വര്‍ഷങ്ങളായി പാണ്ടിപ്പത്തില്‍ പോകുന്നു. ഇതവസാനത്തെ യാത്രയായിരിക്കുമെന്ന് ഓരോ തവണയും വിചാരിക്കും. പക്ഷേ, പാണ്ടിപ്പത്ത് വീണ്ടും വിളിക്കും. എന്താണെന്നറിയില്ല അങ്ങനെയൊരു രസതന്ത്രം ഞാനും പാണ്ടിപ്പത്തും തമ്മിലുണ്ട്. ഓരോ തവണയും ഓരോ കാഴ്ചകളും അനുഭവവുമാണ് അതെനിക്ക് നല്‍കുന്നത്. അല്ലെങ്കിലും പ്രകൃതി അങ്ങനെയാണല്ലോ.

പാണ്ടിപ്പത്തിലെ പുല്‍മേടുകളും പാറക്കെട്ടുകളും...

മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ആദ്യം പാണ്ടിപ്പത്തിലെത്തുന്നത്. ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നില്ല. വഴികാട്ടിയായ മല്ലനോടൊപ്പം കാടുകയറും. ഏതെങ്കിലും പാറമടയില്‍ അഭയം കണ്ടെത്തും. പേപ്പാര്‍ ഉദ്ഭവിക്കുന്നതിനടുത്തുള്ള പാറമടയായിരുന്നു സ്ഥിരം സങ്കേതം. തമിഴ് നാട്ടിലെ കളക്കാട് സാങ്ച്വറിയും ഇതിനടുത്താണ്. രണ്ട് ദിവസമൊക്കെ അവിടെ കഴിയും. രാവിലെ എഴുന്നേല്‍ക്കും. അപ്പോള്‍ നല്ല പ്രകാശമായിരിക്കും. കാറ്റിന് മന്ദഗതിയായിരിക്കും. മൃഗങ്ങള്‍ സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങും. ഫോട്ടോഗ്രാഫിക്ക് നല്ല സമയം. ക്യാമറ നിറയെ ചിത്രങ്ങളുമായാണ് തിരിച്ചിറങ്ങുന്നത്. ആദ്യത്തെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ലഭിച്ച ചിത്രം എനിക്കുതന്നത് പാണ്ടിപ്പത്താണ്. നേരിയ മൂടല്‍മഞ്ഞില്‍ കരിമ്പാറപോലെ നിന്ന് എന്നെ നോക്കിയ കാട്ടുപോത്ത്. പശ്ചാത്തലത്തില്‍ അഗസ്ത്യവനാന്തരം. അവാര്‍ഡിനപ്പുറം ആ സൗന്ദര്യനിമിഷം ഇന്നും മനസ്സിലുണ്ട്.

പാണ്ടിപ്പത്തിലെ പുല്‍മേടുകളും പാറക്കെട്ടുകളും...

ചിലപ്പോള്‍ മഴ, അല്ലെങ്കില്‍ കനത്ത വെയില്‍, മൂടല്‍മഞ്ഞ്, വസന്തകാലത്ത് വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍, കാടിനുള്ളിലെ സൂക്ഷ്മജീവികളും ആന കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളും. ഒരിക്കല്‍ കാട്ടുപോത്തിന്‍ കുഞ്ഞിനെ പിടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പുലിയേയും കണ്ടു. ഞാന്‍ ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകളെ കണ്ടിട്ടുള്ളത് ഇവിടെ വെച്ചാണ്. പത്തുമുന്നൂറോളം കാട്ടുപോത്തുകളുണ്ടിവിടെ. എല്ലാം നല്ല ആരോഗ്യമുള്ള കൂറ്റന്‍മാര്‍. മ്ലാവ്, കാട്ടുപന്നി, ആന, അപൂര്‍വയിനം ചിത്രശലഭങ്ങള്‍, ചിലന്തികള്‍, തവളകള്‍, പാമ്പുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ജൈവമേഖലയെ ഇവിടെ കണ്ടറിയാം. വെയിലും നിഴലും ചേര്‍ന്നൊരുക്കുന്ന വെളിച്ച വിന്യാസമാണ് മറ്റൊരു കാഴ്ച.

പാണ്ടിപ്പത്തിലെ പുല്‍മേടുകളും പാറക്കെട്ടുകളും...
 
ഒരുഭാഗത്ത് ബോണക്കാട് തേയിലത്തോട്ടം, പൊന്‍മുടി, വരയാട്ടുമുടി, അഗസ്ത്യാര്‍കൂടം, പേപ്പാറയുടെ ജലസംഭരണി, ദൂരക്കാഴ്ചകള്‍ ഇതൊക്കെയാണ്. കല്ലാര്‍, കരമനയാര്‍, പേയാര്‍ എന്നിങ്ങനെ മൂന്നു നദികളുടെ ഉത്ഭവസ്ഥാനമായ ചെമ്മുഞ്ചിമലയുടെ മടിത്തട്ടാണ് ഈ പുല്‍മേടുകളും ചോലക്കാടുകളും പാറക്കൂട്ടങ്ങളും ചേര്‍ന്നൊരുക്കിയ പ്രകൃതിയുടെ വരദാനം. ബോണക്കാടില്‍ നിന്നും ഒരു മണിക്കൂര്‍ നടന്നാല്‍ പാണ്ടിപ്പത്തിലെത്താം. ഇപ്പോള്‍ പേപ്പാറ വന്യജീവിസങ്കേതത്തിന്റെ സംരക്ഷണയിലാണിവിടം. ഇപ്പോഴിവിടെ വനംവകുപ്പിന്റെ ചെറിയൊരു ഷെഡ്ഡുണ്ട്. മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ ഇവിടെ താമസിക്കാം.

പാണ്ടിപ്പത്തിലെ പുല്‍മേടുകളും പാറക്കെട്ടുകളും...

Pandipathu comes under the Peppara Wildlife Sanctuary, and is accessible from Bonacaud, which was once famous for its tea plantations, and is also one of the entry points to Agasthya peak.

Get There
By Road: Thiruvananthapuram(44 km)
By Rail: Thiruvananthapuram(44 km)
By Air: Thiruvananthapuram (49 km)

Sights Around
Agusthyamala
Bonacaud
Peppara Dam

Contact: 0471 2360762