തെന്‍മലയില്‍ നിന്ന് പുലര്‍ച്ചെ ആര്യങ്കാവ് വഴിയുള്ള ബസ് യാത്ര റോസ് മലയില്‍ അവസാനിച്ചപ്പോഴാണ് ഇനി അങ്ങോട്ട് റോഡില്ലെന്ന് മനസ്സിലായത്. ഹരീഷിനൊപ്പം ബസ്സില്‍ നിന്നു പുറത്തേക്കിറങ്ങുമ്പോള്‍ അവിടെ അഡ്വ. അരുണും മാന്നാനം കോളേജിലെ അസിസ്റ്റന്റ ് പ്രൊഫസര്‍ വിനു കെ. ജോര്‍ജും കാത്തുനില്‍പ്പുണ്ടായിരുന്നു.  അവരാണ് ചെന്തുരുണി സങ്കേതത്തിലെ 'ഇടിമുഴങ്ങന്‍ നൈറ്റ്' എന്ന ഇക്കോ ടൂര്‍ പാക്കേജ് രണ്ടു ദിവസത്തേക്ക് ബുക്ക് ചെയ്തത്. രണ്ടുപേരും ഒഴിവു ദിനങ്ങളിലും അല്ലാതെയുമൊക്കെ കാടുകയറുന്ന കൂട്ടര്‍. അരുണിന്റെ ഭാര്യയാണ് ചെന്തുരുണിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി.

മുന്നില്‍ നേരിയ മൂടല്‍മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന കാനനം. പക്ഷികളുടെ പ്രഭാതക്കച്ചേരി കേള്‍ക്കാം. വന്‍മരങ്ങള്‍ക്കു ചുവടെക്കൂടി പോകുന്ന കാട്ടുപാത. റോസ് മലയില്‍ ആകെയുള്ള ഒരു ചായക്കടയില്‍ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു. വനം വകുപ്പിലെ രണ്ട് വാച്ചര്‍മാര്‍ ഞങ്ങളുടെ വഴികാട്ടികളായി എത്തി.

ചെന്തുരുണിയിലെ ഇടിമുഴങ്ങന്‍ രാത്രിയില്‍


''ഇനി അങ്ങോട്ട് പന്ത്രണ്ട് കിലോമീറ്റര്‍ ഹാര്‍ഡ് ട്രെക്കിങ് ആണ്. വൈകീട്ട് മഴ വരുന്നതിനു മുന്‍പ് ഹട്ടില്‍ എത്തണം.'' അരുണ്‍ പറഞ്ഞു.
കാട്ടുവഴിയിലേക്ക് കാലു വെച്ചപ്പോള്‍ ചൂളക്കാക്കയുടെ കച്ചേരിയാണ് ഞങ്ങളെ എതിരേറ്റത്. കടുംചുവപ്പ് പൂക്കളാല്‍ ആവരണം ചെയ്തു നിന്ന ഒരു മൂട്ടില്‍കായ് വൃക്ഷം കാടിന്റെ കടുത്ത പച്ചയില്‍നിന്ന് കാഴ്ചയില്‍ തെളിഞ്ഞു. ഒന്നുരണ്ട് അട്ടകള്‍ തറയിലെ പഴുത്തളിഞ്ഞ ഇലകള്‍ക്കിടയില്‍ നിന്നു തലനീട്ടി. ഏകദേശം മൂന്നു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ പള്ളിവാസല്‍ എന്ന സ്ഥലത്ത് എത്തി. ഇവിടെയാണ് ദിവ്യനെന്ന് അറിയപ്പെട്ടിരുന്ന 'പള്ളിവാസല്‍ തങ്ങള്‍' ശരീരം വെടിഞ്ഞത്. അദ്ദേഹത്തിന്റെ കബറിടം, കടന്നുപോകുന്ന പാതയ്ക്കരികിലാണ്. ആടിനെ വെട്ടി ബിരിയാണി ഉണ്ടാക്കി കഴിക്കുന്നതാണ് ഇവിടത്തെ പ്രധാന ചടങ്ങ്. കൂടെ വന്ന വാച്ചര്‍മാര്‍ കബറിടത്തിനുമുന്നില്‍ പ്രാര്‍ഥനാ പൂര്‍വം ചന്ദനത്തിരികള്‍ കത്തിച്ചുെവച്ചു. ഈ വഴി കടന്നുപോകുന്നവരെല്ലാം ചെയ്യുന്ന ഒരു ചടങ്ങാണ് അത്.

ചെറിയ കയറ്റിറക്കങ്ങളിലൂടെ യാത്ര പൊടുന്നനെ റിസര്‍വോയറിന്റെ തീരത്തേക്കിറങ്ങി. ചെങ്കല്‍ നിറമാര്‍ന്ന തടാകതീരം.  ആകാശത്തിന്റെ നീലനിറം പ്രതിഫലിക്കുന്ന ഓളങ്ങള്‍ ഇല്ലാതെ നിശ്ചലമായി കിടക്കുന്ന റിസര്‍വോയര്‍. അതിനുമപ്പുറം കടുംപച്ചയില്‍ പൊതിഞ്ഞ  മലനിരകള്‍. ഞങ്ങള്‍ ആഹ്ലാദത്തോടെ തടാക തീരത്തിലൂടെ നടന്നു. അധിക സമയം അത്തരം ആനന്ദം നിലനിന്നില്ല. വെയിലിനു തീക്ഷ്ണതയേറി. ഉരുളന്‍ കല്ലുകള്‍ വഴിനീളെയുണ്ട്. കാലൊന്ന് തെറ്റിയാല്‍ തടാകത്തിലേക്ക് ചരിഞ്ഞുകിടക്കുന്ന പാതയിലൂടെ താഴേക്ക് പോകും. വാട്ടര്‍ ബോട്ടിലില്‍ കരുതിയിരുന്ന വെള്ളമെല്ലാം തീര്‍ന്നപ്പോള്‍ നീര്‍ച്ചാലിലെ തണുത്ത വെള്ളം കുടിച്ച് ദാഹമകറ്റി. പിന്നെ അങ്ങോട്ട് വഴി നിറയെ ആനകളുടെ കാലടയാളങ്ങളും ആനപ്പിണ്ടങ്ങളും കാണാന്‍ തുടങ്ങി. കാലടയാളങ്ങളെ പിന്തുടര്‍ന്ന് ഒരു ചെറു ചതുപ്പ് മുറിച്ചു കടക്കുന്നതിനിടയില്‍ അരുണ്‍ അതില്‍ ഉറച്ചുപോയി. കയറിവരാന്‍ പറ്റാത്ത തരത്തില്‍ നിന്ന അദ്ദേഹത്തെ വാച്ചര്‍ വലിച്ചു കയറ്റി. പാറക്കല്ലുകളില്‍ നിന്നും അടുത്ത പാറയിലേക്ക് ചാടി ചതുപ്പ് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഹരീഷ് കാലുവഴുതി ചതുപ്പില്‍!

ചെന്തുരുണിയിലെ ഇടിമുഴങ്ങന്‍ രാത്രിയില്‍


കാലിനേറ്റ ചെറിയ പരിക്കുകളോടെ ഹരീഷ് എഴുന്നേറ്റു. ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു. ചിലപ്പോള്‍ ഒരു മരുഭൂമിയിലൂടെ നടക്കുന്നപോലെയും മറ്റു ചിലപ്പോള്‍ വൃക്ഷങ്ങളുടെ ശ്മശാനത്തിലൂടെ കടന്നുപോകുന്നപോലെയുമൊക്കെ തോന്നിച്ചു. തടാകക്കരയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മഹാവൃക്ഷത്തിന്റെ ജീവന്‍ വെടിഞ്ഞ ശരീരം. അതിന്റെ നീളവും വലുപ്പവും കണ്ട് അദ്ഭുതപ്പെട്ടുപോയി. അതിനരികിലൂടെ നീങ്ങിയ ഞങ്ങള്‍ ഉറുമ്പിന്‍കൂട്ടം പോലെ ചെറുതായി. എന്നോ കടപുഴകി വീണ അതിന്റെ വേരുകളൊക്കെ ഏതോ കാലത്തെ ഫോസില്‍ പോലെ ക്യാമറക്കണ്ണില്‍ നിറഞ്ഞു.

വെയില്‍ അതികഠിനമായപ്പോള്‍ അവിടെനിന്നു നീങ്ങി. ചെറിയൊരു വൃക്ഷച്ചുവട്ടിലെ നിഴലില്‍ ഞങ്ങളേയും കാത്ത് വാച്ചര്‍മാര്‍ ഇരിപ്പുണ്ടായിരുന്നു. ഒരു വെട്ടിപ്പഴമരവും! തറയിലാകെ പഴുത്തു വീണുകിടക്കുന്ന ചെറുപഴങ്ങള്‍ ഏറെ സ്വാദിഷ്ഠമായിരുന്നു. 'കാടായ കാട് മുഴുക്കെ വെട്ടിപ്പഴം നിറഞ്ഞുകിടക്കുകയാണെന്നും പക്ഷികളും മറ്റും തിന്നുമടുത്തിട്ടാണ് ഇവയൊക്കെ ഇങ്ങനെ കിടക്കുന്നതെന്നും' വാച്ചര്‍മാര്‍.

പച്ചക്കാടിന് മധ്യേ പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു മരം അത് ഞങ്ങള്‍ക്കായി കാടൊരുക്കി വെച്ച പൂച്ചെണ്ട് കണക്കെ ക്യാമറക്ക് മിഴിവേറി. കാടങ്ങനെ ഒക്കെ ആണല്ലോ... പൊടുന്നനെ അദ്ഭുതവും സൗന്ദര്യവും വാരിവിതറി യാത്രികരെ തന്നോട് ചേര്‍ത്തുനിര്‍ത്തുമത്.
കുറച്ചകന്നുമാറി തടാകക്കരയിലെ ഇളം പുല്ലില്‍ ഒരു കൂട്ടം ആനകള്‍.

ഒരു പുല്‍ക്കാടിന് അറ്റത്താണ് ഇടിമുഴങ്ങന്‍ ക്യാമ്പ് ഷെഡ്. അതിനു പിന്നില്‍ കാടിന്റെ കടുത്ത പച്ച. അരയ്‌ക്കൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍വഴിയിലൂടെ ക്യാമ്പിലേക്ക് നടന്നു ചെന്നപ്പോള്‍ അത്രയ്‌െക്കാന്നും പ്രതീക്ഷിച്ചില്ലായിരുന്നു. ലളിതവും മനോഹരവുമായ താമസസ്ഥലം.
2011-ല്‍ ഇപ്പോഴുള്ള വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി ചാര്‍ജ് എടുത്തതിനുശേഷമാണ് ചെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രത്തിന് ജീവന്‍ വെച്ചത്. കാട് കാണാനും ആസ്വദിക്കാനും പഠിക്കാനുമായി പൊതുജനങ്ങള്‍ക്കായി ഒത്തിരി സംരംഭങ്ങളാണ് കാടിന് ക്ഷതമേല്‍ക്കാതെ അവരവിടെ നടപ്പാക്കിയത്. അതിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന വള്ളിയില്‍ ഗോപിനാഥിന്റെ സര്‍വപിന്തുണയും ഉണ്ടായിരുന്നു.
ഇടിമുഴങ്ങന്‍ ക്യാമ്പിലെ ശ്രീക്കുട്ടനാണ് ആഹാരത്തിന്റെ രുചിക്കൂട്ടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ചെന്തുരുണിയിലെ ഇടിമുഴങ്ങന്‍ രാത്രിയില്‍


വരാന്തയിലെ കസേരയില്‍ ചാരിയിരുന്ന് പുറത്തെ വിശാലമായ പുല്‍പ്പരപ്പിലേക്ക് നോക്കി ആഹാരം കഴിക്കുമ്പോള്‍ ശ്രീക്കുട്ടന്റെ ചപ്പാത്തിക്കും കറിക്കുമെല്ലാം സ്വാദേറും. വെയില്‍ ചാഞ്ഞപ്പോള്‍ പുല്‍പ്പരപ്പില്‍ ആനക്കൂട്ടവും കാട്ടുപോത്തുകളും നിറഞ്ഞു. പാറക്കെട്ടില്‍ മറഞ്ഞും പുല്‍പ്പരപ്പില്‍ കമിഴ്ന്നും അവയ്ക്കരികിലേക്ക് ഞങ്ങള്‍ നീങ്ങി. വെയില്‍ ചാഞ്ഞപ്പോള്‍ മടക്കം.

ഇരുള്‍ പരന്നപ്പോള്‍ വൃക്ഷങ്ങളെല്ലാം ശോഭിക്കാന്‍ തുടങ്ങി. മിന്നാമിനുങ്ങുകള്‍! നക്ഷത്രങ്ങള്‍ക്ക് കീഴെ ഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ഇടിമുഴങ്ങി.
''ഇടിമുഴങ്ങന്‍ നൈറ്റ്‌സ്... ഇപ്പോഴാ അര്‍ഥവത്തായത്...'' വിനു പറഞ്ഞുതീര്‍ന്നില്ല, മഴ ആരംഭിച്ചു. മഴയുടെ താളത്തില്‍ സുഖകരമായ നിദ്ര.
പുലര്‍ച്ചെ മലമുഴക്കി വേഴാമ്പലിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. വരാന്തയില്‍ നിന്നു നോക്കുമ്പോള്‍ രണ്ട് കാട്ടുപോത്തുകളുടെ ഉഗ്ര സംഘട്ടനം. പിന്നെ താമസിച്ചില്ല, കാടിന്റെ കണി ക്യാമറയിലാക്കാന്‍ അങ്ങോട്ട് നീങ്ങി. തൊട്ടരികിലെ പാറയില്‍ വെയില്‍ കായുന്ന ഉടുമ്പ് തല ചരിച്ച് ക്യാമറയിലേക്കൊന്നു നോക്കി. അന്ന് പകല്‍മുഴുക്കെ ആനക്കൂട്ടങ്ങളോടൊപ്പമായിരുന്നു ഞങ്ങളുടെ സഞ്ചാരം എന്നു പറയാം. പക്ഷികളും പൂമ്പാറ്റകളും അപൂര്‍വമായ ചെറു തവളകള്‍ പോലും ഇടിമുഴങ്ങാനിലെ ദിനങ്ങളെ സമ്പന്നമാക്കി.

അടുത്ത നാള്‍ ഞങ്ങളെ തിരികെ കൊണ്ടുപോകാനുള്ള ബോട്ടിലേക്ക് കയറുമ്പോള്‍ വെറുതെ ഒന്നു തിരിഞ്ഞുനോക്കി. തടാകക്കരയിലെ ആനക്കൂട്ടം കാടിനകത്ത് മറഞ്ഞു നിന്ന് ഞങ്ങളെ നോക്കുന്നുണ്ടാകുമോ? ഹരീഷ് തിരിഞ്ഞുനിന്ന് കാടിന് നേരെ കൈവീശി. ''വീണ്ടും വരാം.''

Shenduruny Wildlife Sanctuary is situated on the southern part of  the Western Ghats, in Pathanapuram, Kollam ditsrict of Kerala. 66 km from Kollam on the kollam- Shencottai Road.  The sanctuary is spread over an area of 100.32 km. There is plenty of scope for trekking in this particular part of the Western Ghats. Trekkers would find many different landscapes along with small mountain ranges around the sanctuary area.

Get There   Buses are available from Thiruvananthapuram and Kollam. Getdown at Thenmala dam jn. (Thiruvananthapuram- 75 kms kollam-66, Chenkottai-30.).
Punalur(21), Kollam (66), Shencottai (31)   Thiruvananthapuram (72).

Contact
Wild Life Warden, Shenduruney Wild life division  - 0475 2344600,  9447979081
Tourism Promotion Officer, Thenmala Eco tourism Promotion Society - 0475 2344800
Assistant Wildlife Warden, Shenduruney Wild life Sanctuary - 0475 2344300 , 91 8547602930
DTPC Kollam - 04742750170/7

ചെന്തുരുണി വന്യജീവി സങ്കേതത്തിലെ ഇക്കോടൂര്‍ പാക്കേജാണ് ഇടിമുഴങ്ങന്‍ നൈറ്റ്‌സ്. ആറു പേര്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പെടെ ഒരു രാത്രിക്ക് 10,000 രൂപയാണ് നിരക്ക്.  ബോട്ടില്‍ കൊണ്ടുപോവുകയും തിരിച്ചുകൊണ്ടുവിടുകയും ചെയ്യും. അല്ലെങ്കില്‍ ട്രെക്കിങ് തിരഞ്ഞെടുക്കാം. നിത്യഹരിതവനത്തിലൂടെയുള്ള ട്രെക്കിങ് അവിസ്മരണീയമായൊരു അനുഭവമാകും. ഫോറസ്റ്റ് ഗാര്‍ഡും ഗൈഡും കൂടെയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍. 8547567935

അഗസ്ത്യ മല ജൈവവൈവിധ്യ സംരക്ഷണമേഖലയില്‍ പെട്ടതാണ് ചെന്തുരുണി സങ്കേതം. ചെങ്കുറിഞ്ഞി എന്ന അപൂര്‍വ പുഷ്പമുള്ളതിനാലാണ് ആപേരു വീണത്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഈ മേഖല. പേപ്പാറ ഡാം, കാട്ടുജാതി കïല്‍ തുടങ്ങി എട്ടു വ്യത്യസ്ത വനമേഖലകളാണ് ഇവിടെയുള്ളത്.

റിസര്‍വോയര്‍ വാക്ക്, മിസ്റ്റിറിക്ക വാക്ക്, വെറ്റ് & വൈല്‍ഡ് ട്രയല്‍, എടപ്പളയം മൗണ്ട് ഹൈക്കിങ്, കുറുന്തോട്ടി ടോപ് ഹട്ട്, തുടങ്ങിയവയാണ് ചെന്തുരുണി സങ്കേതത്തിലെ മറ്റു എക്കോ ടൂര്‍ പാക്കേജുകള്‍. തെന്‍മലഡാം, പാലരുവി വെള്ളച്ചാട്ടം, കുറ്റാലം വെള്ളച്ചാട്ടം എന്നിവയാണ് സമീപത്തെ മറ്റ് ആകര്‍ഷണങ്ങള്‍.