഒരു സായിപ്പും മദാമ്മയും പുകവലിച്ചിരിക്കുന്നു. ''ഉച്ചക്കുമുതലുള്ള ഇരിപ്പാ, ആന വരുന്നതും കാത്ത്''. അവരെ കൊണ്ടു വന്ന ജീപ്പ് ഡ്രൈവര്‍ ചോദിക്കാതെ  തന്നെ വിശദീകരിച്ചു. ആനകള്‍ പക്ഷെ ഇതുവരെ എത്തിയിട്ടില്ല. ഇടക്കങ്ങനെയാണ്. ചിലപ്പോള്‍ പൂയംകുട്ടിയില്‍ നിന്നും കുട്ടമ്പുഴയില്‍ നിന്നും എന്തിന് പെരിയാറില്‍ നിന്നുപോലും ആനക്കൂട്ടങ്ങള്‍ ഇവിടേക്ക് ഓരു കുടിക്കാന്‍ എത്തും. ചില ദിവസങ്ങളില്‍ അറുപതോളം ആനകള്‍ വരെ കാണുമത്രെ! ഒരു കൂട്ടം കുടിച്ചു കഴിയും വരെ മറ്റുള്ളവ കരയില്‍ ക്ഷമയോടെ കാത്തു നില്‍ക്കും. പുല്‍ത്തകിടിയുടെ ഇപ്പുറത്ത് കാഴ്ച്ചക്കാരും. ആനകള്‍ സന്ദര്‍ശകരെ പൊതുവെ മുഖവിലക്കെടുക്കാറില്ല. കാര്യം കഴിഞ്ഞാല്‍ അവ മലകയറി കാടു പൂകും. അന്ന് പക്ഷെ ഒന്നിനേയും കണ്ടില്ല. ഇരുട്ടു പരന്നതോടെ വിദേശികള്‍ നിരാശരായി മടങ്ങി. ഞങ്ങള്‍ നടു നിവര്‍ക്കാന്‍  മലയാറ്റൂര്‍ ഡിവിഷന്റെ  ഫോറസ്റ്റ് ഓഫീസിലേക്കും. രാത്രിയോടെ മറ്റു സഹയാത്രികരും ഞങ്ങള്‍ക്കൊപ്പം കൂടി. കൊടും കാട്ടിലൂടെയുള്ള ട്രയല്‍ ട്രക്കിങ്ങിന് ആവേശത്തോടെ എത്തിയവര്‍. പല പ്രായക്കാരായ  ആരണ്യപ്രണയികള്‍. ഒാട്ടോ ഓടിക്കുന്നവര്‍ മുതല്‍ എഞ്ചിനിയര്‍മാര്‍ വരെ. കൊച്ചിന്‍ അഡ്വഞ്ചര്‍ ഫൗണ്ടേഷനിലെ സംഘാംഗങ്ങള്‍. വഴികാട്ടികളായി കുട്ടപ്പന്‍ ചേട്ടനും ചിന്നത്തമ്പിയും. കുട്ടപ്പന്‍ ചേട്ടന്‍ മാന്നാന്‍ സമുദായാംഗമാണ്. ചിന്നത്തമ്പി മുതുവാനും. കാടിനെ കൈത്തലം പോലെ പരിചയമുള്ളവര്‍.

പുഴ കടന്ന് കാടിന്റെ ഉള്ളിലേക്ക്

ആനയുടെ ചിഹ്നം വിളി കേട്ടാണ് ഉണര്‍ന്നത്. ഈറ്റച്ചോലയാറില്‍ ആനകള്‍ വന്നിരിക്കുന്നു! ആഘോഷമായി തിരിച്ചു പോകുന്നതിന്റെ കോളാണ്. വെള്ള കീറിയിട്ടില്ല. കട്ട പിടിച്ച ഇരുട്ടു തന്നെ. സഥലദിഗ്ഭ്രമം വിട്ട് ടോര്‍ച്ചുമായി എത്തിയപ്പോഴേക്കും ആനകള്‍ പോയിരിക്കുന്നു. നേരം പുലര്‍ന്നു. ആനകള്‍ നീരാടിയ ഈറ്റച്ചോലയാറില്‍  മുങ്ങിക്കുളിച്ച് കാനനപ്രവേശനത്തിനൊരുങ്ങി. 'കാട്ടിലേക്ക് ഏതുവഴിയാണ് കയറേണ്ടത്..?' ഓഫീസിനു പിന്നിലുള്ള മല നോക്കി ഒരാള്‍ ചോദിച്ചു. 'ഈറ്റച്ചോലയാര്‍ മുറിച്ചു കടന്ന്' നൗഷാദിന്റെ മറുപടി  അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഭഗവാനെ അതു വഴിയല്ലേ ആനകള്‍ നിരനിരയായി കയറിപ്പോയത്..!  ''തകര്‍ത്തു! അപ്പോ ആനയെ കാണാമെന്നുറപ്പ്'' ശരത്തിന് സന്തോഷം  വന്നു. ''സാറെ, ആനയെ കാണരുത് എന്നു പറയൂ. കണ്ടാ കാര്യം കുഴയും. എത്തേണ്ട ഇടത്ത് എത്താനാവുകേല'' കുട്ടപ്പന്‍ ചേട്ടന്‍ പ്രസ്താവിച്ചു. എല്ലാവരും നിശ്ശബ്ദരായി.  ഫോറസ്റ്റ് ഓഫീസില്‍ അനുമതിപത്രവും പേരുകളും കൊടുത്ത് പാത്രങ്ങളും കൂടാരവുമായി മുട്ടോളമൊഴുകുന്ന ഈറ്റച്ചോലയാര്‍ ഞങ്ങള്‍ മുറിച്ചു കടന്നു.  അതെ സമയത്തു തന്നെയാണ് പ്രിയയും ആറ് മുറിച്ചു നീന്തി വന്നത്.

കാട്ടിലും മേട്ടിലും...
ആറിനിപ്പുറം എറണാകുളം ജില്ലയാണ്. മലയാറ്റൂര്‍ കാടുകള്‍. കയറ്റം തുടങ്ങി. ആനകള്‍ക്കു പകരം അട്ടകള്‍ ഞങ്ങളെ ഹാര്‍ദ്ദമായി വരവേറ്റു. പുല്ലു മേഞ്ഞ ചെരിവുകള്‍ കഴിഞ്ഞയുടന്‍ ഈറ്റക്കാടായി. കുനിഞ്ഞും ചെരിഞ്ഞും ഇഴഞ്ഞും ഈറ്റകള്‍ പിണഞ്ഞ കയറ്റങ്ങളെ ഞങ്ങള്‍  അതിജീവിച്ചു. ആനകള്‍ മെതിച്ച വഴികളില്‍ വീണു കിടക്കുന്ന ചതഞ്ഞ ഈറ്റകള്‍. പഴക്കമില്ലാത്ത ആനപിണ്ഡങ്ങള്‍. കയറ്റം കടുപ്പമായപ്പോള്‍ കുട്ടപ്പന്‍ ചേട്ടന്‍ മുളവെട്ടിത്തന്നു. കാട്ടിലേക്ക് ഒറ്റക്കു കയറുന്ന ആദിവാസി തനിച്ചല്ല എന്നാണ് കാട്ടുമൊഴി. ധൈര്യം തരുന്ന ഏട്ടനായി കത്തിയും ഊന്നാവുന്ന അനിയനായി വടിയും എപ്പോഴും കൂടെയുണ്ടാവും. വിയര്‍ത്തു കുളിച്ചും വെളളം കുടിച്ചും അട്ടയെ പറിച്ചു മാറ്റിയും പട്ടിയെ കൂടെ കൂട്ടിയും മഹാപ്രസ്ഥാനം പോലെ സംഘം പതിയെ മുന്നേറി. മുളങ്കാടില്‍ ആനയെ പ്രതീക്ഷിക്കാം, പാമ്പിനേയും. 'കൂടപ്പാമ്പ് കൂടു വെക്കുന്ന സ്ഥലങ്ങളുണ്ട്'.  കൂടപ്പാമ്പ് സാക്ഷാല്‍ രാജവെമ്പാലയാണ്. കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു കയറ്റം തുടര്‍ന്നു. വഴി കുത്തനെയായപ്പോള്‍, പടമെടുപ്പു പുരോഗമിച്ചപ്പോള്‍ സഞ്ചാരം പതുക്കെയായി. ഇടക്കിടെ നിന്ന് കിതപ്പാറ്റിയും, വിയര്‍പ്പാറ്റിയും, നടു നിവര്‍ത്തിയും സമയം പോയി. ''വാരിയത്ത് വൈകുന്നേരം എത്തണം അല്ലെങ്കില്‍ പെട്ടു പോകുമെ''.  കുട്ടപ്പന്‍ ചേട്ടന്‍ മുന്നറിയിപ്പു തന്നു. വാരിയത്ത് മാന്നാന്‍മാരുടേയും മുതുവാന്‍മാരുടേയും കുടികളുണ്ട്. അവിടെയാണ് ആദ്യദിനത്തിലെ രാത്രി കഴിയാന്‍ ഉദ്ദേശിച്ചത്.  കാടിനെ കൂടുതല്‍ അറിയാന്‍  ഉറിയംപെട്ടികുടി വഴിയുള്ള വളഞ്ഞവഴിയാണ് സംഘം തിരഞ്ഞെടുത്തത്. അതിനാല്‍ നടപ്പിനു വേഗം കൂട്ടിയേ പറ്റൂ. കാട്ടിലൊരിടത്ത് മലഞ്ചെരിവില്‍ ഒരു പടുകൂറ്റന്‍ പാറ കണ്ടു. ആരണിപ്പാറയുടെ ചോട്ടില്‍ ചെറിയൊരളയുമുണ്ട്. കരടി മുതല്‍ പുലി വരെ അതിനു പാകമാണെന്ന് ചിന്നത്തമ്പി പറഞ്ഞു.

നടപ്പിനു വേഗം കൂട്ടാന്‍ പറ്റുമായിരുന്നില്ല. ഒന്നാമത് ഇല്ലാത്ത വഴികളിലൂടെയുള്ള കയറ്റം. മുതുകത്ത് ഭാരത്തിന്റെ ഗ്രാവിറ്റേഷണല്‍ പുള്‍.  കയറി കയറി നിരപ്പുള്ള ഒരിടത്തെത്തിയെങ്കില്‍ എന്നു പലപ്പോഴും കൊതിച്ചു. ഈറ്റക്കാടിനറുതിയായെങ്കിലും അരയോളം ഉയരത്തിലുള്ള പുല്‍പ്പടര്‍പ്പുകളും മുള്ളുകളും നടത്തത്തിന് കടിഞ്ഞാണിട്ടു. അട്ടകള്‍ ഒരോ പുല്‍ത്തുമ്പത്തും ദാഹാര്‍ത്തരായി നില്‍ക്കുന്നു.  ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ കനത്തമരക്കൂട്ടമുള്ള ഒരിടം

പിന്നിട്ട് ഞങ്ങള്‍  ഉറിയംപെട്ടി ആദിവാസി കോളനിയിലെത്തി. ഉറിയംപെട്ടി കുടിയില്‍ ഭൂരിഭാഗവും മുതുവാന്‍മാരാണ്. ടിപ്പു വന്നപ്പോള്‍ മധുരയില്‍ നിന്ന് മുതുകില്‍ ഭാരങ്ങളുമായി കാടുകയറിയവരാണ് മുതുവാന്‍മാര്‍ എന്നാണു ചൊല്ല്. കുടിയുടെ ഒരു ഭാഗത്തു കൂടി കലപിലകൂട്ടി ഒരു  കാട്ടരുവി ഒഴുകുന്നുണ്ട്.  കാലും കൈയ്യും തലയും തണുപ്പിച്ച്, കാട്ടിലവെട്ടി പാത്രമാക്കി  ഉച്ചഭക്ഷണമായ അവില്‍  നനച്ചു കഴിച്ചു. ''ഇതു വരെ ഈ സാധനം കൈ കൊണ്ടു തൊട്ടിട്ടില്ല. ഇപ്പോള്‍ എന്തൊരു സ്വാദ്!'' വിശപ്പ് എന്തിനേയും സ്വാദിഷ്ഠമാക്കുമെന്ന് കൂട്ടത്തിലുള്ള ആരോ കണ്ടു പിടിച്ചു. എന്തിന്, കൂടെ വന്ന പട്ടി പോലും അവല്‍ തിന്നുന്നു. കുട്ടപ്പന്‍ ചേട്ടനും ചിന്നത്തമ്പിയും തിരക്കു കൂട്ടാന്‍ നിന്നില്ല. വാരിയത്ത് എന്തായാലും വൈകീട്ട് എത്തുന്ന പ്രശ്‌നമില്ല. കിടപ്പ് രാത്രി കാട്ടില്‍ത്തന്നെ. പുലിയും ആനയും ഇറങ്ങാത്ത എവിടെയെങ്കിലും ഒരിടത്ത് തലചായ്ക്കണം.

കാട്ടിലും മേട്ടിലും...
കുടികളില്‍ മുതുവാന്‍മാരും മൂപ്പന്‍മാരുമുണ്ട്.  ചമ്പായി മൂപ്പത്തിക്ക് പ്രായം തിട്ടമില്ല. നൂറെല്ലാം എന്നേ കഴിഞ്ഞെന്നാണ് വെപ്പ്. കുടിയുടെ കാണിക്കാരന്‍ നാഗലപ്പന്‍ മൂപ്പനേയും കണ്ടു. പുകയില തിന്നു തീര്‍ത്ത ബാക്കി പല്ലുകള്‍ കാണിച്ചു മൂപ്പന്‍ ചിരിച്ചു. കുടികളില്‍ പശുവും ആടുമുണ്ട്.  എല്ലാത്തിനേയും രാത്രി ആട്ടിത്തളിച്ച് കുടികളില്‍ തന്നെയാണ് കെട്ടിയിടുന്നത്.  അലംഭാവം കാണിച്ചാല്‍  നരിക്ക് ശാപ്പാടാവും. കുടികളിലുള്ള ശ്വാനന്‍മാര്‍ പ്രിയയോട് നില്‍ക്കാന്‍ 'കുരച്ച് കുരച്ച്' അപേക്ഷിച്ചെങ്കിലും കാമുകന്‍മാരെ വകവെക്കാതെ അവള്‍ ഞങ്ങള്‍ക്കൊപ്പം തന്നെ പോന്നു.

കൂടലാര്‍ കുത്തിലെ രാത്രി

നിഴലുകള്‍ വീണു തുടങ്ങി. കാട്ടില്‍ രാത്രി പെട്ടന്നു കടന്നു വരും.ഇനി ഇറക്കമാണ്. ഭാരം താങ്ങാന്‍ മറ്റു രണ്ടു പേര്‍ കുടികളില്‍ നിന്ന് ഞങ്ങളോടൊപ്പം വന്നു. പ്രിയ അകലേക്കൊന്നും പോകാതെ  മധുവിനൊപ്പം തന്നെ പറ്റിക്കൂടി. കയറ്റത്തേക്കാള്‍ ഇറക്കമാണ് കഠിനം. തെന്നി പോകാവുന്ന കല്ലുകളില്‍ കാലു വെച്ചാല്‍ വല്ല മരത്തിന്റയും മണ്ടയില്‍ എത്താം. ഒരോ ചുവടും സൂക്ഷിച്ച് സൂക്ഷിച്ചിറങ്ങി ഒരു മലയുടെ അടിയിലെത്തി. എവിടെ നിന്നോ കെട്ടു പൊട്ടിച്ചു വരുന്ന ഒരു നീര്‍ച്ചാല്‍ മുറിച്ചു കടന്നപ്പോള്‍ അതാ മുന്നില്‍ വീണ്ടും മറ്റൊരു മല. ഈ മല കയറ്റത്തിനൊരവസാനമില്ലെ? ഇടതിങ്ങിയ കാടുമൂടിയ മുന്നിലുള്ള മുടിയുടെ പേര് മോതിരംതൂറിയെന്നാണ്. പണ്ട് ഈ വഴിയെങ്ങാന്‍ പോയ ഒരാളെ കടുവ പിടിച്ചുവെന്നും അന്വേഷണത്തിനു പോയ കാട്ടുകൂട്ടത്തിനു ഇവിടെ വെച്ച് അയാളുടെ മോതിരം കടുവകാഷ്ഠത്തോടൊപ്പം കിട്ടിയുമെന്നാണ് കഥ.

കാട്ടിലും മേട്ടിലും...
കാട്ടില്‍ ഇരുട്ടായിത്തുടങ്ങി. പേശികളും ശരീരവും വഴങ്ങിയില്ലെങ്കിലും ഞങ്ങള്‍ കയറ്റം തുടര്‍ന്നു. കയറ്റത്തില്‍ മുകളിലേക്കു നോക്കരുതെന്നാണ് പറച്ചില്‍. കണ്ണെത്തുന്നിടത്തൊക്കെ കയറ്റം കണ്ടാല്‍ മനസ്സു തളരും. പകരം താഴെനോക്കി കയറുക. വീണ്ടും ഈറ്റക്കാടുകള്‍ തുടങ്ങി.  പിണഞ്ഞൊടിഞ്ഞു കിടക്കുന്ന മുളങ്കുരുക്കുകള്‍.  താഴെ ചിതറിക്കിടക്കുന്ന ആനപ്പിണ്ഡങ്ങളില്‍ നിന്ന് ആവി പറക്കുന്നു. അവര്‍ ഇവിടെ എവിടെയൊ ഉണ്ട്. ഒറ്റ വരിയില്‍ ശബ്ദമുണ്ടാക്കാതെ ശ്വാസം പിടിച്ച് പരിഭ്രമത്തോടെ യാത്ര തുടര്‍ന്നു. ഒരു ദിവസം ആന ഏഴുമല താണ്ടുമെന്നാണ് കണക്ക്. കാണുന്നപോലെയല്ല. കയറാനും ഇറങ്ങാനും ആനക്ക് ഒരു പ്രയാസവുമില്ല. കുന്നുകയറിക്കഴിഞ്ഞപ്പോഴേക്കും കൂരിരുട്ടായി. മുളങ്കാട്ടില്‍ ഞങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ഇറങ്ങിയെത്തുന്നത് കൂടലാറിന്റെ തീരത്താണ്. രാത്രി അവിടെ തമ്പടിക്കാം. ഇവിടെ നില്‍ക്കുന്നത് ശരിയല്ല. വഴികാട്ടികള്‍ ഏക സ്വരത്തില്‍ അഭിപ്രായപ്പെട്ടു.  ടോര്‍ച്ചു വെളിച്ചത്തില്‍ തടഞ്ഞും തട്ടിവീണും ഇറക്കം. ഈറ്റക്കൊമ്പുകള്‍ പോറിയ മുറിവുകളില്‍ വിയര്‍പ്പിന്റെ ഉപ്പു വന്നു നീറ്റി. ശരീരത്തിന് ഇനി നീങ്ങാനാവില്ല എന്ന ഘട്ടമെത്തിയപ്പോഴേക്കും വലിയ ഇരമ്പം കേട്ടു. ഇതാ ഒടുവില്‍ താഴെയെത്തി. നനുത്ത നിലാവില്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ കൂടലാര്‍ ഓളം വെട്ടിയൊഴുകുകയാണ്. രാത്രി തങ്ങാന്‍ ഇടം കണ്ടെത്തണം. ആനകള്‍ ഇറങ്ങാത്ത, കടുവയും പുലികളും വരാത്ത ഒരിടം. ആറിന്റെ അപ്പുറത്ത് ഒരു വെള്ളച്ചാട്ടം. കൂടല്ലാര്‍ കുത്ത്. അതിന്റെ ഇരമ്പലാണ് മലയിറക്കത്തില്‍ കേട്ടത്. അതിന്റെ  വലതുഭാഗത്ത് കാടിനോട് ചേര്‍ന്ന് വലിയൊരു പാറക്കെട്ട്. ടെന്റുകളും സ്ലീപ്പിങ്ങ് ബാഗുകളും നിരന്നു. കൂടലാറിലെ കുളി അന്നത്തെ വേദനകളെ ഒഴുക്കിക്കളഞ്ഞു.  മുന്‍കരുതലായി കാടിനോടു ചേര്‍ന്ന് ഭാഗത്തെ പാറക്കെട്ടുകളില്‍ വലിയ ആഴി കൂട്ടി തീകത്തിച്ചു. പച്ചക്കറികള്‍ നിറഞ്ഞ കറികളും ഉണക്കമീനും അച്ചാറുകളും ഒക്കെയായി തകര്‍പ്പന്‍ ഡിന്നര്‍. ഉറക്കമില്ലാത്ത പ്രസാദ് കാവല്‍ നില്‍ക്കാമെന്ന് ഏറ്റു. പുഴയുടെ നടുക്കുള്ള ഒരു പാറക്കെട്ടില്‍ പുതച്ചുമൂടി തീയിട്ട് പ്രസാദ് ചുട്ട കിഴങ്ങുമായി തയ്യാറായി. നിലാവില്‍ കുതിര്‍ന്ന പുഴയും കറുത്തമേടുകളും ആരണ്യഗര്‍ഭത്തില്‍ നിന്നുള്ള ശബ്ദങ്ങളും വനമധ്യരാത്രിയെ സുന്ദരമാക്കി.  മേഘക്കീറുകളില്ലാത്ത ആകാശത്ത് വൈകി വന്ന ചന്ദ്രനും നക്ഷത്രങ്ങളും. കാടിന്റെ ഒരോ നിഴലിനോടു കുരക്കുന്ന പ്രിയയെ നോക്കി 'ദേ ചേട്ടാ എന്തോ അവിടെയുണ്ട്, ദാ ഇവിടെക്കു നോക്കൂ, ഇവിടെയെന്തോ അനക്കമുണ്ട്' എന്നു പറഞ്ഞ്പറഞ്ഞു പ്രസാദ് സ്വയം പേടിച്ചുകൊണ്ടിരുന്നു. ഇടക്ക് എന്തോ കണ്ട് പ്രസാദ് വലിയൊരു കല്ലെടുത്ത് വെളളത്തിലേക്കെറിഞ്ഞു. ആരുടേയോ കാലിനടുത്തു കിടന്ന നായ അതുകേട്ട് ഞെട്ടിയെഴുന്നേറ്റ് പേടിച്ച്  കാട്ടിലേക്ക് ഓടിമറഞ്ഞു. പ്രിയേ പോകല്ലേ എന്ന അപേക്ഷയൊന്നും അവള്‍ ചെവിക്കൊണ്ടില്ല. ഉറക്കം പതുക്കെ പതുങ്ങി വന്നു പിടിച്ചു. പ്രസാദിന്റെ നിലവിളി കേട്ടാണ് ഞെട്ടിയുണര്‍ന്നത്. ''അയ്യോ ചേട്ടാ.. മധുച്ചേട്ടന്റെ സ്ലീപ്പിങ്ങ് ബാഗിനടുത്ത് എന്തോ ജീവി!'' മധുവൊഴിച്ച് എല്ലാവരും എഴുന്നേറ്റു. അണയാറായ നേരിപ്പോടിന്റെ വെളിച്ചതില്‍ ആറിലേക്കു നീക്കിയിട്ട മധുവിന്റെ സ്ലീപ്പിങ്ങ് ബാഗിനടുത്ത് പ്രിയ കിടക്കുന്നു. പ്രസാദിനെ ആവോളം പ്രശംസിച്ച് എല്ലാവരും വീണ്ടും കിടന്നു.

ആനകളെ കടന്ന് കപ്പായത്തിലേക്ക്

പുലര്‍ച്ചെ ഞങ്ങള്‍ വീണ്ടും കാടു കയറി. ഒരു മലകറിയിറങ്ങി കൂടലാര്‍ കുടിയുടെ ശേഷിപ്പുകളിലെത്തി. ആനശല്യം കാരണം ആദിവാസികള്‍  കുടിയൊഴിഞ്ഞു പോയതാണ്.  കാപ്പിച്ചെടികളും മഞ്ഞളും മാതളമരങ്ങളും കുടികളുടെ അവശിഷ്ടങ്ങളില്‍ വന്യമായി വളര്‍ന്നു നില്‍ക്കുന്നു. ആളൊഴിഞ്ഞ കുടിയില്‍ നിന്നും വഴിമാറി ദൂരെ ഒരു ഏറുമാടത്തിനടുത്തേക്കു കുട്ടപ്പന്‍ ചേട്ടന്‍ നടന്നു. ശൂന്യമായ കണ്ണുകളോടെ ഒരാള്‍ ഏറുമാടമിറങ്ങി വന്നു. കുട്ടപ്പന്‍ ചേട്ടന്റെ സഹോദരന്‍. കൊടും കാട്ടില്‍ ഇരവുപകലുകള്‍ എണ്ണാതെ കായും കിഴങ്ങും തിന്ന് ഒറ്റക്കൊരാള്‍.  കനത്ത കാടിനു പകരം റവന്യൂ ഭൂമി കൊടുക്കാമെന്ന അധികൃതരുടെ വാക്കു കേട്ട് പലരും കാടിറങ്ങിയെങ്കിലും ഇതു പോലെ ചിലര്‍ കാടിനെ വിടാന്‍ മടിക്കുന്നു.  സേവ്യര്‍ കൈയ്യിലുണ്ടായിരുന്ന ബിസ്‌കറ്റും അരിയും കൊടുത്തപ്പോഴും അയാള്‍ക്ക് നിസ്സംഗ ഭാവം.
കാട്  തിരശ്ചീനമായ  ഒരു ഹരിതഛായപടം പോലെ മുന്നില്‍ നിന്നു. കയറ്റത്തിന്റെ ഊറ്റം കുറഞ്ഞു. വാരിയം കുടിയുടെ ഭാഗമായ മാണിക്കുടിയില്‍ വിശ്രമിച്ച് വിശപ്പകറ്റി ഞങ്ങള്‍ ഇടമലയാര്‍ കാട്ടിലേക്കു കടന്നു. ദൂരെ ശൂലമുടി കാണാം. കറുത്ത കാടിന്റെ ഉയര്‍ച്ച താഴ്ച്ചകളില്‍ മറ്റെല്ലാത്തിനേയും കാല്‍ച്ചുവട്ടിലാക്കി അതിന്റെ നരച്ച കല്‍മുടി ഒറ്റയാനെപ്പോലെ  ഉയര്‍ന്നു നില്‍ക്കുന്നു. 'ഒരു ദിവസം അതു കയറണം' കൂട്ടത്തില്‍ എനര്‍ജറ്റിക്കായ അഭിലാഷ് പറഞ്ഞു. ''ഉളള വഴി തന്നെ ശ്വാസം വിട്ട് നടക്കാംമ്പറ്റുന്നില്ല, പിന്നാ മുടി'' സരസനായ ശരത്ത് കിതച്ചു മറുപടി നല്‍കി.
ഒരു പുല്‍മേടു താണ്ടി വാരിയം കുടിയിലെത്തി. അവിടെ ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. ചെറുപ്പക്കാരായ രണ്ടു പേര്‍  ഞങ്ങളെ സ്വീകരിക്കാനെത്തി. പുറം ലോകത്തു നിന്നുള്ള ആളുകളെ കണ്ടപ്പോള്‍ അവരുടെ മുഖം ചിരിയാല്‍ വിടര്‍ന്നു. മാന്നാന്‍മാരാണ് അവിടെ കൂടുതലും. ലോകത്ത് ഏറ്റവും വൃത്തിയായി സൂക്ഷിക്കുന്ന ഇടം കുടികളാണെന്ന് അനുഭവത്തില്‍ നിന്നും വ്യക്തമായി. ഒരിലപോലുമില്ലാതെ മുറ്റവും പിന്നാമ്പുറവും. ജീവിതത്തില്‍ ദാരിദ്ര്യത്തിന്റെ പുഴുക്കുത്തു ചിതറിയെങ്കിലും അഴുക്കിന്റെ ചപ്പുചവറുകള്‍ അവിടെയെങ്ങും കാണില്ല. കുടികള്‍ പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രമുള്ള സ്വകാര്യതയാണ്. കൗമാരക്കാരും പ്രായമുള്ളവരും രാത്രി ചാവടികളിലാണ് അന്തിയുറങ്ങുക. ആചാരങ്ങള്‍ കര്‍ശനം. പ്രായപൂര്‍ത്തിയായ സ്ത്രീയെ തൊടാന്‍ പാടില്ല. തൊട്ടാല്‍ കല്ല്യാണം കഴിക്കേണ്ടി വരും. സ്ത്രീകള്‍ കുടചൂടാനും മുട്ട തിന്നാനും പാടില്ല. ഭൃഷ്ടാവും. വിവാഹിതരായാല്‍ ചെറുപ്പക്കാര്‍ കുടിയിലേക്കു പോകും. കാറ്റിനെ തടുക്കുന്ന കാറ്റുപട്ടയോടുകൂടിയുള്ള രണ്ടു മുറി വീടുകളിലാണ് മുതുവാന്‍മാര്‍ താമസിക്കുന്നത്.
മലക്കപ്പാറയെത്തിയാല്‍ പട്ടിയെ എന്തു ചെയ്യും എന്നത് ചോദ്യചിഹ്നമായി മുന്നില്‍ നിന്നു. മലക്കപ്പാറ പുലിയുടെ വിഹാരകേന്ദ്രമാണ്. പട്ടിയെ ബസ്സിലോ കാറിലോ കൊണ്ടു പോകാനും പറ്റില്ല. ''നല്ല പട്ടിയാ, അതിവിടെ കിടക്കട്ടെ'' ചിന്നത്തമ്പി തീര്‍പ്പു കല്‍പ്പിച്ചു. ചിന്നത്തമ്പിയുടെ സഹോദരിയുടെ കുടി ഇവിടെയുണ്ട്.  പ്രിയയെ സ്‌നേഹത്തോടെ വിളിച്ചപ്പോള്‍ അവള്‍ ഓടിപ്പോയെങ്കിലും പിന്നെ വാലാട്ടി അടുത്തു വന്നു. ചിന്നത്തമ്പി ഓലപ്പാന്തം കൊണ്ടു തുടലുണ്ടാക്കി കെട്ടി അവളെ കുടിയിലേക്കു കൊണ്ടു പോയി. കുതറാന്‍ ശ്രമിക്കാതെ അവള്‍ ഞങ്ങളെ തിരിഞ്ഞു നോക്കി നിര്‍ത്താതെ വാലാട്ടി ഒന്നു കുരക്കുകപോലും ചെയ്യാതെ പോയി. ''ഇതാണ് ഒരു ജീവിയേയും വളര്‍ത്തരുതെന്നു പറയുന്നത്'' കണ്ണു തുടച്ച്  പ്രസാദ് പറഞ്ഞു. ഞങ്ങള്‍ വിഷമത്തോടെ കുടിയിറങ്ങി.

രാത്രിക്കു മുമ്പ് കപ്പായത്തെത്തണം. കാട്ടില്‍ പത്തു മുപ്പതു കിലോമറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഇടമലയാര്‍ റിസര്‍വോയറിന്റെ തുടക്കമവിടെയാണ്. മാവേലിമേട് കുത്ത് അവിടെ തടാകത്തില്‍ വന്നു ചേരുന്നു. ഇടയ്‌ക്കൊരു മഴപെയ്തു തോര്‍ന്നു. മഴക്കാടിലെ പതിവുകളിലൊന്ന്. കാടിന്റെ ചെത്തവും ചൂരും മഴയില്‍ തളിര്‍ക്കും. കുളിച്ചീറനണിഞ്ഞു വരുന്ന നവോഢയെപ്പൊലെ കാടപ്പോള്‍ നാണിച്ചു കൂമ്പും.

കണ്ടത്തില്‍ കുടിയിലെത്തിയപ്പോള്‍ ആനയുണ്ടെന്നു മന്നാന്‍മാര്‍ പറഞ്ഞു. കുടിയില്‍ നിന്ന് പടക്കം പൊട്ടിച്ച് ഓടിച്ചു വിട്ടതാണ്. വഴിയില്‍ കണ്ടേക്കാം. വരുന്നതു വരട്ടെയെന്നു കരുതി പുല്‍മേടു കയറി ഒരു പരപ്പിലെത്തി. മുന്നില്‍ പുല്ലു നിറഞ്ഞ ഒരു മൈതാനമാണ്. അപ്പുറം മരങ്ങള്‍ തിങ്ങിയ ഇടതൂര്‍ന്ന കാടിന്റെ കനപ്പ്. മൈതാനം പകുതി താണ്ടിപ്പോള്‍ വിചിത്രമായോരു ശബ്ദവും, ചിന്നത്തമ്പിയുടെ  ആന എന്ന വിളിയും കേട്ടു. ആന കൊക്കിയതാണ്. അമറല്‍. മോഴയുടെ ഭീഷണി.  മൈതാനത്തിനപ്പുറത്തുള്ള കാട്ടില്‍ അവനും  സംഘവും ഉണ്ട്. കുടിയില്‍ നിന്ന് പടക്കമെറിഞ്ഞ് ഓടിച്ചതിന്റെ കലിയിലാണവന്‍. തുറന്ന മൈതാനത്ത് അന്തം വിട്ടു  നില്‍ക്കുന്ന ഞങ്ങള്‍ അവന്റെ ദൃഷ്ടിപഥത്തിലാണ്. ''ഒാടാന്‍ തയ്യാറായി നില്‍ക്കുക.'' നൗഷാദ് പറഞ്ഞു. ''ചാര്‍ജു ചെയ്താല്‍ വശത്തേക്കോടുക. തമ്മില്‍ മുട്ടി വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.'' എത്ര സിമ്പിളായാണീ പഹയന്‍ പറയുന്നത്! ഓടാന്‍ പറ്റില്ലെന്നു തീര്‍ച്ച. കാലിനെ ഭയം ചങ്ങല കൊണ്ടു കെട്ടിയിട്ടിരിക്കുന്നു. മൈതാനത്തിന്റെ ഒരു വശത്ത് അപ്പടി താഴ്ച്ചയാണ്. ഞങ്ങള്‍ ഭാരങ്ങളൊഴിച്ച് അരികിലെ പടര്‍പ്പിനുള്ളിലേക്കു മാറി. പടര്‍പ്പുകള്‍ക്കുള്ളില്‍ ചില മരങ്ങള്‍. അതു കഴിഞ്ഞാല്‍ താഴ്ച്ച. നടുവൊടിഞ്ഞാലും ജീവന്‍ കിട്ടും. അരമണിക്കൂറോളം തിരനോട്ടം നീണ്ടു.

ഗ്വാഗ്വാ വിളികളല്ലാതെ അവന്‍ പുറത്തേക്ക് വന്നില്ല. ശബ്ദമുണ്ടാക്കാതെ, ഓടാതെ, ഒറ്റ വരിയില്‍ തന്റെ പിന്നാലെ വരാന്‍ ചിന്നത്തമ്പി ആവശ്യപ്പെട്ടു. ചില്ലയെടുത്തു നിലത്തടിച്ചും അമറിയും ചവിട്ടിയും മോഴയും സംഘവും ഭീഷണി തുടര്‍ന്നു. വശത്തേക്കു കണ്ണു പായിക്കാന്‍ പേടിച്ച്, ഭീകരസിനിമ മുഖം പൊത്തിക്കാണുന്ന കുട്ടികളുടെ മുഖഭാവത്തോടെ ശ്വാസമടക്കിപ്പിടിച്ച് ഞങ്ങള്‍ നടന്നു. കയറ്റമില്ലാത്ത കാട്ടു പാത കഴിയാറായപ്പോള്‍ ശരത്ത് വാ തുറന്നു. ''ഛെ, കാണാന്‍ പറ്റിയില്ല.'' പതിനെട്ടു കണ്ണുകളുടെ  തീഷ്ണതയില്‍ ശരത്ത് തന്റെ പ്രസ്താവന നിരുപാധികം പിന്‍വലിച്ചതായി മുഖം കൊണ്ടറിയിച്ചു.

കപ്പായത്തിലെ കാഴ്ച്ചകള്‍

ആനയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയവരെ മീങ്കുളംകുടിയിലെ മാന്നാന്‍മാര്‍ കട്ടന്‍ചായ കൊണ്ടു സ്വീകരിച്ചു. ആന വഴിയിലുള്ളതിനാല്‍ പോകാന്‍ മടിച്ചു നില്‍ക്കുകയാണ് ഈറ്റ വെട്ടുകാര്‍. മീന്‍കുളംകുടിയിലെ ചിലര്‍ കപ്പായം വരെ വരാമെന്നു പറഞ്ഞു. ''വന്നോട്ടെ, കുത്തനെ ഇറക്കമാണിനി, ചുമടു താങ്ങി ഇറങ്ങിപ്പറ്റാനാവില്ല'' കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു.  അന്തമില്ലാത്ത ഇറക്കം തുടങ്ങി.  ഒരു കാലിനു മാത്രം വീതിയുള്ള കഠിനമായ ഇറക്കങ്ങള്‍. കാലിന്റെ ക്ലച്ചും ബ്രേക്കും ജാമായി. വിയര്‍ത്തു കുളിച്ചു നിരങ്ങി നീങ്ങി വന്ന ഞങ്ങളെ എതിരേറ്റത് മുന്നില്‍ നടന്ന കുട്ടപ്പന്‍ ചേട്ടന്റെ ചിരിയാണ്. ''ആയത്തെങ്ങിന്റെ കള്ളുണ്ട് വേണോ..?''  ഈ പ്രത്യേക കാട്ടു പനയുടെ കള്ള് ആദിവാസികളുടെ ഇഷ്ടപാനീയമാണ്. ആവേശത്തോടെ ചിലര്‍ അയാളെ കെട്ടിപ്പിടിച്ചു. ഇളനീരിന്റെ വീര്യമേറിയ മധുരം. ആയത്തെങ്ങിന്റെ കള്ളു കുടിച്ചാല്‍ അണയ്ക്കില്ലത്രെ. പക്ഷെ അധികം ചെലുത്തിയാല്‍ വയറിളക്കം പിടിക്കും. മുളംതണ്ടില്‍ ശേഖരിച്ചു വെച്ച കള്ള് ഉള്ളും ഉടലും തണുപ്പിച്ചു.

കുത്തനെയുള്ള ഇറക്കം കനത്ത പാറക്കെട്ടുകളിലൂടെയായി. റോക്ക് ക്ലൈമ്പിങ്ങിനു പറ്റിയ ഇടം. ദുഷ്‌കരമായ കല്‍ക്കൂട്ടങ്ങള്‍ യാത്രയുടെ വൈഷമ്യമേറ്റി. വഴുക്കുള്ള പാറകളില്‍  പൊത്തിപ്പിടിച്ചും ഒഴുക്കുകള്‍ മുറിച്ചു കടന്നും ഞങ്ങള്‍ സാവധാനം മുന്നേറി. വിശ്രമിക്കാന്‍ നേരമില്ല. കപ്പായത്ത് രാത്രി വീണാല്‍ സകല ജന്തുക്കളും പുറത്തിറങ്ങും. അതിനു മുമ്പ് ടെന്റടിക്കണം. ഇറങ്ങും തോറും പാറക്കെട്ടുകള്‍ കൂടിത്തുടങ്ങി. ഇടക്കൊരു ഈറ്റക്കാടു കടന്ന് ഞങ്ങള്‍ ആ അത്ഭുത ദൃശ്യത്തിനു മുന്നിലെത്തി.  മുന്നില്‍  കൊടും കാടുകളാല്‍ അതിരിട്ട് സര്‍പ്പസുന്ദരിയെ പോലെ  വളഞ്ഞു പുളഞ്ഞു വിശാലമായി ശയിക്കുന്ന ഇടമലയാര്‍ തടാകം! പിന്നില്‍ പടുകൂറ്റന്‍ പാറക്കൂട്ടങ്ങളുടെ ഇടയില്‍ നിന്നും ശ്ബദകോലാഹലത്തോടെ  നുരച്ചിറങ്ങി വരുന്ന മാവേലിമേട്ക്കുത്തും അതു തീര്‍ക്കുന്ന മണല്‍ തിട്ടകളും. അക്കരെ കപ്പായത്തെ കാടു പൊതിഞ്ഞ മുടികള്‍..!  ഒരു അതീത ലോകത്തെത്തിയ പ്രതീതി. കെട്ടും ഭാണ്ഡവും അഴിച്ചെറിഞ്ഞു ഞങ്ങള്‍ ആര്‍ത്തു വിളിച്ചു, മണല്‍ത്തിട്ടയില്‍ കുത്തി മറിഞ്ഞു, പിന്നെ  പ്രകൃതിയൊരുക്കിയ സൗന്ദര്യഗാംഭീര്യത്തിനു മുന്നില്‍ നിര്‍നിമേഷരായി നിന്നു. വിശാലമായ ആ മണല്‍പ്പരപ്പില്‍ രാത്രിതങ്ങാനുള്ള ഞങ്ങളുടെ ആവശ്യം കുട്ടപ്പന്‍ ചേട്ടന്‍ തള്ളിക്കളഞ്ഞു. ''അക്കരെ കടന്നാലെ രാവിലെ മലക്കപ്പാറ പിടിക്കാന്‍ പറ്റൂ, ഇവിടെ രാത്രി പോത്തും ആനയും നരിയുമിറങ്ങും''.  ഇടമലയാറില്‍ മീന്‍പിടിക്കാനിങ്ങിയ മുതുവാന്‍മാര്‍ ഒച്ചയും ബഹളവും കേട്ടെത്തി, പോണ്ടികളില്‍ ഞങ്ങളെ ഒരോരുത്തരായി അക്കരെ കടത്തി. കാടിനേയും ഇടമലയാറിനേയും മുഖംനോക്കി നില്‍ക്കുന്ന വിശാലമായൊരു പാറക്കെട്ടില്‍ ഞങ്ങള്‍ ടെന്റടിച്ചു. അതിന്റെ വശത്തു നിന്നും ഇറങ്ങി വരുന്ന വെള്ളപ്പാച്ചിലില്‍ വിശാലമായി കുളിച്ചു. ഇടമലയാറില്‍ നിന്നും ചുട്ടു തിന്നാന്‍ മീന്‍ പിടിച്ചു. കലഹമുണ്ടാക്കുന്ന നീര്‍നായ്ക്കളെ കണ്ടു. പിന്‍കാടില്‍ നിന്നും ആരും ഇറങ്ങി വരാത്തവിധം തീയിട്ട്, തണുപ്പില്‍ ലയിച്ചു കിടന്നു. (ഒരാഴ്ച്ച കഴിഞ്ഞ് മവോവാദികള്‍ കപ്പായം മുറിച്ചു കടന്നു എന്ന  വാര്‍ത്ത വായിച്ച് ഞങ്ങള്‍ ശ്വാസം മുട്ടുവോളം ചിരിച്ചു).

മലക്കപ്പാറയിലേക്കുള്ള കയറ്റം

പുലര്‍ച്ചെ നോക്കിയപ്പോള്‍ അപ്പുറത്തെ മണല്‍തിട്ടകളെല്ലാം വെള്ളമെടുത്തു പോയിരിക്കുന്നു. കപ്പായത്തോടു വിടപറഞ്ഞ് ഞങ്ങള്‍ മലക്കപ്പാറയിലേക്കുള്ള കയറ്റം തടുങ്ങി. മാന്നാന്‍മാരുടെ ആറെക്കപ്പം കുടി കഴിഞ്ഞാല്‍ വീണ്ടും വന്യമായ ഭൂരാശികളാണ്.  കയറ്റത്തിന്റെ ഒരോ തിരിവിലും ഇടമലയാര്‍ അവളുടെ മോഹിപ്പിക്കുന്ന വടിവുകള്‍ ഉദാരതയോടെ കാണിച്ചു തന്നു. അപ്പുറത്തു ഞങ്ങള്‍ രണ്ടു ദിനം നടന്ന മഹാവിപിനങ്ങള്‍.! കാടിന്റ നിറം പതുക്കെ പകര്‍ന്നു. ഇടതൂര്‍ന്ന വൃക്ഷജാലങ്ങള്‍ പൊട്ടിത്തെറിച്ച പൂമരങ്ങള്‍ക്കും ശലഭോദ്യാനങ്ങള്‍ക്കും വഴിമാറി. വലിയൊരു കയറ്റത്തിനൊടുവില്‍ ഞങ്ങള്‍ ഒരു തേയിലത്തോട്ടത്തിലെത്തി. ''അതാ അക്കാണുന്ന വളവു കഴിഞ്ഞാല്‍ മലക്കപ്പാറ റോഡായി''. നൗഷാദ്  ദൂരേക്ക് ചൂണ്ടിക്കാണിച്ചു. മൂന്നു ദിനം വിടാതെകൂടെയുണ്ടായിരുന്ന മുളവടി, തിരിച്ചിറങ്ങുന്ന ഏതെങ്കിലും പാന്ഥന്‍മാര്‍ക്കായി വഴിയരികില്‍ കാത്തുവെച്ച് ഞങ്ങള്‍ റോഡു ലക്ഷ്യമാക്കി നടന്നു.

Along the jungles encompassing  Mankulam, Anakkulam, Kuttampuzha and Sholayar ranges

Location:  The rout spreads out in Idukki, Ernakulam and Thrissur distircts
Distance: 45 km (Approximate)
Trekking Type: Hard to Extreme

How to reach
Mankulam is connect by road from Adimali, (25 km) in Idukki District.  Buses ply from Adimali to Mankulam at frequent intervels. Anakkulam is  again17 km south east deep to Mankulam. One has to hire four wheel jeeps to negotiate the bumpy patch of road to Anakkulam. The exit point, Malakkappara in Thrissur dt. is a  tea town bordering Tamilnadu.  The last bus to Chalakkudi from Malakkappara departs at 1.15 pm.
Note: One have to procure prior special permission from the Department of Forest for trekking . (www.forest.kerala.gov.in)

Contact
Noushad (General Secretary,
Cochin Adventure Foundation)
9961631096.
www.cochinadventure.org